ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

>> 7.11.08ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

അവസാന കളിയില്‍ ഒരു വലിയ പൂജ്യവുമായി ഒടുവില്‍ സൌരവ് ഗാംഗുലി കളമോഴിയുകയാണ്... കുഞ്ഞുനാള്‍ മുതല്‍ സ്വപനം കാണുന്ന ടീമിലേക്കുള്ള വിളി ഇനി അധികം വൈകില്ല.. ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യാന്‍ തയ്യാര്‍ എടുത്തിട്ട് കളം കുറെ ആയി. പതിനാറാം വയസില്‍ കളി തുടങ്ങിയ സച്ചിനൊപ്പം എത്താന്‍ കഴിയില്ലെന്ന് ഉറപ്പയിരുന്നത് കൊണ്ട് ഗാംഗുലിയില്‍ ആയിരുന്നു നോട്ടം. മങ്ങിയും തെളിഞ്ഞും കളിക്കുന്ന ഇവന്‍ പോയിട്ട് വേണം സച്ചിനൊപ്പം ഒന്നു കീറാന്‍.
****
ഒരിക്കലും സമ്മതിച്ചില്ലെങ്കിലും ചെറുപ്പത്തിലെ ഉണ്ടായിരുന്നു ഒരു ഗംഗുലിയന്‍ ആരാധന. എടാ എന്ന് പറഞ്ഞവനൊട് പോടാ എന്ന് പറയാന്‍ പഠിപ്പിച്ചത് അയാള്‍ ആണല്ലോ.. നാട്ടിലെ പ്രൌഡമായ തറവാടുകളിലെ പെണ്‍മുറ്റങ്ങളില്‍ മേല്‍വസ്ത്രം ഉരിഞ്ഞും, വിവാഹ - അടിയന്തിര ആള്‍ക്കൂട്ടങ്ങളില്‍ കാരണവന്‍മാരുടെ മുറുക്കാന്‍ചെല്ലം ചുമക്കാന്‍ വയ്യെന്ന് പറഞ്ഞു കണ്ണിലെ കരടായും കാലം കളഞ്ഞ കാലം. മൂന്നടി നീളമുള്ള മരക്കഷണം കൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിയ പോലെ തോന്നി സച്ചിന്റെ കളികള്‍. ഷാര്‍ജയിലെ പ്രകടനതോടെ പൂമുഖത്ത് നിന്നും സച്ചിന്റെ ചിത്രങ്ങള്‍ പൂജാമുറിയില്‍ ഇടം പിടിച്ചു. അമ്മാവന്റെ മകന്റെ കല്യാണത്തിന് പോലും കാണിക്കാത്ത ആവേശമായിരുന്നു സച്ചിന്റെ ഇന്നിങ്ങ്സുകള്‍ കാണാന്‍. നാട്ടിലെങ്ങും സച്ചിന്‍ മാനിയ പടര്‍ന്നപ്പോള്‍ ബദലായി ഉണ്യെട്ടന്റെ നേതൃത്വത്തില്‍ ചിലര്‍ ഗാംഗുലിക്ക് ജയ് വിളി തുടങ്ങി. കളിയിടങ്ങളില്‍ തര്‍ക്കങ്ങള്‍ തുടര്‍കഥയായി. സച്ചിനോ ഗംഗുലിയോ? പിള്ളേച്ചന്‍ ചേട്ടന്റെ റബ്ബര്‍ തോട്ടത്തിലെ കളിക്കളത്തില്‍ നിന്നും തര്‍ക്കം പ്രഭാകരന്റെ ചായക്കടയുടെ ചായ്പ്പിലെ കാരം ബോര്‍ഡിലും, ജയേട്ടന്റെ വീട്ടിലെ ചീടു കളിസ്ഥലത്തും രാത്രി ഒരു മണി വരെ തുടര്‍ന്നു.
ദൈവം കാവല്‍ നില്ക്കുന്ന ഓഫ് സൈഡില്‍ ഗംഗുലി വിസ്മയം എന്ന വാക്കിനു കവര്‍ ഡ്രൈവ് എന്ന് അര്‍ത്ഥ ഭേദം കല്പ്പിക്കുമ്പോള്‍ കയ്യടിക്കാതിരുന്നത് സച്ചിന് അപ്രിയം തോന്നുമോ എന്ന് പേടിച്ച് മാത്രമായിരുന്നു. ഉണ്യെട്ടന് പക്ഷെ സഭാകന്പമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ അമ്മ പൂവാലി പയ്യിനോട് ''അങ്ങ് ചുരത്ത് പയ്യേ'' എന്ന് പറയുന്ന ലാഘവത്തോടെ അവന്‍ ഗാംഗുലിയെകൊണ്ട് തലങ്ങും വിലങ്ങും ബൌണ്ടറികള്‍ അടിപ്പിച്ചു.
****
തര്‍ക്കശാസ്ത്രതിലൂടെ ആരാണ് വലിയവന്‍ എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ഒരുന്പെട്ട ഒരു ദിവസം
ഓഫ് സൈഡില്‍ ദൈവം ഗംഗുലി എന്ന് ഏട്ടന്‍.
ഓഫും ലെഗും നോക്കണ്ട. കളിക്കളത്തിനു തന്നെ ദൈവം സച്ചിന്‍ എന്ന് ഞാന്‍.
ഏറ്റവും മികച്ച ഇടംകയ്യന്‍ ഗംഗുലി എന്ന് ഏട്ടന്‍.
ഇടവും വലവും നോക്കണ്ട. മികച്ചവന്‍ സച്ചിന്‍ എന്ന് ഞാന്‍.
മികച്ച ക്യാപ്ടന്‍ ഗംഗുലി എന്ന് ഏട്ടന്‍.
കളിക്കാത്ത ക്യാപ്ടന്‍ ഗംഗുലി എന്ന് ഞാന്‍.
കൂടുതല്‍ സുന്ദരന്‍ ഗംഗുലി എന്ന് ഏട്ടന്‍.
..................
''നിന്നെ പാമ്പ് കൊത്തും*...''
..................
''എഹ്.... ''
കളിനിയമങ്ങളുടെ അതിര്‍ത്തിവരക്ക് അപ്പുറത്ത് നിന്നും കേട്ട അവസരബോധമില്ലാത്ത പ്രയോഗത്തില്‍ ആ പാവം ഒന്നു പകച്ചുപോയിട്ടുണ്ടാവണം. ഭ്രാതൃവാത്സല്യത്താല്‍ സ്വതവേ വിടര്‍ന്ന ആ കണ്ണുകള്‍ കലങ്ങിപ്പോയി.. ചുരുങ്ങി ചെറുതായിപ്പോയി.
''എഹ്.... എന്താ മോനേ നീ പറഞ്ഞെ? ''
കള്ളച്ചൂത് നിരത്തി കളി ജയിച്ചാലും പ്രോഫെഷണലിസം എന്ന് കേള്‍വി കൊള്ളുന്ന കാലത്ത് കുടിലയൌവനത്തിന്റെ ചോരത്തിളപ്പില്‍ വാഗ്ദേവത പിഴച്ചുപോയി.
''അതെ, അതന്നെ.. എന്താ നിനക്ക് സച്ചിനെ സമ്മതിച്ചാല്‍? ''
''മുരളീ നാവടക്ക്.''
''ഇല്ല, ഞാന്‍ പറയും. നവുയര്‍ത്താന്‍ കഴിയുന്ന കാലത്തോളം പറയും.''
''എന്നാ നീ പറയണ്ട.'' കൈ നിവര്‍ത്തി ഒന്നു തന്നു ഉണ്ണ്യേട്ടന്‍. അണപ്പല്ല് ഇളകി കടവായില്‍ ചോരയുടെ ചുവപ്പറിഞ്ഞു ഞാന്‍. ഒന്നിന് പുറകെ ഒന്നായി മൂന്നു നക്ഷത്രങ്ങള്‍ വലതു ചെവിയിലൂടെ ഇറങ്ങിപ്പോയി. അന്നെന്റെ പകല്‍ അഞ്ചുമണിക്ക് അസ്തമിച്ചു.
*****
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണത്തെ ഓണമുണ്ട് അമ്മയുടെ മടിയില്‍ തലവച്ച് ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കിടക്കവേ ഞാനൊരു സ്വപ്നം കണ്ണുതുറന്നു കണ്ടു. എന്റെ ഉണ്ണ്യേട്ടനെ. ബിയറിന്റെ അടപ്പില്‍ ഒഴിച്ച് നീട്ടി, നിന്റെ ബോഡി കപ്പസിറ്റിക്ക് ഇത്രേം മതി എന്ന് ചിരിക്കുന്ന ഏട്ടനെ. മുറ്റത്ത് കുത്തി നിര്‍ത്തിയ ഈര്‍ക്കിലില്‍ എറിഞ്ഞു കൊള്ളിച്ച് എന്നെ എറിയാന്‍ പ്രാക്ടീസ് നടത്തുന്ന ഏട്ടനെ. കട്ടിലിന്റെ ക്രാസിയില്‍ വിരിച്ചുതന്ന്‌, മോന്‍ അവിടെ കിടന്നോ എന്ന് ചിരിക്കുന്ന ഏട്ടനെ. ഒന്നു കണ്ടവരെല്ലാം ''അങ്ങനെ ഒരേട്ടന്‍ എനിക്കും വേണമായിരുന്നു'' എന്നെന്നോട് പറഞ്ഞ എന്റെ ഉണ്ണ്യേട്ടനെ.... ഏട്ടന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അമ്മ മറ്റൊരു കഥ പറഞ്ഞു.ഏട്ടന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. ഓരോ തവണയും വീട്ടില്‍ വന്നു ഞാന്‍ തിരിച്ചു പോന്നാല്‍ ദിവസങ്ങളോളം ഞാന്‍ പുതച്ച പുതപ്പ് കഴുകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഏട്ടനെ. ഉറക്കത്തില്‍ ആ പുതപ്പ് നോക്കി ''അടങ്ങിക്കിടക്ക് മോനേ'' എന്നും ''ദാ ഈ വരയ്ക്കപ്പുറം വന്നു പോകരുത് ട്ടോ'' എന്നും പറയുന്ന ഏട്ടനെ.
***
ആ എട്ടനോടാണ് ഞാന്‍... പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു. കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു. നാവില്‍ നിന്നും വീണതില്‍ ഏറ്റവും വേദനിപ്പിക്കുന്ന രണ്ടു വാക്കുകള്‍. തിരിച്ചെടുക്കാനാവാത്ത പാപക്കറകള്‍. കടും പാപിയായ മകനോടും അനിയനോടും പൊറുക്കണേ എന്ന് ആയിരം വട്ടം മാപ്പിരന്നു. അജ്ഞാനത്തിന്റെ അപരിമേയങ്ങളിലെ പാപക്കറകള്‍ കഴുകിക്കളയുന്ന കോടിദീപ ദിവാകര ദീപ്തിയോടെ ഉറക്കമുണര്‍ന്ന ഏട്ടന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനസ് അറിഞ്ഞു ഞാന്‍ ആരെ ഏട്ടാ എന്ന് വിളിക്കുമ്പോഴും എന്റെ ഉള്ളില്‍ തെളിയുന്ന ചിരി. (2008 november)

Read more...

ഇതും ധര്‍മസംസ്ഥാപനാര്‍ത്ഥം...

>> 22.8.08

''കല്ല്‌ കൊണ്ടോ മനം താവകം കൃഷ്ണാ...''
അകത്തളത്തില്‍ അമ്മ പാടുന്നത് കേട്ടാണ് പതിവുപോലെ ഉണര്‍ന്നത്..
എന്തിനാണ് അമ്മേ സംശയം? കല്ലില്‍ കൊത്തിയ കൃഷ്ണവിഗ്രഹത്തിനു ഹൃദയം മാത്രമെങ്ങിനെയാണ് തായേ മാംസളമാവുക? കല്ല്‌ കൊണ്ടാണ് മനമെന്നു പലവുരു തെളിയിച്ചതല്ലേ വസുദേവകൃഷ്ണന്‍?
ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ പൊന്നുമക്കള്‍ക്ക് പുണ്യം പകരുന്ന അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനകള്‍ തലക്കുറി നന്നാക്കിയില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ കൊരുത്ത മനസുമായി കാലങ്ങള്‍ തിളച്ചുമറിഞ്ഞുനടന്നു. വിശ്വാസികളില്‍ അവിശ്വാസിയായും, നിരീശ്വര വാദികള്‍ക്കിടയില്‍ കടുത്ത വിശ്വാസിയായും അസ്തിത്വം വെല്ലുവിളിച്ചു നടന്നു. അതൊരു കാലം.
***
കാലങ്ങള്‍ക്കപ്പുറത്ത് നിന്നും വിശ്വാസത്തിന്റെ അനന്തകോണില്‍ നിന്നും ചുളിഞ്ഞ നെറ്റികള്‍ കാണായി. ഒരുപാട് ചിന്തിച്ചിട്ടും ഇത്രയധികം കുഞ്ഞുങ്ങളെ ബലികൊടുത്തു കൊണ്ടായിരുന്നു ധര്‍മസംസ്ഥാപനാര്‍ത്ഥമെന്നു പുകഴ്ത്തപ്പെടുന്ന ആ അവതാരം പിറവി എടുത്തത് എന്ന് ന്യായീകരണങ്ങളെ അസാധുവാക്കി.
കുന്നിന്റെ മുകളില്‍ കളിച്ചു നില്ക്കുന്ന മാന്കിടാവിനെ പോലെ (കടപ്പാട്: കൃഷ്ണഗാഥ)ചത്തുമലച്ച പൂതനയുടെ മാറില്‍ വിളങ്ങിയ കോമളരൂപന് തനിക്ക് വേണ്ടി മരിച്ച പൈതങ്ങളുടെ ശാപം ഏറ്റിരുന്നോ അമ്മേ? ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?
അറിയാവുന്നതാണമ്മേ... മഹത്തുക്കളുടെ വീഴ്ചകള്‍ക്ക് നേരെ ചെറുവിരലനക്കുവാന്‍ ഇവിടെയാരുമില്ലെന്ന്.
***
എങ്കിലും സമ്മതിച്ചു. കൃഷ്ണന്‍ മായികഭാവം തന്നെ.. ഉണ്ണിക്കണ്ണനും, കള്ളകൃഷ്ണനും, സാക്ഷാല്‍ പരംപൊരുളും അവന്‍ തന്നെ.. അവന്റെ ഭാവങ്ങള്‍ തന്നെ. പോയ വഴികളിലെല്ലാം സുഗന്ധം വാരിപ്പൂശിയ കസ്തുരിമാന്‍ തന്നെ അവന്‍. ചേല കട്ടതും, ചമ്മട്ടി പിടിച്ചതും അവന്റെ ലീലകള്‍ തന്നെ. പാല്‍ കറന്നതും പാലഴിക്ക് നാഥനായതും അവന്‍. വെണ്ണ കട്ടതും, ബ്രഹ്മാണ്ഡം വായിലോതുക്കിയതും അവന്റെ ശ്രേഷ്ടതകള്‍ തന്നെ. യുഗങ്ങള്‍ക്ക് മുമ്പെ അവതാര സന്കല്പങ്ങള്‍ കൊണ്ട് പരിണാമ സിദ്ധാന്തത്തിന്‌ ഭാരതീയ മാതൃകയില്‍ ചരിത്രം ചമച്ചവന്‍..യുദ്ധം നയിച്ചതും അത് ജയിച്ചതും അവന്‍, അവന്റെ സാന്നിധ്യം. ഞാന്‍ ഉണര്‍ന്നതും നീ രമിക്കുന്നതും അവന്റെ മുരളികയില്‍. പാഞ്ചജന്യം അവന്‍ പാടിയത് ലോകരക്ഷാര്‍ത്ഥം, അവന്‍ യുഗങ്ങളില്‍ സംഭവിക്കുന്നത് ധര്‍മസംസ്ഥാപനാര്‍ത്ഥം... അവന്റെ മനമെങ്ങിനെ കല്ലായി മാറും എന്നല്ലേ അമ്മ പാടിയത്?
***
എങ്കിലും അമ്മേ...
സ്വര്‍ഗ്ഗഗേഹങ്ങളില്‍ വെള്ളിയരയന്നങ്ങള്‍ ചാമരം വീശുന്ന അര്‍ജുനപുത്രന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ അമ്മ കാണുന്നുവോ? ആ മിടിപ്പില്‍ അവിശ്വസനീയതുടെ താളം അമ്മ കേള്‍ക്കുന്നുവോ?
മുടിയഴിച്ച് തലതല്ലിവീണ ഉത്തരയുടെ കാല്‍തളകള്‍ ചോദ്യഭാവത്തില്‍ ചിലന്പുന്നതും അമ്മേ, നിനക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ?
കൊന്നതാണമ്മേ കൊന്നതാണ്.
അല്ലെങ്കില്‍ ആ അരുംകൊലയുടെ നേരത്ത് തന്ത്രപൂര്‍വ്വം കണ്ണടച്ചു, നിന്റെ കണ്ണന്‍.
പത്മവ്യൂഹം ചമച്ച നേരത്ത് വിജയനെ ബോധപൂര്‍വ്വം അവിടെ നിന്നകറ്റിയ സാരഥി. അതാണമ്മേ നിന്റെ കൃഷ്ണന്‍.
അല്ലെങ്കില്‍ പറയൂ, ഇന്ദ്രദത്തമായ കര്‍ണന്റെ ശക്തിവേലിനു പാത്രമായി ഭീമസുതന്‍ ഖടോല്ക്കചനെ വിട്ടുകൊടുത്തപ്പോള്‍ നൊടിനേരത്തേക്കെങ്കിലും കലങ്ങിയ ചെന്താമരക്കണ്ണുകള്‍ സോദരീപുത്രന്റെ വിയോഗവാര്‍ത്തയില്‍ ഒരിറ്റുനീര്‍ പോലും പോഴിക്കാഞ്ഞതെന്തേ?
***
ഓര്‍മയില്ലേ? ആ കാഴ്ച കാണാന്‍ കഴിയുന്നില്ലേ? പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ... യുദ്ധതന്ത്രങ്ങള്‍ അര്‍ജുനന് ഉപദേശിക്കുന്ന കൃഷ്ണന്‍... അരികില്‍ നിറഗര്‍ഭിണിയായ പ്രിയസോദരി സുഭദ്ര.. പറഞ്ഞു പറഞ്ഞു പത്മവ്യൂഹം ഭേദിച്ച് അകത്തുകടക്കാന്‍ പറയുമ്പോള്‍ കണ്ടു, അരണ്ട വെളിച്ചത്തില്‍ ഉറക്കം പിടിച്ചിരിക്കുന്നു അര്‍ജുനന്‍, സുഭദ്രയും. അപ്പോള്‍? അപ്പോള്‍ താന്‍ പറയുമ്പോള്‍ മൂളിയത് ആരാണ്? വ്യക്തമായും കേട്ടതാണല്ലോ ആ മൂളല്‍. സര്‍വം അറിയുന്ന കണ്ണന് കാര്യം മനസിലായി. പറഞ്ഞു നിര്ത്തി. പത്മവ്യൂഹത്തിന് അകത്തു കടക്കാന്‍ മാത്രം അറിയുന്ന, ഭേദിച്ച് പുറത്തുകടക്കാന്‍ അറിയാത്ത തന്റെ അതിബുദ്ധിയായ മരുമകന്‍ എങ്ങനെ തീരണമെന്നു തീര്ച്ചപ്പെടുതിയെന്നോണം ഒന്നു പുഞ്ചിരിച്ചു വാസുദേവനന്ദനന്‍.
***
സത്യമാണോ അമ്മേ? ഞാന്‍ പറഞ്ഞത് സത്യമാണോ? തന്റെ മാതുലനായ കംസനെ കൊന്നത് താനാണെന്ന ഓര്‍മ കൃഷ്ണനെ അലട്ടിയിട്ടുണ്ടാവുമോ? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലില്‍ തന്റെ അനന്തിരവന്‍ തനിക്ക് കലിയെന്നു തോന്നിയോ കൃഷ്ണന്? കര്‍മ പാശത്തില്‍ നിന്നും ആരും മുക്തരല്ലെന്നു അവനെക്കാള്‍ നന്നായി അറിയുന്നവര്‍ ആരാണ് അമ്മേ? പരബ്രഹ്മം ആയ വിഷ്ണുദേവന് കലിയും കലിബാധ മൂലമുണ്ടാകുന്ന ഭയവും, വിദ്വേഷവും അന്യമെന്കിലും മനുഷ്യനായി അവതരിച്ച കൃഷ്ണന് അങ്ങനെ ആവാന്‍ കഴിയുമോ?
***
അര്ജ്ജുനപുത്രനെ അവസാനിപ്പിക്കാന്‍ ആത്മഭീതിയില്‍ അലഞ്ഞ മാതുലനു ലഭിച്ച അവസരമാണോ ഭാരതയുദ്ധത്തിലെ കറുത്ത ഏടായി മാറിയ പദ്മവ്യൂഹം.. അവതാരമായ കൃഷ്ണന് വേണ്ടി കരുക്കള്‍ ആയവരാണോ മഹാത്മാവായ ഭീഷ്മരും ദ്രോണരും, രാധേയനായ കര്‍ണനും? ഇനി പറയൂ, കല്ല്‌ കൊണ്ടല്ലേ താവക മനം കൃഷ്ണാ???
പൊറുക്കുക തായേ.. നിന്റെ വിശ്വാസങ്ങളെ ഞാന്‍ വേദനിപ്പിച്ചു. പൊറുക്കുക, ജന്മം തന്നതിന്റെ ശിക്ഷയായി കരുതി പൊറുക്കുക. (august 2008)

Read more...

സത്യത്തിന്റെ മകന്‍, കര്‍ണന്‍.

>> 1.7.08

''ഈ കര്‍ക്കടം ഞ്ഞി കയ്ക്കില്ല അപ്പ്വേ....''
എല്ലാ സംക്രാന്തിക്കും അച്ഛമ്മ ഇതു പറയാറുള്ളതാണെന്ന് അപ്പു തമാശയോടെ ഓര്‍ത്തു.
എന്നിട്ട് പതിവു തെറ്റിക്കാതെ പറഞ്ഞു. ''അങ്ങനൊന്നും പറയണ്ട അച്ഛമ്മേ''.
അപ്പുവാണ് അച്ഛമ്മയ്ക്ക് ആകെയുള്ള കൂട്ട്. വേറെ ആരും അവരോട് മിണ്ടാറില്ല. പിന്നെ അപ്പു വയ്യാത്ത കുട്ടിയാണല്ലോ.. തന്റെ പ്രായക്കാര്‍ തൊടിയില്‍ തലപ്പന്തും, കുട്ടിയും കോലും കളിക്കുമ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കഥ കേട്ട്‌ ഇരിക്കയാവും അപ്പു. തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളില്‍ പതിയെ വിരലോടിച്ച് അവന്‍ സന്കടപ്പെട്ടു. 'നേരാണോ? പോയ്പ്പോവ്വോ എന്റെ അച്ഛമ്മ?''.

അച്ഛമ്മയ്ക്ക് എന്ത് കിട്ടിയാലും ഒരോഹരി അപ്പുവിനാണ്. വലിയ തലയാട്ടി പുന്ചിരിച്ചു കൊണ്ട് ഏമ്പക്കം വിടുന്ന ചെറുമകനെ കണ്ടാല്‍ ആ സാധു വൃദ്ധയ്ക്ക് സന്തോഷമാവും. കൂട്ടാന്‍ അരക്കുമ്പോഴും ദോശ ചുടുമ്പോഴും അമ്മ പിറുപിറുക്കന്നത് അപ്പുവും കേട്ടിട്ടുണ്ട്. ''ഈ അമ്മയ്ക്കെന്തിന്റെ സൂക്കേടാ? അതിനെയിങ്ങനെ ഊട്ടിയിറ്റ്? ഇപ്പൊ തന്നെ പിത്തം പിടിച്ച പോലുണ്ട്. പത്തു പൈസയ്ക്ക് ഉപകരമുന്ടെന്കില്‍ വേണ്ടീല. വരുന്ന ചിങ്ങത്തില്‍ ഒമ്പതാകും, ഒന്നാ പീട്യയ്ക്ക് പൂവാണെങ്കിലും... ന്റെ യോഗം, വേറെന്താ..''

വല്ലായ്മയോടെ അപ്പു മുഖമുയര്‍ത്തുമ്പോൾ  കാണാം, അമ്മ മൂക്ക് ചീറ്റുന്നതും, കണ്ണ് തുടക്കുന്നതും.
ദേഷ്യം കൊണ്ടല്ല അമ്മ പറയുന്നത് എന്ന് മനസിലാക്കാനുള്ള വിവരമൊക്കെ അവനുണ്ട്.
''രണ്ടെണ്ണം വയറ്റെന്നും ഒന്നു പാളെന്നും പോയപ്പോ... ''ഇനി പറയാന്‍ പോകുന്നത് എന്താണെന്നു അപ്പുവിനു നന്നായി അറിയാം.
അച്ഛന്‍ മല ചവുട്ടി, അമ്മ നോമ്പ് എടുത്തു , അമ്പലങ്ങളായ അമ്പലങ്ങളിലും, കാവായ കാവുകളിലും ഭജനമിരന്നു.. എന്നിട്ടോ? എന്നിട്ട്...

അപ്പുവിന്റെ കണ്ണ് പെയ്യാന്‍ തുടങ്ങുന്നത് അച്ഛമ്മ കണ്ടു.
''അങ്ങനെ യുദ്ധം തീരുമാനായി അപ്പ്വേ...'' കഥയുടെ കല്‍ക്കണ്ട്ക്കെട്ടഴിച്ചു വൃദ്ധ. കാതില്‍ തുളുംബിയ മധുരം
നുണഞ്ഞിറക്കി ചെറുമകന്‍ വലിയ തലയാട്ടി.
അല്ലേല്‍ , നിനക്കറിയോ അപ്പൂ, യുദ്ധം ഉണ്ടാവട്ടീല. ദൂതിന്‌ പോവുമ്പോ യുദെഷ്ടരന്‍ ആവുന്നതും പറഞ്ഞിനേം കൃഷ്ണനോട്... യുദ്ധം വേണ്ടാന്ന്.
കൃഷ്ണന്‍ തലയാട്ടീറ്റ് പോവാന്‍ തുടങ്ങുമ്പോലാന്നു ഓളെ ഒരു ചോദ്യം. നീയും എന്നെ മറന്ന്വോ കൃഷ്ണാന്നു...

ആ ഒരു ചോദ്യം, അതാണ് അപ്പൂ ആ കുരുതിയുടെ വിത്ത്.
അല്ലെങ്കിലും ഓന്‍ ഓളെ മറക്ക്വോ? നിനക്ക് ഓര്മേണ്ടോ അപ്പൂ, ആ ദുഷ്ടന്‍ ദുശാസനന്‍ ചേല പറിക്കാന്‍ തുടങ്ങിയപ്പോ, കലയനും പുലീം പോലെ അഞ്ചെണ്ണം നിരന്നു നിന്നിട്ടും ഓള് അപ്യേന ആരെങ്കിലും വിളിച്ച്വോ? അതങ്ങനെയാന്നപ്പൂ.. എല്ലാം എല്ലാരോടും പറയണ്ട.
അറിയണ്ടവനോട് മാത്രേ അറിവുള്ളവര് പറയൂ.. കൃമി കര്‍ണങ്ങളില്‍ കവിത പാടില്ല അപ്പൂ.. അതല്ലേ എന്റെ പൊന്നുമോനോട് മാത്രം അച്ഛമ്മ പറയണേ...
അത് ശെരിയാണ്‌, അന്നൊരിക്കല്‍ പഞ്ചാതിക പറയുന്നതിനിടെ അച്ഛന്‍ ചായഗ്ലാസ് എറിഞ്ഞു പൊട്ടിച്ചേപ്പിന്നെ അച്ഛമ്മ അധികം ആരോടും മിണ്ടാറില്ല,


''അങ്ങനെ യുദ്ധം തുടങ്ങി അപ്പൂ..''
''സുയോധനനു പതിനൊന്നു അക്ഷൌഹിണി, യുദെഷ്ടരന് എട്ടും.''
''ഏഴല്ലേ അച്ഛമ്മേ?'' അപ്പു തല ഉയര്ത്തി. ''അതെയതെ, ഏഴ്.. ആരാ പറഞ്ഞെ, എന്റെ മോന്‍ പോട്ടനാണെന്ന്?'' കിഴവി കുലുങ്ങിചിരിച്ചൂ ... മൂര്‍ധാവില്‍ അപ്പുവിനു ഒരു ഉമ്മയും കിട്ടി.
''എത്ര എണ്ണത്തിനെ കൊന്നു? എത്രയെണ്ണം ചത്തു? അതിന്റെ മുമ്പും, അതില്‍ പിന്നേം, അങ്ങനത്തൊരു യുദ്ധം ഈ ഭൂമിമലയാളത്തില് ഉണ്ടായിട്ടില്ല എന്റപ്പൂ... എന്തെല്ലാം ആയുധങ്ങള്‍? ഏതെല്ലാം മുറകള്‍, ദിവസവും വൈകുന്നേരം പെറുക്കികൂട്ടി തീയിട്ട ശവങ്ങള്‍ എത്ര? മുറിഞ്ഞുവീണ താലിയെത്ര? നിന്നെ പോലത്തെ പൊന്നുമക്കള്‍ അച്ചാന്നും പറഞ്ഞ കരയുന്ന കരച്ചില് കണ്ടാല്‍ സഹിക്ക്വോ പൊന്നുമോനേ... ''
സ്വന്തം വാക്കുകളില്‍ കിഴവി അത്ഭുതം കൊണ്ടപോലെ തോന്നി, പിന്നെ തുടര്‍ന്നു, ''ആദ്യം ഭീഷ്മര്, പിന്നെ ദ്രോന്നരു, ഭീഷ്മര് വീണ ദിവസാണ് മോനേ ഓന്‍ യുദ്ധത്തിന് ഇറങ്ങിയേ. കര്‍ണന്‍.. ലോകത്തിലെ വലിയ വില്ലാളി." ഓര്‍ച്ച പോലെ അച്ഛമ്മ ഒരു നിമിഷം ഇരുന്നു, ''പതിനെട്ടാമത്തെ ദിവസത്തെ സേനയുടെ നായകന്‍. അന്നത്തെ യുദ്ധം ആയിരുന്നപ്പൂ ഒരു യുദ്ധം, ഒരു മൂലക്ക് സുയോധനനും ഭീമനും. മറ്റേ മൂലക്ക് അര്‍ജുനനും കര്‍ണനും. എന്റപ്പൂ, ഇങ്ങനെ ഒരു യുദ്ധം ഉണ്ടോ? കടലും കടലും എല്ക്കണ പോലെ, മലയും മലയും പോലെ.. അത് കാണാനായിട്ട് മാനത്ത് ദേവകള് കാത്തുനിന്നു പോലും.''
അതിന്റെടക്ക് കര്‍ണന്‍ ജപിച്ചയച്ച ഒരമ്പ്.. കൃഷ്ണന്‍ നിന്ന നില്പില്‍ രഥം ഒന്നു ചവിട്ടിയമര്‍ത്തി. അര്‍ജുനന്റെ കിരീടം പോയ പോക്കുണ്ടല്ലോ അപ്പൂ.. അപ്പൊ തീരണ്ടതാര്‍ന്നു ഭാരതയുദ്ധം..''
ഉം, അപ്പു ഒന്നു മൂളി, തിരിഞ്ഞുകിടന്നു.

''കര്‍ണന്‍, എങ്ങനെ ജനിചോനാര്‍ന്നു... എങ്ങനെ വളരെണ്ടോന്‍ ആര്‍ന്നു?? ലോകത്ത് ഉള്ളപ്യക്കെല്ലാം വെളിച്ചം കൊടുത്തു, സ്വന്തം മോന്റെ കാര്യം മറന്നൂ, സൂര്യന്‍. ഓനോ? ഓന്‍ നിഴലില്‍ വളര്ന്നു.. ആര്ടെയെല്ലാം നിഴലില്‍... എല്ലാം പോട്ടെ, സ്വയംവരതിന്റന്നു ഓള് വിളിച്ച വിളിണ്ടല്ലോ അപ്പൂ.. സൂതന്‍ ന്നു.. ഓന്‍ ഒന്നു നെനചിരുന്നെന്കില് ഒന്റൊക്കെ കേടക്കണ്ടോളല്ലേ ഓള്?''
''എല്ലാം പോട്ടെന്നു വെക്കാം, ആ കവചോം കുണ്ടലോം ഉണ്ടാര്‍നെന്കി... ചേറില് താണ തേര് പോന്തിക്കുന്ന നേരത്ത്തല്ലേ.. വില്ലാളി വീരനായ അര്‍ജുനന്‍ , ഓന്റെ അച്ഛന്‍ എമ്ബ്രാന്റെ വേഷം കെട്ടി എരന്നുവാങ്ങി അനാഥമാക്കിയ ആ വിരിഞ്ഞ നെന്ചില് ഒന്നിന് പിറകെ ഒന്നായി അംബെയ്തു തറച്ചത്... കുഞ്ഞിനു തിന്നാന്‍ കൊടുക്കുമ്പോ എയ്തിട്ട പക്ഷീനെ പോലെ...''

''നി ഒറങ്ങി അല്ലെ അപ്പൂ...'' വൃദ്ധ ദീര്‍ഘനിശ്വാസമുതിര്‍ത്തു. എന്നിട്ട് സ്വന്തം സമാധാനത്തിന് എന്നോണം പറഞ്ഞു നിര്‍ത്തി.
''തെക്കുഭാഗത്തെ ആഴിയില്‍ നിന്നും അഴകിന്റെ അവസാനവാക്ക് പോലെ ഒരു സ്ത്രീരൂപം നടന്നുവന്നു. കണ്ണീര്‍ വാര്‍ത്തു. സത്യത്തിന്റെ ദേവിയാര്‍ന്നത്രേ അത്. അവിടെ ചേറില്‍ പുതഞ്ഞു കിടന്നത് സത്യത്തിന്റെ ഒരേ ഒരു മോനായ കര്‍ണനും.''
ഉറക്കത്തില്‍ അപ്പുവിന്റെ ഉടല്‍ ഒന്നു ഞെട്ടി. (July 2008)

Read more...

ഹാവൂ, ഫീവര്‍ ഈസ് ഓവര്‍

>> 2.6.08

ഒന്നരമാസത്തെ പനി മാറി കുളിച്ചുകയറിയ ആശ്വാസം.
ഒടുവില്‍ അത്‌ സംഭവിച്ചു. ഷെയിന്‍ വോണ്‍ എന്ന തല്ലുകൊള്ളികളിക്കാരന്റെ 'കുട്ടിചെകുത്താന്മാര്‍' ഇന്ത്യന്‍ ക്യാപ്സൂള്‍ ക്രിക്കറ്റിന്റെ നിറുകയില്‍ കൊടിനാട്ടി.
മുടിമുറിച്ചപ്പോള്‍ ധോണിയുടെ ഭാഗ്യവും കൂടെപ്പോയെന്നു അന്ധവിശ്വാസികള്‍ ഇനി പറഞ്ഞുപരത്തും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമല്ല ക്രിക്കറ്റ്‌ ലോകത്തും ആള്‍ദൈവങ്ങള്‍ ഭ്രഷ്ടരായി.
താരച്ചന്തയില്‍ ലേലം തുടങ്ങിയ നാള്‍ മുതല്‍ ആര്‍തുവിളിച്ച സച്ചിന്റെ മുംബൈ ടീം സെമികാണാതെ പുറത്തായി. ഒരേയൊരാശ്വാസം ഗാംഗുലിയുടെ കൊല്‍ക്കത്ത ടീം അതിനുമുമ്പേ പുറത്തായിരുന്നു എന്നതാണ്.
രാഹുല്‍ ദ്രാവിഡ്‌ എന്ന പ്രതിഭാധനനായ കളിക്കാരന്‍ വിജയ്‌ മല്യ എന്ന കോര്‍പറേറ്റ്‌ മുതലാളിക്ക്‌ മുന്നില്‍ വില്ലുപൊലെ വളഞ്ഞുനില്‍ക്കുന്ന കാഴ്ചയില്‍ പരമ്പരാഗത ക്രിക്കറ്റ്‌ ആരാധകര്‍ നടുങ്ങി. കളി തോറ്റപ്പോഴും വിപണിയില്‍ മല്യയുടെ 'റോയല്‍ ചാലഞ്ചേര്‍സിനു' പുതിയ മാനങ്ങള്‍ കൈവന്നു.
പ്രിറ്റി സിന്റയുടെ ഹോര്‍മോണ്‍ ചികിത്സക്കും യുവരാജ്‌ സിംഗിനെ സെമികടത്താന്‍ കഴിഞ്ഞില്ല.
ഹര്‍ഭജന്‍ സിംഗ്‌ എന്ന പഞ്ചാബിയുടെ കൈ മലയാളിച്ചെക്കന്റെ മുഖത്ത്‌ പതിയുന്നത്‌ കണ്ട്‌ നമ്മള്‍ കൈകൊട്ടി ചിരിച്ചു. ശ്രീ ശാന്തനായതും കരയുന്നതും കളിയറിയാത്തവര്‍ക്കുപോലും കണിയായി. ഇന്‍ബോക്സുകളില്‍ നിന്നും ഇന്‍ബോക്സുകളിലേക്ക്‌ ചിത്രങ്ങള്‍ പറന്നു. "ഓനത്‌ പണ്ടേ കിട്ടേണ്ടതായിരുന്നെന്ന്" അടക്കം പറഞ്ഞു.
എല്ലാം കൊണ്ടും ഇന്‍സ്റ്റന്റ്‌ ഹിറ്റായിരുന്നു ലളിത്‌ മോഡിയുടെ ഈ തിരക്കഥ. പ്രൈം ടൈമില്‍ 'ക്രിക്കറ്റ്‌ റിയാലിറ്റി ഷോ' സം പ്രേക്ഷണം ചെയ്ത്‌ സോണിമാക്സ്‌ കോടികള്‍ വാരി. താരരാജാക്കന്മാര്‍ അണിനിരന്ന സിനിമകള്‍ റിലീസിംഗിനു ജൂണ്‍ 1നു ശേഷമുള്ള സമയം തേടി. "കളിവേണ്ട ചിയര്‍ഗേള്‍സ്‌ വരട്ടെ" എന്ന് ഉദ്ധരിച്ച പുരുഷന്മാര്‍ ബാനറുകള്‍ ഉയര്‍ത്തി. മുണ്ട്‌ മുറിക്കിയുടുത്ത കുറച്ച് ശിവസേനക്കാര്‍ മാത്രം സംസ്കാരത്തിന്റെ കാവലാളായി.

*****
ആദ്യമായി എന്നായിരിക്കും ട്വന്റി-20 എന്ന് കേട്ടത്‌?
സീ ടിവിയുടെ മുതലാളിമാര്‍ കപില്‍ദേവിനെ കൂട്ടുപിടിച്ച്‌ കളിക്കാരെ വാരി കൊട്ടയിലാക്കി തുടങ്ങിയപ്പോഴാണോ. അതോ മാറിനിന്ന ദൈവങ്ങള്‍ക്ക്‌ പകരം ഝാര്‍ഖണ്ഡുകാരന്‍ മുടിനീട്ടിയ പയ്യന്റെ കീഴില്‍ കുറേപേര്‍ കഴിഞ്ഞവര്‍ഷം നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ ലോകം കീഴടക്കിയപ്പോഴോ?
അല്ല, അതിനും മുമ്പ്‌
റാഗിംഗ്‌ പേടിച്ച്‌, വളഞ്ഞുപുളഞ്ഞ നെടുംകയറ്റങ്ങളെ ഊടുവഴിയാക്കിയ ആദ്യത്തെ കലാലയദിനത്തില്‍.
ക്ലാസിലെത്തിയപ്പോള്‍ ഇരുപത്‌ പെണ്‍കുട്ടികള്‍ , അത്രതന്നെ ആണുങ്ങളും.
ക്യാമ്പസെന്നാല്‍ പ്രണയിക്കാനുള്ളതാണെന്ന് കവിതയില്‍ കൈവിഷം തന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പഠിപ്പിക്കുന്ന കാലത്ത്‌.
ഹായ്‌, ട്വന്റി-20, ഇരുപത്‌ പേര്‍ക്ക്‌ ഇരുപത്‌ പേര്‍. കറുത്ത കോട്ടിട്ട്‌ അമ്പയര്‍ക്ക്‌ പകരം തൂവെള്ളപുതച്ച പ്രിന്‍സിപ്പലച്ചന്‍.
ഈ ടൂര്‍ണമെന്റിന്റെ പരസ്യവാചകം ആ നാളുകളിലാണു ഞങ്ങള്‍ തയ്യാറാക്കിയത്‌.
''ഓരോ പന്തും റണ്‍സെടുക്കാനുള്ളാതാണു. ഓരോ പെണ്ണും പ്രണയിക്കാനുള്ളതാണു''. അല്ലെങ്കില്‍...
ശരിയാണു, ഒരാള്‍ക്കൊരാള്‍ മാത്രമേയുള്ളു. അതിനിടയില്‍ ഏതെങ്കിലുമൊരുത്തന്‍ മിടുക്കു കാട്ടിയാല്‍ തീര്‍ന്നു.
പിന്നെ ആരെങ്കിലും നോബോള്‍ എറിയുന്നത്‌ വരെ കാക്കണം. എങ്കില്‍ രക്ഷപ്പെട്ടു. ഫ്രീ ഹിറ്റിനുള്ള അവസരമുണ്ട്‌. പുറത്തായിപ്പോകുമെന്ന പേടിയേ വേണ്ട.
ഒരോവറില്‍ ആറു സിക്സറുകള്‍ വരെ പറത്താന്‍ ശേഷിയുള്ള ചില ചൂടന്മാര്‍ ക്ലാസില്‍ തന്നെ ഉണ്ടായിരുന്നു. തികച്ചും സ്പോര്‍ട്‌ സ്‌ ക്വാട്ടയില്‍ കേറിയവര്‍.
മാത്രമല്ല കോളേജിലെ സീനിയര്‍ കളിക്കാര്‍ ടീം മാനേജ്‌ മെന്റിന്റെ ഫേവറിറ്റുകളാണു.അവര്‍ക്കെതിരെ അപ്പീല്‍ ചെയ്തിട്ടും കണ്ണുരുട്ടിയിട്ടും കാര്യമില്ല.ഫൈനടക്കേണ്ടിവരുമെന്നു മാത്രമല്ല ചിലപ്പോള്‍ ശാസനയും കിട്ടും. അല്ലെങ്കില്‍തന്നെ അമ്മപൂജ ചെയ്തും തുലാഭാരം നേര്‍ന്നും തരപ്പെടുത്തിയ സീറ്റാണു നമ്മുടേത്‌. അത്‌ പോയാല്‍ പോയി നാട്ടിലെ പാരലല്‍ കോളേജില്‍ പോലും അഡ്മിഷന്‍ തരപ്പെടില്ല.
ഓരോ മണിക്കൂറിലും പുറത്താക്കാനുള്ള വാശിയിലായിരുന്നു മലയാളം ടീച്ചര്‍. ആയമ്മ നോക്കുന്നത്‌ തന്നെ വിക്കറ്റിനുമുന്നില്‍ കുടുങ്ങിയ ബാറ്റ്സ്മാനെയെന്നപോലെ സംശയത്തോടെയാണു.
സഹകളിക്കാര്‍ തകര്‍ത്തുമുന്നേറുന്ന സ്ലോഗ്‌ ഓവറുകളിലൊന്നില്‍ പ്രിന്‍സിപ്പലച്ചന്‍ ഓഫീസിലേക്ക്‌ വിളിപ്പിച്ചു. റണ്ണൗട്ടിനു വിധി കാക്കുന്ന ബാറ്റ്സ്മാനെപ്പോലെ നില്‍ക്കുമ്പോള്‍ കേട്ടു 'ഉം അറ്റന്‍ഡന്‍സ്‌ വളരെ മോശം.210 ക്ലാസില്‍ 52 എണ്ണം. താനെന്താ സുനില്‍ ഗവാസ്കറിനു പഠിക്കുന്നോ? പൊയ്ക്കോ, ഇനിയും സമയമുണ്ട്‌.'

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. മൂന്ന് വര്‍ഷത്തില്‍ തീര്‍ക്കേണ്ട മല്‍സരം നാലുവര്‍ഷം നീണ്ടു.അച്ഛന്റെ കൈകള്‍ പലതവണ റൗണ്ട്‌ ആം ആക്ഷനില്‍ ദേഹത്ത്‌ പോറലുകള്‍ വീഴ്ത്തി. ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന്‍ അനുഭവിക്കുന്ന ഏകാന്തത എത്ര ഭയാനകമാണെന്ന് കാലം മനസ്സിലാക്കിത്തന്നു. സിക്സറുകളും ബൗണ്ടറികളും ഇല്ലാത്ത ഇന്നിംഗ്സ്‌ കാണികളെ ആകര്‍ഷിക്കില്ലെന്നും തിരിച്ചറിഞ്ഞു. ക്രിക്കറ്റ്‌ ജീവിതമാണെന്ന് സുഭാഷ്‌ ചന്ദ്രന്‍ പറഞ്ഞ സാമ്യം അന്നാണെനിക്ക്‌ മനസ്സിലായത്‌.

ക്രീസില്‍ കവിത പാടുന്ന മഞ്ജരേക്കറാവാതെ സിക്സറുകള്‍ അടിച്ചുകൂട്ടുന്ന മസ്ക്രിനാസ്‌ ആവൂ എന്ന് നോണ്‍സ്ട്രൈക്ക്‌ എന്‍ഡില്‍ നിന്ന് അവള്‍ നിരന്തരം ഓര്‍മിപ്പിച്ചു.
ദിമിത്രി മസ്ക്രിനാസ്‌ തുടര്‍ച്ചയായി അഞ്ച്‌ സിക്സറുകളടിച്ചത്‌ ട്വന്റി-20യിലല്ല., അമ്പതോവറിന്റെ നീണ്ട മല്‍സരത്തിലാണെന്ന് എനിക്കവളോട്‌ പറയണമെന്നുണ്ടായിരുന്നു.
പക്ഷേ അപ്പോഴേക്കും വീട്ടുകാര്‍ നിശ്ചയിച്ച ഫിക്സ്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നില്‍ക്കാതെ കൂടുതല്‍ സ്ട്രൈക്‌ റേറ്റുള്ള മറ്റൊരാളോടൊപ്പം അവള്‍ പോയിക്കഴിഞ്ഞിരുന്നു.

ഇതി കഥാന്ത്യം ശുഭം. (june 2008)

Read more...

കഥ ഇതുവരെ..

>> 22.4.08

"എനിക്ക്‌ ഗര്‍ഭപാത്രമില്ല..."
കാതങ്ങള്‍ അകലെ നിന്നുമാണ്‌ അതു കേട്ടതെന്ന്‌ ശിവറാമിനു തോന്നി. പലതുമവള്‍ പറഞ്ഞുകഴിഞ്ഞിട്ടും അതുമാത്രമാണ്‌ കേള്‍ക്കുന്നത്‌. പ്രചണ്ഡതാണ്ഡവം പോലെയൊന്ന്‌ വീശിയടിക്കുന്നത്‌ കണ്‍മുമ്പിലെ കടലിലോ, അതോ മണിക്കൂറുകള്‍ക്കു മുമ്പു മാത്രം പരിചയപ്പെട്ട ഈ പെണ്‍കുട്ടിയുടെ മനസ്സിലോ? കാറ്റൂതുന്ന ശബ്ദത്തിലാണ്‌ അവളതു പറഞ്ഞുതീര്‍ത്തതെങ്കിലും ഇടിമുഴക്കം പോലെ ശിവറാം ചെവി പൊത്തിപ്പോയി.
അവള്‍ മീനാക്ഷി,
സെന്റിനറി ഹാളിലെ ചലച്ചിത്രമേളയില്‍ ഊഴം കാത്തിരിക്കുമ്പോഴാണ്‌ അവളെ ആദ്യമായി കണ്ടത്‌.
അപരിചിതരില്‍ മാത്രം അയാള്‍ ആനന്ദിച്ചിരുന്ന വേഷമായിരുന്നു അവള്‍ക്ക്‌.
'നീയെന്റെ പെങ്ങളോ കാമുകിയോ ആയിരുന്നെങ്കില്‍ ഇതണിഞ്ഞു നടക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുമായിരുന്നില്ല' എന്ന്‌ തിളച്ചുതുടങ്ങിയ പൗരുഷത്തെ അടക്കി അയാള്‍ മനസ്സില്‍ പറയുകയും ചെയ്തതാണ്‌.
എന്നിട്ടും അവളെ ഇഷ്ടപ്പെട്ടു എന്നതിന്‌ സാമ്പ്രദായികമായ കാരണങ്ങള്‍ ഒന്നുമില്ല. സ്വപ്നം കരിഞ്ഞുണങ്ങിയ രണ്ടു കണ്ണുകള്‍. വേണമെങ്കില്‍ എഴുതി സുന്ദരമാക്കാമായിരുന്നവ. കൃത്രിമത്വം കലര്‍ത്താത്ത ചുണ്ടുകള്‍. ഒരുപക്ഷേ ആ വേഷത്തിനു തീരെയും യോജിക്കാത്ത നീണ്ടിടതൂര്‍ന്ന മുടിയിഴകള്‍ കൊണ്ടാവണം അവള്‍ അവന്റെ കണ്ണുകെട്ടിയിട്ടുണ്ടാവുക.
അല്ലെങ്കില്‍ ആ ഒരു ചോദ്യം കൊണ്ട്‌. "എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
എന്തൊരു ചോദ്യമായിരുന്നു അത്‌? തികച്ചും അപ്രതീക്ഷിതം.
"എനിക്കല്‍പം സംസാരിക്കണം, മാനാഞ്ചിറയിലേക്കോ. ബീച്ചിലേക്കോ നടന്നാലോ?". അവളോട്‌ തലകുലുക്കി ബീച്ചിലേക്ക്‌ നടക്കുമ്പോഴായിരുന്നു ആ ചോദ്യം.
"എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
ആസൂത്രിതമല്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ ശിവറാം പകച്ചുപോകുന്നത്‌ അതാദ്യമായിട്ടായിരുന്നില്ല.
'പിന്നെ? മറ്റാര്‌? അഭിനയം മുഖമുദ്രയാക്കിയ ഈ സമൂഹത്തില്‍, അടങ്ങാത്ത അന്തവിക്ഷോഭങ്ങളുമായി നടക്കുന്ന താന്‍ മറ്റാരെയാണ്‌ അംഗീകരിക്കുക? കുട്ടീ, പരിമിത മാനദണ്ഡങ്ങള്‍ മാത്രം കൂട്ടിവായിക്കാന്‍ കഴിയുന്ന നിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ നിര്‍വചിക്കാന്‍ കഴിയാത്ത പ്രകൃതി വിക്ഷോഭമായിരുന്നു ഫയദോര്‍'.

"ശിവനെന്താണ്‌ ആലോചിക്കുന്നത്‌?"
ശിവന്‍...എത്ര അനായാസമായാണ്‌ അവള്‍ അതു വിളിച്ചത്‌. ഇരുപത്തിയെട്ടു കെട്ടി അച്ഛന്‍പെങ്ങള്‍ ചെവിയില്‍ മൂന്നുരു വിളിച്ചത്‌ ശിവരാമന്‍ എന്നായിരുന്നു. പിന്നെയത്‌ ശിവറാം ആയി. ഉപരിപ്ലവതയുടെ രാജകുമാരനാകുവാന്‍ വേണ്ടി തന്ത്രപൂര്‍വ്വം പേര്‌ പരിഷ്കരിച്ച ''സരോജ്‌ കുമാര് '' ‍എന്നൊക്കെയാണ്‌ സുഹൃത്തുക്കളായ മഹേഷ്‌ മാധവന്‍മാരും, കമല്‍ നാഥുമാരും ശിവറാമിനെക്കുറിച്ച്‌ പറയുക.
സുഹൃത്തുക്കള്‍... ആരേയും മറന്നിട്ടില്ല.
ഒരിക്കലും സാധ്യമാവാത്ത വിപ്ലവത്തിനുവേണ്ടി ഈ വിഡ്ഢിയെ മാത്രം ഒരുക്കിനിര്‍ത്തി സ്ഥാനങ്ങള്‍ക്കു പിറകേ പോയവര്‍, തന്ത്രപൂര്‍വ്വം കവിതയ്ക്ക്‌ വിഷയങ്ങള്‍ മാറ്റിയവര്‍.
കവിത വിറ്റ കാശുകൊണ്ട്‌ തിരശ്ശീലയില്‍ സ്ഥലം വാങ്ങിയവര്‍.
തെരുവുപാതയോരങ്ങളില്‍ അടിവയറില്‍ പുഷ്പിക്കാതെ പോകുന്ന പ്രണയങ്ങളും, ഒരു ചാണ്‍ വയറ്റില്‍ ഉറഞ്ഞാടുന്ന സുനാമികളും കഥയ്ക്കു പോരാത്തവര്‍.
കണ്‍മുമ്പില്‍ നടക്കുന്ന അരും കൊലകളെയും ആത്മഹത്യകളെയും തൊട്ട്‌ ഉപ്പുപോലും നോക്കാതെ ആഗോളവിഷയങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി വയറുവീര്‍പ്പിക്കുന്നവര്‍.
അപകടങ്ങളില്‍ പ്രശസ്തരാവുന്നവര്‍, അക്കാദമി സെക്രട്ടറിമാരാവുന്നവര്‍.
സ്വയം പ്രഖ്യാപിത ബുദ്ധിജീവി ആക്ടിവിസ്റ്റുകള്‍.

"ഞാന്‍ പറഞ്ഞതു ശിവന്‍ കേട്ടോ?"
അതേ, അതാണല്ലോ ഞാന്‍ ആകപ്പാടെ കേട്ടത്‌. പക്ഷേ എന്തിന്‌?
ഇഷ്ടമാണ്‌ എന്നൊന്ന്‌ പറയുന്നതിനു മുമ്പേ, കൈകള്‍ കോര്‍ത്ത്‌ ഒന്ന്‌ ഉമ്മ വയ്ക്കുന്നതിനു മുമ്പേ...
തോന്നലുകളൊക്കെയും കണ്ണില്‍ വായിച്ചിരിക്കണം, അവള്‍ വിശദീകരിച്ചു.
"ചതിച്ചു എന്ന്‌ പിന്നീട്‌ തോന്നരുത്‌, അതുകൊണ്ടാണ്‌. ഇപ്പോഴാണെങ്കില്‍ ഇഷ്ടം തോന്നിയെന്നേ ഉള്ളൂ.. പിരിഞ്ഞു പോകാന്‍ വിഷമമുണ്ടാവില്ല. സത്യമാണ്‌, എനിക്കതിനുള്ള കഴിവില്ല."
"അതിനെന്ത്‌?"
അച്ഛനോട്‌ കലമ്പുകയും, മക്കളെ വളര്‍ത്തേണ്ടതെങ്ങിനെയെന്ന്‌ കാണിച്ചുതരാമെന്ന്‌ വീമ്പുപറയുകയും ചെയ്ത ഒരു പൊടിമീശക്കാരന്‍ ഉള്ളില്‍ക്കിടന്നു പരിഹസിച്ചു ചിരിച്ചു.
നെഞ്ചകം തിളച്ച കനല്‍ കണ്ണു ചുട്ടുനീറിയൊഴുകുമ്പോഴും "അച്ഛനോടങ്ങിനെ പറയല്ലേ കുട്ടാ" എന്ന്‌ കാലങ്ങള്‍ക്കപ്പുറം അമ്മ കരഞ്ഞുവിളിച്ചു.
ഒന്നിലധികം പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്ത മണല്‍ത്തിട്ടില്‍ ശിവറാം ആഗ്രഹങ്ങള്‍ക്കു ബലിയിട്ടു.
സ്വന്തം ഉപനയനം നടത്തിയവന്‍ സ്വന്തം ബലിയുമിട്ടു കാവ്യനീതിക്ക്‌ അടിവര ചാര്‍ത്തി.
"കവിളത്തെ തുടുപ്പു മായുകയും, നിന്നെയുറക്കാന്‍ ഞാന്‍ പോരാതെ വരികയും ചെയ്യുമ്പോള്‍ രാത്രികളില്‍ നീ ഒറ്റയ്ക്കു കരയില്ലെങ്കില്‍, ഏട്ടത്തിക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇളയതുങ്ങളെ നമ്മുടെ ഉറക്കറയിലേക്കു തള്ളിവിട്ടു നീ കാവല്‍ നില്‍ക്കില്ലെങ്കില്‍....
സ്വര്‍ഗഗേഹങ്ങള്‍ക്കു പടുത്വം പണിയാനുള്ള വാതില്‍ ചേര്‍ത്തുചാരി ശിവറാം കൈകള്‍ നീട്ടി.
പകല്‍വെളിച്ചത്തില്‍ ഒരു കുഞ്ഞുനക്ഷത്രം പറന്നുവന്ന്‌ അവളുടെ കണ്ണുകളില്‍ കൂടുവച്ചു.
ആവര്‍ത്തിച്ച്‌ കണ്ണീരുണങ്ങിയ ആ കവിള്‍ത്തടങ്ങളില്‍ അലസന്റെ കൈയ്യൊപ്പു പതിഞ്ഞു.
പരസ്പരം തൊട്ടിലാട്ടുമ്പോള്‍ ആ പ്രാപ്പിടയും കുറുകി. "നിന്റെ കൈകള്‍ മാന്തികത്താക്കോലുകളാണ്‌ ശിവാ, പറയൂ, നീയൊരു മാന്ത്രികനാണോ?"
*****
കൈകള്‍ കൂട്ടിപ്പിടിച്ചും, കൈകള്‍ വീശിയും ഏറെ നേരം അവരാ കടപ്പുറത്തു നടന്നിട്ടുണ്ടാവണം. തീരങ്ങളില്‍ തിരയുടെ തീരാമോഹം പോലെ.. ഈ യാത്രയും സഫലമാകുവാന്‍ കക്കാട്‌ കവിത പാടിയിട്ടുണ്ടാവണം.
"....വരിക സഖി, യരികത്തു ചേര്‍ന്നു നില്‍ക്കൂ;
പഴയൊരു മന്ത്രം സ്മരിക്ക നാമന്യോന്യ-
മൂന്നുവടികളായ്‌ നില്‍ക്കാം" (april 2008)

Read more...

കൊയ്‌ലോ, ഒരു മാപ്പ്‌

>> 30.3.08


(അബ്രഹാം സാറില്‍ നിന്നും ആല്‍ക്കെമിസ്റ്റ്‌ എന്ന്‌ ആദ്യമായി കേട്ടപ്പോഴും, ഒറ്റവീര്‍പ്പില്‍ വായിച്ചുതീര്‍ത്തപ്പോഴുമുണ്ടായ അത്ഭുതം തീര്‍ത്തും അവസാനിച്ചുകഴിഞ്ഞിട്ടില്ല, വാക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത കലാലയവര്‍ഷങ്ങളിലെ ധൂര്‍ത്ത്‌ മായ്ച്ചുകളഞ്ഞിട്ടില്ല. പുനര്‍വായനയ്ക്കും, തിരുത്തിനും മനസ്സുവരുന്നുമില്ല....)

കൊയ്‌ലോ, ഒരു മാപ്പ്‌

ലോകത്തൊരാളും ഇത്‌ കേള്‍ക്കുവാന്‍ ബാക്കിയാവരുതെന്ന നിര്‍ബന്ധത്തിലെന്നോണം വീണ്ടും വീണ്ടും അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
"ഫാത്തിമാ ഞാനിതാ പുറപ്പെട്ടുകഴിഞ്ഞു."
അവന്‍, സാന്റിയാഗോ...ആ കണ്ണുകളിലെ തിളക്കം കണ്ടാലറിയാമല്ലോ നിധി കൈക്കലായി കഴിഞ്ഞെന്ന്‌. ഇനി പ്രണയിനിയെ സ്വന്തമാക്കാനുള്ള യാത്രയിലാണവന്‍. യാത്രയാരംഭിച്ചുകഴിഞ്ഞു. പഴയതു പോലെ എപ്പോള്‍ മരിച്ചുവീഴും എന്നുറപ്പില്ലാത്ത ഒട്ടകങ്ങളുടെ പുറത്തല്ല, തളരും മുമ്പേ നിരവധി സൂചനകള്‍ നല്‍കുന്ന കുതിരപ്പുറത്ത്‌. എന്തിനാണ്‌ ലുബ്ധ്‌? അവന്റെ കീയിലിപ്പോള്‍ ആവശ്യത്തിലധികം പണമുണ്ട്‌. അല്ലെങ്കിലും ആ പഴയ ആട്ടിടയനല്ല അവനിപ്പോള്‍, പ്രഭുവാണ്‌. സാന്റിയാഗോ പ്രഭു.
***
അറബിക്കഥകളുടെ നാട്ടിലേക്ക്‌ സ്വപ്നത്തിലെന്നപോലെ ഇതാ ഒരു യാത്ര കൂടി. ഒന്നും വിട്ടുപോയിട്ടില്ല, അടച്ചുവച്ചിരുന്ന രണ്ടു വലിയ വീഞ്ഞുകുപ്പികള്‍ ഭദ്രമായുണ്ട്‌. ഇനിയും മരുഭൂമിയിലെ ആ ചവര്‍പ്പുള്ള ചായ കുടിക്കാന്‍ കഴിയില്ല.
ഹൃദയം ത്രസിക്കയാണ്‌. അതെന്താവണം പറയാന്‍ ശ്രമിക്കുന്നത്‌? ആദ്യയാത്രയിലെവിടെയോ വച്ച്‌ കൈമോശം വന്നുപോയ ഹൃദയം ഈയടുത്ത ദിവസമാണല്ലോ തനിക്ക്‌ തിരിച്ചുകിട്ടിയത്‌. മരുഭൂമിയിലെ കഥ പറയലായിരുന്നു അതിനു രണ്ടുദിവസത്തെ പ്രധാന പണി. കൈകളില്‍ കുടവുമായി നടന്നുവരുന്ന സുന്ദരിയെക്കുറിച്ചു പറയുമ്പോളാണതിന്‌ കാഠിന്യം കൈമോശം വരിക. അതു വെറുതെ തരളമാവും. ഓര്‍മ്മകളില്‍ പൂത്തുലയും.
എത്ര വേഗത്തിലാണ്‌ തന്റെ യാത്ര. അത്ഭുതം തോന്നുന്നു. പറ്റിച്ചു കടന്ന 'ആദ്യസുഹൃത്തിനെയും' ചായക്കടക്കാരനെയും പിന്നിലാക്കിയതെത്രവേഗം. സ്ഫടികക്കടയില്‍ ഒന്നിറങ്ങണമെന്ന ആഗ്രഹം പോലും കഴിഞ്ഞില്ല. അല്ലെങ്കിലും മനസ്സിന്റെ മന്ത്രണം മാനിച്ചെന്നാല്‍ ഈ യാത്ര തന്നെയും വെറുതെയാവില്ലേ? ഇല്ല, നടക്കില്ലെന്ന്‌ ആയിരങ്ങള്‍ ആര്‍ത്തലച്ചാലും താന്‍ പ്രതിബന്ധങ്ങളെ അതിജീവിക്കതന്നെ ചെയ്യും.
യാത്ര അനിശ്ചചിതത്വത്തിന്റെ കാല്‍ക്കീഴിലര്‍പ്പിച്ച ഒരു സംഘത്തെ കാണായി. എന്തുകൊണ്ടോ ഒരിക്കല്‍ക്കൂടി അത്തരമൊരു യാത്ര മനസ്സനുവദിച്ചില്ല. ഒരു പുരുഷായുസ്സില്‍ ഒരു മരുഭൂമിയാത്ര മതി, ഒരു ഹജ്ജ്‌ യാത്രയും... ആല്‍കെമിയുടെ പുസ്തകങ്ങളുമായി ഇത്തവണയും ഉണ്ടാവില്ലേ കൂട്ടത്തിലൊരു ഇംഗ്ലീഷുകാരന്‍. 'തീര്‍ച്ചയായും' ഹൃദയം മന്ത്രിച്ചു, ഉണ്ടാവാമെന്നോ ഇല്ലെന്നോ? മേല്‍ക്കുപ്പായത്തിന്റെ കീശയില്‍ നിന്നും ആ കല്ലുകള്‍ എടുത്തു. യുറീമും തുറാമും. ചോദിക്കയും ചെയ്തു. ഇനിയൊരാളുണ്ടോ? ഇല്ല, ആശ്വാസം.
"അല്ലെങ്കിലും ഒരേ ലക്ഷ്യത്തിലേക്ക്‌ ഒരുപാട്‌ സഹയാത്രികര്‍ ഇല്ലാതിരിക്കയാണ്‌ നല്ലത്‌."
പ്രവേശനകവാടത്തില്‍ നിന്നുതന്നെ എതിരേറ്റത്‌ ആയുധപാണികളായ രണ്ടു പടയാളികള്‍. ഒറ്റക്കൊരു കുതിരമേല്‍ ചീറിപ്പാഞ്ഞുവരുന്ന യുവാവ്‌. അതും അസാമാന്യതേജസ്വിയായ യുവാവ്‌. ശത്രുതന്നെ, സംശയമില്ല. പറഞ്ഞുനോക്കി. സാന്റിയാഗോ.
സാന്റിയാഗോ? ഏതു സാന്റിയാഗോ? എവിടെ നിന്നും? കണ്ണുകള്‍ കിണറ്റിന്‍ കരയില്‍ തിരയുമ്പോഴും ചോദ്യത്തെയും ആലിംഗനം കാക്കുന്ന ആയുധങ്ങളേയും അവഗണിക്കുക പ്രയാസമായിത്തോന്നി.
'അല്ലെങ്കിലും ഭോഷത്തമാണ്‌ കാട്ടിയത്‌. ചാരന്മാര്‍ക്ക്‌ സാന്റിയാഗോ എന്ന്‌ പേരിടില്ലെന്ന്‌ കരുതിയോ?' ഹൃദയം മന്ത്രിച്ചു. 'ഒരു പേരിന്റെ ബലത്തില്‍ മരുപ്പച്ചയെ വര്‍ഷങ്ങള്‍ തളച്ചിടാമെന്നു കരുതിയ വിഡ്ഢി.'
മരുഭൂമിയിലും മൗനം സമ്മതം. ആനയിക്കപ്പെട്ടതു രാജാവിന്റെ മുന്നിലേക്ക്‌. താനാഗ്രഹിച്ചതു തന്നെ. പക്ഷേ ആവശ്യപ്പെടാന്‍ വയ്യ. എന്തിനെന്ന ചോദ്യത്തിന്‌ ഉത്തരമില്ലല്ലോ. ഇനിയതുവേണ്ട. ആരോഗ്യകരമായി പ്രതികരിച്ചാല്‍ മതിയാവും.
സ്വപ്നങ്ങള്‍... ആട്ടിടയനായ ആ ബാലന്‍ ഉറങ്ങിത്തുടങ്ങി. കണ്ടതും കേട്ടതും അനുഭവിച്ചതും സ്വപ്നങ്ങള്‍. സ്ഫടികക്കടയിലെ പതിനൊന്ന്‌ മാസങ്ങള്‍...മരുഭൂവില്‍ കഴിച്ചുകൂട്ടിയ എണ്ണമറ്റ ദിനങ്ങള്‍, കീഴടങ്ങിയ നിധി. കിണറ്റിന്‍കരയില്‍ നക്ഷത്രങ്ങള്‍ ഒളിച്ചുകളിക്കുന്ന കണ്ണുകളിലെ അഭൗമസൗന്ദര്യം. ഒക്കെയും സ്വപ്നങ്ങള്‍.
"സാന്റിയാഗോ" ഇടിമുഴക്കം പോലൊരാള്‍ പേരുവിളിക്കുന്നതു കേട്ടാണ്‌ കണ്ണുതുറന്നത്‌. മുഖമുയര്‍ത്തിയില്ല. ഇപ്പോള്‍ ആ അറ്റം വളഞ്ഞ വാള്‍ ഉറയില്‍ നിന്നും പുറത്തുവരും, കഴുത്തില്‍ പോറലുകള്‍ വീഴ്ത്തും. ചിലപ്പോള്‍...
'തെളിയിക്കണം നീയാരെന്ന്‌, രണ്ടു ദിവസം സമയം. അല്ലെങ്കില്‍..' പറയാതെ മനസ്സിലായി ബാക്കി ഭാഗം. പ്രപഞ്ചത്തിന്റെ ഭാഷയാണത്‌. സാര്‍വ്വലൗകികമായ ഭാഷ.
'എവിടെ വേണമെങ്കിലും പോകാം, പക്ഷേ രക്ഷപ്പെടാന്‍ ശ്രമിക്കരുത്‌. നിരീക്ഷണത്തിനാളുണ്ടാവും'. കൊന്നുതള്ളുമെന്ന്‌ പറഞ്ഞില്ല, അല്ലെങ്കില്‍ തന്നെ അതു പറയേണ്ടതില്ലല്ലോ. മരുഭൂമിയിലെ നിയമമാണത്‌. അലംഘനീയമായ നിയമം.
പൊടുന്നനെ ഒരു ഗൗളി ചിലച്ചു. മുഖമുയര്‍ത്തിയത്‌ കണ്ണുകളിലെ പുഞ്ചിരിയിലേക്കായിരുന്നു. മനസ്സിലായില്ലേ എന്ന അര്‍ത്ഥത്തില്‍ ഒരു തലകുലുക്കലും. കഴിഞ്ഞു.
പക്ഷേ താന്‍ അവിടെ ഒരാളെ കണ്ടുവോ? തൂവല്‍ത്തൊപ്പി ധരിച്ച ഒരാളെ. തറച്ചുനോക്കുന്ന കണ്ണുകളില്‍ അസ്വഭാവികത കണ്ടാവണം രാജാവന്വേഷിച്ചത്‌. 'ഗൗളിയുടെ ഭാഷയറിയാമോ? നിമിത്തങ്ങളുടെ ഭാഷയാണത്‌. ഏതായാലും ചെറുപ്പക്കാരാ താങ്കള്‍ക്കു നല്ലതുവരട്ടെ.
ഒരുപാട്‌ നേരം നടന്നു, തെക്കുഭാഗത്തേക്ക്‌. കുതിരയും സാധനങ്ങളും അവരുടെ സംരക്ഷണയിലാണ്‌. രക്ഷപ്പെടാനുള്ള പഴുതന്വേഷിക്കുന്ന കണ്ണുകള്‍ അലക്ഷ്യമായാണ്‌ കണ്ടത്‌. അതോ തോന്നിയതോ?
ഉല്ലസിക്കുന്ന രണ്ട്‌ ആടുകള്‍, ഇണകള്‍. അവയ്ക്കിടയിലേക്ക്‌ ഒരു വലിയ മുട്ടനാടല്ലേ ആ വരുന്നത്‌?? രൂക്ഷമായ ഒരു നോട്ടം മതിയായിരുന്നു, ഇണയെ വിട്ട്‌ മുട്ടനാട്‌ ഓടുന്നതും, പെണ്ണാട്‌ തല കുനിക്കുന്നതും കണ്ടു.
സ്തംഭിച്ചുപോയില്ലേ ഒരു നിമിഷം, പിന്നീട്‌... മതി, തനിക്കിതുമതി. സ്വപ്നങ്ങള്‍ തന്നെ കാത്തിരിക്കുന്നു. സ്വപ്നങ്ങള്‍ സങ്കല്‍പങ്ങളാണ്‌. നിമിത്തങ്ങളാണ്‌. വിരചിക്കുന്തോറും വളരുന്നവ, തെളിയുന്നവയും. അതേ, മറ്റ്ന്തൊക്കെ പഠിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല, താന്‍ ആത്യന്തികമായും ഒരാട്ടിടയനായിരുന്നില്ലെങ്കില്‍.
"ഇന്നലെ മറ്റൊരാളുടേത്‌. ഇന്ന്‌ സ്വന്തം കൈകളില്‍ സുരക്ഷിതമെന്നു തോന്നാം പക്ഷേ..."
'ഉം പറയൂ, പറയുന്നതെന്തെന്ന്‌ മനസിലാക്കാം, എങ്കില്‍ എന്തിനാണ്‌ ഒരു പക്ഷേ??
കണ്ണിലെ മമതയും മാറത്തെ വെള്ളിരോമങ്ങളിലുലാത്തുന്ന കൈവിരലുകളും ശ്രദ്ധിച്ചുകൊണ്ടാണ്‌ ബാക്കി പറഞ്ഞത്‌.
"അധിനിവേശങ്ങള്‍ വിജയങ്ങളാക്കിമാറ്റിയതാണ്‌ അങ്ങയുടെ ചരിത്രം. വിജയമെന്നത്‌ പക്ഷേ അവസാനവാക്കാണെന്ന്‌ കരുതിപ്പോയി നിങ്ങള്‍."
മനസ്സിലിരുന്ന്‌ ആരോ പറയിപ്പിക്കുകയാണ്‌. തൂവല്‍ത്തൊപ്പി ധരിച്ച ഒരാള്‍.
സ്വയമറിയാതെ പറഞ്ഞെങ്കിലും തുടരുവാനായില്ല പിന്നെയും.
എങ്ങിനെയാണത്‌ പറയുക? സത്യമല്ലെന്ന്‌ വരികില്‍ ഈ മമതയൊക്കെയും പോകും. തല തറയില്‍ ഉരുളും, അഴുകിയ ശരീരം ഈന്തപ്പനകള്‍ക്ക്‌ വളമാകും. സ്വപ്നങ്ങള്‍, സ്വപ്നങ്ങളാണൊക്കെയ്ക്കും കാരണം. പറയുവാനുള്ളതിന്‌ വ്യക്തമായ കാരണങ്ങളൊന്നുമില്ല. നിമിത്തങ്ങള്‍ അവസാനവാക്കല്ല. കേവലം സങ്കല്‍പ്പങ്ങള്‍ മാത്രമാണ്‌.
"പറയൂ"
അക്ഷമനായിക്കഴിഞ്ഞിരുന്നു രാജാവ്‌. കൈകള്‍ വാള്‍പ്പിടിയോളമെത്തിക്കഴിഞ്ഞിരുന്നു. "അല്ലെങ്കില്‍ അവസാനപ്രാര്‍ത്ഥനയ്ക്കൊരുങ്ങൂ..." എന്നിട്ടും പ്രതികരണം കാണാഞ്ഞാവണം ഈ വാഗ്ദത്തം അദ്ദേഹം നല്‍കിയത്‌. "പറയുന്നത്‌ സത്യമെങ്കില്‍...." ഇടവേളകളിലെ നിമിഷങ്ങള്‍ യുഗങ്ങളുടെ ചരിത്രം പറയാന്‍ പര്യാപ്തമായിരുന്നു. "ചോദിക്കുന്നതെന്തും തരും".
"എന്തും??" ചോദ്യമാണ്‌ ഉത്തരത്തെ പിന്തള്ളിയത്‌.
"എന്തും..! മരുപ്പച്ചയുടെ രാജാവാണ്‌ പറയുന്നത്‌. ചോദിക്കുന്നതെന്തും. പക്ഷേ ചെറുപ്പക്കാരാ പറയുന്നതസത്യമായാല്‍, വാക്കുകള്‍ പിഴച്ചാല്‍ ഞാനാവര്‍ത്തിക്കുന്നു. നിന്നെയോര്‍ത്തു സഹതപിക്കാനേ എനിക്കു കഴിയൂ."
ഒരിക്കല്‍ക്കൂടി ഓര്‍ത്തു. ആട്ടിന്‍പറ്റങ്ങള്‍ക്കൊത്തു കഴിഞ്ഞ നാളുകള്‍, സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്ന ജിപ്സിത്തള്ള. ആദ്യയാത്രയും യാതനകളും, ആല്‍ക്കെമിസ്റ്റിന്യും കൈയ്യെത്തിപ്പിടിച്ച നിധിയും...ഒടുവില്‍ എന്തിനു വേണ്ടി ഈ നിമിഷങ്ങളില്‍ കുമ്പിടുന്നുവോ...അവള്‍, നക്ഷത്രങ്ങളെ കണ്ണിലൊളിപ്പിച്ച ആ പെണ്‍കുട്ടി. അത്രയും മതിയായിരുന്നു, ആ ഓര്‍മകള്‍ മതിയായിരുന്നു...
ചുണ്ടുകള്‍ വിറച്ചു തുടങ്ങി... അവന്‍ പറഞ്ഞുതുടങ്ങി. ആ പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കായി.. പിഴച്ചാല്‍..??, ഇല്ല ആ ചിന്തകള്‍ അവനെ തീണ്ടിയതേയില്ല. പിഴക്കില്ല, അനുഭവങ്ങളില്‍ നിന്നും താന്‍ ആര്‍ജിച്ചെടുത്ത ഭാഷ പിഴക്കുകയോ? സാര്‍വ്വലൗകികമായ ഭാഷയാണത്‌... അവന്‍, സാന്റിയാഗോ വ്യാഖ്യാനിക്കുകയാണ്‌, നിമിത്തങ്ങളെ...
"ഒരിക്കല്‍ നിങ്ങള്‍ മരുപ്പച്ചയുടെ നിയമങ്ങള്‍ ലംഘിച്ചു. യുദ്ധകാഹളം മുഴക്കി. നിങ്ങളുടെ അള്ളാ നിങ്ങള്‍ക്കുവേണ്ടി കരുതിവച്ചതും മറന്നിരിക്കുന്നു. ഓമനിക്കാനും അധികാരം കൈമാറാനും ഒടുവില്‍ സ്വര്‍ഗഗേഹങ്ങള്‍ക്കു വാതില്‍ തുറന്നുതരാനും ഒരു അനന്തരാവകാശിയില്ലാതെ പോയി. നാളെയിത്‌ അന്യന്‍ കൊണ്ടുപോകും, അന്യനില്‍ നിന്നും....
പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, ചുമലില്‍ കൈവച്ച്‌, തേങ്ങലടക്കാന്‍ പാടുപെടുന്ന കുട്ടിയെപ്പോലെ പറഞ്ഞു. "പോയ്ക്കൊള്ളുക".
"പക്ഷേ..." വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു. "എനിക്കുള്ള സമ്മാനം, അതു മറ്റൊന്നല്ല, പുത്രലബ്ധിക്കായി ആദ്യസമാഗമത്തിന്‌ വ്രതശുദ്ധിയുടെ രാവുകളെണ്ണി നിങ്ങള്‍ കാത്തിരിക്കുന്നതാര്‍ക്കുവേണ്ടിയോ, അവള്‍... ഫാത്തിമ."
****
രണ്ടാം സമാഗമം. വിരഹത്തിന്റെ തീവ്രവേദനയില്‍ എരിഞ്ഞുപോകുമായിരുന്ന പ്രണയപ്പക്ഷികള്‍ വീണ്ടും കൊക്കുരുമ്മിത്തുടങ്ങി.
മണല്‍പ്പുറ്റുകള്‍ക്കിടയില്‍ തലചായ്ക്കുവാന്‍ തുടങ്ങുന്ന ചന്ദ്രക്കലയെ സാക്ഷിയാക്കി ഫാത്തിമ അവന്റെ കാതില്‍ മൊഴിഞ്ഞു. "ഈ കാത്തിരിപ്പ്‌ മരുഭൂമിയിലെ പെണ്ണിന്‌ ശീലമാണ്‌."
ആ പച്ചത്തത്തയുടെ മടിയില്‍ ചേര്‍ന്നുറങ്ങുന്ന സാന്റിയാഗോയുടെ ഹൃദയം പതിയെ മുഖമുയര്‍ത്തി... "ഈ വീണ്ടെടുക്കല്‍ ഞങ്ങളാണുങ്ങള്‍ക്കും." (september 2004)

Read more...