കാ ത്വം ബാലേ- കാഞ്ചനമാലാ

>> 28.5.10

കഥയാല്‍ തടുക്കാമോ കാലത്തെ, വിശക്കുമ്പോള്‍
തണുത്ത തലച്ചോറേയുണ്ണുവാനുള്ളൂ കയ്യില്‍ - ചുള്ളിക്കാട്


''പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍
കുലം മുടിക്കുന്നവന്‍.....''
എന്നൊരു വിശേഷണം അച്ഛന്‍ കണ്ണനെക്കുറിച്ച് നാണുവമ്മാവനോട് പറഞ്ഞത് അഞ്ചാറ് കൊല്ലം മുമ്പത്തെ ഒരു മഴക്കാലത്താണ്. മുജ്ജന്മത്തിലെ ശത്രുക്കളാണ് പുത്രന്മാരായി ജനിക്കുന്നത് എന്നായിരുന്നു അച്ഛന്റെ ധാരണ. പ്രത്യേകിച്ച് ഇളയ പുത്രനായി. പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാകയാലും അച്ഛനാകയാലും കണ്ണന്‍ മറുത്തൊന്നും പറയാതെ ആ ധാരണയെ ആവുംവിധം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ഭാഗ്യവാനായ മകന്‍ താനാണെന്ന കണ്ണന്റെ അഹങ്കാരത്തോട് പ്രതിപക്ഷബഹുമാനം തീരെക്കുറവായ ആ പഴയ ഫ്യൂഡലിസ്റ്റ് അശേഷം യോജിച്ചതില്ല.


ഏട്ടനില്ലാത്ത തക്കം നോക്കി അമ്മയുടെ മടിയില്‍ കിടന്ന് ബാംഗ്ലൂരിയന്‍ വിശേഷങ്ങള്‍ വിളമ്പുകയായിരുന്നു കണ്ണന്‍. കയ്യിലൊരു സഞ്ചിയുമായി കയറിവന്ന അച്ഛന്‍ ''നീയെപ്പോ വന്നു കുട്ടാ'' എന്നും ചോദിച്ച് കുളിക്കാനായി തൊടിയിലേക്കിറങ്ങി.
''ആലപ്പുഴയ്ക്കു പോയി വന്നാലെനിക്കച്ഛനാ-
റഞ്ചു കൊണ്ടെത്തരാറുള്ളതോര്‍ത്തു ഞാന്‍''.
എന്നുപാടിക്കൊണ്ട് കണ്ണന്‍ പൊതിക്കരികിലേക്കോടി. ഇതെന്താമ്മേ ഇത്രയധികം പഞ്ചസാര? മൂന്ന് നാല് കിലോയില്‍ കുറയാത്ത പൊതി കയ്യിലെടുത്ത് കണ്ണന്‍ അമ്മയുടെ നേരെ തിരിഞ്ഞു. ബാംഗ്ലൂരില്‍ ഞങ്ങള്‍ സാധാരണ കാല്‍ക്കിലോ പഞ്ചസാരയാണ് വാങ്ങാറുള്ളതെന്ന് അമ്മയോട് പറയാന്‍ തുടങ്ങുകയായിരുന്നു അവന്‍. ഇളയമകനെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടുകണ്ടിട്ടുള്ള പത്മാവതിയമ്മയുടെ കണ്ണുകള്‍ അപ്പോഴേക്കും പക്ഷേ നിറഞ്ഞുപോയിരുന്നു

* * * *
''അത്രയ്ക്കും കുറച്ച് എന്നോട് മിണ്ടിയാല്‍ മതീലോ''
''ഏഹ്''
''അതേയപ്പൂ, നിന്റച്ചനിപ്പോ എന്നെ കണ്ടൂടാ, എന്നോട് മിണ്ടിക്കൂടാ''
''എന്താമ്മേ? എന്തായിപ്പറയണേ''
ആദ്യമായാണ് ഇത്തരമൊരു കേള്‍വി. അച്ഛനുമമ്മയും പരസ്പരം മിണ്ടണില്ലത്രേ. എന്തോ പറഞ്ഞു പിണങ്ങി അതങ്ങു നീണ്ടു നീണ്ടു പോകയാണ്.
''മുപ്പത്തഞ്ചു കൊല്ലത്തോളം ഒരുമിച്ചു കഴിഞ്ഞിട്ടും മൂന്നാല് മാസത്തോളം മിണ്ടാതിരിക്കുക. ഇതെന്താമ്മേ ഇങ്ങനെ തുടങ്ങണെ? അതും ഒന്നു മിണ്ടാന്‍ വേറൊരാളിവിടുണ്ടെങ്കില്‍ വേണ്ടീല''
''നിനക്കെന്താ കുട്ടാ? ഞാനെന്തേലും മിണ്ടണംന്നച്ചാ പൈക്കളോടോ പൂച്ചയോടോ പറയും. അവറ്റോളാവുമ്പോ ചാടിക്കടിക്കാന്‍ വരൂലല്ലോ''


''എന്തൊരു സമസ്യയാണപ്പാ ഈ ജീവിതം. കേട്ടിട്ട് കല്യാണത്തെക്കുറിച്ച് ഓര്‍ക്കാനൂടെ പേടിയാകുന്നല്ലോ''- ആത്മഗതം അല്‍പം ഉച്ചത്തിലായിപ്പോയി.
''എന്റെ കുട്ടിയിപ്പോ മംഗലം കയിക്കുന്നതിനെക്കുറിച്ചൊന്നുമോര്‍ത്ത് ബേജാറാവണ്ട. നിനക്ക് വേണംച്ചാ ഞാന്‍ വേറൊരു സമസ്യ തരാം. ക ഖ ഗ ഘ''
പറയലും പദം തരലും വേഗം കഴിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്ക?
''സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കൂ പത്മാവതിയമ്മേ'' കണ്ണന്‍സിന്റെ കണ്ണുകള്‍ അമ്മയുടെ മുഖത്തേക്ക്. അവിടെയതാ നീര്‍ത്തുള്ളിയില്‍ കുസൃതിയുടെ സൂര്യനുദിച്ചുനില്‍ക്കുന്നു. ''നീയ്യ് വല്യ പത്രക്കാരനല്ലേ, പറഞ്ഞില്ലേല്‍ എന്റെ മോനിന്ന് പട്ടിണിയാ''
വിക്രമാദിത്യമഹാരാജാവ് നവരത്‌നങ്ങള്‍ക്ക് കൊടുത്ത പണിയാണിത്. പാവം കാളിദാസന്‍ മാനം കാക്കാന്‍ ഒരുമ്പിട്ടറങ്ങി. വഴിയിലൊരു കൊച്ചുപെണ്‍കുട്ടിയെ കണ്ടു. അങ്ങനെയാണത്രേ ചരിത്രം.


* * * *
ആലോചിച്ചു നിന്നാല്‍ പട്ടിണിയാവേ ഉള്ളൂ. നേരം കളയാതെ ഉത്തരം കണ്ടെത്താന്‍ നോക്കാം. ''അച്ഛാ ക ഖ ഗ ഘ''
''എന്ത് കാ ക്ക ക ക്കാ?''
കര്‍ക്കിടകത്തില്‍ വായിക്കാനുള്ള രാമായണത്തിന്റെ താളുകളെല്ലാം ഭദ്രമാണെന്നുറപ്പു വരുത്തുകയാണ് പിതാശ്രീ.
''ക ക്ക ക ക്കാ അല്ലച്ഛാ, ക ഖ ഗ ഘ. അമ്മ പറഞ്ഞതാ. എന്തോ സമസ്യയാണത്രേ''
''അതെയോ വെറൊന്നും പറഞ്ഞില്ലേ നിന്റമ്മ''- പിതാശ്രീ ഉവാച.
''ഉം, ആ കാളിദാസന്‍ ഏതോ പെണ്‍കുട്ടിയെ കണ്ട് നിക്കുവാ എന്നു പറഞ്ഞു.''
''ഉം, ആ കുട്ടിയോട് കാളിദാസന്‍ കാ ത്വം ബാലേ എന്നു ചോദിച്ചു എന്നു പറ''
ദൂതുമായി കണ്ണന്‍ അടുക്കളയിലേക്ക് പാഞ്ഞു.
''കാഞ്ചനമാല''
തുടര്‍ന്ന് നടന്നത് ഇങ്ങനെ
അഭിനവ കാളിദാസന്‍ കൃഷ്ണന്‍ നായര്‍: ''കസ്യാ പുത്രി?'' (ആരുടെ പുത്രി?)
അടുക്കളയില്‍ നിന്നും: ''കനകലതായാ''
''കിം തേ ഹസ്തേ?'' (എന്താണു കൈയ്യില്‍)
''താലീപത്രം'' (താളിയോല)
''കാ വാ രേഖ?'' (എന്താണ് എഴുതിയിരിക്കുന്നത്?)
''ക ഖ ഗ ഘ''
ചായയുമായി വന്ന അമ്മയോട് അച്ഛന്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കേട്ടു ''ഒന്നും മറന്നില്ലേ നീയ്''
(അമ്മയുടെ പിണക്കം മാറ്റാനായി ആദ്യനാളുകളിലൊന്നില്‍ അച്ഛന്‍ പറഞ്ഞ കഥയായായിരുന്നത്രേ അത്!!!)

* * * *
അനന്തരം സമസ്യ പരിഹരിച്ചുകിട്ടിയ കാളിദാസന്‍ ഉജ്ജയനി ലക്ഷ്യമാക്കി നടന്നു. താല്‍ക്കാലികാശ്വാസത്തോടെ കള്ളക്കണ്ണന്‍ അമ്മയുടെ മടിയിലേക്കും ചാഞ്ഞു. ഇതി കഥാന്ത്യം ശുഭം. (may 2010)

Read more...