ഇതും ധര്‍മസംസ്ഥാപനാര്‍ത്ഥം...

>> 22.8.08

''കല്ല്‌ കൊണ്ടോ മനം താവകം കൃഷ്ണാ...''
അകത്തളത്തില്‍ അമ്മ പാടുന്നത് കേട്ടാണ് പതിവുപോലെ ഉണര്‍ന്നത്..
എന്തിനാണ് അമ്മേ സംശയം? കല്ലില്‍ കൊത്തിയ കൃഷ്ണവിഗ്രഹത്തിനു ഹൃദയം മാത്രമെങ്ങിനെയാണ് തായേ മാംസളമാവുക? കല്ല്‌ കൊണ്ടാണ് മനമെന്നു പലവുരു തെളിയിച്ചതല്ലേ വസുദേവകൃഷ്ണന്‍?
ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ പൊന്നുമക്കള്‍ക്ക് പുണ്യം പകരുന്ന അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനകള്‍ തലക്കുറി നന്നാക്കിയില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ കൊരുത്ത മനസുമായി കാലങ്ങള്‍ തിളച്ചുമറിഞ്ഞുനടന്നു. വിശ്വാസികളില്‍ അവിശ്വാസിയായും, നിരീശ്വര വാദികള്‍ക്കിടയില്‍ കടുത്ത വിശ്വാസിയായും അസ്തിത്വം വെല്ലുവിളിച്ചു നടന്നു. അതൊരു കാലം.
***
കാലങ്ങള്‍ക്കപ്പുറത്ത് നിന്നും വിശ്വാസത്തിന്റെ അനന്തകോണില്‍ നിന്നും ചുളിഞ്ഞ നെറ്റികള്‍ കാണായി. ഒരുപാട് ചിന്തിച്ചിട്ടും ഇത്രയധികം കുഞ്ഞുങ്ങളെ ബലികൊടുത്തു കൊണ്ടായിരുന്നു ധര്‍മസംസ്ഥാപനാര്‍ത്ഥമെന്നു പുകഴ്ത്തപ്പെടുന്ന ആ അവതാരം പിറവി എടുത്തത് എന്ന് ന്യായീകരണങ്ങളെ അസാധുവാക്കി.
കുന്നിന്റെ മുകളില്‍ കളിച്ചു നില്ക്കുന്ന മാന്കിടാവിനെ പോലെ (കടപ്പാട്: കൃഷ്ണഗാഥ)ചത്തുമലച്ച പൂതനയുടെ മാറില്‍ വിളങ്ങിയ കോമളരൂപന് തനിക്ക് വേണ്ടി മരിച്ച പൈതങ്ങളുടെ ശാപം ഏറ്റിരുന്നോ അമ്മേ? ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?
അറിയാവുന്നതാണമ്മേ... മഹത്തുക്കളുടെ വീഴ്ചകള്‍ക്ക് നേരെ ചെറുവിരലനക്കുവാന്‍ ഇവിടെയാരുമില്ലെന്ന്.
***
എങ്കിലും സമ്മതിച്ചു. കൃഷ്ണന്‍ മായികഭാവം തന്നെ.. ഉണ്ണിക്കണ്ണനും, കള്ളകൃഷ്ണനും, സാക്ഷാല്‍ പരംപൊരുളും അവന്‍ തന്നെ.. അവന്റെ ഭാവങ്ങള്‍ തന്നെ. പോയ വഴികളിലെല്ലാം സുഗന്ധം വാരിപ്പൂശിയ കസ്തുരിമാന്‍ തന്നെ അവന്‍. ചേല കട്ടതും, ചമ്മട്ടി പിടിച്ചതും അവന്റെ ലീലകള്‍ തന്നെ. പാല്‍ കറന്നതും പാലഴിക്ക് നാഥനായതും അവന്‍. വെണ്ണ കട്ടതും, ബ്രഹ്മാണ്ഡം വായിലോതുക്കിയതും അവന്റെ ശ്രേഷ്ടതകള്‍ തന്നെ. യുഗങ്ങള്‍ക്ക് മുമ്പെ അവതാര സന്കല്പങ്ങള്‍ കൊണ്ട് പരിണാമ സിദ്ധാന്തത്തിന്‌ ഭാരതീയ മാതൃകയില്‍ ചരിത്രം ചമച്ചവന്‍..യുദ്ധം നയിച്ചതും അത് ജയിച്ചതും അവന്‍, അവന്റെ സാന്നിധ്യം. ഞാന്‍ ഉണര്‍ന്നതും നീ രമിക്കുന്നതും അവന്റെ മുരളികയില്‍. പാഞ്ചജന്യം അവന്‍ പാടിയത് ലോകരക്ഷാര്‍ത്ഥം, അവന്‍ യുഗങ്ങളില്‍ സംഭവിക്കുന്നത് ധര്‍മസംസ്ഥാപനാര്‍ത്ഥം... അവന്റെ മനമെങ്ങിനെ കല്ലായി മാറും എന്നല്ലേ അമ്മ പാടിയത്?
***
എങ്കിലും അമ്മേ...
സ്വര്‍ഗ്ഗഗേഹങ്ങളില്‍ വെള്ളിയരയന്നങ്ങള്‍ ചാമരം വീശുന്ന അര്‍ജുനപുത്രന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ അമ്മ കാണുന്നുവോ? ആ മിടിപ്പില്‍ അവിശ്വസനീയതുടെ താളം അമ്മ കേള്‍ക്കുന്നുവോ?
മുടിയഴിച്ച് തലതല്ലിവീണ ഉത്തരയുടെ കാല്‍തളകള്‍ ചോദ്യഭാവത്തില്‍ ചിലന്പുന്നതും അമ്മേ, നിനക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ?
കൊന്നതാണമ്മേ കൊന്നതാണ്.
അല്ലെങ്കില്‍ ആ അരുംകൊലയുടെ നേരത്ത് തന്ത്രപൂര്‍വ്വം കണ്ണടച്ചു, നിന്റെ കണ്ണന്‍.
പത്മവ്യൂഹം ചമച്ച നേരത്ത് വിജയനെ ബോധപൂര്‍വ്വം അവിടെ നിന്നകറ്റിയ സാരഥി. അതാണമ്മേ നിന്റെ കൃഷ്ണന്‍.
അല്ലെങ്കില്‍ പറയൂ, ഇന്ദ്രദത്തമായ കര്‍ണന്റെ ശക്തിവേലിനു പാത്രമായി ഭീമസുതന്‍ ഖടോല്ക്കചനെ വിട്ടുകൊടുത്തപ്പോള്‍ നൊടിനേരത്തേക്കെങ്കിലും കലങ്ങിയ ചെന്താമരക്കണ്ണുകള്‍ സോദരീപുത്രന്റെ വിയോഗവാര്‍ത്തയില്‍ ഒരിറ്റുനീര്‍ പോലും പോഴിക്കാഞ്ഞതെന്തേ?
***
ഓര്‍മയില്ലേ? ആ കാഴ്ച കാണാന്‍ കഴിയുന്നില്ലേ? പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ... യുദ്ധതന്ത്രങ്ങള്‍ അര്‍ജുനന് ഉപദേശിക്കുന്ന കൃഷ്ണന്‍... അരികില്‍ നിറഗര്‍ഭിണിയായ പ്രിയസോദരി സുഭദ്ര.. പറഞ്ഞു പറഞ്ഞു പത്മവ്യൂഹം ഭേദിച്ച് അകത്തുകടക്കാന്‍ പറയുമ്പോള്‍ കണ്ടു, അരണ്ട വെളിച്ചത്തില്‍ ഉറക്കം പിടിച്ചിരിക്കുന്നു അര്‍ജുനന്‍, സുഭദ്രയും. അപ്പോള്‍? അപ്പോള്‍ താന്‍ പറയുമ്പോള്‍ മൂളിയത് ആരാണ്? വ്യക്തമായും കേട്ടതാണല്ലോ ആ മൂളല്‍. സര്‍വം അറിയുന്ന കണ്ണന് കാര്യം മനസിലായി. പറഞ്ഞു നിര്ത്തി. പത്മവ്യൂഹത്തിന് അകത്തു കടക്കാന്‍ മാത്രം അറിയുന്ന, ഭേദിച്ച് പുറത്തുകടക്കാന്‍ അറിയാത്ത തന്റെ അതിബുദ്ധിയായ മരുമകന്‍ എങ്ങനെ തീരണമെന്നു തീര്ച്ചപ്പെടുതിയെന്നോണം ഒന്നു പുഞ്ചിരിച്ചു വാസുദേവനന്ദനന്‍.
***
സത്യമാണോ അമ്മേ? ഞാന്‍ പറഞ്ഞത് സത്യമാണോ? തന്റെ മാതുലനായ കംസനെ കൊന്നത് താനാണെന്ന ഓര്‍മ കൃഷ്ണനെ അലട്ടിയിട്ടുണ്ടാവുമോ? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലില്‍ തന്റെ അനന്തിരവന്‍ തനിക്ക് കലിയെന്നു തോന്നിയോ കൃഷ്ണന്? കര്‍മ പാശത്തില്‍ നിന്നും ആരും മുക്തരല്ലെന്നു അവനെക്കാള്‍ നന്നായി അറിയുന്നവര്‍ ആരാണ് അമ്മേ? പരബ്രഹ്മം ആയ വിഷ്ണുദേവന് കലിയും കലിബാധ മൂലമുണ്ടാകുന്ന ഭയവും, വിദ്വേഷവും അന്യമെന്കിലും മനുഷ്യനായി അവതരിച്ച കൃഷ്ണന് അങ്ങനെ ആവാന്‍ കഴിയുമോ?
***
അര്ജ്ജുനപുത്രനെ അവസാനിപ്പിക്കാന്‍ ആത്മഭീതിയില്‍ അലഞ്ഞ മാതുലനു ലഭിച്ച അവസരമാണോ ഭാരതയുദ്ധത്തിലെ കറുത്ത ഏടായി മാറിയ പദ്മവ്യൂഹം.. അവതാരമായ കൃഷ്ണന് വേണ്ടി കരുക്കള്‍ ആയവരാണോ മഹാത്മാവായ ഭീഷ്മരും ദ്രോണരും, രാധേയനായ കര്‍ണനും? ഇനി പറയൂ, കല്ല്‌ കൊണ്ടല്ലേ താവക മനം കൃഷ്ണാ???
പൊറുക്കുക തായേ.. നിന്റെ വിശ്വാസങ്ങളെ ഞാന്‍ വേദനിപ്പിച്ചു. പൊറുക്കുക, ജന്മം തന്നതിന്റെ ശിക്ഷയായി കരുതി പൊറുക്കുക. (august 2008)

Read more...