ഇതും ധര്‍മസംസ്ഥാപനാര്‍ത്ഥം...

>> 22.8.08

''കല്ല്‌ കൊണ്ടോ മനം താവകം കൃഷ്ണാ...''
അകത്തളത്തില്‍ അമ്മ പാടുന്നത് കേട്ടാണ് പതിവുപോലെ ഉണര്‍ന്നത്..
എന്തിനാണ് അമ്മേ സംശയം? കല്ലില്‍ കൊത്തിയ കൃഷ്ണവിഗ്രഹത്തിനു ഹൃദയം മാത്രമെങ്ങിനെയാണ് തായേ മാംസളമാവുക? കല്ല്‌ കൊണ്ടാണ് മനമെന്നു പലവുരു തെളിയിച്ചതല്ലേ വസുദേവകൃഷ്ണന്‍?
ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ പൊന്നുമക്കള്‍ക്ക് പുണ്യം പകരുന്ന അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനകള്‍ തലക്കുറി നന്നാക്കിയില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ കൊരുത്ത മനസുമായി കാലങ്ങള്‍ തിളച്ചുമറിഞ്ഞുനടന്നു. വിശ്വാസികളില്‍ അവിശ്വാസിയായും, നിരീശ്വര വാദികള്‍ക്കിടയില്‍ കടുത്ത വിശ്വാസിയായും അസ്തിത്വം വെല്ലുവിളിച്ചു നടന്നു. അതൊരു കാലം.
***
കാലങ്ങള്‍ക്കപ്പുറത്ത് നിന്നും വിശ്വാസത്തിന്റെ അനന്തകോണില്‍ നിന്നും ചുളിഞ്ഞ നെറ്റികള്‍ കാണായി. ഒരുപാട് ചിന്തിച്ചിട്ടും ഇത്രയധികം കുഞ്ഞുങ്ങളെ ബലികൊടുത്തു കൊണ്ടായിരുന്നു ധര്‍മസംസ്ഥാപനാര്‍ത്ഥമെന്നു പുകഴ്ത്തപ്പെടുന്ന ആ അവതാരം പിറവി എടുത്തത് എന്ന് ന്യായീകരണങ്ങളെ അസാധുവാക്കി.
കുന്നിന്റെ മുകളില്‍ കളിച്ചു നില്ക്കുന്ന മാന്കിടാവിനെ പോലെ (കടപ്പാട്: കൃഷ്ണഗാഥ)ചത്തുമലച്ച പൂതനയുടെ മാറില്‍ വിളങ്ങിയ കോമളരൂപന് തനിക്ക് വേണ്ടി മരിച്ച പൈതങ്ങളുടെ ശാപം ഏറ്റിരുന്നോ അമ്മേ? ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?
അറിയാവുന്നതാണമ്മേ... മഹത്തുക്കളുടെ വീഴ്ചകള്‍ക്ക് നേരെ ചെറുവിരലനക്കുവാന്‍ ഇവിടെയാരുമില്ലെന്ന്.
***
എങ്കിലും സമ്മതിച്ചു. കൃഷ്ണന്‍ മായികഭാവം തന്നെ.. ഉണ്ണിക്കണ്ണനും, കള്ളകൃഷ്ണനും, സാക്ഷാല്‍ പരംപൊരുളും അവന്‍ തന്നെ.. അവന്റെ ഭാവങ്ങള്‍ തന്നെ. പോയ വഴികളിലെല്ലാം സുഗന്ധം വാരിപ്പൂശിയ കസ്തുരിമാന്‍ തന്നെ അവന്‍. ചേല കട്ടതും, ചമ്മട്ടി പിടിച്ചതും അവന്റെ ലീലകള്‍ തന്നെ. പാല്‍ കറന്നതും പാലഴിക്ക് നാഥനായതും അവന്‍. വെണ്ണ കട്ടതും, ബ്രഹ്മാണ്ഡം വായിലോതുക്കിയതും അവന്റെ ശ്രേഷ്ടതകള്‍ തന്നെ. യുഗങ്ങള്‍ക്ക് മുമ്പെ അവതാര സന്കല്പങ്ങള്‍ കൊണ്ട് പരിണാമ സിദ്ധാന്തത്തിന്‌ ഭാരതീയ മാതൃകയില്‍ ചരിത്രം ചമച്ചവന്‍..യുദ്ധം നയിച്ചതും അത് ജയിച്ചതും അവന്‍, അവന്റെ സാന്നിധ്യം. ഞാന്‍ ഉണര്‍ന്നതും നീ രമിക്കുന്നതും അവന്റെ മുരളികയില്‍. പാഞ്ചജന്യം അവന്‍ പാടിയത് ലോകരക്ഷാര്‍ത്ഥം, അവന്‍ യുഗങ്ങളില്‍ സംഭവിക്കുന്നത് ധര്‍മസംസ്ഥാപനാര്‍ത്ഥം... അവന്റെ മനമെങ്ങിനെ കല്ലായി മാറും എന്നല്ലേ അമ്മ പാടിയത്?
***
എങ്കിലും അമ്മേ...
സ്വര്‍ഗ്ഗഗേഹങ്ങളില്‍ വെള്ളിയരയന്നങ്ങള്‍ ചാമരം വീശുന്ന അര്‍ജുനപുത്രന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ അമ്മ കാണുന്നുവോ? ആ മിടിപ്പില്‍ അവിശ്വസനീയതുടെ താളം അമ്മ കേള്‍ക്കുന്നുവോ?
മുടിയഴിച്ച് തലതല്ലിവീണ ഉത്തരയുടെ കാല്‍തളകള്‍ ചോദ്യഭാവത്തില്‍ ചിലന്പുന്നതും അമ്മേ, നിനക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലേ?
കൊന്നതാണമ്മേ കൊന്നതാണ്.
അല്ലെങ്കില്‍ ആ അരുംകൊലയുടെ നേരത്ത് തന്ത്രപൂര്‍വ്വം കണ്ണടച്ചു, നിന്റെ കണ്ണന്‍.
പത്മവ്യൂഹം ചമച്ച നേരത്ത് വിജയനെ ബോധപൂര്‍വ്വം അവിടെ നിന്നകറ്റിയ സാരഥി. അതാണമ്മേ നിന്റെ കൃഷ്ണന്‍.
അല്ലെങ്കില്‍ പറയൂ, ഇന്ദ്രദത്തമായ കര്‍ണന്റെ ശക്തിവേലിനു പാത്രമായി ഭീമസുതന്‍ ഖടോല്ക്കചനെ വിട്ടുകൊടുത്തപ്പോള്‍ നൊടിനേരത്തേക്കെങ്കിലും കലങ്ങിയ ചെന്താമരക്കണ്ണുകള്‍ സോദരീപുത്രന്റെ വിയോഗവാര്‍ത്തയില്‍ ഒരിറ്റുനീര്‍ പോലും പോഴിക്കാഞ്ഞതെന്തേ?
***
ഓര്‍മയില്ലേ? ആ കാഴ്ച കാണാന്‍ കഴിയുന്നില്ലേ? പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ... യുദ്ധതന്ത്രങ്ങള്‍ അര്‍ജുനന് ഉപദേശിക്കുന്ന കൃഷ്ണന്‍... അരികില്‍ നിറഗര്‍ഭിണിയായ പ്രിയസോദരി സുഭദ്ര.. പറഞ്ഞു പറഞ്ഞു പത്മവ്യൂഹം ഭേദിച്ച് അകത്തുകടക്കാന്‍ പറയുമ്പോള്‍ കണ്ടു, അരണ്ട വെളിച്ചത്തില്‍ ഉറക്കം പിടിച്ചിരിക്കുന്നു അര്‍ജുനന്‍, സുഭദ്രയും. അപ്പോള്‍? അപ്പോള്‍ താന്‍ പറയുമ്പോള്‍ മൂളിയത് ആരാണ്? വ്യക്തമായും കേട്ടതാണല്ലോ ആ മൂളല്‍. സര്‍വം അറിയുന്ന കണ്ണന് കാര്യം മനസിലായി. പറഞ്ഞു നിര്ത്തി. പത്മവ്യൂഹത്തിന് അകത്തു കടക്കാന്‍ മാത്രം അറിയുന്ന, ഭേദിച്ച് പുറത്തുകടക്കാന്‍ അറിയാത്ത തന്റെ അതിബുദ്ധിയായ മരുമകന്‍ എങ്ങനെ തീരണമെന്നു തീര്ച്ചപ്പെടുതിയെന്നോണം ഒന്നു പുഞ്ചിരിച്ചു വാസുദേവനന്ദനന്‍.
***
സത്യമാണോ അമ്മേ? ഞാന്‍ പറഞ്ഞത് സത്യമാണോ? തന്റെ മാതുലനായ കംസനെ കൊന്നത് താനാണെന്ന ഓര്‍മ കൃഷ്ണനെ അലട്ടിയിട്ടുണ്ടാവുമോ? കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ലില്‍ തന്റെ അനന്തിരവന്‍ തനിക്ക് കലിയെന്നു തോന്നിയോ കൃഷ്ണന്? കര്‍മ പാശത്തില്‍ നിന്നും ആരും മുക്തരല്ലെന്നു അവനെക്കാള്‍ നന്നായി അറിയുന്നവര്‍ ആരാണ് അമ്മേ? പരബ്രഹ്മം ആയ വിഷ്ണുദേവന് കലിയും കലിബാധ മൂലമുണ്ടാകുന്ന ഭയവും, വിദ്വേഷവും അന്യമെന്കിലും മനുഷ്യനായി അവതരിച്ച കൃഷ്ണന് അങ്ങനെ ആവാന്‍ കഴിയുമോ?
***
അര്ജ്ജുനപുത്രനെ അവസാനിപ്പിക്കാന്‍ ആത്മഭീതിയില്‍ അലഞ്ഞ മാതുലനു ലഭിച്ച അവസരമാണോ ഭാരതയുദ്ധത്തിലെ കറുത്ത ഏടായി മാറിയ പദ്മവ്യൂഹം.. അവതാരമായ കൃഷ്ണന് വേണ്ടി കരുക്കള്‍ ആയവരാണോ മഹാത്മാവായ ഭീഷ്മരും ദ്രോണരും, രാധേയനായ കര്‍ണനും? ഇനി പറയൂ, കല്ല്‌ കൊണ്ടല്ലേ താവക മനം കൃഷ്ണാ???
പൊറുക്കുക തായേ.. നിന്റെ വിശ്വാസങ്ങളെ ഞാന്‍ വേദനിപ്പിച്ചു. പൊറുക്കുക, ജന്മം തന്നതിന്റെ ശിക്ഷയായി കരുതി പൊറുക്കുക. (august 2008)

29 പ്രതികരണങ്ങള്‍:

Unknown August 23, 2008  

തനിക്ക് വേണ്ടി മരിച്ച പൈതങ്ങളുടെ ശാപം ഏറ്റിരുന്നോ അമ്മേ കൃഷ്ണന് ? ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?

അവതാരമായ കൃഷ്ണന് വേണ്ടി കരുക്കള്‍ ആയവരാണോ മഹാത്മാവായ ഭീഷ്മരും ദ്രോണരും, രാധേയനായ കര്‍ണനും?

സ്വര്‍ഗ്ഗഗേഹങ്ങളില്‍ വെള്ളിയരയന്നങ്ങള്‍ ചാമരം വീശുന്ന അര്‍ജുനപുത്രന്റെ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ കാണുന്നുവോ?
മുടിയഴിച്ച് തലതല്ലിവീണ ഉത്തരയുടെ ചിലമ്പുകള്‍ ചോദ്യഭാവത്തില്‍ ചിലന്പുന്നതും കേള്‍ക്കാന്‍ കഴിയുന്നില്ലേ?

അഷ്ടമിരോഹിണിനാളല്ലേ?? വൃന്ദാവനിയില്‍ കണ്ണന്‍ തന്നെയാവട്ടെ കഥാപാത്രം.. പുതിയ പോസ്റ്റ്...

തോന്ന്യാസി August 23, 2008  

എന്തെടുത്തിട്ടാ മാഷേ ഞാന്‍ ക്വോട്ടുന്നത്?

അതിലും നല്ലത് ഈ പോസ്റ്റ് ഒന്നാകെ കമന്റിലിടുന്നതാ.........

വായിച്ചു ഇഷ്ടപ്പെട്ടു എന്നൊക്കെ അറിയിക്കാന്‍ ആദ്യത്തെ കമന്റ് എന്റേതായിരിക്കട്ടെ

nandakishor August 23, 2008  

മനോഹരമായിരിക്കുന്നു........ നല്ല നിരീക്ഷണം, പക്ഷെ ആരോപണങ്ങള്‍ പലതും വികലമായി പോയി കൃഷ്ണാ, പറയാതെ വയ്യ, ആര് പറഞ്ഞു ഇങ്ങനെ ഒരു സാധ്യത? ഭാഷ നന്നായി, പക്ഷെ, ആശയം യോജിക്കാന്‍ കഴിയില്ല.

Unknown August 23, 2008  

ഗംഭീരം എന്ന് ഒറ്റ വാക്കിലൊതുക്കുന്നു അഭിപ്രായം.

K C G August 23, 2008  

എന്നാലും എന്റെ കൃഷ്ണനെക്കുറിച്ച് ഇങ്ങനെ പറയരുതായിരുന്നു.......
മനസ്സിത്തിരി കരിങ്കല്ലൊക്കെ തന്നെ. ഹമ്മേ എന്താ ഒരു പരീക്ഷണം !
എന്നാലും മരുമകനെ അങ്ങനെ ???
ഇല്ലയില്ല...

ഞാന്‍പോയി വിളക്കു കൊളുത്തി പ്രാര്‍ത്ഥിക്കട്ടേ. അഷ്ടമിരോഹിനി നാളല്ലേ ....
എന്റെ കൃഷ്ണാ.......

Rare Rose August 24, 2008  
This comment has been removed by the author.
Rare Rose August 24, 2008  

മുരളീ ജീ..,ഉത്തരങ്ങള്‍ അറിയില്ലെങ്കിലും ചോദ്യങ്ങള്‍ അമ്പരപ്പിച്ചു....നന്നായിരിക്കുന്നു വേറിട്ട ചിന്തകള്‍...:)

സുല്‍ |Sul August 24, 2008  

കൃഷ്ണാ... (ഇത് എഴുതിയ ആളെ വിളിച്ചതാ),

ഇത്രേം വേണ്ടിയിരുന്നോ,അതും ഈ ഹാപ്പി ബര്‍ത്ത് ഡേക്ക്.
നല്ല എഴുത്ത് മാഷെ. നല്ല ചിന്തകളും.
-സുല്‍

ശ്രീ August 24, 2008  

നല്ല ചിന്തകള്‍ തന്നെ മുരളീ... ഇഷ്ടമായി, പോസ്റ്റ്
:)

Anonymous August 24, 2008  

nalla bhasha...veritta chintha....but karmmapashathil ninnu mukthi illennu ariyavunna krishnan angine chinthikkumo? anyway,nice work...

resh August 25, 2008  

നല്ല കാര്യം കൃഷ്ണാ.. ഇത്രേം നല്ലൊരു ദിവസായിട്ട് ഇങ്ങന തന്നെ പറഞ്ഞല്ലോ നീ,, നല്ല ഭാഷയെ ഇങ്ങനത്തെ കാര്യങ്ങള്‍ പറഞ് ചീത്ത ആക്കേണ്ടായിരുന്നു. നിന്നോട് യോജിക്കാനും എനിക്ക് കഴിയണില്ല.

PIN August 26, 2008  

എല്ലാം വേറെ ഒരു കോണിൽ നിന്നും കാണാൻ കഴിഞ്ഞതിന്‌, അഭിന്ദനങ്ങൾ...

എല്ലാം അവസാനിച്ചപ്പോൾ, നീ അല്ലയോ എല്ലാത്തിനും കാരണം എന്ന് ഗാന്ധാരി കൃഷ്ണനോട്‌ ചോദിച്ചിരുന്നു.

G.MANU August 29, 2008  

കൃഷ്ണാ നീ ബേഗേനേ...ബാര്‍..ഓ.....

:)

കസറന്‍ എഴുത്തിഷ്ടാ...

smitha adharsh August 30, 2008  

ഇവിടെയൊക്കെ വരാന്‍ ഒത്തിരി വൈകിപ്പോയി....
മിക്ക പോസ്റ്റുകളും വായിച്ചു.....എല്ലാം തികച്ചും ചിന്തിപ്പിക്കുന്ന ആശയങ്ങള്‍ അടങ്ങുന്നവ..
എല്ലാ ആശംസകളും..

പ്രയാസി August 31, 2008  

boolokathte M.T aakanulla purrapadaannaa..

nalla chinthkal..:)

വിജയലക്ഷ്മി September 01, 2008  

P0st nannayirikunnu.ee jenmadinathil,ethrayum sumshayam "nammudekannanodu"venamayirunno?nanmakalnerunnu.

Dr. Prasanth Krishna September 01, 2008  
This comment has been removed by the author.
Dr. Prasanth Krishna September 01, 2008  

എന്താ പറയേണ്ടത്. എന്റെ ഏറ്റവും വലിയ സുഹ്യത്തിനെ പറ്റിയാണ് ഈ ചോദിച്ചിരിക്കുന്നതെല്ലാം. എന്റെ ആകള്ളതിരുമാടിയുടെ ഓരോലീലാവിലാസങ്ങള്‍.

ഇത് വായിച്ചപ്പോള്‍ മനസ്സിലേക്ക് തെളിഞ്ഞുവന്നത് എം.ടി യുടെ രണ്ടാമൂഴമാണ്. രണ്ടാമൂഴത്തില്‍ എം.ടി വിട്ടുപോയ ഒരു അധ്യായം.

ഇതില്‍കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാ.

Kichu $ Chinnu | കിച്ചു $ ചിന്നു September 02, 2008  

നല്ല ചിന്ത സുഹൃത്തെ... അഭിമന്യുവിന്റെ കാര്യത്തിലിങ്ങനെയൊരു സാധ്യത ആലോചിച്ചിരുന്നില്ല...

Anonymous September 02, 2008  

ആ പിഞ്ചുകുഞ്ഞുങ്ങളുടെ കറ പതിഞ്ഞാണോ ചെന്താമരക്കണ്ണന്‍ ഈ വിധം കറുത്ത് പോയത്?


BAMBAASTIC THOUGHTS .........
sreejitha.

Anonymous September 02, 2008  

ഇതു പുതിയ കണ്ടുപിടുതം ഒന്നും അല്ലല്ലോ, അഭിമന്യുവിന്റെ കഥയും, മരുമകനില്‍ ക്യഷ്ണന്‍ പേടിച്ചിരുന്നു എന്ന കെട്ടുകഥയും.പണ്ടേ പലരും പറഞ്ഞു പതം വന്ന ഒന്നുതന്നെ. ആശയം പഴയതാണങ്കിലും അവതരണത്തില്‍ പുത്മയുണ്ട്. ആശംസകള്‍

മയൂര September 04, 2008  

ഇത്തരമൊരു പോസ്റ്റ് വായിച്ചിട്ട് നാളേറെയായി...നന്നായിട്ടുണ്ട്..:)

ഹരിശ്രീ September 08, 2008  

:)

പാര്‍ത്ഥന്‍ September 08, 2008  

വ്യത്യസ്തമായൊരു വിമര്‍ശനം. എന്തുകേട്ടാലും ചിരിച്ചുകൊണ്ടേയിരിക്കാന്‍ കഴിയുന്ന സമചിത്തതയുള്ള ആളായതുകൊണ്ടാണല്ലോ ഒരു യാദവനായിട്ടുകൂടി പലരും ബഹുമാനിക്കുന്നത്‌.
പാഞ്ചജന്യം പാടുന്നത്‌ ശരിയാണോ, വിളിക്കുകയോ മുഴക്കുകയോ അല്ലെ ശരി.
ഘടോല്‍ക്കജന്റെയും അഭിമന്യുവിന്റെയും മരണത്തില്‍ ശ്രീകൃഷ്ണന്റെ വികാരം നേരെ വിപരീതമായല്ലെ എം.ടി. പറഞ്ഞത്‌.
അഭിമന്യുവിന്റെ കാര്യത്തില്‍ ഇങ്ങനെയും ഒരു ലോജിക്‌ ഉണ്ടല്ലെ. പക്ഷെ, ഘടോല്‍കജന്റെ കാര്യത്തില്‍ കൃഷ്ണന്‌ വിഷമിക്കേണ്ട ഒന്നും ഇല്ലായിരുന്നു. അത്‌ അര്‍ജ്ജുനന്‌ കരുതിവെച്ചിരുന്ന ശൂലമായിരുന്നു. അതിന്റെ സന്തോഷം പ്രകടമല്ലെ.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) September 13, 2008  

കൃഷ്ണനെ കുറിച്ചുള്ള കൃഷ്ണന്റെ മാത്രം കാഴ്ച്ചപ്പാട്........ഒരു ബ്ലോഗെഴുത്ത് എന്നനിലയില്‍ നന്നായിട്ടുണ്ട്.........

ബാലാമണി December 02, 2008  

വിമര്‍ശനം കൊള്ളാം. ഇതൊക്കതന്നയാണ് ക്യഷ്ണന്‍. ഞാനും സമ്മതിക്കുന്നു.

പക്ഷേ ഇവിടെ എന്തുകൊണ്ട് പലകാലങ്ങളായ് ചമച്ചകഥകള്‍ക്ക് നിറം കൂട്ടുകയാണന്നു തോന്നാതെ പോയത്? ക്യഷ്ണാ ബാലിശം ഈ ചിന്തകള്‍ എന്ന് തോന്നഞ്ഞതെന്തേ?

സ്വന്തം കാര്യം‌വരുമ്പോള്‍ എല്ലാവരും അങ്ങനെയാണ്, വെറും സ്വാര്‍ത്ഥര്‍ അല്ലേ മുരളീ?.

സ്നേഹപൂര്‍‌വ്വം
ബാലാമണി

ഭൂമിപുത്രി December 20, 2008  

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ധാരാളം ഇടമിടുന്നുണ്ട് ഭാരതകഥകൾ.
ഇതിഷ്ട്ടപ്പെട്ടു മുരളിക

ഉണ്ണി.......... March 14, 2009  

ഈ ശൈലി ഒരു പാട് ഇഷ്മാവുന്നു.
അവിശ്വാസത്തിന്റെ വിശ്വാസിയായിരുന്നു കുറെ കാലം ഞാനും ,പിന്നെപ്പൊഴാണെന്നറിയില്ല ഒരു സഹായത്തിനു വേണ്ടി ഒരു പാട് ദൈവങ്ങളെ വിളിച്ച് തുടങ്ങി പിന്നെ അതിലൊരു ഒതുക്കം വരുത്തി, വിളിക്കുന്ന ദൈവങ്ങൾക്ക് ഒരു പരിധി വച്ചു. കൃഷ്ണൻ ,ദേവി ഇവരിൽ മാത്രം ഒതുക്കി..
എന്നാലും പണ്ട് വായിച്ച ഇടമറുക് മനസ്സിൽ ഇപ്പോഴും സംശയത്തിന്റെ വേരുകൾ ബാക്കി നിർത്തുന്നു..
എങ്കിലും എനിക്ക് ഇഷ്ടമാണ് കൃഷ്ണനെ സൌഹൃദത്തിനു വേണ്ടി പ്രതിജ്ഞ പോലും മറക്കുന്ന അവതാരം.
ലക്ഷ്യത്തിനു മാർഗ്ഗം മറക്കാം എന്നൊർമ്മിച്ച മാനേജ്മെന്റ് ഗുരു ..

ഒന്നു കൂടി പറയട്ടെ അതിലൊക്കെ ഉപരിയായി ഇഷ്ടമാവുന്നു ഈ എഴുത്ത്

santhosh April 13, 2009  

veritta chintha... but athinekkal aa syliyanu manasil thangunnathu...oru kavitha pole... chuzhikalumayi ozhukunna puzha pole...
congrats!
santhosh