മിസ്റ്റര്‍ കാപ്പിലാന്‍, ഇത് നിഴല്‍ച്ചിത്രമല്ല

>> 28.5.09



കവിതയുടെ സാമ്പ്രദായിക-ആധുനിക-ഉത്തരാധുനിക സങ്കല്‍പങ്ങളെ മറികടന്നു എന്നതാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന കവിയുടെ പ്രസക്തി എന്ന്‌ സച്ചിദാനന്ദന്‍ ചുള്ളിക്കാടിന്റെ സമ്പൂര്‍ണകവിതകളുടെ അവതാരികയില്‍ പറയുന്നു. എന്നാല്‍ ഇത്തരം വേര്‍തിരിവുകളെ നിരാകരിച്ചു എന്നതാണ്‌ കാപ്പിലാന്റെ പ്രഥമകവിതാസമാഹാരമായ നിഴല്‍ച്ചിത്രങ്ങളുടെ പ്രത്യേകത. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, ചെറുശ്ശേരി മുതലായ ഭാഷാപിതാക്കളുടെ പൂന്തേനായ ഭാഷയെ മാത്രമല്ല ഉത്തരാധുനിക കവിതാസങ്കേതങ്ങളെയും കാപ്പിലാന്‍ ഒരേ നിസ്സാരതയോടെ തള്ളിക്കളയുന്നുണ്ട്‌. സാധാരണക്കാരന്‌ ദുര്‍ഗ്രഹമായ വാക്കുകള്‍കൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ട പുത്തന്‍ കവിതാസങ്കല്‍പങ്ങളെ അനായാസം മറികടന്ന ഇയാള്‍ സ്വന്തം ബീജത്തില്‍നിന്നു മാത്രമാണ്‌‌ സൃഷ്‌ടി നടത്തുന്നത്‌. അത്‌ മികവുറ്റതോ അറ്റതോ ആവട്ടെ, പൂര്‍ണമോ അല്ലാത്തതോ ആവട്ടെ, എന്തും കവിതയ്‌ക്ക്‌ വിഷയമാണെന്നും അത്‌ എങ്ങിന വേണമെങ്കിലും എഴുതാമെന്നുമുള്ള ധൈര്യത്തിനു വേണം ഒരു തൂവല്‍.

ഈ പുസ്‌തകത്തിലുള്ളതെയല്ലാം മികച്ച കവിതകളല്ല, അതിശ്രേഷ്‌ഠമായ കവിതകള്‍ അല്ലേയല്ല. എന്നാല്‍ ചില പ്രത്യേകതകള്‍ കാണാതെ പോകാനാകില്ല. സൗന്ദര്യത്തിനു വേണ്ടി ചങ്ങമ്പുഴയെ പോലെ ഏതറ്റം വരെയും വിട്ടുവീഴ്‌ച നടത്താന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല, എന്ന്‌ മാത്രമല്ല ചില വൃത്തികേടുകളില്‍ ചൂണ്ടി മാത്രമേ എഴുതൂ എന്നിയാള്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌ താനും. അതുകൊണ്ടാണ്‌ കുപ്പത്തൊട്ടിയും ചൂലും കറിവേപ്പിലയും സെമിത്തേരിയും ഇയാള്‍ക്ക്‌ വിഷയങ്ങളാകുന്നത്‌. കേവലം വിഷയങ്ങള്‍ മാത്രമല്ല, കവിതയ്‌ക്ക്‌ തലക്കെട്ടുതന്നെയും ആകുന്നത്‌. വൃത്തികേടുകളെ എങ്ങിനെ ഒളിപ്പിച്ച്‌ വെളുക്കെ ചിരിക്കാം എന്ന്‌ ഗവേഷണം നടത്തുന്ന ലോകത്താണ്‌ നാം ഇടപെടുന്നത്‌ എന്ന വസ്‌തുതയോട്‌ ചേര്‍ത്തുവയ്‌ക്കുമ്പോഴാണ്‌ ഇത്‌ പ്രസക്തമാകുന്നത്‌.

വിസ്‌താരഭയം കൊണ്ട്‌ ഒരു വാക്കുപോലും വെട്ടിച്ചുരുക്കാന്‍ ഇയാള്‍ തയ്യാറാവുന്നില്ല, ഒരു കവിതയുടെ ഒരു വരിയില്‍ എത്ര വാക്കുകളാവാം? എത്ര അക്ഷരങ്ങളാവാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി -കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളില്‍ ശകുന്തളയില്‍ ഉണ്ടായ രാസമാറ്റങ്ങള്‍- എന്ന കവിത നോക്കുക. അല്ലെങ്കില്‍ വേണ്ട. ആ പേര്‌ തന്നെ നോക്കുക. കണ്ണ്‌ തള്ളിപ്പോകുമെന്ന്‌ തീര്‍ച്ച, പല കവിതകളിലൂടെ പായിക്കുമ്പോള്‍ ഇടയ്‌ക്ക്‌ കണ്ണ്‌ നിറഞ്ഞുപോകയും ചെയ്യും. അതെ അത്‌ തന്നെയാണ്‌ കവിതയുടെ കാമ്പ്‌. എന്റെ കവിതയുടെ വൃത്തമേതാകട്ടെ, അലങ്കാരവും സന്ധി-സമാസങ്ങളും പ്രത്യയങ്ങളും എന്റെ കവിതയ്‌ക്ക്‌ മോടി കൂട്ടുന്നുണ്ടോ എന്നത്‌ നില്‍ക്കട്ടെ, ഏറുകൊണ്ട നെറ്റിയില്‍ കയ്യമമര്‍ത്തിത്തടവിക്കൊണ്ട്‌ മാത്രമേ നിങ്ങള്‍ക്ക്‌ ഈ കവിതകളില്‍ നിന്നും പുറത്തുപോകാനാവൂ എന്ന്‌ ഓരോ കവിതയ്‌ക്കൊടുവിലും ഇയാള്‍ കാവല്‍ നിന്ന്‌ പറയുന്നുണ്ട്.

താന്‍ വലിയ നിമിഷകവിയാണെങ്കില്‍ ഇന്നാ പിടിച്ചോ ഒരു വിഷയം, കാളാമുണ്ടം. ഇത്‌ വച്ച്‌ എഴുതെടോ ഒരു കവിത എന്ന വെല്ലുവിളിയെ നിരക്ഷരനല്ല ഞാന്‍ സാക്ഷരനാണെടോ എന്ന്‌ അടക്കിപ്പറഞ്ഞ്‌ കാപ്പിലാന്‍ ഉറക്കെപ്പാടിയ കാളാമുണ്ടം എന്ന കവിത നോക്കുക. മനോഹരമായ പദസമുച്ചയങ്ങള്‍ തീര്‍ത്ത വാഴക്കുലകള്‍ നമ്മളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്‌.
പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ - മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും - പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്ത പോലെയെന്ന്‌ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും സൗന്ദര്യോപാസകനായി സ്വയം മറന്ന വാഴക്കുലയെ കാപ്പിലാന്‍ ചിത്രീകരിച്ച രീതി നോക്കുക. ആടയാഭരണങ്ങളണിയിച്ച സുന്ദരിയല്ല കാപ്പിലാന്‌ ഇവിടെ കവിത. പണ്ടൊരു മലയപ്പുലയന്‍ ആറ്റുനോറ്റു വളര്‍ത്തിയ വാഴക്കുലയല്ലേ ഇതെന്ന്‌ വായനക്കാരന്‍ സംശയിച്ചുപോയാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല ആ പൊലയന്‌ ഈ കാളാമുണ്ടം പോലും ബാക്കി കിട്ടിയില്ലെന്ന സത്യവും ചങ്ങമ്പുഴയെ കാപ്പിലാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌.

ഓരോ കവിതയെയും പേരെടുത്ത്‌ പറയേണ്ടതില്ല. ഒരു ദിവസം ഒന്നെന്ന കണക്കില്‍ നമ്മള്‍ വായിച്ചുകൂട്ടിയതാണ്‌ കാപ്പിലാന്റെ കവിതകള്‍. അഭിപ്രായങ്ങളും ചര്‍ച്ചകളും കഴിഞ്ഞതാണ്‌. എങ്കിലും വെളുത്ത താളില്‍ കറുത്ത അക്ഷരങ്ങളില്‍ ചമഞ്ഞൊരുങ്ങിയ കാപ്പില്‍ കവിതള്‍ക്ക്‌ ഒരു പ്രത്യേക സുഗന്ധമുണ്ട്‌. പുസ്‌തകത്താളിന്റെ മണമുണ്ട്‌. രമണന്റെ അവതാരികയില്‍ മുണ്ടശ്ശേരിമാഷ്‌ പറഞ്ഞ പേലെ മധുരനാരങ്ങയെന്ന പോലെ കൊതിയേറട്ടെ ഈ കവിതകളില്‍

പറഞ്ഞുപഴകിയതും പഴകിദ്രവിച്ചതുമായ ഒരു പദമാണ്‌ നാട്ടിലെ മലയാളിക്ക്‌ ഗൃഹാതുരത. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക്‌ അത്‌ കേവലം ക്ലീഷേയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ കാപ്പിലാന്റെ അമ്മക്കവിതകള്‍. വാഴയില അമ്മയെ ഓര്‍ക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. തനിമലയാളത്തില്‍ പച്ചമലയാളത്തില്‍ അമ്മമലയാളത്തില്‍ കാപ്പിലാന്‍ കാച്ചിയെടുത്ത കവിതകള്‍. കാച്ചിയതേയുള്ളൂ, കുറുക്കിയിട്ടില്ല പലേടത്തും നിറഞ്ഞുതൂവിപ്പോകുന്നുണ്ട്‌. അതിന്റെ കുറവുണ്ട്‌. എന്നാല്‍ കവിക്ക്‌ അതിനുള്ള സ്വാതന്ത്രവുമുണ്ട്‌.

ഒരു കാര്യത്തില്‍ മാത്രമാണ്‌ എനിക്ക്‌ ശ്രീ. കാപ്പിലാനോട്‌ വിയോജിപ്പുള്ളത്‌. അത്‌ ഈ സമാഹാരത്തിലെ ഗവിതളെക്കുറിച്ചല്ല തന്നെ. മറിച്ച്‌ ഈ പുസ്‌തകത്തിന്റെ പേരിനെക്കുറിച്ചാണ്‌. അതേ നിഴലില്‍ തെളിയുന്ന അവ്യക്തതയല്ല കാപ്പിലാന്റെ കവിതകള്‍. മറിച്ച്‌ കൈചൂണ്ടിക്കാണിക്കുന്ന നേര്‍കാഴ്‌ച പോലെ വ്യക്തമാണത്‌. അതേ, സാമ്പ്രദായിക നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട്‌ ഇയാള്‍ നടത്തിയ പരീക്ഷണങ്ങള്‍ സാഹീതീമുറ്റത്ത്‌ നട്ടുച്ചയ്‌ക്കും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന തിരിനാളമാണ്‌. കാലം അത്‌ ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും. (2009 may)

Read more...