വന്നാ എ ജോബ് മാന്‍?
>> 14.7.09
`സിറ്റ് ഡൗണ്‍ മിസ്റ്റര്‍ വ്യാസ്', ഡോ.ബര്‍ണാഡ് കൈകള്‍ നീട്ടി.
`താങ്ക് യൂ സര്‍'... തേരട്ടയെ ചവച്ചാലെന്ന പോലെയാണ് അവസാന വാക്ക് പുറത്തേക്ക് വന്നത്. സര്‍... ചെറുപ്പത്തിലേ ആ വാക്ക് അയാള്‍ക്ക് കലിയാണ്. കൊളോണിയലിസ്റ്റ് തമ്പുരാക്കന്മാര്‍ അവശേഷിപ്പിച്ചുപോയ അടയാളവാക്ക് പോലെ.. മേല്‍മുണ് ട് അരയില്‍കെട്ടി നടുവളഞ്ഞ് വാ പൊത്തി നില്‍ക്കുന്ന പോയകാലത്തിന്റെ ദൈന്യതയെ ഓര്‍മിപ്പിക്കുന്ന വാക്ക്... വേണ് ടിയിരുന്നില്ല, മാഷേ എന്ന് മതിയായിരുന്നു. ഛേയ് അതുശരിയാകില്ല. കമ്പനി പേഴ്‌സണാകാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണ് താന്‍. അത് മറക്കരുത്.
`എന്താ മിസ്റ്റര്‍ വ്യാസ് ഒരു കനത്ത ആലോചന?'
`ഹേയ്, നതിംഗ് സര്‍'.. വായില്‍ വീണ് ടും അതേ ചവര്‍പ്പ്.
`ലുക്, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ വായിച്ചു.' സായിപ്പിന്റെ മലയാളത്തിന് വല്ലാത്ത വൃത്തി. `നിങ്ങളുടെ പേര് വേദവ്യാസന്‍ എന്നാണ്. ആം ഐ കറക്‌റ്റ്?'
ഉവ്വ്, അങ്ങിനെയാണ്.
`പക്ഷേ നിങ്ങള്‍ എഴുതിയിരിക്കുന്നത് വേദവ്യാസ് എന്നും..'
`അതേ വീണ് ടും' തലയാട്ടി
`വളര്‍ന്നപ്പോള്‍ പേര് ലോപിച്ചുപോയോ മിസ്റ്റര്‍ വ്യാസ്? അതോ നിങ്ങള്‍ ചുരുക്കിയതോ?` സായിപ്പിന് ചിരി.
`ഞാന്‍'.... അയാള്‍ വിക്കി.
പേരിന് പ്രൗഢി പോരെന്ന് തോന്നിയപ്പോള്‍ കുറുക്കിയെഴുതി എന്നാണ് പറയേണ് ടത്.
`പേര് ലോപിച്ചപ്പോള്‍ അര്‍ത്ഥം നഷ്‌ടപ്പെട്ടു.' സായിപ്പ് വീണ് ടും ചിരിക്കുന്നു.
പണ്ട് മലയാളം ക്ലാസില്‍ വിശ്വംഭരന്‍ മാഷ് പറഞ്ഞതോര്‍ത്തു വേദവ്യാസ്.
`ആണിന്റെ പേരിന് പൗരുഷം വേണം. അത് ``ന്‍'' എന്ന് അവസാനിക്കണം.' അദ്ദേഹം ഉറക്കെ ഉദാഹരിക്കയും ചെയ്‌തു. ``വിശ്വംഭരന്‍, നാരായണന്‍, രാധാകൃഷ്‌ണന്‍, വേദവ്യാസന്‍'.. അത് തന്നെ നോക്കിയായിരുന്നു. `അല്ലാതെ ജിജി, വിജി, സജി എന്നപോലെ പച്ചക്കറിക്ക് പേരിടുന്നപോലെയാവരുത്. അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ചതാവണം.'
`ലുക് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ പേര് കമ്പനിക്ക് ഒരു വിഷയമല്ല. നിങ്ങളുടെ അക്കാദമിക് സ്‌കില്ലും ഞങ്ങള്‍ക്ക് വേണ് ട. പക്ഷേ സാമാന്യത്തില്‍ കവിഞ്ഞ ചിന്തകളുള്ള ആളാണ് നിങ്ങള്‍. അതിന് ഞങ്ങള്‍ ഇംപോര്‍ട്ടന്റ്‌സ് കൊടുക്കുന്നുണ് ട്, കാരണം'.. ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്താനുള്ള ആവേശത്തെ ബര്‍ണാര്‍ഡ് സായിപ്പ് ഒന്നൊതുക്കി.
ചോദ്യഭാവത്തില്‍ വ്യാസ് തലയുയര്‍ത്തിയത് അദ്ദേഹം കണ്ടുകൂടിയില്ല, ആവേശം ചോര്‍ന്നുപോകാതെ തുടരുകമാത്രം ചെയ്‌തു.
`അനുകൂല സമയത്ത് ചേര്‍ച്ചയുള്ള ബീജവും അണ്‌ഡവും കൂടിയാല്‍ മഹത്തുക്കള്‍ പിറക്കുമെന്ന് കേട്ടിട്ടില്ലേ നിങ്ങള്‍? നിങ്ങള്‍ ഒരിന്ത്യാക്കാരനല്ലേ? എന്നിട്ടും?' വ്യാസിന്റെ കണ്ണിലെ അമ്പരപ്പിലേക്ക് നോക്കിയാണ് അയാള്‍ ചോദിച്ചത്.
`ഉണ്ട്, ഭഗവാന്‍ വേദവ്യാസന്റെ ജനനം അത്തരത്തിലൊന്നായിരുന്നു.' താന്‍ ഒരു ചരിത്രമറിയാത്ത മണ്ടനാണെന്ന് സായിപ്പ് കരുതരുതല്ലോ..
`യെസ് മിസ്റ്റര്‍ വ്യാസ്, ഹി ഈസ് വേദവ്യാസന്‍, നോട്ട് വ്യാസ്'
`അപ്പോള്‍ നിങ്ങള്‍ക്ക് കഥകളറിയാം. പക്ഷേ അതിനും മുമ്പ് കഥകളുണ് ട്. സുന്ദരിയായ ഭാര്യയുമൊത്ത് രതികേളിക്കൊരുങ്ങവേ നായാട്ടിനു പുറപ്പെടൂ പുത്രാ എന്ന പിതാവിന്റെ ആജ്ഞ അനുസരിക്കേണ് ടി വന്ന ചേദിരാജാവായ വസുവിനെക്കുറിച്ച് കേട്ടിട്ടുണ് ടോ? മൃഗയാവിനോദത്തിന് കാട്ടിലെത്തിയെങ്കിലും രാജാവിന്റെ മനസ് കേളീസന്നദ്ധയായ പത്‌നീസമക്ഷത്തിലായിരുന്നു. വധൂസ്‌മരണയില്‍ സ്‌ഖലിച്ച ശുക്ലത്തെ കിഴികെട്ടി സന്താനദാഹത്തോടെ കഴിയുന്ന രാജപത്‌നിക്ക് ഇതെത്തിക്കുക എന്ന നിര്‍ദ്ദേശത്തോടെ ഒരു പരുന്തിനെ ഏല്‍പ്പിച്ചു വസു. എന്നാല്‍ യാത്രമദ്ധ്യേ പരുന്തിന്റെ വായിലെ കിഴി മാംസമാണെന്നു ധരിച്ച മറ്റൊരു പരുന്ത് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. താഴെ ശക്‌തിമതിയെന്ന നദിയില്‍ വീണ ആ കിഴി ഒരു മത്സ്യം വയറ്റിലാക്കുകയും ചെയ്‌തു.'
അമ്മൂമ്മക്കഥകളില്‍ പോലും കേള്‍വിപ്പെടാത്ത കഥ പറഞ്ഞ അന്യനാട്ടുകാരനെ അത്ഭുതം കൂറുന്ന കണ്ണോടെ നോക്കി അഭിനവവ്യാസന്‍. ബര്‍ണാര്‍ഡ് സായിപ്പ് കഥ പറഞ്ഞുനിര്‍ത്തി
``ആ മത്സ്യം പ്രസവിച്ച ഇരട്ടക്കുട്ടികളിലൊന്നാണ് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ ഭഗവാന്‍ വേദവ്യാസനെ പ്രസവിച്ച മത്സ്യഗന്ധി എന്ന സത്യവതി.''
`ക്ഷമിക്കണം സാര്‍, ഇതൊന്നും എനിക്ക്... ?'
`കൂള്‍ മിസ്റ്റര്‍ വ്യാസ്, അത് നമുക്ക് വിഷയല്ല. ഇവിടെ നോക്കൂ, ഈ ബോട്ടിലുകളാണ് നിങ്ങളുടെ പരീക്ഷണ ശാലകള്‍. നിങ്ങളുടെ ബീജമാണ് ഞങ്ങള്‍ക്കുവേണ് ട സേവനം.'
`നിങ്ങള്‍, നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? '
`അത് തന്നെയാണ് മിസ്റ്റര്‍ വ്യാസ്, നിങ്ങളുടെ നാട്ടിലെ ആളുകള്‍ക്ക് തികഞ്ഞ ബുദ്ധിയാണ്. ആ മാനവിഭവങ്ങള്‍ തന്നെയാണ് പടിഞ്ഞാറിന് വേണ് ട്. അത് പക്ഷേ നിങ്ങള്‍ നീട്ടിയ ഈ സര്‍ട്ടിഫിക്കറ്റുകളായല്ല. നിങ്ങളെക്കൊണ് ട് എന്തിനു കൊള്ളും? നിങ്ങളെന്തുകൂട്ടിയാല്‍ കൂടും? ഒന്നും പഠിക്കാത്ത അഭ്യസ്‌ത വിദ്യരാണ് നിങ്ങള്‍. അതുകൊണ് ട്...'
ഒന്നു കിതപ്പാറ്റിയശേഷം സായിപ്പ് തുടര്‍ന്നു. `ഞങ്ങള്‍ക്കുവേണ് ടത് ഞങ്ങള്‍ സൃഷ്‌ടിക്കും. അതിനുള്ള ബീജമാണ് നിങ്ങള്‍ തരേണ് ടത്. നിങ്ങള്‍ക്ക് വേണ് ടത് പണമല്ലേ, പണം മാത്രമല്ലേ? അത് ഞങ്ങള്‍ തരും. എത്രവേണമെങ്കിലും.'
ഹോ, എന്താണ് താനീ കേട്ടത്?? ഇതോ അഭിനവഭാരതന്റെ ധര്‍മം? സപ്‌തദ്വീപങ്ങള്‍ക്കും ശ്രേഷ്‌ഠമായ ജംബുദ്വീപത്തിന്റെ നാഥന്മാര്‍ വാണ നാട്, ശ്രവണമാത്രയില്‍ അന്തരംഗത്തില്‍ അന്തസ്സുയര്‍ത്തുന്ന ഗംഗയാറൊഴുകുന്ന നാട്, ആദിവേദത്തിന്റെയും ആദിശേഷന്‍ അനന്തന്റെയും നാട്... ആ നാടിന്റെ ഇന്നിനോടോ വിധിയുടെ ഈ വിളി?
`ക്ഷമിക്കണം സാര്‍, എനിക്കു വയ്യ', തളര്‍ച്ചയോടെ എഴുന്നേറ്റു വ്യാസ്.
`നോക്കൂ മിസ്റ്റര്‍ വ്യാസ്'. പിന്നില്‍നിന്നും വിളിച്ചു ബര്‍ണാഡ് സായിപ്പ്.
`നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക് കാണുന്നില്ലേ, അവര്‍ അവരതിനു തയ്യാറാവും, അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ് ട്. നിങ്ങളുടെ ബീജം ഞങ്ങള്‍ക്കായി വര്‍ഷിക്കും, നിങ്ങളുടെ സ്‌ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം വില്‍ക്കും... വെറുതെയല്ല, പണത്തിനു വേണ് ടി...'
അവസാനത്തെ ആണിയും അടിച്ചു സായിപ്പ്....
`പോരാത്തതിനു ഇതും നിങ്ങളുടെ ചരിത്രത്തിലുണ് ടെന്ന് കൂട്ടിക്കോ.. തലച്ചോറും ശരീരവും വില്‍ക്കുന്ന നിങ്ങളുടെ വര്‍ത്തമാനത്തിലും അതുണ് ട്....'
അതേ സത്യമാണ്.. ``യദി ഹാസ്‌തി തദന്യത്ര: യന്നേഹാസ്‌തി ന കുത്രചിത് എന്നല്ലേ ഭാരതസ്രഷ്‌ടാവിന്റ വാക്ക്? (ഇതിലുളളത് മറ്റ് പലയിടത്തും കണ്ടേക്കാം, ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയില്ല) (2009 july)
കടപ്പാട്: പണ്‌ഡിറ്റ് അരുമനായകപ്പണിക്കരുടെ ഭഗവാന്‍ വേദവ്യാസന്‍ എന്ന ഗ്രന്ഥത്തോട്,
നന്ദി: പ്രസ്‌തുത ഗ്രന്ഥം തന്ന ജ്യേഷ്‌ഠസുഹൃത്ത് നീരുവിനോട്