ഇപ്പോഴും മുസ്തഫ കാത്തിരിക്കുന്നു

>> 1.4.09


അക്ഷരം കാരണമാകായിലമ്മട്ടു-
ള്ള ഭൂവിതില്‍ കാണ്മവര്‍ നമ്മള്‍
അക്ഷരസ്‌നേഹിയോയോരു പീഡിതഗാത്ര-
ന്നല്‍പ ജീവന്‍ പകര്‍ന്നാല്‍ അതക്ഷരം.


''എന്താ മുരളീ ഉറങ്ങിയോ? നീരുവിന്റെ ചോദ്യമാണ്‌ എന്നെ ചിന്തകളില്‍ നിന്ന്‌ ഉണര്‍ത്തിയത്‌. മുസ്‌തഫയെ കണ്ട്‌ മടങ്ങുകയായിരുന്നു ഞങ്ങള്‍. ഞാനും നീരുവും. മുസ്‌തഫയുടെ അളിയനെ പുളിക്കല്‍ ബസ്റ്റോപ്പില്‍ ഇറക്കി ഐക്കരപ്പടിയെത്തുമ്പോഴേക്കും എന്റെ കണ്ണുകള്‍ സാമാന്യം നന്നായി അടഞ്ഞുതുടങ്ങിയിരുന്നു. എന്നിട്ടും ഞാന്‍ ചോദിച്ചു, ''മനുഷ്യന്‍ എത്ര നിസ്സാരനാണ്‌ അല്ലേ മാഷേ ?'' ''തീര്‍ച്ചയായും മുരളീ, നിസ്സാരന്‍ മാത്രമല്ല അല്‍പനും'' എന്റെ ചോദ്യത്തിന്‌ കാത്തിരുന്നെന്നോണം നീരു നേര്‍ത്ത ഗസലിന്റെ ശബ്ദം ഒന്നുകൂടി കുറച്ചു.

പതിവിലധികം തിളങ്ങിയിരുന്നു മുസ്‌തഫയുടെ കണ്ണുകള്‍. പതിവിലധികം എന്നു പറയാന്‍ എനിക്ക്‌ മുസ്‌തഫയെ മുന്‍ പരിചയമൊന്നുമില്ല. സത്യമാണ്‌. എങ്കിലും ചുറുചുറുക്കുള്ള ആ മുഖവും സംഭാഷണവും അല്‍പനായ എന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. (ഒരുപക്ഷേ നീരു പറഞ്ഞപോലെ, രാവിലെമുതല്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതിന്റെയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിന്റെയും പ്രതിഫലനമാകാം) നിരാശയുടെ ചിലമ്പല്‍ അല്‍പം പോലുമില്ലാത്ത തെളിഞ്ഞ ശബ്ദത്തില്‍ മുസ്‌തഫ ഞങ്ങളോട്‌ സംസാരിച്ചു. ചില്ലുഗ്ലാസ്സിലെ കട്ടന്‍ചായയില്‍ മെലിഞ്ഞ കഴുക്കോലുകള്‍ സ്വന്തം പ്രതിരൂപങ്ങള്‍ നോക്കിക്കണ്ടു. അക്ഷരങ്ങള്‍ ചിതറിക്കിടക്കുന്ന കട്ടിലില്‍ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞുകിടന്ന്‌ തിളങ്ങുന്ന കണ്ണുകളോടെ മുസ്‌തഫ കഥകള്‍ പറഞ്ഞു.

അതേ, കഥകള്‍. അവിശ്വസനീയമായ കഥകള്‍. മുസ്‌തഫയുടെ നാവില്‍ നിന്ന്‌ ചിറകുവിരുത്തിപ്പറന്ന കഥാപാത്രങ്ങളില്‍ പലരെയും കഥകളില്‍ പോലും കാണരുതെന്ന്‌ ഞാന്‍ സത്യമായും ആഗ്രഹിച്ചുപോയി.
ഡ്രൈവറായിരുന്നു മുസ്‌തഫ. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാര്യമായി ഓട്ടമൊന്നുമില്ലാത്ത ഒരു ദിവസം സുഹൃത്തിന്റെ വീട്ടിലെ അടയ്‌ക്കാമരത്തില്‍ കയറിയതായിരുന്നു മുസ്‌തഫ. സാധാരണ എല്ലാ മരത്തിലും അനായാസമായി കയറുന്ന ആളാണ്‌. പക്ഷെ വിധിക്ക്‌ തോന്നിയ ഒരു തമാശ. കവുങ്ങുതന്നെ ഒടിഞ്ഞുപോയി എന്നാണ്‌ മുസ്‌തഫ പറഞ്ഞത്‌. പിന്നെ ചികിത്സയും മറ്റുമായി വര്‍ഷങ്ങള്‍...ആകെയുണ്ടായിരുന്ന മൂന്നരസെന്റ്‌ സഥലം വിറ്റു, അഞ്ചുലക്ഷത്തിലധികം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ചു. അരയ്‌ക്കുതാഴെ തളര്‍ന്നുകിടക്കുകയാണ്‌ എന്നറിയാമായിരുന്നു. പക്ഷേ ഓപ്പറേഷനുവേണ്ടി അരയ്‌ക്കുതാഴേക്ക്‌ കീറിയതും മാംസമെടുത്ത്‌ വച്ചതും അനസ്‌തേഷ്യ കൂടാതെയാണ്‌ എന്ന്‌ മുസ്‌തഫ പറയുമ്പോഴാണ്‌ ആ തളര്‍ച്ച എത്രമാത്രം ഭീകരമാണ്‌ എന്ന്‌ ഞങ്ങള്‍ക്ക്‌ മനസിലായത്‌. അത്രമാത്രം മരവിച്ചുപോയിരുന്നു അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ ആ മനുഷ്യന്‍. അലോപ്പതി കൈവെടിഞ്ഞുകഴിഞ്ഞ ആ ശരീരം ഇനി പൂര്‍വ്വസ്ഥിതിയിലെത്താന്‍ എന്താണ്‌ വഴിയെന്നത്‌ നിശ്ചയമില്ല. ഫിസിയോതെറാപ്പി കൊണ്ട്‌ ഫലം ലഭിക്കും എന്ന്‌ തന്നെയാണ്‌ മുസ്‌തഫയും കുടുംബവും പ്രതീക്ഷിക്കുന്നത്‌. പണം ഒരു പ്രധാന ഘടകമാണ്‌ മുസ്‌തഫയ്‌ക്കിന്ന്‌. ഇത്രയും ചികിത്സ നടത്തുമ്പോഴേക്കും മുസ്‌തഫയ്‌ക്ക്‌ വീട്‌ നഷ്ടമായിരുന്നു. പിന്നീട്‌ വാടകവീടുകള്‍. അതുപോലും കിട്ടാനില്ല എന്നതാണ്‌ മുസ്‌തഫയുടെ സങ്കടം. രണ്ട്‌ മാസത്തില്‍ കൂടുതല്‍ കവിയില്ലെന്ന്‌ നിബന്ധനയിലാണ്‌ പലരും വീട്‌ വാടകയ്‌ക്ക്‌ നല്‍കുന്നതുതന്നെ. ഇപ്പോഴത്തെ വീട്ടുടമസ്ഥന്‍ വീട്ടിലേക്കുള്ള വഴിയും അടച്ചുവച്ചു, വെള്ളവും നിര്‍ത്തിച്ചു. ''വയ്യാണ്ടെ കെടക്കുവല്ലേ? ഒഴിഞ്ഞുകൊടുത്തില്ലെങ്കിലോ എന്ന്‌ പേടിയാവും. ഇനി ഞങ്ങ അവിടെ താമസിക്കാന്‍ പോവില്ലെന്ന്‌ അവര്‍ക്കറിയാം'' മുസ്‌തഫയുടെ പരിഭവമില്ലാത്ത ദീര്‍ഘനിശ്വാസം.

''ബാപ്പയും ഉമ്മയും സഹോദരങ്ങളും അത്ര സുഖത്തിലല്ല'' എന്നു മാത്രമേ മുസ്‌തഫ പറഞ്ഞുള്ളൂ. അരയ്‌ക്കുതാഴെ മൃതമായ ഈ സ്ഥിതിയിലും എന്തോ വിദ്വേഷം മനസില്‍ വച്ച്‌ മുസ്‌തഫയെ കൈയ്യൊഴിഞ്ഞത്രെ വീട്ടുകാര്‍. ഈശ്വരാ, ഇതോ നീ പഠിപ്പിച്ച വെള്ളത്തേക്കാള്‍ കട്ടിയുള്ള രക്തം? വാടകവീടുകള്‍ക്കും ആശുപത്രിക്കുമൊപ്പം മൂന്ന്‌ തവണ സ്‌കൂള്‍ മാറേണ്ടിവന്നുവത്രെ മകന്‌. ആര്‍ ആരെയാണ്‌ കുറ്റപ്പെടുത്തുക. എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്‌. മടങ്ങുമ്പോള്‍ നീരു പറഞ്ഞ പോലെ ''കള്ളുകുടിച്ച്‌ വണ്ടിയോടിച്ചിട്ടോ, മറ്റെന്തെങ്കിലും അശ്രദ്ധ കൊണ്ടോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു, ഇതിപ്പോ ഒന്നുമല്ലാതെ ഇങ്ങനെയൊക്കെ... എന്തോ തീരെ ചേരാത്ത വിധി പോലെ തോന്നുന്നു.''
അതെ, ഒരായിരം വട്ടം മനസ്സില്‍ അത്‌ പറഞ്ഞുകഴിഞ്ഞു, തീരെ ചേരാത്ത ഒരു വിധി, ഒരു തരത്തിലും ആ ചെറുപ്പക്കാരന്‍ അര്‍ഹിക്കാത്ത വിധി. വിധിക്ക്‌ തെറ്റുപറ്റുമ്പോള്‍ മനുഷ്യര്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും? അതെ, അതാണ്‌ ചോദിക്കുന്നത്‌, മൈനയോട്‌ നീരു ഇങ്ങിനെ പറഞ്ഞതോര്‍ക്കുന്നു. ''ഇത്രയുമോ ഇതിലേറെയോ സഹിക്കുന്ന ഒരുപാടുപേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌, ഇല്ലെന്നല്ല. പക്ഷേ നമ്മള്‍ പരിചയപ്പെട്ട ഒരാള്‍... നമ്മുടെ മനസാക്ഷി അര്‍ഹിക്കുന്ന ഒരാള്‍.. അയാളെ നമ്മള്‍ക്ക്‌ കാണാതെ പോകാനാവില്ല''

അതെ, സഹായിച്ച എല്ലാവരെയും മുസ്‌തഫ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്‌. പുസ്‌തകങ്ങളും പണവും അയച്ചുതന്ന എല്ലാവരെയും മുസ്‌തഫ പേരെടുത്ത്‌ പറഞ്ഞു. പക്ഷേ ഇന്ന്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടത്‌ പുസ്‌തകങ്ങള്‍ മാത്രമല്ല. ഒരു പുസ്‌തകത്തിനു വേണ്ടി മൈനയോട്‌ എഴുതിചോദിച്ച അക്ഷരസ്‌നേഹിയായ മുസ്‌തഫയ്‌ക്ക്‌ ഒരു കിടപ്പാടം വേണം. അക്ഷരങ്ങള്‍ മൂലം പരിചയപ്പെട്ടവരാണ്‌ നമ്മള്‍. നമുക്കെല്ലാം ആവശ്യത്തിനു പ്രശ്‌നങ്ങളുണ്‌ട്‌. ഇല്ലെന്നല്ല, എങ്കിലും നമുക്കെന്തുചെയ്യാന്‍ കഴിയും? നമ്മള്‍ക്ക്‌ ഒരുപാട്‌ കഴിയും എന്ന്‌ തന്നെയാണ്‌ എനിക്കുതോന്നുന്നത്‌. വീട്‌ വച്ചുനല്‍കാന്‍ ആരൊക്കെയോ സന്നദ്ധരായി മുന്നോട്ട്‌ വന്നിട്ടുണ്ട. അതിനുള്ള സ്ഥലമാണ്‌ പ്രധാനപ്പെട്ട ഒരു വിഷയം. മുസ്‌തഫയുടെ ശാരീരിക പരിമിതികള്‍ക്ക്‌ ഒത്തുപോകാന്‍ കഴിയുന്ന ഒരു സ്ഥലം.. അത്‌ നല്‍കാന്‍ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്താന്‍ നമുക്ക്‌ കഴിയണം. പൂര്‍ണമായും സൗജന്യമാകണമെന്നില്ല, ഒരുപാടുപര്‍ നമുക്കൊപ്പമുണ്ട്‌. മുഖമറിയാതെ, പലപ്പോഴും യഥാര്‍ത്ഥമായ പേരുപോലുമറിയാതെ, ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന്‌ തികച്ചും കര്‍മബന്ധത്തിനാല്‍ ബന്ധിതരാകയാല്‍ മാത്രം പരിചയപ്പെട്ട നമ്മള്‍ ഇത്രയും പേര്‍ എല്ലാവരുമുണ്‌ ട്‌. തങ്ങളാലാവുന്ന സഹായവാഗ്‌ദാനവുമായി നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. കാര്യങ്ങളെക്കുറിച്ച്‌ നീരുവിന്‌ കൃത്യമായ ഒരു ധാരണയുണ്ട. അത്‌ നമ്മള്‍ക്ക്‌ ചെറുതല്ലാത്ത വഴികാട്ടിയാവും എന്ന്‌ തന്നെ പ്രതീക്ഷിക്കാം. ആധികാരികമായും വ്യക്തമായും നീരു സംസാരിക്കും. നമ്മള്‍ ഓരോരുത്തരും സംസാരിക്കും. മുസ്‌തഫയെ ബൂലോകത്തിനു പരിചയപ്പെടുത്തിയ മൈനയുടെ പോസ്റ്റ് ഇവിടെ വായിക്കാം. എന്തോ അങ്ങിനെ ഒരു പോസ്‌റ്റ്‌ എഴുതാന്‍ തോന്നി എന്നാണ്‌ മൈന അന്നൊരിക്കല്‍ പറഞ്ഞത്‌. വെറുതെയായില്ല ആ തോന്നല്‍, മൈനയ്‌ക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...


മുസ്‌തഫയുടെ വിലാസം:

മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്‌
പുളിക്കല്‍
മലപ്പുറം-673637

അക്കൗണ്ട്‌ നമ്പര്‍. 67080912142 SBT Aikarappady, Malappuram Dt.

Read more...