കഥ ഇതുവരെ..

>> 22.4.08

"എനിക്ക്‌ ഗര്‍ഭപാത്രമില്ല..."
കാതങ്ങള്‍ അകലെ നിന്നുമാണ്‌ അതു കേട്ടതെന്ന്‌ ശിവറാമിനു തോന്നി. പലതുമവള്‍ പറഞ്ഞുകഴിഞ്ഞിട്ടും അതുമാത്രമാണ്‌ കേള്‍ക്കുന്നത്‌. പ്രചണ്ഡതാണ്ഡവം പോലെയൊന്ന്‌ വീശിയടിക്കുന്നത്‌ കണ്‍മുമ്പിലെ കടലിലോ, അതോ മണിക്കൂറുകള്‍ക്കു മുമ്പു മാത്രം പരിചയപ്പെട്ട ഈ പെണ്‍കുട്ടിയുടെ മനസ്സിലോ? കാറ്റൂതുന്ന ശബ്ദത്തിലാണ്‌ അവളതു പറഞ്ഞുതീര്‍ത്തതെങ്കിലും ഇടിമുഴക്കം പോലെ ശിവറാം ചെവി പൊത്തിപ്പോയി.
അവള്‍ മീനാക്ഷി,
സെന്റിനറി ഹാളിലെ ചലച്ചിത്രമേളയില്‍ ഊഴം കാത്തിരിക്കുമ്പോഴാണ്‌ അവളെ ആദ്യമായി കണ്ടത്‌.
അപരിചിതരില്‍ മാത്രം അയാള്‍ ആനന്ദിച്ചിരുന്ന വേഷമായിരുന്നു അവള്‍ക്ക്‌.
'നീയെന്റെ പെങ്ങളോ കാമുകിയോ ആയിരുന്നെങ്കില്‍ ഇതണിഞ്ഞു നടക്കാന്‍ നിന്നെ ഞാന്‍ അനുവദിക്കുമായിരുന്നില്ല' എന്ന്‌ തിളച്ചുതുടങ്ങിയ പൗരുഷത്തെ അടക്കി അയാള്‍ മനസ്സില്‍ പറയുകയും ചെയ്തതാണ്‌.
എന്നിട്ടും അവളെ ഇഷ്ടപ്പെട്ടു എന്നതിന്‌ സാമ്പ്രദായികമായ കാരണങ്ങള്‍ ഒന്നുമില്ല. സ്വപ്നം കരിഞ്ഞുണങ്ങിയ രണ്ടു കണ്ണുകള്‍. വേണമെങ്കില്‍ എഴുതി സുന്ദരമാക്കാമായിരുന്നവ. കൃത്രിമത്വം കലര്‍ത്താത്ത ചുണ്ടുകള്‍. ഒരുപക്ഷേ ആ വേഷത്തിനു തീരെയും യോജിക്കാത്ത നീണ്ടിടതൂര്‍ന്ന മുടിയിഴകള്‍ കൊണ്ടാവണം അവള്‍ അവന്റെ കണ്ണുകെട്ടിയിട്ടുണ്ടാവുക.
അല്ലെങ്കില്‍ ആ ഒരു ചോദ്യം കൊണ്ട്‌. "എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
എന്തൊരു ചോദ്യമായിരുന്നു അത്‌? തികച്ചും അപ്രതീക്ഷിതം.
"എനിക്കല്‍പം സംസാരിക്കണം, മാനാഞ്ചിറയിലേക്കോ. ബീച്ചിലേക്കോ നടന്നാലോ?". അവളോട്‌ തലകുലുക്കി ബീച്ചിലേക്ക്‌ നടക്കുമ്പോഴായിരുന്നു ആ ചോദ്യം.
"എന്തുകൊണ്ട്‌ ദസ്തയേവ്സ്കി?"
ആസൂത്രിതമല്ലാത്ത ചോദ്യങ്ങള്‍ക്കു മുമ്പില്‍ ശിവറാം പകച്ചുപോകുന്നത്‌ അതാദ്യമായിട്ടായിരുന്നില്ല.
'പിന്നെ? മറ്റാര്‌? അഭിനയം മുഖമുദ്രയാക്കിയ ഈ സമൂഹത്തില്‍, അടങ്ങാത്ത അന്തവിക്ഷോഭങ്ങളുമായി നടക്കുന്ന താന്‍ മറ്റാരെയാണ്‌ അംഗീകരിക്കുക? കുട്ടീ, പരിമിത മാനദണ്ഡങ്ങള്‍ മാത്രം കൂട്ടിവായിക്കാന്‍ കഴിയുന്ന നിന്റെ സിദ്ധാന്തങ്ങള്‍ക്ക്‌ നിര്‍വചിക്കാന്‍ കഴിയാത്ത പ്രകൃതി വിക്ഷോഭമായിരുന്നു ഫയദോര്‍'.

"ശിവനെന്താണ്‌ ആലോചിക്കുന്നത്‌?"
ശിവന്‍...എത്ര അനായാസമായാണ്‌ അവള്‍ അതു വിളിച്ചത്‌. ഇരുപത്തിയെട്ടു കെട്ടി അച്ഛന്‍പെങ്ങള്‍ ചെവിയില്‍ മൂന്നുരു വിളിച്ചത്‌ ശിവരാമന്‍ എന്നായിരുന്നു. പിന്നെയത്‌ ശിവറാം ആയി. ഉപരിപ്ലവതയുടെ രാജകുമാരനാകുവാന്‍ വേണ്ടി തന്ത്രപൂര്‍വ്വം പേര്‌ പരിഷ്കരിച്ച ''സരോജ്‌ കുമാര് '' ‍എന്നൊക്കെയാണ്‌ സുഹൃത്തുക്കളായ മഹേഷ്‌ മാധവന്‍മാരും, കമല്‍ നാഥുമാരും ശിവറാമിനെക്കുറിച്ച്‌ പറയുക.
സുഹൃത്തുക്കള്‍... ആരേയും മറന്നിട്ടില്ല.
ഒരിക്കലും സാധ്യമാവാത്ത വിപ്ലവത്തിനുവേണ്ടി ഈ വിഡ്ഢിയെ മാത്രം ഒരുക്കിനിര്‍ത്തി സ്ഥാനങ്ങള്‍ക്കു പിറകേ പോയവര്‍, തന്ത്രപൂര്‍വ്വം കവിതയ്ക്ക്‌ വിഷയങ്ങള്‍ മാറ്റിയവര്‍.
കവിത വിറ്റ കാശുകൊണ്ട്‌ തിരശ്ശീലയില്‍ സ്ഥലം വാങ്ങിയവര്‍.
തെരുവുപാതയോരങ്ങളില്‍ അടിവയറില്‍ പുഷ്പിക്കാതെ പോകുന്ന പ്രണയങ്ങളും, ഒരു ചാണ്‍ വയറ്റില്‍ ഉറഞ്ഞാടുന്ന സുനാമികളും കഥയ്ക്കു പോരാത്തവര്‍.
കണ്‍മുമ്പില്‍ നടക്കുന്ന അരും കൊലകളെയും ആത്മഹത്യകളെയും തൊട്ട്‌ ഉപ്പുപോലും നോക്കാതെ ആഗോളവിഷയങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങി വയറുവീര്‍പ്പിക്കുന്നവര്‍.
അപകടങ്ങളില്‍ പ്രശസ്തരാവുന്നവര്‍, അക്കാദമി സെക്രട്ടറിമാരാവുന്നവര്‍.
സ്വയം പ്രഖ്യാപിത ബുദ്ധിജീവി ആക്ടിവിസ്റ്റുകള്‍.

"ഞാന്‍ പറഞ്ഞതു ശിവന്‍ കേട്ടോ?"
അതേ, അതാണല്ലോ ഞാന്‍ ആകപ്പാടെ കേട്ടത്‌. പക്ഷേ എന്തിന്‌?
ഇഷ്ടമാണ്‌ എന്നൊന്ന്‌ പറയുന്നതിനു മുമ്പേ, കൈകള്‍ കോര്‍ത്ത്‌ ഒന്ന്‌ ഉമ്മ വയ്ക്കുന്നതിനു മുമ്പേ...
തോന്നലുകളൊക്കെയും കണ്ണില്‍ വായിച്ചിരിക്കണം, അവള്‍ വിശദീകരിച്ചു.
"ചതിച്ചു എന്ന്‌ പിന്നീട്‌ തോന്നരുത്‌, അതുകൊണ്ടാണ്‌. ഇപ്പോഴാണെങ്കില്‍ ഇഷ്ടം തോന്നിയെന്നേ ഉള്ളൂ.. പിരിഞ്ഞു പോകാന്‍ വിഷമമുണ്ടാവില്ല. സത്യമാണ്‌, എനിക്കതിനുള്ള കഴിവില്ല."
"അതിനെന്ത്‌?"
അച്ഛനോട്‌ കലമ്പുകയും, മക്കളെ വളര്‍ത്തേണ്ടതെങ്ങിനെയെന്ന്‌ കാണിച്ചുതരാമെന്ന്‌ വീമ്പുപറയുകയും ചെയ്ത ഒരു പൊടിമീശക്കാരന്‍ ഉള്ളില്‍ക്കിടന്നു പരിഹസിച്ചു ചിരിച്ചു.
നെഞ്ചകം തിളച്ച കനല്‍ കണ്ണു ചുട്ടുനീറിയൊഴുകുമ്പോഴും "അച്ഛനോടങ്ങിനെ പറയല്ലേ കുട്ടാ" എന്ന്‌ കാലങ്ങള്‍ക്കപ്പുറം അമ്മ കരഞ്ഞുവിളിച്ചു.
ഒന്നിലധികം പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്ത മണല്‍ത്തിട്ടില്‍ ശിവറാം ആഗ്രഹങ്ങള്‍ക്കു ബലിയിട്ടു.
സ്വന്തം ഉപനയനം നടത്തിയവന്‍ സ്വന്തം ബലിയുമിട്ടു കാവ്യനീതിക്ക്‌ അടിവര ചാര്‍ത്തി.
"കവിളത്തെ തുടുപ്പു മായുകയും, നിന്നെയുറക്കാന്‍ ഞാന്‍ പോരാതെ വരികയും ചെയ്യുമ്പോള്‍ രാത്രികളില്‍ നീ ഒറ്റയ്ക്കു കരയില്ലെങ്കില്‍, ഏട്ടത്തിക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇളയതുങ്ങളെ നമ്മുടെ ഉറക്കറയിലേക്കു തള്ളിവിട്ടു നീ കാവല്‍ നില്‍ക്കില്ലെങ്കില്‍....
സ്വര്‍ഗഗേഹങ്ങള്‍ക്കു പടുത്വം പണിയാനുള്ള വാതില്‍ ചേര്‍ത്തുചാരി ശിവറാം കൈകള്‍ നീട്ടി.
പകല്‍വെളിച്ചത്തില്‍ ഒരു കുഞ്ഞുനക്ഷത്രം പറന്നുവന്ന്‌ അവളുടെ കണ്ണുകളില്‍ കൂടുവച്ചു.
ആവര്‍ത്തിച്ച്‌ കണ്ണീരുണങ്ങിയ ആ കവിള്‍ത്തടങ്ങളില്‍ അലസന്റെ കൈയ്യൊപ്പു പതിഞ്ഞു.
പരസ്പരം തൊട്ടിലാട്ടുമ്പോള്‍ ആ പ്രാപ്പിടയും കുറുകി. "നിന്റെ കൈകള്‍ മാന്തികത്താക്കോലുകളാണ്‌ ശിവാ, പറയൂ, നീയൊരു മാന്ത്രികനാണോ?"
*****
കൈകള്‍ കൂട്ടിപ്പിടിച്ചും, കൈകള്‍ വീശിയും ഏറെ നേരം അവരാ കടപ്പുറത്തു നടന്നിട്ടുണ്ടാവണം. തീരങ്ങളില്‍ തിരയുടെ തീരാമോഹം പോലെ.. ഈ യാത്രയും സഫലമാകുവാന്‍ കക്കാട്‌ കവിത പാടിയിട്ടുണ്ടാവണം.
"....വരിക സഖി, യരികത്തു ചേര്‍ന്നു നില്‍ക്കൂ;
പഴയൊരു മന്ത്രം സ്മരിക്ക നാമന്യോന്യ-
മൂന്നുവടികളായ്‌ നില്‍ക്കാം" (april 2008)

25 പ്രതികരണങ്ങള്‍:

Unknown April 22, 2008  

''അച്ഛനോട്‌ കലമ്പുകയും, മക്കളെ വളര്‍ത്തേണ്ടതെങ്ങിനെയെന്ന്‌ കാണിച്ചുതരാമെന്ന്‌ വീമ്പുപറയുകയും ചെയ്ത മീശ ഒരു പൊടിമീശക്കാരന്‍ ഉള്ളില്‍ക്കിടന്നു പരിഹസിച്ചു ചിരിച്ചു.
നെഞ്ചകം തിളച്ച കനല്‍ കണ്ണു ചുട്ടുനീറിയൊഴുകുമ്പോഴും "അച്ഛനോടങ്ങിനെ പറയല്ലേ കുട്ടാ" എന്ന്‌ കാലങ്ങള്‍ക്കപ്പുറം അമ്മ കരഞ്ഞുവിളിച്ചു''.

"പൊട്ടിച്ചു പായുവാന്‍ ഒരു ചങ്ങലയില്ലാത്തവന്റെ ദുഖം.
ലോകത്തിലേക്കും ഏറ്റം കൊടിയ ദുഖം, അനപത്യത."
കൈകള്‍ തൊട്ടിലാട്ടുകയും പരസ്പരം കുട്ടികളാവുകയും ചെയ്യുന്നവര്‍ക്കായി ഈ വരികളും....

Sa April 22, 2008  

നന്നായിരിക്കുന്നു മുരളി...

വൃന്ദാവനിയില്‍ ഇനിയും വ്യത്യസ്ത സുഗന്ധങ്ങളിലുള്ള പൂക്കള്‍ വിരിയട്ടെ!

Sa April 22, 2008  

കഥ ഇഷ്ടമായി. വായിച്ച ശേഷം അര്‍ഥങ്ങള്‍ തേടി നടക്കേണ്ടി വന്നില്ല. മനസ്സിലാക്കി...

ചില വാചകങ്ങള്‍ കഥയുടെ ഭംഗി കൂട്ടി.

"സ്വപ്നങ്ങള്‍ കരിഞ്ഞുനണങ്ങിയ കണ്ണുകള്‍, വേണമെങ്കില്‍ സുന്ദരമാക്കാമായിരുന്നവ"

ഈ വരി മറക്കാന്‍ കഴിയുന്നില്ല

G.MANU April 22, 2008  

കൈകള്‍ കൂട്ടിപ്പിടിച്ചും, കൈകള്‍ വീശിയും ഏറെ നേരം അവരാ കടപ്പുറത്തു നടന്നിട്ടുണ്ടാവണം. തീരങ്ങളില്‍ തിരയുടെ തീരാമോഹം പോലെ.. ഈ യാത്രയും സഫലമാകുവാന്‍

മാഷേ മനോഹരമായി കഥ..
ഹൃദയത്തില്‍ ഇറങ്ങുന്ന ശൈലി..
അഭിനന്ദനം

Anonymous April 23, 2008  

താങ്കള്‍ കഥയെക്കുറച്ചുകൂടെ ഗൌരവത്തില്‍ കാണണം എന്നു ആഗ്രഹിക്കുന്നു...ഇതു നന്നായിരിക്കുന്നു....കുറച്ചുകൂടെ ശ്രദ്ധിക്കാമായിരുന്നു.

ഗിരീഷ്‌ എ എസ്‌ April 23, 2008  

ലളിതമായ ആഖ്യാനശൈലി കൊണ്ട്‌ മനോഹരമായ ഒരു കഥ...
കഥയുടെ പര്യവസാനമാണ്‌ ഏറെ അത്ഭുതപ്പെടുത്തിയത്‌....

ആകസ്മികമായ കണ്ടുമുട്ടല്‍ ചിലപ്പോഴെല്ലാം ജീവിതത്തില്‍ അതുല്യമായ ഓര്‍മ്മകളും സ്വപ്നങ്ങളും സഞ്ചരിച്ചു കടന്നുപോവാറുണ്ട്‌...
ഇന്നും ഉള്ളില്‍ നീറ്റലായും സന്തോഷമായും പടരുന്ന അനുഭവത്തിന്റെ തേര്‍വാഴ്ചകളില്‍ ഭൂരിഭാഗവും അങ്ങനെയായിരുന്നു.. ആ നിമിഷങ്ങളില്‍ ഒരിടത്ത്‌ എത്തിപ്പെടുക എന്നതാണ്‌ നമ്മുടെയഥാര്‍ത്ഥ നിയോഗം.....


ഇനിയും എഴുതുക....

ഓര്‍ക്കുക...
കാലമിനിയുമുരുളും വിഷുവരും
വര്‍ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌ വരും
അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം......(n n kakkad)

ആഗ്നേയ April 23, 2008  

വളരെ നല്ല പ്രമേയം..ചങ്കുറപ്പുള്ളവന്റെ പ്രണയം.
ശൈലിയും ചില വാചകങ്ങളും അതീവ ഹൃദ്യം.ചുരുങ്ങിയ വാക്കുകളില്‍ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നതും അഭിനന്ദനം അര്‍ഹിക്കുന്നു..(ഞാനായിരുന്നു ഇതെഴുതിയിരുന്നതെങ്കില്‍ ആറു പേജ് കണ്ടേനേ..;)
ഇഷ്ടപ്പെട്ടു..

സംഗീത April 23, 2008  

krishnaa.....
sundaramaya paranayakatha....
ullile vingal swanthamano??

(ithengana ee malayalathil ezhuthunne?... :(

ബാര്‍ബര്‍ ബാലന്‍ April 23, 2008  

ഇങ്ങനെ വ്യത്യസ്തമായ ക്ലൈമാക്സുകള്‍ എഴുതിച്ചേര്‍ക്കൂ മുരളീ... അഭിനന്ദനങ്ങള്‍.
ഇനിയും തുടരുമോ കഥ?
അല്‍പം പൈങ്കിളിയാവുന്നുണ്ടോ എന്നൊരു സംശയമുണ്ട്‌.

nandakishor April 24, 2008  

krishnaa... nalla katha.... nallaa avasanam...
pakshe aarodo deshyam theertha pole.....mm???

തോന്ന്യാസി April 25, 2008  

മുരളീ...നീയൊരു മാന്തികനാണോ?....

നല്ല ഒഴുക്ക് ......

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) April 26, 2008  

"കവിളത്തെ തുടുപ്പു മായുകയും, നിന്നെയുറക്കാന്‍ ഞാന്‍ പോരാതെ വരികയും ചെയ്യുമ്പോള്‍ രാത്രികളില്‍ നീ ഒറ്റയ്ക്കു കരയില്ലെങ്കില്‍, ഏട്ടത്തിക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇളയതുങ്ങളെ നമ്മുടെ ഉറക്കറയിലേക്കു തള്ളിവിട്ടു നീ കാവല്‍ നില്‍ക്കില്ലെങ്കില്‍...."

എന്തുട്ട്‌ കന്നാലീ ദ്‌...
ഇയ്യ്‌ കവിത മാത്രമല്ല...കഥയും എഴുതുംന്നോ.....
കലക്കീട്ടോ...ഡാ..മാഷേ....
വ്യത്യസ്തമായ പ്രമേയം....
വ്യത്യസ്തമായ ശൈലിയും....

[കൊയ്‌ലോ ഒരു മാപ്പില്‍
നീ അന്യനിട്ടൊന്ന്‌ താങ്ങി...
ആ അന്യന്‍ ഞാനല്ലെങ്കിലും.]

resh April 26, 2008  

muralika athu nannayi....
super end.... ninte vishadamokke mariyo kalllaa ??? :)

Kichu $ Chinnu | കിച്ചു $ ചിന്നു April 28, 2008  

:) kollaam

Anonymous April 28, 2008  

bhasha kanathupovaathe kurumbulla karyanghal paranjhathu rasamundu.
Sreejitha.

താരകം May 02, 2008  

തീക്ഷ്ണമായ രചനാശൈലി....

കഥാതന്തുവും കൊള്ളാം.
ഇഷ്ടമായി.

പ്രണയകാലം May 02, 2008  

"സ്വപ്നങ്ങള്‍ കരിഞ്ഞുനണങ്ങിയ കണ്ണുകള്‍, വേണമെങ്കില്‍ സുന്ദരമാക്കാമായിരുന്നവ"
മനോഹരമായ വരികള്‍..
നല്ല കഥ എനിക്കിഷ്ടമായി..:)

smitha adharsh May 02, 2008  

മാഷേ..ഇതു കൊള്ളാം കേട്ടോ...പ്രണയം എന്നും എല്ലാവര്ക്കും എന്തെന്ഴുതാനും വിഷയമാണ്...ഇതു ശരിക്കും വ്യത്യസ്തനാമൊരു കഥാകാരനാം മുരളീ... എന്ന് പാടുവാന്‍ തോന്നിപ്പോയി..ശരിക്കും നന്നായിരിക്കുന്നു...കൊയ്‌ലോ.ഒരു മാപ്പ് ..അതും വായിച്ചു..വേഗം അടുത്ത പോസ്റ്റ് പോരട്ടെ..

ഉഷശ്രീ (കിലുക്കാംപെട്ടി) May 10, 2008  

വഴിപോക്കനില്‍ കൂടെ ഇവിടെയെത്തി.യാത്രകള്‍ സഫലമാകുന്നതു എവിടെ വച്ചാണ എന്നറിയില്ലാലോ ആര്‍ക്കും. നല്ല കഥ.

Ranjith chemmad / ചെമ്മാടൻ May 14, 2008  

നന്നായിരിക്കുന്നു
വ്യത്യസ്ഥവും ആകര്‍ഷണീയവുമായ
രചനയും ശൈലിയും...
ആശംസകള്‍.

Anonymous May 28, 2008  

നന്നായിരിക്കുന്നു മുരളി...

സുല്‍ |Sul June 01, 2008  

സുന്ദരമായി പറഞ്ഞു വച്ച ഈ കഥ ഏറെ ഇഷ്ടമായി. നല്ല രചനാശൈലി. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

-സുല്‍

Jayasree Lakshmy Kumar June 01, 2008  

ആദ്യമായാണ് മുരളികയെ വായിക്കുന്നത്. വളരേ വളരേ നന്നായിരിക്കുന്നു.

ഒരു ദിവസം മിനക്കെട്ടിരുന്ന് ഈ വൃന്ദാവനിയിലെ മുഴുവന്‍ കാഴ്ചകളും കാഉന്നുണ്ട്

Reflections June 25, 2008  

Yet another romatic trap for teenage girls to fell down and lose them selves.

Daring climax and theme but please be realistic atleast 40%.

Sureshkumar Punjhayil December 31, 2008  

Manoharam ... Abhinandanangal...!!!