കഥ ഇതുവരെ..

>> 22.4.08

"എനിക്ക്‌ ഗര്‍ഭപാത്രമില്ല..."
കാതങ്ങള്‍ അകലെ നിന്നുമാണ്‌ അതു കേട്ടതെന്ന്‌ ശിവറാമിനു തോന്നി. പലതുമവള്‍ പറഞ്ഞുകഴിഞ്ഞിട്ടും അതുമാത്രമാണ്‌ കേള്‍ക്കുന്നത്‌. പ്രചണ്ഡതാണ്ഡവം പോലെയൊന്ന്‌ വീശിയടിക്കുന്നത്‌ കണ്‍മുമ്പിലെ കടലിലോ, അതോ മണിക്കൂറുകള്‍ക്കു മുമ്പു മാത്രം പരിചയപ്പെട്ട ഈ പെണ്‍കുട്ടിയുടെ മനസ്സിലോ? കാറ്റൂതുന്ന ശബ്ദത്തിലാണ്‌ അവളതു പറഞ്ഞുതീര്‍ത്തതെങ്കിലും ഇടിമുഴക്കം പോലെ ശിവറാം ചെവി പൊത്തിപ്പോയി.
അവള്‍ മീനാക്ഷി,
സെന്റിനറി ഹാളിലെ ചലച്ചിത്രമേളയില്‍ ഊഴം കാത്തിരിക്കുമ്പോഴാണ്‌ അവളെ ആദ്യമായി കണ്ടത്‌.
അപരിചിതരില്‍ മാത്രം അയാള്‍ ആനന്ദിച്ചിരുന്ന വേഷമായിരുന്നു അവള്‍ക്ക്‌.
'നീയെന്റെ പെങ്ങളോ കാമുകിയോ ആയിരുന്നെങ്കില്‍ ഇതണിഞ്ഞു നടക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുമായിരുന്നില്ല' എന്ന്‌ തിളച്ചുതുടങ്ങിയ പൗരുഷത്തെ അടക്കി അയാള്‍ മനസ്സില്‍ പറയുകയും ചെയ്തതാണ്‌.
എന്നിട്ടും അവളെ ഇഷ്ടപ്പെട്ടു എന്നതിന്‌ സാമ്പ്രദായികമായ കാരണങ്ങള്‍ ഒന്നുമില്ല. സ്വപ്നം കരിഞ്ഞുണങ്ങിയ രണ്ടു കണ്ണുകള്‍. വേണമെങ്കില്‍ എഴുതി സുന്ദരമാക്കാമായിരുന്നവ. കൃത്രിമത്വം കലര്‍ത്താത്ത ചുണ്ടുകള്‍. ഒരുപക്ഷേ ആ വേഷത്തിനു തീരെയും യോജിക്കാത്ത നീണ്ടിടതൂര്‍ന്ന മുടിയിഴകള്‍ കൊണ്ടാവണം അവള്‍ അവന്റെ കണ്ണുകെട്ടിയിട്ടുണ്ടാവുക.
അല്ലെങ്കില്‍ ആ ഒരു ചോദ്യം കൊണ്ട്‌. "എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
എന്തൊരു ചോദ്യമായിരുന്നു അത്‌? തികച്ചും അപ്രതീക്ഷിതം.
"എനിക്കല്‍പം സംസാരിക്കണം, മാനാഞ്ചിറയിലേക്കോ. ബീച്ചിലേക്കോ നടന്നാലോ?". അവളോട്‌ തലകുലുക്കി ബീച്ചിലേക്ക്‌ നടക്കുമ്പോഴായിരുന്നു ആ ചോദ്യം.
"എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
ആസൂത്രിതമല്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ ശിവറാം പകച്ചുപോകുന്നത്‌ അതാദ്യമായിട്ടായിരുന്നില്ല.
'പിന്നെ? മറ്റാര്‌? അഭിനയം മുഖമുദ്രയാക്കിയ ഈ സമൂഹത്തില്‍, അടങ്ങാത്ത അന്തവിക്ഷോഭങ്ങളുമായി നടക്കുന്ന താന്‍ മറ്റാരെയാണ്‌ അംഗീകരിക്കുക? കുട്ടീ, പരിമിത മാനദണ്ഡങ്ങള്‍ മാത്രം കൂട്ടിവായിക്കാന്‍ കഴിയുന്ന നിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ നിര്‍വചിക്കാന്‍ കഴിയാത്ത പ്രകൃതി വിക്ഷോഭമായിരുന്നു ഫയദോര്‍'.

"ശിവനെന്താണ്‌ ആലോചിക്കുന്നത്‌?"
ശിവന്‍...എത്ര അനായാസമായാണ്‌ അവള്‍ അതു വിളിച്ചത്‌. ഇരുപത്തിയെട്ടു കെട്ടി അച്ഛന്‍പെങ്ങള്‍ ചെവിയില്‍ മൂന്നുരു വിളിച്ചത്‌ ശിവരാമന്‍ എന്നായിരുന്നു. പിന്നെയത്‌ ശിവറാം ആയി. ഉപരിപ്ലവതയുടെ രാജകുമാരനാകുവാന്‍ വേണ്ടി തന്ത്രപൂര്‍വ്വം പേര്‌ പരിഷ്കരിച്ച ''സരോജ്‌ കുമാര് '' ‍എന്നൊക്കെയാണ്‌ സുഹൃത്തുക്കളായ മഹേഷ്‌ മാധവന്‍മാരും, കമല്‍ നാഥുമാരും ശിവറാമിനെക്കുറിച്ച്‌ പറയുക.
സുഹൃത്തുക്കള്‍... ആരേയും മറന്നിട്ടില്ല.
ഒരിക്കലും സാധ്യമാവാത്ത വിപ്ലവത്തിനുവേണ്ടി ഈ വിഡ്ഢിയെ മാത്രം ഒരുക്കിനിര്‍ത്തി സ്ഥാനങ്ങള്‍ക്കു പിറകേ പോയവര്‍, തന്ത്രപൂര്‍വ്വം കവിതയ്ക്ക്‌ വിഷയങ്ങള്‍ മാറ്റിയവര്‍.
കവിത വിറ്റ കാശുകൊണ്ട്‌ തിരശ്ശീലയില്‍ സ്ഥലം വാങ്ങിയവര്‍.
തെരുവുപാതയോരങ്ങളില്‍ അടിവയറില്‍ പുഷ്പിക്കാതെ പോകുന്ന പ്രണയങ്ങളും, ഒരു ചാണ്‍ വയറ്റില്‍ ഉറഞ്ഞാടുന്ന സുനാമികളും കഥയ്ക്കു പോരാത്തവര്‍.
കണ്‍മുമ്പില്‍ നടക്കുന്ന അരും കൊലകളെയും ആത്മഹത്യകളെയും തൊട്ട്‌ ഉപ്പുപോലും നോക്കാതെ ആഗോളവിഷയങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി വയറുവീര്‍പ്പിക്കുന്നവര്‍.
അപകടങ്ങളില്‍ പ്രശസ്തരാവുന്നവര്‍, അക്കാദമി സെക്രട്ടറിമാരാവുന്നവര്‍.
സ്വയം പ്രഖ്യാപിത ബുദ്ധിജീവി ആക്ടിവിസ്റ്റുകള്‍.

"ഞാന്‍ പറഞ്ഞതു ശിവന്‍ കേട്ടോ?"
അതേ, അതാണല്ലോ ഞാന്‍ ആകപ്പാടെ കേട്ടത്‌. പക്ഷേ എന്തിന്‌?
ഇഷ്ടമാണ്‌ എന്നൊന്ന്‌ പറയുന്നതിനു മുമ്പേ, കൈകള്‍ കോര്‍ത്ത്‌ ഒന്ന്‌ ഉമ്മ വയ്ക്കുന്നതിനു മുമ്പേ...
തോന്നലുകളൊക്കെയും കണ്ണില്‍ വായിച്ചിരിക്കണം, അവള്‍ വിശദീകരിച്ചു.
"ചതിച്ചു എന്ന്‌ പിന്നീട്‌ തോന്നരുത്‌, അതുകൊണ്ടാണ്‌. ഇപ്പോഴാണെങ്കില്‍ ഇഷ്ടം തോന്നിയെന്നേ ഉള്ളൂ.. പിരിഞ്ഞു പോകാന്‍ വിഷമമുണ്ടാവില്ല. സത്യമാണ്‌, എനിക്കതിനുള്ള കഴിവില്ല."
"അതിനെന്ത്‌?"
അച്ഛനോട്‌ കലമ്പുകയും, മക്കളെ വളര്‍ത്തേണ്ടതെങ്ങിനെയെന്ന്‌ കാണിച്ചുതരാമെന്ന്‌ വീമ്പുപറയുകയും ചെയ്ത ഒരു പൊടിമീശക്കാരന്‍ ഉള്ളില്‍ക്കിടന്നു പരിഹസിച്ചു ചിരിച്ചു.
നെഞ്ചകം തിളച്ച കനല്‍ കണ്ണു ചുട്ടുനീറിയൊഴുകുമ്പോഴും "അച്ഛനോടങ്ങിനെ പറയല്ലേ കുട്ടാ" എന്ന്‌ കാലങ്ങള്‍ക്കപ്പുറം അമ്മ കരഞ്ഞുവിളിച്ചു.
ഒന്നിലധികം പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്ത മണല്‍ത്തിട്ടില്‍ ശിവറാം ആഗ്രഹങ്ങള്‍ക്കു ബലിയിട്ടു.
സ്വന്തം ഉപനയനം നടത്തിയവന്‍ സ്വന്തം ബലിയുമിട്ടു കാവ്യനീതിക്ക്‌ അടിവര ചാര്‍ത്തി.
"കവിളത്തെ തുടുപ്പു മായുകയും, നിന്നെയുറക്കാന്‍ ഞാന്‍ പോരാതെ വരികയും ചെയ്യുമ്പോള്‍ രാത്രികളില്‍ നീ ഒറ്റയ്ക്കു കരയില്ലെങ്കില്‍, ഏട്ടത്തിക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇളയതുങ്ങളെ നമ്മുടെ ഉറക്കറയിലേക്കു തള്ളിവിട്ടു നീ കാവല്‍ നില്‍ക്കില്ലെങ്കില്‍....
സ്വര്‍ഗഗേഹങ്ങള്‍ക്കു പടുത്വം പണിയാനുള്ള വാതില്‍ ചേര്‍ത്തുചാരി ശിവറാം കൈകള്‍ നീട്ടി.
പകല്‍വെളിച്ചത്തില്‍ ഒരു കുഞ്ഞുനക്ഷത്രം പറന്നുവന്ന്‌ അവളുടെ കണ്ണുകളില്‍ കൂടുവച്ചു.
ആവര്‍ത്തിച്ച്‌ കണ്ണീരുണങ്ങിയ ആ കവിള്‍ത്തടങ്ങളില്‍ അലസന്റെ കൈയ്യൊപ്പു പതിഞ്ഞു.
പരസ്പരം തൊട്ടിലാട്ടുമ്പോള്‍ ആ പ്രാപ്പിടയും കുറുകി. "നിന്റെ കൈകള്‍ മാന്തികത്താക്കോലുകളാണ്‌ ശിവാ, പറയൂ, നീയൊരു മാന്ത്രികനാണോ?"
*****
കൈകള്‍ കൂട്ടിപ്പിടിച്ചും, കൈകള്‍ വീശിയും ഏറെ നേരം അവരാ കടപ്പുറത്തു നടന്നിട്ടുണ്ടാവണം. തീരങ്ങളില്‍ തിരയുടെ തീരാമോഹം പോലെ.. ഈ യാത്രയും സഫലമാകുവാന്‍ കക്കാട്‌ കവിത പാടിയിട്ടുണ്ടാവണം.
"....വരിക സഖി, യരികത്തു ചേര്‍ന്നു നില്‍ക്കൂ;
പഴയൊരു മന്ത്രം സ്മരിക്ക നാമന്യോന്യ-
മൂന്നുവടികളായ്‌ നില്‍ക്കാം" (april 2008)

Read more...