സത്യത്തിന്റെ മകന്‍, കര്‍ണന്‍.

>> 1.7.08

''ഈ കര്‍ക്കടം ഞ്ഞി കയ്ക്കില്ല അപ്പ്വേ....''
എല്ലാ സംക്രാന്തിക്കും അച്ഛമ്മ ഇതു പറയാറുള്ളതാണെന്ന് അപ്പു തമാശയോടെ ഓര്‍ത്തു.
എന്നിട്ട് പതിവു തെറ്റിക്കാതെ പറഞ്ഞു. ''അങ്ങനൊന്നും പറയണ്ട അച്ഛമ്മേ''.
അപ്പുവാണ് അച്ഛമ്മയ്ക്ക് ആകെയുള്ള കൂട്ട്. വേറെ ആരും അവരോട് മിണ്ടാറില്ല. പിന്നെ അപ്പു വയ്യാത്ത കുട്ടിയാണല്ലോ.. തന്റെ പ്രായക്കാര്‍ തൊടിയില്‍ തലപ്പന്തും, കുട്ടിയും കോലും കളിക്കുമ്പോള്‍ അച്ഛമ്മയുടെ മടിയില്‍ കഥ കേട്ട്‌ ഇരിക്കയാവും അപ്പു. തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളില്‍ പതിയെ വിരലോടിച്ച് അവന്‍ സന്കടപ്പെട്ടു. 'നേരാണോ? പോയ്പ്പോവ്വോ എന്റെ അച്ഛമ്മ?''.

അച്ഛമ്മയ്ക്ക് എന്ത് കിട്ടിയാലും ഒരോഹരി അപ്പുവിനാണ്. വലിയ തലയാട്ടി പുന്ചിരിച്ചു കൊണ്ട് ഏമ്പക്കം വിടുന്ന ചെറുമകനെ കണ്ടാല്‍ ആ സാധു വൃദ്ധയ്ക്ക് സന്തോഷമാവും. കൂട്ടാന്‍ അരക്കുമ്പോഴും ദോശ ചുടുമ്പോഴും അമ്മ പിറുപിറുക്കന്നത് അപ്പുവും കേട്ടിട്ടുണ്ട്. ''ഈ അമ്മയ്ക്കെന്തിന്റെ സൂക്കേടാ? അതിനെയിങ്ങനെ ഊട്ടിയിറ്റ്? ഇപ്പൊ തന്നെ പിത്തം പിടിച്ച പോലുണ്ട്. പത്തു പൈസയ്ക്ക് ഉപകരമുന്ടെന്കില്‍ വേണ്ടീല. വരുന്ന ചിങ്ങത്തില്‍ ഒമ്പതാകും, ഒന്നാ പീട്യയ്ക്ക് പൂവാണെങ്കിലും... ന്റെ യോഗം, വേറെന്താ..''

വല്ലായ്മയോടെ അപ്പു മുഖമുയര്‍ത്തുമ്പോൾ  കാണാം, അമ്മ മൂക്ക് ചീറ്റുന്നതും, കണ്ണ് തുടക്കുന്നതും.
ദേഷ്യം കൊണ്ടല്ല അമ്മ പറയുന്നത് എന്ന് മനസിലാക്കാനുള്ള വിവരമൊക്കെ അവനുണ്ട്.
''രണ്ടെണ്ണം വയറ്റെന്നും ഒന്നു പാളെന്നും പോയപ്പോ... ''ഇനി പറയാന്‍ പോകുന്നത് എന്താണെന്നു അപ്പുവിനു നന്നായി അറിയാം.
അച്ഛന്‍ മല ചവുട്ടി, അമ്മ നോമ്പ് എടുത്തു , അമ്പലങ്ങളായ അമ്പലങ്ങളിലും, കാവായ കാവുകളിലും ഭജനമിരന്നു.. എന്നിട്ടോ? എന്നിട്ട്...

അപ്പുവിന്റെ കണ്ണ് പെയ്യാന്‍ തുടങ്ങുന്നത് അച്ഛമ്മ കണ്ടു.
''അങ്ങനെ യുദ്ധം തീരുമാനായി അപ്പ്വേ...'' കഥയുടെ കല്‍ക്കണ്ട്ക്കെട്ടഴിച്ചു വൃദ്ധ. കാതില്‍ തുളുംബിയ മധുരം
നുണഞ്ഞിറക്കി ചെറുമകന്‍ വലിയ തലയാട്ടി.
അല്ലേല്‍ , നിനക്കറിയോ അപ്പൂ, യുദ്ധം ഉണ്ടാവട്ടീല. ദൂതിന്‌ പോവുമ്പോ യുദെഷ്ടരന്‍ ആവുന്നതും പറഞ്ഞിനേം കൃഷ്ണനോട്... യുദ്ധം വേണ്ടാന്ന്.
കൃഷ്ണന്‍ തലയാട്ടീറ്റ് പോവാന്‍ തുടങ്ങുമ്പോലാന്നു ഓളെ ഒരു ചോദ്യം. നീയും എന്നെ മറന്ന്വോ കൃഷ്ണാന്നു...

ആ ഒരു ചോദ്യം, അതാണ് അപ്പൂ ആ കുരുതിയുടെ വിത്ത്.
അല്ലെങ്കിലും ഓന്‍ ഓളെ മറക്ക്വോ? നിനക്ക് ഓര്മേണ്ടോ അപ്പൂ, ആ ദുഷ്ടന്‍ ദുശാസനന്‍ ചേല പറിക്കാന്‍ തുടങ്ങിയപ്പോ, കലയനും പുലീം പോലെ അഞ്ചെണ്ണം നിരന്നു നിന്നിട്ടും ഓള് അപ്യേന ആരെങ്കിലും വിളിച്ച്വോ? അതങ്ങനെയാന്നപ്പൂ.. എല്ലാം എല്ലാരോടും പറയണ്ട.
അറിയണ്ടവനോട് മാത്രേ അറിവുള്ളവര് പറയൂ.. കൃമി കര്‍ണങ്ങളില്‍ കവിത പാടില്ല അപ്പൂ.. അതല്ലേ എന്റെ പൊന്നുമോനോട് മാത്രം അച്ഛമ്മ പറയണേ...
അത് ശെരിയാണ്‌, അന്നൊരിക്കല്‍ പഞ്ചാതിക പറയുന്നതിനിടെ അച്ഛന്‍ ചായഗ്ലാസ് എറിഞ്ഞു പൊട്ടിച്ചേപ്പിന്നെ അച്ഛമ്മ അധികം ആരോടും മിണ്ടാറില്ല,


''അങ്ങനെ യുദ്ധം തുടങ്ങി അപ്പൂ..''
''സുയോധനനു പതിനൊന്നു അക്ഷൌഹിണി, യുദെഷ്ടരന് എട്ടും.''
''ഏഴല്ലേ അച്ഛമ്മേ?'' അപ്പു തല ഉയര്ത്തി. ''അതെയതെ, ഏഴ്.. ആരാ പറഞ്ഞെ, എന്റെ മോന്‍ പോട്ടനാണെന്ന്?'' കിഴവി കുലുങ്ങിചിരിച്ചൂ ... മൂര്‍ധാവില്‍ അപ്പുവിനു ഒരു ഉമ്മയും കിട്ടി.
''എത്ര എണ്ണത്തിനെ കൊന്നു? എത്രയെണ്ണം ചത്തു? അതിന്റെ മുമ്പും, അതില്‍ പിന്നേം, അങ്ങനത്തൊരു യുദ്ധം ഈ ഭൂമിമലയാളത്തില് ഉണ്ടായിട്ടില്ല എന്റപ്പൂ... എന്തെല്ലാം ആയുധങ്ങള്‍? ഏതെല്ലാം മുറകള്‍, ദിവസവും വൈകുന്നേരം പെറുക്കികൂട്ടി തീയിട്ട ശവങ്ങള്‍ എത്ര? മുറിഞ്ഞുവീണ താലിയെത്ര? നിന്നെ പോലത്തെ പൊന്നുമക്കള്‍ അച്ചാന്നും പറഞ്ഞ കരയുന്ന കരച്ചില് കണ്ടാല്‍ സഹിക്ക്വോ പൊന്നുമോനേ... ''
സ്വന്തം വാക്കുകളില്‍ കിഴവി അത്ഭുതം കൊണ്ടപോലെ തോന്നി, പിന്നെ തുടര്‍ന്നു, ''ആദ്യം ഭീഷ്മര്, പിന്നെ ദ്രോന്നരു, ഭീഷ്മര് വീണ ദിവസാണ് മോനേ ഓന്‍ യുദ്ധത്തിന് ഇറങ്ങിയേ. കര്‍ണന്‍.. ലോകത്തിലെ വലിയ വില്ലാളി." ഓര്‍ച്ച പോലെ അച്ഛമ്മ ഒരു നിമിഷം ഇരുന്നു, ''പതിനെട്ടാമത്തെ ദിവസത്തെ സേനയുടെ നായകന്‍. അന്നത്തെ യുദ്ധം ആയിരുന്നപ്പൂ ഒരു യുദ്ധം, ഒരു മൂലക്ക് സുയോധനനും ഭീമനും. മറ്റേ മൂലക്ക് അര്‍ജുനനും കര്‍ണനും. എന്റപ്പൂ, ഇങ്ങനെ ഒരു യുദ്ധം ഉണ്ടോ? കടലും കടലും എല്ക്കണ പോലെ, മലയും മലയും പോലെ.. അത് കാണാനായിട്ട് മാനത്ത് ദേവകള് കാത്തുനിന്നു പോലും.''
അതിന്റെടക്ക് കര്‍ണന്‍ ജപിച്ചയച്ച ഒരമ്പ്.. കൃഷ്ണന്‍ നിന്ന നില്പില്‍ രഥം ഒന്നു ചവിട്ടിയമര്‍ത്തി. അര്‍ജുനന്റെ കിരീടം പോയ പോക്കുണ്ടല്ലോ അപ്പൂ.. അപ്പൊ തീരണ്ടതാര്‍ന്നു ഭാരതയുദ്ധം..''
ഉം, അപ്പു ഒന്നു മൂളി, തിരിഞ്ഞുകിടന്നു.

''കര്‍ണന്‍, എങ്ങനെ ജനിചോനാര്‍ന്നു... എങ്ങനെ വളരെണ്ടോന്‍ ആര്‍ന്നു?? ലോകത്ത് ഉള്ളപ്യക്കെല്ലാം വെളിച്ചം കൊടുത്തു, സ്വന്തം മോന്റെ കാര്യം മറന്നൂ, സൂര്യന്‍. ഓനോ? ഓന്‍ നിഴലില്‍ വളര്ന്നു.. ആര്ടെയെല്ലാം നിഴലില്‍... എല്ലാം പോട്ടെ, സ്വയംവരതിന്റന്നു ഓള് വിളിച്ച വിളിണ്ടല്ലോ അപ്പൂ.. സൂതന്‍ ന്നു.. ഓന്‍ ഒന്നു നെനചിരുന്നെന്കില് ഒന്റൊക്കെ കേടക്കണ്ടോളല്ലേ ഓള്?''
''എല്ലാം പോട്ടെന്നു വെക്കാം, ആ കവചോം കുണ്ടലോം ഉണ്ടാര്‍നെന്കി... ചേറില് താണ തേര് പോന്തിക്കുന്ന നേരത്ത്തല്ലേ.. വില്ലാളി വീരനായ അര്‍ജുനന്‍ , ഓന്റെ അച്ഛന്‍ എമ്ബ്രാന്റെ വേഷം കെട്ടി എരന്നുവാങ്ങി അനാഥമാക്കിയ ആ വിരിഞ്ഞ നെന്ചില് ഒന്നിന് പിറകെ ഒന്നായി അംബെയ്തു തറച്ചത്... കുഞ്ഞിനു തിന്നാന്‍ കൊടുക്കുമ്പോ എയ്തിട്ട പക്ഷീനെ പോലെ...''

''നി ഒറങ്ങി അല്ലെ അപ്പൂ...'' വൃദ്ധ ദീര്‍ഘനിശ്വാസമുതിര്‍ത്തു. എന്നിട്ട് സ്വന്തം സമാധാനത്തിന് എന്നോണം പറഞ്ഞു നിര്‍ത്തി.
''തെക്കുഭാഗത്തെ ആഴിയില്‍ നിന്നും അഴകിന്റെ അവസാനവാക്ക് പോലെ ഒരു സ്ത്രീരൂപം നടന്നുവന്നു. കണ്ണീര്‍ വാര്‍ത്തു. സത്യത്തിന്റെ ദേവിയാര്‍ന്നത്രേ അത്. അവിടെ ചേറില്‍ പുതഞ്ഞു കിടന്നത് സത്യത്തിന്റെ ഒരേ ഒരു മോനായ കര്‍ണനും.''
ഉറക്കത്തില്‍ അപ്പുവിന്റെ ഉടല്‍ ഒന്നു ഞെട്ടി. (July 2008)

27 പ്രതികരണങ്ങള്‍:

Unknown July 01, 2008  

കഥ പറഞ്ഞുറക്കാന്‍ കിടന്ന അച്ഛനും, കൂടെ കഥാപാത്രങ്ങളും ഉറങ്ങിയിട്ടും, കഥയിലെ കഥയും കഥയില്ലായ്മയും തേടി കഥാസ്ഥലികകളില്‍ നടന്ന്, ഉറങ്ങാന്‍ കൂട്ടാക്കാത്ത വിടര്‍ന്ന കണ്ണുകളും വലിയ തലയുമുള്ള ഒരു കുട്ടിക്ക്..
കഥ കേട്ട് മതിവരാത്ത ബാല്യത്തിന്.. വൃന്ദാവനിയില്‍ പുതിയ കഥയായി...''സത്യത്തിന്റെ മകന്‍, കര്‍ണന്‍''.

എന്റെ നാടിന്‍റെ, കാസറകോഡിന്റെ സ്വന്തം ഭാഷയില്‍...:)

തോന്ന്യാസി July 01, 2008  

എന്താ മാഷേ ഞാന്‍ പറയേണ്ടത്?

കഥ പറഞ്ഞുതരാന്‍ ഇന്നും അച്ഛമ്മമാര്‍ ഉണ്ടായേക്കാം പക്ഷേ കേള്‍ക്കാന്‍ അപ്പുമാര്‍ പോലും ഇല്ലാതാകുന്നു......

അപ്പു ഒരു കുഞ്ഞു നോവായി ഉള്ളില്‍ കയറിയിരിക്കുന്നു.......

ഇതില്‍ കൂടുതലൊന്നും പറയാന്‍ എനിക്കു പറ്റൂല്ലാ

ഒന്നൂടെ പറയാം ആ മുരളീകൃഷ്ണ ടച്ച് ...

അരുണ്‍ കരിമുട്ടം July 02, 2008  

തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകളില്‍ പതിയെ വിരലോടിച്ച്.....
എന്തായിത്?
എന്‍റെ അമ്മുമ്മ എന്നെ ചേര്‍ത്ത് പിടിച്ച ഒരു അനുഭൂതി.
കൊള്ളാം.
യൂ സ്ടൈക്ക് എഗൈന്‍.

ഗിരീഷ്‌ എ എസ്‌ July 02, 2008  

മുരളീ
ഇഷ്ടമായി.
ഭാഷയും
ആഖ്യാനശൈലിയും
വിഷയവും
എല്ലാം കൊള്ളാം...


ആശംസകള്‍...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) July 02, 2008  
This comment has been removed by the author.
അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) July 02, 2008  

"തെക്കുഭാഗത്തെ ആഴിയില്‍ നിന്നും
അഴകിന്റെ അവസാനവാക്ക് പോലെ നടന്നുവന്ന
ആ സ്ത്രീരുപം സത്യത്തിന്റെ ദേവിയായിരുന്നുവോ..?
അതോ...സാക്ഷാല്‍ കുന്തീദേവിയോ.."

"ശ്രീകൃഷ്ണനെയും അര്‍ജ്ജുനനെയും
ദുര്യോദനനെയും എല്ലാം അപേക്ഷിച്ചുനോക്കുമ്പോള്‍...
കര്‍ണ്ണന്‍ ശ്രേഷ്ഠന്‍ തന്നെ...
ഒരു പക്ഷെ സത്യം കാത്തുസൂക്ഷിക്കുന്നതില്‍
വീഴ്ച വരുത്താനാഗ്രഹിക്കാത്ത
രണ്ടു പ്രധാനകഥാപാത്രങ്ങളാണ്‌
മഹാഭാരതത്തിലുള്ളത്‌..
അതിലൊരാള്‍ സൂതപുത്രനാണ്‌..
മറ്റേത്‌.. കൃഷ്ണജ്യേഷ്ഠനായ ബലരാമനും...

ധ്യാനത്തിലും സുഷുപ്തിയിലും
മാത്രമേ മരണം സംഭവിക്കൂവെന്ന്‌
വരം ലഭിച്ച പാണ്ഡവപുത്രനെ
തപസ്സിനിടയില്‍ വധിക്കാന്‍ ശ്രമിച്ച
ദുര്യോധനന്റെ ഗദ
അമ്പെഴ്തു തെറിപ്പിച്ച
നീതിമാനെന്ന വിശേഷണം
കൂടിയുണ്ട്‌..കര്‍ണ്ണന്‌...
എന്നാല്‍...
കൗരവസഭയില്‍ ദ്രൗപദി
അപമാനിക്കപ്പെട്ടപ്പോള്‍..
നീതിമാനായ ഈ കര്‍ണന്‍
അതിനെതിരെ ഒരക്ഷരം പോലും
ശബ്ദമുയര്‍ത്താത്തത്‌....
ഏത്‌ നീതി ശാസ്ത്രത്തിന്റെ
പേരിലായിരിക്കണം.....
അഭിമന്യുവിനെ കൂട്ടംചേര്‍ന്ന്‌
വധിച്ചതും നീതിയ്ക്ക്‌ നിരക്കുന്നതല്ലല്ലോ."

"ആ... അതുപോട്ടെ...
അപ്പുവിന്റെ കഥ കൊള്ളാം....
അവന്റെ മുത്തശ്ശിയുടെ ചിന്തയും..
നിന്റെ കാസര്‍കോട്ടെ അവിഞ്ഞ
ഭാഷയും... (തികച്ചും വ്യക്തിപരം)" :)

Anonymous July 02, 2008  

എല്ലാം പോട്ടെന്നു വെക്കാം, ആ കവചോം കുണ്ടലോം ഉണ്ടാര്‍നെന്കി... ചേറില് താണ തേര് പോന്തിക്കുന്ന നേരത്ത്തല്ലേ.. വില്ലാളി വീരനായ അര്‍ജുനന്‍ , ഓന്റെ അച്ഛന്‍ എമ്ബ്രാന്റെ വേഷം കെട്ടി എരന്നുവാങ്ങി അനാഥമാക്കിയ ആ വിരിഞ്ഞ നെന്ചില് ഒന്നിന് പിറകെ ഒന്നായി അംബെയ്തു തറച്ചത്... കുഞ്ഞിനു തിന്നാന്‍ കൊടുക്കുമ്പോ എയ്തിട്ട പക്ഷീനെ പോലെ...''


മഹാഭാരതം അരച്ചു കുടിച്ചിട്ടുണ്ടല്ലോ!!!ഇഷ്ട്ടപ്പെട്ടൂ.

സംഗീത July 02, 2008  

കാര്യം ഒക്കെ ശരി തന്നെ.. എങ്കിലും കര്‍ണന്‍ അത്ര മഹാനാണ് എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല.... അന്യന്‍ പറഞ്ഞതു ശരി തന്നെയാ, പാഞ്ചാലിയെ അപമാനിക്കുമ്പോ എവിടെയായിരുന്നു കര്‍ണന്‍? കൈ കൊട്ടി ചിരിച്ചില്ലെ....

ശ്രീ July 03, 2008  

കഥ കേട്ട് മതിവരാത്ത ബാല്യത്തിന്...

ആ കൂട്ടത്തില്‍ ഞാനും ഉണ്ട് മുരളീ...
നന്നായെഴുതിയിരിയ്ക്കുന്നു, ഇഷ്ടമായി ഈ പോസ്റ്റ്.
“തെക്കുഭാഗത്തെ ആഴിയില്‍ നിന്നും അഴകിന്റെ അവസാനവാക്ക് പോലെ ഒരു സ്ത്രീരൂപം നടന്നുവന്നു. കണ്ണീര്‍ വാര്‍ത്തു. സത്യത്തിന്റെ ദേവിയാര്‍ന്നത്രേ അത്. അവിടെ ചേറില്‍ പുതഞ്ഞു കിടന്നത് സത്യത്തിന്റെ ഒരേ ഒരു മോനായ കര്‍ണനും.”

തോന്ന്യാസി പറഞ്ഞതു പോലെ ഇന്നു മുത്തശ്ശിക്കഥകള്‍ പറയാനും കേള്‍ക്കാനും ആര്‍ക്കുണ്ട് നേരം...

Unknown July 03, 2008  

തോന്ന്യാസി മാഷേ, നമുക്ക് കഥ പറഞ്ഞു തരം അച്ചമ്മയോന്നും ഉണ്ടായിരുന്നില്ല, കൊതി കൊണ്ട് എഴുതിയതല്ലേ.. പിന്നെ കഥ പറഞ്ഞു തന്നിരുന്നത് അച്ഛനായിരുന്നു.. ഒരായിരം കഥകള്‍.. പക്ഷെ, എഴുന്നേറ്റ് നടക്കാന്‍ പ്രായമായപ്പോ എണീറ്റ്‌ ഓടി.. കഥകളും നഷ്ട്ടായി... ആ ഒരു വേദന മനസ്സില്‍ ഉണ്ട്.

അമ്മൂമ്മ ടാത്ന്നെയയിരുന്നു എന്റേം മനസില്‍.. അരുണ്‍ ജി.. എന്തായാലും അതൊക്കെ ഫീലിങ്ങ്സ് തന്നെ അല്ലെ?

ദ്രൌപതെ, നന്ദി.

ആരെടേ ഇവിടേം കമന്റുകള് ഡിലീറ്റ് ചെയ്യണത്.. ലെവനെ എന്റെ കയ്യില്‍ കിട്ടും. ഒറപ്പ്.

എന്നെ ''ഇരുത്തി''വായിക്കുന്നതില്‍ നീ ഏറെ മിടുക്കനാണ് അന്യാ..
പാണ്ഡവപുത്രനെതപസ്സിനിടയില്‍ വധിക്കാന്‍ ശ്രമിച്ച ദുര്യോധനന്റെ ഗദ അമ്പെഴ്തു തെറിപ്പിച്ച
നീതിമാനെന്ന വിശേഷണം കര്‍ണന്‍ നേടിയ കഥ പക്ഷെ എനിക്ക് അറിയില്ലാട്ടോ..
'അനന്യ സാധാരണ ഗുണങ്ങളെല്ലാം സ്വന്തം തകര്‍ച്ചയ്ക്ക് നിമിത്തമാകുന്നു എന്നത് കൊണ്ടാണ് കര്‍ണന്‍ ലക്ഷണയുക്തനായ ദുരന്തനായകന്‍ ആകുന്നത് എന്ന് പി കെ ബാലകൃഷ്ണന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ എണ്ണ നോവലില്‍ പറയുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ അല്ല ഒരു സുഹൃത്ത് എണ്ണ നിലയിലാണ്‌ കര്‍ണന്‍ ഏറെ ശ്രദ്ധേയന്‍ ആകുന്നത്. ''ഒരു സുഹൃത്ത് എന്ന നിലയില്‍ ദുര്യോധനനെക്കാള്‍ ശ്രേഷ്ടനായി ആരെങ്കിലും ഉണ്ടെന്കില്‍ അത് അയാളുടെ ആത്മ സുഹൃത്തായ കര്‍ണന്‍ മാത്രമായിരിക്കും എന്നാണ് കുട്ടികൃഷ്ണമാരാര്‍'' അഭിപ്രായപ്പെട്ടത്.
അന്യന്റെ സംശയത്തിനുള്ള ഉത്തരം ഇതൊന്നുമല്ല എന്നെനിക്ക് അറിയാം, പല തവണ പല വേദികളില്‍ ചര്ച്ച ചെയ്യപ്പെട്ടതാണ് കര്‍ണന്റെ വ്യക്തിത്വത്തിലെ ഈ കറകള്‍.. ആത്മ നാശത്തിലേക്കുള്ള നിമിത്തം എന്നതിനപ്പുറം മറ്റൊരു കാരണം നല്കാന്‍ എനിക്ക് കഴിയുന്നില്ല. അന്യന്റെ നിരീക്ഷണത്തിന് നന്ദിയുണ്ട്.

അരുണ്‍.. നന്ദി, അരച്ച് കലക്കിയതോന്നും അല്ലെടോ.. അതിന് ആര്‍ക്കു കഴിയ‌ും? എവിടെയൊക്കെയോ അല്പം പൊട്ടും പൊടിയും നമുക്കും കിട്ടി, അത്രന്നെ..

സംഗിതാ, എല്ലാ കാര്യങ്ങളിലും പൂര്‍ണത നിര്‍ബന്ധം പിടിക്കരുത്, ദ്രൗപതി കര്നനോദ് ചെയ്തത് മറന്നു പോയോ? ആദ്യമായി കാണുകയയിരുന്നിട്ടും, ഒരു വിരോധവും ചെയ്യാഞ്ഞിട്ടും, മാലോകര്‍ കേള്‍ക്കെ വിളിച്ചു പറഞ്ഞില്ലേ? സൂത പുത്രനെ ഞാന്‍ വരിക്കില്ലെന്നു.. ( ഇതൊരു ന്യായീകരണമല്ല, പറഞ്ഞു പോയി എന്ന് മാത്രം)


ശ്രീയേട്ടാ,,, അത് നന്നായി, കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കമന്റ്. നഷ്ടബാല്യത്തിന്റെ വേദന പങ്കുവെയ്ക്കാന്‍ ഒരാള്‍ കൂടെ. സത്യാണ് തോന്ന്യാസി പറഞ്ഞത് എന്നെനിക്കും തോന്നി. ട്യൂഷനും, സ്കൂളും, പിന്നേം ട്യൂഷനും, ഹോം വര്‍ക്കും, പിന്നെ കമ്പ്യൂട്ടര്‍ ഗെയിമും .. കഥകള്‍ കേള്‍ക്കാന്‍ ആരിരിക്കുന്നു ഇവിടെ, കുട്ടികള്‍ടെ പെടപ്പ് കാണുമ്പോ സങ്കടാവും....

പാമരന്‍ July 03, 2008  

ഉഗ്രനായി മാഷെ മുത്തശ്ശിയിലൂടെയുള്ള ആഖ്യാനം.

"സ്വന്തം മോന്റെ കാര്യം മറന്നൂ, സൂര്യന്‍. ഓനോ? ഓന്‍ നിഴലില്‍ വളര്ന്നു.. ആര്ടെയെല്ലാം നിഴലില്‍... "

ഇതിഹാസകാരന്‍ മനഃപൂര്‍വ്വം നിഴലില്‍ നിര്‍ത്തിയ കഥാപാത്രം. നല്ല നിരീക്ഷണം.

resh July 04, 2008  

krishnaa manoharamayirikkkunnu karnan... avatharanam ishttayi, panjaliye enthina kuttam paranje ennu mathram enikku manasilayilla. :(

ഉഷശ്രീ (കിലുക്കാംപെട്ടി) July 04, 2008  

ആദ്യമെ തന്നെ ഒരു ക്ഷമ ചോദിക്കുന്നു.ഇതു വരെ ഇവിടെ വരാത്തതില്‍.ഇതാണു അപ്പുവേ.. ബ്ലോഗ്.ഗംഭീരം മോനെ.
എന്തൊരു ഭംഗിയാ എഴുത്തിനു..കര്‍ണ്ണന്‍ എല്ലായിടത്തും നിശ്ശബ്ദനായിരുന്നില്ലേ...നിസ്സഹായനയിരുന്നില്ലേ.. ആശ്രിതന്റെ നിസ്സഹായത..പാവം

എല്ലാം ഇന്നു തന്നെ ഞാന്‍ വായിക്കും.
പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ ഇടണേ.എന്റെ ബ്ലോഗില്‍ എന്റെ ഐ ഡി ഉണ്ട്.

Anonymous July 04, 2008  

murali, ishttayi... nostalgic style, and ur language too impressed. keep it up man..

ഗൗരിനാഥന്‍ July 04, 2008  

എനിക്ക് മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ടപെട്ട നായകന്‍ ആണ് കര്‍ണന്‍. എല്ലാ മനുഷ്യരിലും ഉള്ളത് പോലെ ചില ദൌര്‍ബല്യങ്ങള്‍ ഉള്ള ഒരാള് തന്നെ കര്‍ണന്‍. അത് കൊണ്ടാവാം തന്നെ പരസ്യമായി അപമാനിച്ച പെണ്ണിനെ അപമാനികുംപോള്‍ പ്രതികരിക്കാതിരുന്നത്. സാധാരണക്കാരനായി ജീവിച്ചു, പുലര്താവുന്നടത്തോളം നീതി പുലര്‍ത്തി. ചില ഗതികേടുകള്‍ , അല്ലെങ്കില്‍ ജനിപ്പിച്ചവരുടെ പാപം ഏറ്റു വാങ്ങിയ ഒരാള്‍... നന്നായിട്ടുണ്ട് അച്ചമ്മയെന്ന നന്മയിലൂടെ കര്‍ണനെ വരച്ചു കാട്ടിയത്

ഒരു സ്നേഹിതന്‍ July 05, 2008  

തോന്ന്യാസി പറഞ്ഞതു പോലെ ഇന്നു മുത്തശ്ശിക്കഥകള്‍ പറയാനും കേള്‍ക്കാനും ആര്‍ക്കുണ്ട് നേരം...

നന്നായിട്ടുണ്ട്... ആശംസകള്...

ഒരു സ്നേഹിതന്‍ July 05, 2008  

തോന്ന്യാസി പറഞ്ഞതു പോലെ ഇന്നു മുത്തശ്ശിക്കഥകള്‍ പറയാനും കേള്‍ക്കാനും ആര്‍ക്കുണ്ട് നേരം...

നന്നായിട്ടുണ്ട്... ആശംസകള്...

nandakishor July 05, 2008  

കൃഷ്ണാ സുന്ദരം എന്നെ പറയാവൂ.. നമ്മുടെ നാട്ടിലെ ഭാഷയ്ക്ക് ഇത്രേം ഭങ്ങിയോ? സമ്മതിച്ചു ട്ടോ.. :)
ദ്രൌപതിയെ കുറിച്ച് എനിക്കും കുറെ പറയാനുണ്ട്, നി വിളിക്ക്..
ആശംസകള്‍.. അടുത്ത പോസ്റ്റിനു വേണ്ടി കാക്കുന്നു, നന്ദന്‍,

പാത്തക്കന്‍ July 07, 2008  

നല്ല " പാങ്ങായിനീ ".

Sa July 08, 2008  

മുരളീ...

ഈ നേരം കൊണ്ട്‌ ഞാനും ഒന്നു അത്രേടം വരെ പോയി.അവിടെ അച്ഛമ്മ ഒറ്റക്കിരിക്കുന്നു...കഥ കേള്‍ക്കാന്‍ ആളില്ലാതെ...

Unknown July 14, 2008  

മഷേ.. കഥ്; ആഖ്യാ‍നം,വിവരണം, എല്ലാത്തിനും കൂടി അഭിപ്രായം ഒറ്റവാക്കിലൊതുക്കുന്നു. ‘കലക്കി’. ഇനി ഭാഷാ പ്രയോഗത്തിന്. ഒന്നു നാട്ടില്‍ പൊയി വന്ന പോലെ തോന്നുണു. നമ്മളുടെ നാടിന്റെ സ്വരം. വല്ലത്ത ഒരു അനുഭവമായിരുന്നു അത്. ആശംസകള്‍.

വിക്രമാദിത്യന്‍ July 21, 2008  

കര്‍ണ്ണന്റെ കഥ ആദ്യം പറഞ്ഞുതന്നത് അച്ഛനാണ് . അഞ്ചു വയസുള്ളപോള്‍ . അന്ന് തൊട്ടു മഹാഭാരതത്തില്‍ നമ്മുടെ ഇഷ്ട കഥാപാത്രം കര്ന്നനയിരുന്നു . കുട്ടിക്ലാലത്ത് പാവം കര്‍ണ്ണന്‍ എന്നും , പില്‍ക്കാലത്ത് നഷ്ട്ടപ്പെടുവാന്‍ ബാക്കിയൊന്നും ഇല്ലാതായ സമയത്തും ആത്മവിശ്വാസത്തോടെ നേരിട്ടൊരു യുദ്ധത്തില്‍ അര്‍ജുനനെ ഞാന്‍ ജയിക്കും എന്ന് ഉറപ്പിച്ച ധീരനായ യോദ്ധാവ് എന്നുമുള്ള ചിന്തകളായിരുന്നു.
കര്‍ണ്ണന്റെ കഥ, അതും മുത്തശ്ശി കഥാ രൂപത്തില്‍, ശരിക്കും രസിച്ചു.
പുറത്തു തകര്‍ത്തുപെയ്യുന്ന മഴയുടെ സ്വരം കേട്ടു, രാത്രി ആട്ടുകട്ടിലില്‍ അമ്മയുടെ മടിയില്‍ തലവെച്ച് കിടന്നു കേട്ടുറങ്ങിയ ഒരു നൂറു കഥകളുടെ ബാല്യ സ്മരണകള്‍ ഉണര്‍ത്തിയതിന് നന്ദി
ആശംസകളോടെ
വിക്രമാദിത്യന്‍

joice samuel August 01, 2008  

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!

മഴയുടെ മകള്‍ August 16, 2008  

മുരളികയില്‍ കവിത മാത്രമല്ല കഥയും വിരിയുമെന്നറിഞ്ഞതില്‍ സന്തോഷം... നല്ല കഥ... ഒരു നൊസ്‌റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു

ബഷീർ August 17, 2008  

വളരെ ഇഷ്ടമായി..
നന്നായി എഴുതിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍
കഥകള്‍ ഇനിയും പോരട്ടെ..

joice samuel August 19, 2008  

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

j.p (ജീവിച്ച്‌.പൊക്കോട്ടെ ) September 13, 2008  
This comment has been removed by the author.