നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്...

>> 11.12.09

''മാഷേ... ശിവദാസന്‍ മാഷെ.. വീട്ടില്‍ നിന്നും ആളു വന്നിരിക്കുന്നൂന്ന്.. '' അറ്റന്റര്‍ നാരായണന്‍ സ്റ്റാഫ് റൂമിന്റെ വാതില്‍ക്കല്‍ തല കാണിച്ചു.
''മണി മൂന്നരയാവണതല്ലേയുള്ളൂ നാരായണാ, ആ കുമാരേട്ടന്റെ ചായപ്പീടികയിലേക്കിരുത്തീട്ട് കുടിക്കാന്‍ എന്താച്ചാ വാങ്ങിക്കൊടുക്ക് താന്‍, ഞാന്‍ ദാ ഇതൂടെ ഒന്നു തീര്‍ത്തിട്ട് വര്യായി..''
ആഹാ പറഞ്ഞ് നാക്കു തൊള്ളേലിട്ടതല്ലേയുള്ളൂ.. നൂറായുസ്സാട്ടൊ മാഷിന്റെ കമലോപ്പയ്ക്ക്..'' പി റ്റി എ മീറ്റിങ്ങിനു ശിവദാസന്‍ മാഷിന്റെ വീട്ടില്‍ നിന്നും ആളു വരില്ലേ എന്നു കളിയാക്കിയ റസിയ ടീച്ചര്‍ ചിരിച്ചു.
''അല്ലെങ്കില്‍ വേണ്ട നാരായണാ, ഞാന്‍ തന്നെ പൂവാം'' തടിയന്‍ ഡയറി മടക്കിവെച്ചു ശിവദാസന്‍ മാഷ്.
രാവിലെ വഴക്കിട്ടത്തിന്റെ സങ്കടം കൊണ്ടാകണം ഇന്ന് നേരത്തെ വന്നത്.


''ഓപ്പോള്‍ക്കെന്താ ഭ്രാന്താണോ?'' എത്ര അടക്കിയിട്ടും ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല മാഷിനു. ''ഞാനെന്താ ഇള്ളക്കുട്ടിയാണെന്നാണോ വിചാരം? അടുത്ത മാസം റിട്ടയര്‍ ആവേണ്ട സ്കൂള്‍മാഷാ ഞാന്‍. എന്നിട്ടാ ഒന്നാംക്ലാസിലെ കുട്ടിയെപ്പോലെ കൊണ്ടുവിടാന്‍ ഒരു എസ്കോര്‍ട്ട് വരവ്.''
''ഇപ്പൊ എന്താ വേണ്ടേ? ശിവൂട്ടനിഷ്ട്ടല്ലച്ചാ ഞാനിനി നിന്റെ സ്കൂളില്‍ വരണില്ലെയ്, അല്ല ഇതും പറഞ്ഞിനി ന്റെ കുട്ടി വയറു കായ്ക്കണ്ട'' കണ്ണ് നനഞ്ഞിട്ടും നിരയൊത്ത പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കമലോപ്പ.
''ഇന്നാ ഈ പാലും കൂടി കുടിച്ചിട്ട് പോ, ദാ അച്ഛനും അമ്മയ്ക്കും കേക്കണം ന്റെ കുട്ടി മട മടാന്നു കുടിക്കണ ശബ്ദം.''
വാഴത്തോപ്പും കഴിഞ്ഞ് വയലിറമ്പിലേക്ക് ഇറങ്ങുമ്പോള്‍ കാലുകള്‍ക്ക് ഒരു വയ്യായ്ക തോന്നി ശിവദാസന്‍ മാഷിന്. ഇക്കണ്ട കാലത്തിനിടെ ആദ്യമായാണ് ഒറ്റയ്ക്ക് സ്കൂളിലേക്ക്...


ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ ഉമ്മറത്ത് ജപിച്ച രാമനാമങ്ങളിലൂടെ തന്നിലേക്ക് പുണ്യം പകര്‍ന്ന കമലോപ്പ.
മൂന്നുകൊല്ലം കൊണ്ട് ജോലികിട്ടും കമലേ എന്ന് ശങ്കരന്‍ മാഷ്‌ തീര്‍ത്തു പറഞ്ഞിട്ടും ''വേണ്ട മാഷെ, എന്റെ ശിവൂട്ടനെ നോക്കാനാളില്ല'' എന്നും പറഞ്ഞു പഠിത്തം നിറുത്തുകയായിരുന്നു കമലോപ്പ.
ആദ്യരാത്രിയില്‍ 'ശിവൂട്ടന്‍ ഉറങ്ങിയിട്ടുണ്ടാവില്ല' എന്നും പറഞ്ഞു ഉറക്കറയില്‍ നിന്നും ഇറങ്ങിപ്പാഞ്ഞുവന്ന കമലോപ്പ.
മാസങ്ങള്‍ക്ക് ശേഷം ''അയാള്‍ വേറെ കല്യാണം കയിച്ചു കമലേ'' എന്ന് അപ്രത്തെ ജാന്വേടതി വന്നു പറഞ്ഞപ്പോ ''നന്നായി, എനിക്കെന്റെ കുട്ടിയെ നോക്കാലോ'' എന്ന് ആശ്വസിച്ച കമലോപ്പ.
ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോ അച്ഛന്റേം അമ്മേടേം പേരിനു നേരെ കമല ന്നെഴുത്യാ മതി മാഷെ എന്ന് പറഞ്ഞ കമലോപ്പ, താന്‍ കരഞ്ഞപ്പോള്‍ ക്ലാസില്‍ കൂട്ടിരുന്ന, അന്ന് തൊട്ടിന്നോളം രാവിലെ കൂട്ടുവരികയും സ്കൂള്‍ വിടുമ്പോള്‍ ഗെയ്റ്റില്‍ കാത്തുനില്‍ക്കയും ചെയ്യുന്ന തന്റെ കമലോപ്പ.

പോന്നിഷ്ട്ടമായിരുന്നത്രേ അച്ഛന് അമ്മയെ, എന്നിട്ടും തന്റെ പേരും പറഞ്ഞാണ് അമ്മയ്ക്ക് വെഷം കൊടുത്തിട്ട് അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങിയതെന്നു കുഞ്ഞമ്മായീടെ കുത്തുവാക്കുകളില്‍ നിന്നും ചെറുപ്പത്തിലേ പെറുക്കിയെടുത്തിരുന്നു.പിന്നെയെല്ലാം ഓപ്പയായിരുന്നു. ചുരന്നു തുടങ്ങിയിട്ടില്ലാത്ത ആ ഇളം മാറില്‍ തന്റെ കുഞ്ഞിക്കൈകള്‍ എത്രകാലം പരതിയിട്ടുണ്ടാകണം. എത്ര രാത്രികളില്‍ ആ നെഞ്ഞിടിപ്പ്‌ തനിക്ക് താരാട്ടായി. 'നീയെന്താ ശിവൂട്ടാ കല്യാണം വേണ്ട എന്നച് എന്നോടുള്ള കടം വീട്ടുകാ?' എന്ന് ജോലികിട്ടിക്കഴിഞ്ഞു ഒരുനൂറുവട്ടം ചോദിച്ചിരിക്കുന്നു കമലോപ്പ.

''കമലേടത്തി പോയി മാഷേ'' ഗെയ്റ്റില്‍ കാത്തുനിന്നിരുന്നത് ജാന്വേടതീടെ മോന്‍ ദാമുവായിരുന്നു.
നിറഞ്ഞു കത്തുന്ന നിലവിളക്കിനു ചുവട്ടില്‍ മറ്റൊരു തിരിയായി തന്റെ കമലോപ്പ. തനിക്കൊരാള്‍ക്ക് വേണ്ടിയാണു ആ തിരി ഇക്കണ്ട കാലമത്രയും എരിഞ്ഞതെന്നു തോന്നി ശിവദാസന്‍ മാഷിന്. നക്ഷത്രങ്ങള്‍ ഇനിയും കൂടൊഴിഞ്ഞിട്ടില്ലാത്ത ആ കണ്ണുകളില്‍ ''ന്റെ കുട്ടിയെ നോക്കാന്‍ ആളില്ലാണ്ടായീലോ കൃഷ്ണാ'' എന്ന വേദന മാത്രമാണെന്നും. (Dec.2009)

19 പ്രതികരണങ്ങള്‍:

Unknown December 13, 2009  

പുണ്യവതികളായ ഏടത്തിമാര്‍ സ്വന്തമായുള്ളവരോട് തോന്നുന്ന അവസാനിക്കാത്ത കുശുമ്പോടെ വൃന്ദാവനിയില്‍ പുതിയ പോസ്റ്റ്‌.

ഇത് അമ്മ നിരാശപ്പെടുത്തിയ കുഞ്ഞുപെങ്ങള്‍ക്ക്... നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്.

സംഗീത December 13, 2009  

നല്ല കഥ കൃഷ്ണാ, വേദനയോടെ ആണ് അവസാനം എങ്കിലും വലിയ ഇഷ്ടം തോന്നി കമലോപ്പയോട്

...: അപ്പുക്കിളി :... December 13, 2009  

നന്നായെന്ന് ഞാന്‍ പറയില്ല...കാരണം സാധാരണ നിന്നെ വായികുംപോഴുള്ള സുഖമില്ല...( അമ്മ നിരാശപ്പെടുത്തിയത് കൊണ്ടാകാം ;) ) പക്ഷെ ചിലതൊക്കെ ഓര്‍മിപ്പിച്ചു...

നിരക്ഷരൻ December 13, 2009  

ഇങ്ങനൊന്നും എയ്താന്‍ ഞമ്മളെക്കൊണ്ടാവില്ല . ഞമ്മള് പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞിരിക്കും. അതുകൊണ്ടുതന്നെ അന്നോട് അസൂയ ...ഏയ് തീരെയില്ല :)

ശ്രീ December 13, 2009  

ഹൃദയസ്പര്‍ശിയായി എഴുതിയിരിയ്ക്കുന്നു മുരളീ...

കമലോപ്പയും ശിവൂട്ടനും മനസ്സില്‍ നിന്നും പോകുന്നില്ല.

[ചേച്ചിമാരുടെ സ്നേഹം ലഭിയ്ക്കുന്ന ഭാഗ്യവാന്മാരായ അനുജന്മാരോടുള്ള അസൂയയില്‍ പങ്കു ചേരുന്നു :)]

പ്രയാണ്‍ December 13, 2009  

നന്നായിട്ടുണ്ട് .......അവരുടെ സ്നേഹത്തിന്റെ ആഴം ശരിക്കും കാണാന്‍ പറ്റുന്നുണ്ട്.

ആഗ്നേയ December 13, 2009  
This comment has been removed by the author.
ആഗ്നേയ December 13, 2009  

ഇത്തിരിവാക്കിൽ ഒത്തിരി നോവുചേർത്ത്…

SAJAN S December 13, 2009  

കൊള്ളാം , മനസ്സില്‍ ചെറിയൊരു നൊമ്പരം ഉണര്‍ത്തി.......

the man to walk with December 13, 2009  

oh ..ithu pole ethra shehathite manushya roopangal..
ishtaayi

sree December 13, 2009  

very good story muralikaa, keep it up.
sree

ഭൂതത്താന്‍ December 14, 2009  

സ്നേഹത്തിന്റെ ആഴം ......നല്ല കഥ

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

വ്യാസ്... December 14, 2009  

എന്തെടുതിട്ടാ മാഷേ പേസ്റ്റ് ചെയ്യുക? മനോഹരമായ കഥ. ആ മുരളീകൃഷ്ണ ടച് ഫീല്‍ ചെയ്തില്ല. പക്ഷെ ആശയ ദാരിദ്രവും വാക്കുകള്‍ക്ക് പഞ്ഞവുമില്ലാത്ത എഴുത്തുകാരനെ നേരില കാണാന്‍ കഴിയുന്നുണ്ട്. ആശംസകള്‍.

ബിന്ദു കെ പി December 14, 2009  

മനസ്സിൽ തട്ടി, ഈ മനോഹരമായ കൊച്ചു കഥ...

പാവത്താൻ December 14, 2009  

നല്ല കഥ. സ്നേഹത്തിന്റെ വെളിച്ചം വീശുന്ന ഓപ്പോളും മാഷും...

nandakumar December 16, 2009  

മനസ്സില്‍ നോവു പടര്‍ത്തിയ എഴുത്ത്

ഉഷശ്രീ (കിലുക്കാംപെട്ടി) December 16, 2009  

പതിവില്ലാതെ പകല്‍ ഒന്നു ഉറങ്ങി. എന്റെ രവിക്കുട്ടന്‍ എന്തോ പറയുന്നതു കേട്ടു പെട്ടന്നു ഉണര്‍ന്നു. വല്ലാതെ അവനെ കാണണം എന്ന് ഒരു തോന്നല്‍....

വിഷമത്തോടെ വന്നു ലാപ്റ്റോപ്പില്‍ വായിക്കന്‍ ഇരുന്നപ്പോള്‍ നോക്കണേ വായിച്ചത്??പെട്ടന്നു അവനെ വിളിച്ചു സംസാരിച്ചു.

ആ സ്നേഹം ഒരു വിങ്ങല്‍ തന്നെയാ.
പവിത്രമായ ആ സത്യത്തെ ഒന്നുകൂടി പറഞ്ഞു തന്നു ഈ കഥ.

നന്നായിരിക്കുന്നു..പൊട്ടിക്കരഞ്ഞു അവസാനം വായിച്ചപ്പോള്‍. ഇനി ആ ചേച്ചി നക്ഷ്ത്രക്കുട്ടനു കാവലായ് ഒരു നക്ഷ്ത്രമായി നില്‍ക്കും.വിട്ടു പോകനാവില്ല....

ആശംസകള്‍

khader patteppadam January 06, 2010  

കമലോപ്പമാര്‍ ചിരഞ്ജീവികള്‍

Muralee Mukundan , ബിലാത്തിപട്ടണം January 21, 2010  

നോവും,നീരുമാണല്ലൊ കഥയുടെ അവസാനം സമ്മാ‍നിച്ചത്...മുരളി.
കൊള്ളാം കേട്ടൊ...