സെറ്റും സെറ്റിനൊപ്പിച്ച ചില സെറ്റപ്പുകളും

>> 7.11.11



വിജയശതമാനത്തിന്റെ വീരകഥകളല്ല പരാജയപ്പെട്ടവരുടെ എണ്ണബാഹുല്യം കൊണ്ടാണ് സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫലപ്രഖ്യാപനം വാര്‍ത്തകളില്‍ നിറയുന്നതെന്ന് നേരത്തെ തന്നെ വായിച്ചിരുന്നു. ഇത്തവണയും പതിവ് തെറ്റിയില്ല, എട്ട് ശതമാനം മാത്രമായിരുന്നു വിജയം.
സെറ്റ് എഴുതിയ ഒരു സുഹൃത്തിനെ വിളിച്ചുചോദിച്ചു. എന്തായി?
''കിട്ടിയില്ല, എന്നാലൊട്ട് വിഷമവുമില്ല.''
''ങ്ഹും? എന്തേ, പ്രതീക്ഷിച്ചിരുന്നില്ലേ?'' (പരീക്ഷ കടുപ്പമാണെന്നതാണ് പൊതുവേയുള്ള ആക്ഷേപം)
പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം. എന്നാല്‍ കാര്യമതല്ല. മാസ്റ്റര്‍ ഡിഗ്രിയും ബി.എഡും കഴിഞ്ഞ് ടീച്ചിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവരെ ഉദ്ദേശിച്ചുള്ള പരീക്ഷയ്ക്ക് വേണമെങ്കില്‍ അല്‍പം കൂടി കട്ടിയാവാമെന്നാണ് കക്ഷിയുടെ പക്ഷം.

കുഴഞ്ഞുമറിഞ്ഞ പരീക്ഷ മാത്രമല്ല നിലവാരമില്ലാത്ത അഭിനവ അധ്യാപകരും കൂടി ചേര്‍ന്നാണ് സെറ്റ് പരീക്ഷയെ വാര്‍ത്തായാക്കുന്നതെന്ന ചങ്ങാതിയുടെ നിരീക്ഷണം ഒരുപരിധിവരെ ശരിവെയ്ക്കുന്നതായിരുന്നു ഇന്ന് മനോരമ ചാനലില്‍ കണ്ട കാലപ്പഴക്കം ചെന്ന 'എക്‌സ്‌ക്ലൂസിവ് ബ്രേക്കിംഗ്' ന്യൂസ്. അതിങ്ങനെ:
കോഴിക്കോട് ഒരു വിദൂര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പണം കൊടുത്താല്‍ മൂന്ന് മാസം കൊണ്ട് മാസ്റ്റര്‍ ഡിഗ്രി പാസ്സാവാമത്രെ. ഫീസ് 25000 രൂപ. പരീക്ഷ വീട്ടിലിരുന്നും എഴുതാമെന്നതാണ് മനോരമ പരിചയപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ഹൈലൈറ്റ്. മൂന്ന് മാസം കൊണ്ട് മാസ്റ്റര്‍ ഡിഗ്രി, ഭ്രമിപ്പിക്കുന്ന ഓഫര്‍ തന്നെ. പത്ത് വര്‍ഷം ഹൈസ്‌കൂള്‍ ടീച്ചറായിരുന്നവര്‍ക്ക് പ്ലസ് ടുവില്‍ പഠിപ്പിക്കാന്‍ സെറ്റ് ക്ലിയര്‍ ചെയ്യേണ്ടതില്ലെന്ന ആനുകൂല്യമാണ് ഈ മൂന്നുമാസത്തെ മാസ്റ്റര്‍ ഡിഗ്രിക്ക് പ്രിയമേറ്റുമന്നതെന്നാണ് മനോരമ പറയുന്നത്.

ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലുമായിക്കാണണം, കോഴിക്കോട്ട് ഒരു പരിചയക്കാരന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കാശ് കൊടുത്ത് സ്വന്തമാക്കിയിട്ട്. ഏത് വിഷയം വേണം, എത്ര മാര്‍ക്ക് വേണം, യൂണിവേഴ്‌സിറ്റി ഏതാണ് പ്രിഫര്‍ ചെയ്യുന്നത് എന്നിങ്ങനെ ചോദിച്ച് അയാള്‍ കച്ചവടം ഉറപ്പിക്കുമ്പോള്‍ ഇതൊരു വാര്‍ത്തയാക്കണമല്ലോ എന്ന് മനസ്സില്‍ കരുതിയതാണ്. ചതിയില്‍ വഞ്ചന പാടില്ലല്ലോ എന്നോര്‍ത്ത് അന്നത് നടന്നില്ല.
ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജിലെ ജേര്‍ണലിസം അധ്യാപകന്‍ പി.യു.സി പാസ്സായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനായ അയാള്‍ മാസ്റ്റര്‍ ഡിഗ്രിവരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞുകേട്ടിരുന്നു. കേട്ടുകേള്‍വികളിള്‍ അവസാനത്തേത് അയാള്‍ മൈസൂരില്‍ പി. എച്ച്. ഡിക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നതാണ്. ഒന്നുറപ്പാണ്, ഞങ്ങളിരുന്ന അതേ ക്യാംപസിലാണ് ആ മനുഷ്യന്‍ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയെഴുതിയത്. പണം കൊടുത്താല്‍ നെറ്റും വിജയിപ്പിച്ചു കൊടുക്കുന്നവരുണ്ടെന്ന് കേട്ടു, സത്യാവസ്ഥയറിയില്ല.

കോഴിക്കോട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ നിന്നും പ്ലസ് ടുവില്‍ ജേര്‍ണലിസം ടീച്ചറെ ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നപ്പോഴെന്തു സന്തോഷമായിരുന്നു. പേര് ചോദിച്ചു. രണ്ടാമത്തെ ചോദ്യം, വീടെവിടെ? കാഞ്ഞങ്ങാട്ടുകാരനായ നിങ്ങള്‍ക്ക് കോഴിക്കോട് വന്ന് താമസിക്കാന്‍ വിരോധമൊന്നുമില്ലല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. ''സെറ്റുണ്ടോ?'' ''ഇല്ല.'' ''ഉടനേ എഴുതിയെടുക്കണം ട്ടോ. ഞങ്ങള് സഹായിക്കാം.'' (അതെങ്ങനെയെന്ന് പറഞ്ഞില്ല). ഒരിരുപതുറുപ്യ തന്നോളൂ, ജേര്‍ണലിസം ആയോണ്ടാണ് ഇത്രേം കുറവ്, ആളെ കിട്ടാനില്ല. ഇംഗ്ലീഷിന് മുപ്പതിനാ കഴിഞ്ഞാഴ്ച ഒരു പോസ്റ്റ് പോയത്.
സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ചിരിക്കുന്നു: ഇരുപതല്ലേ ചോദിച്ചുള്ളൂ, നിന്റെ ഭാഗ്യം.

അദ്ധ്യാപകന്‍/അധ്യാപകന്‍, ഉല്‍പ്പത്തി/ ഉല്‍പത്തി, കാല്‍പ്പനികം/ കാല്‍പനികം - ഇതിലേതൊക്കെയാണ് മാഷേ ശരിയെന്നു ചോദിച്ചു മലയാളത്തിലെ പ്രശസ്തനായ ഒരധ്യാപകനോട് കഴിഞ്ഞ ദിവസം. അങ്ങനെയും എഴുതാം, ഇങ്ങനെയും എഴുതാം. അതെങ്ങനെ മാഷേ അങ്ങനെയും ഇങ്ങനെയും എഴുതുക. അപ്പോള്‍ ഇതിന് നിയതമായൊരു ശരിയില്ലേ? മാഷ് കൈമലര്‍ത്തി. ആധികാരികമായി പറയാനറിയിലിലെന്ന്. എല്ലാവരും എല്ലാം അറിഞ്ഞിരിക്കണമെന്നല്ല. വാശിയില്ല. എങ്കിലും അധ്യാപകര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനുള്ളതെങ്കിലും അറിയണമെന്നൊരാശ. അറിയില്ലെങ്കില്‍ അന്വേഷിച്ചെങ്കിലും പറഞ്ഞുകൊടുക്കണമെന്നും.
മറ്റൊരിക്കല്‍ ചോദിച്ചു. എന്തിനാണ് മാഷേ വാക്കുകള്‍ക്കിത്ര കടുപ്പം. ഉടന്‍ കിട്ടി മറുപടി. വാക്കുകള്‍ക്ക് ഗഹനത വേണം. നീന്താനിടം വേണം. ആയ്‌ക്കോട്ടെ, നീന്തിക്കോട്ടെ, വായനക്കാരന്‍ ശ്വാസം മുട്ടി മരിച്ചാലെന്തുചെയ്യും? മറുപടിയില്ല. വെളിച്ചത്തിനെന്ത് വെളിച്ചമെന്ന് ബഷീര്‍ ചോദിച്ചപ്പോള്‍ നീന്തിയവരേറെയുണ്ട്, ആരും മുങ്ങിച്ചത്തതായി അറിവില്ല.

വീടിനടുത്തൊരു ഗവണ്‍മെന്റ് കോലേജില്‍ ജേര്‍ണലിസം സബ് ആയുണ്ട്. അന്വേഷിച്ചപ്പോ പഴയ കോളേജ് മാഷാണ് പ്രിന്‍സിപ്പാള്‍. പോയിനോക്കി. മാഷിന് വല്ലാത്ത സ്‌നേഹം, അയ്യോ മുരളീ ഒരു ഇംഗ്ലീഷ് ടീച്ചറാണ് ജേര്‍ണലിസം എടുക്കുന്നത്. താനിപ്പോള്‍ അപ്ലൈ ചെയ്താല്‍ അവരുടെ പണിപോകും. ഒന്നും തോന്നരുത്. ശരി മാഷേ. ഇല്ല വേറൊന്നും തോന്നിയില്ല.
ബി.ടെക്ക് വിജയിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടും. തോല്‍ക്കുന്നവരോ, അവര് കോച്ചിംഗ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പോകും - സുഹൃത്തിന്റെ വക കടുപ്പത്തിലൊരു തമാശ. മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്നിങ്ങനെ കൊള്ളാവുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ശരിയാവാത്തവരാണ് ജേര്‍ണലിസം പഠിക്കാന്‍ വരുന്നതെന്നും അതാണ് ഇത്ര ഭീകരമായ നിലവാരത്തകര്‍ച്ച ഈ ഫീല്‍ഡിലുണ്ടാവാന്‍ കാരണമെന്നും ഒരു ഇന്റര്‍നെറ്റ് തമാശയും പ്രചരിച്ചുകണ്ടിരുന്നു. പല അധ്യാപകരുടെയും കാര്യത്തില്‍ ഇത്തരം തമാശകള്‍ ഒരു തമാശയേ അല്ല എന്നതാണ് ഇക്കാര്യത്തിലെ വലിയ തമാശ.

അധ്യാപകനാകണം എന്നത് ജീവിതാഭിലാഷം. ഇടയ്‌ക്കെപ്പോഴോ എഴുത്തുകാരനാകണം എന്നാഗ്രഹിച്ച് പത്രപ്രവര്‍ത്തനം പഠിക്കാനെടുത്തു. പത്രപ്രവര്‍ത്തകനാകാം. ജേര്‍ണലിസത്തിന് ബി.എഡ് വേണ്ട എന്നത് കൊണ്ട് വേണമെങ്കില്‍ അധ്യാപകനുമാവാം. ഹാ, എത്ര സുരഭിലം ശിഷ്ടകാലം.

Read more...

കാ ത്വം ബാലേ- കാഞ്ചനമാലാ

>> 28.5.10

കഥയാല്‍ തടുക്കാമോ കാലത്തെ, വിശക്കുമ്പോള്‍
തണുത്ത തലച്ചോറേയുണ്ണുവാനുള്ളൂ കയ്യില്‍ - ചുള്ളിക്കാട്


''പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍
കുലം മുടിക്കുന്നവന്‍.....''
എന്നൊരു വിശേഷണം അച്ഛന്‍ കണ്ണനെക്കുറിച്ച് നാണുവമ്മാവനോട് പറഞ്ഞത് അഞ്ചാറ് കൊല്ലം മുമ്പത്തെ ഒരു മഴക്കാലത്താണ്. മുജ്ജന്മത്തിലെ ശത്രുക്കളാണ് പുത്രന്മാരായി ജനിക്കുന്നത് എന്നായിരുന്നു അച്ഛന്റെ ധാരണ. പ്രത്യേകിച്ച് ഇളയ പുത്രനായി. പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാകയാലും അച്ഛനാകയാലും കണ്ണന്‍ മറുത്തൊന്നും പറയാതെ ആ ധാരണയെ ആവുംവിധം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ഭാഗ്യവാനായ മകന്‍ താനാണെന്ന കണ്ണന്റെ അഹങ്കാരത്തോട് പ്രതിപക്ഷബഹുമാനം തീരെക്കുറവായ ആ പഴയ ഫ്യൂഡലിസ്റ്റ് അശേഷം യോജിച്ചതില്ല.


ഏട്ടനില്ലാത്ത തക്കം നോക്കി അമ്മയുടെ മടിയില്‍ കിടന്ന് ബാംഗ്ലൂരിയന്‍ വിശേഷങ്ങള്‍ വിളമ്പുകയായിരുന്നു കണ്ണന്‍. കയ്യിലൊരു സഞ്ചിയുമായി കയറിവന്ന അച്ഛന്‍ ''നീയെപ്പോ വന്നു കുട്ടാ'' എന്നും ചോദിച്ച് കുളിക്കാനായി തൊടിയിലേക്കിറങ്ങി.
''ആലപ്പുഴയ്ക്കു പോയി വന്നാലെനിക്കച്ഛനാ-
റഞ്ചു കൊണ്ടെത്തരാറുള്ളതോര്‍ത്തു ഞാന്‍''.
എന്നുപാടിക്കൊണ്ട് കണ്ണന്‍ പൊതിക്കരികിലേക്കോടി. ഇതെന്താമ്മേ ഇത്രയധികം പഞ്ചസാര? മൂന്ന് നാല് കിലോയില്‍ കുറയാത്ത പൊതി കയ്യിലെടുത്ത് കണ്ണന്‍ അമ്മയുടെ നേരെ തിരിഞ്ഞു. ബാംഗ്ലൂരില്‍ ഞങ്ങള്‍ സാധാരണ കാല്‍ക്കിലോ പഞ്ചസാരയാണ് വാങ്ങാറുള്ളതെന്ന് അമ്മയോട് പറയാന്‍ തുടങ്ങുകയായിരുന്നു അവന്‍. ഇളയമകനെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടുകണ്ടിട്ടുള്ള പത്മാവതിയമ്മയുടെ കണ്ണുകള്‍ അപ്പോഴേക്കും പക്ഷേ നിറഞ്ഞുപോയിരുന്നു

* * * *
''അത്രയ്ക്കും കുറച്ച് എന്നോട് മിണ്ടിയാല്‍ മതീലോ''
''ഏഹ്''
''അതേയപ്പൂ, നിന്റച്ചനിപ്പോ എന്നെ കണ്ടൂടാ, എന്നോട് മിണ്ടിക്കൂടാ''
''എന്താമ്മേ? എന്തായിപ്പറയണേ''
ആദ്യമായാണ് ഇത്തരമൊരു കേള്‍വി. അച്ഛനുമമ്മയും പരസ്പരം മിണ്ടണില്ലത്രേ. എന്തോ പറഞ്ഞു പിണങ്ങി അതങ്ങു നീണ്ടു നീണ്ടു പോകയാണ്.
''മുപ്പത്തഞ്ചു കൊല്ലത്തോളം ഒരുമിച്ചു കഴിഞ്ഞിട്ടും മൂന്നാല് മാസത്തോളം മിണ്ടാതിരിക്കുക. ഇതെന്താമ്മേ ഇങ്ങനെ തുടങ്ങണെ? അതും ഒന്നു മിണ്ടാന്‍ വേറൊരാളിവിടുണ്ടെങ്കില്‍ വേണ്ടീല''
''നിനക്കെന്താ കുട്ടാ? ഞാനെന്തേലും മിണ്ടണംന്നച്ചാ പൈക്കളോടോ പൂച്ചയോടോ പറയും. അവറ്റോളാവുമ്പോ ചാടിക്കടിക്കാന്‍ വരൂലല്ലോ''


''എന്തൊരു സമസ്യയാണപ്പാ ഈ ജീവിതം. കേട്ടിട്ട് കല്യാണത്തെക്കുറിച്ച് ഓര്‍ക്കാനൂടെ പേടിയാകുന്നല്ലോ''- ആത്മഗതം അല്‍പം ഉച്ചത്തിലായിപ്പോയി.
''എന്റെ കുട്ടിയിപ്പോ മംഗലം കയിക്കുന്നതിനെക്കുറിച്ചൊന്നുമോര്‍ത്ത് ബേജാറാവണ്ട. നിനക്ക് വേണംച്ചാ ഞാന്‍ വേറൊരു സമസ്യ തരാം. ക ഖ ഗ ഘ''
പറയലും പദം തരലും വേഗം കഴിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്ക?
''സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കൂ പത്മാവതിയമ്മേ'' കണ്ണന്‍സിന്റെ കണ്ണുകള്‍ അമ്മയുടെ മുഖത്തേക്ക്. അവിടെയതാ നീര്‍ത്തുള്ളിയില്‍ കുസൃതിയുടെ സൂര്യനുദിച്ചുനില്‍ക്കുന്നു. ''നീയ്യ് വല്യ പത്രക്കാരനല്ലേ, പറഞ്ഞില്ലേല്‍ എന്റെ മോനിന്ന് പട്ടിണിയാ''
വിക്രമാദിത്യമഹാരാജാവ് നവരത്‌നങ്ങള്‍ക്ക് കൊടുത്ത പണിയാണിത്. പാവം കാളിദാസന്‍ മാനം കാക്കാന്‍ ഒരുമ്പിട്ടറങ്ങി. വഴിയിലൊരു കൊച്ചുപെണ്‍കുട്ടിയെ കണ്ടു. അങ്ങനെയാണത്രേ ചരിത്രം.


* * * *
ആലോചിച്ചു നിന്നാല്‍ പട്ടിണിയാവേ ഉള്ളൂ. നേരം കളയാതെ ഉത്തരം കണ്ടെത്താന്‍ നോക്കാം. ''അച്ഛാ ക ഖ ഗ ഘ''
''എന്ത് കാ ക്ക ക ക്കാ?''
കര്‍ക്കിടകത്തില്‍ വായിക്കാനുള്ള രാമായണത്തിന്റെ താളുകളെല്ലാം ഭദ്രമാണെന്നുറപ്പു വരുത്തുകയാണ് പിതാശ്രീ.
''ക ക്ക ക ക്കാ അല്ലച്ഛാ, ക ഖ ഗ ഘ. അമ്മ പറഞ്ഞതാ. എന്തോ സമസ്യയാണത്രേ''
''അതെയോ വെറൊന്നും പറഞ്ഞില്ലേ നിന്റമ്മ''- പിതാശ്രീ ഉവാച.
''ഉം, ആ കാളിദാസന്‍ ഏതോ പെണ്‍കുട്ടിയെ കണ്ട് നിക്കുവാ എന്നു പറഞ്ഞു.''
''ഉം, ആ കുട്ടിയോട് കാളിദാസന്‍ കാ ത്വം ബാലേ എന്നു ചോദിച്ചു എന്നു പറ''
ദൂതുമായി കണ്ണന്‍ അടുക്കളയിലേക്ക് പാഞ്ഞു.
''കാഞ്ചനമാല''
തുടര്‍ന്ന് നടന്നത് ഇങ്ങനെ
അഭിനവ കാളിദാസന്‍ കൃഷ്ണന്‍ നായര്‍: ''കസ്യാ പുത്രി?'' (ആരുടെ പുത്രി?)
അടുക്കളയില്‍ നിന്നും: ''കനകലതായാ''
''കിം തേ ഹസ്തേ?'' (എന്താണു കൈയ്യില്‍)
''താലീപത്രം'' (താളിയോല)
''കാ വാ രേഖ?'' (എന്താണ് എഴുതിയിരിക്കുന്നത്?)
''ക ഖ ഗ ഘ''
ചായയുമായി വന്ന അമ്മയോട് അച്ഛന്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കേട്ടു ''ഒന്നും മറന്നില്ലേ നീയ്''
(അമ്മയുടെ പിണക്കം മാറ്റാനായി ആദ്യനാളുകളിലൊന്നില്‍ അച്ഛന്‍ പറഞ്ഞ കഥയായായിരുന്നത്രേ അത്!!!)

* * * *
അനന്തരം സമസ്യ പരിഹരിച്ചുകിട്ടിയ കാളിദാസന്‍ ഉജ്ജയനി ലക്ഷ്യമാക്കി നടന്നു. താല്‍ക്കാലികാശ്വാസത്തോടെ കള്ളക്കണ്ണന്‍ അമ്മയുടെ മടിയിലേക്കും ചാഞ്ഞു. ഇതി കഥാന്ത്യം ശുഭം. (may 2010)

Read more...

ദി പയനീര്‍ ഞായറാഴ്ച പതിപ്പില്‍ പഞ്ചഗുസ്തി ലോകചാമ്പ്യന്‍ ജോബി മാത്യുവിനെക്കുറിച്ച്....

>> 15.3.10

Read more...

നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്...

>> 11.12.09

''മാഷേ... ശിവദാസന്‍ മാഷെ.. വീട്ടില്‍ നിന്നും ആളു വന്നിരിക്കുന്നൂന്ന്.. '' അറ്റന്റര്‍ നാരായണന്‍ സ്റ്റാഫ് റൂമിന്റെ വാതില്‍ക്കല്‍ തല കാണിച്ചു.
''മണി മൂന്നരയാവണതല്ലേയുള്ളൂ നാരായണാ, ആ കുമാരേട്ടന്റെ ചായപ്പീടികയിലേക്കിരുത്തീട്ട് കുടിക്കാന്‍ എന്താച്ചാ വാങ്ങിക്കൊടുക്ക് താന്‍, ഞാന്‍ ദാ ഇതൂടെ ഒന്നു തീര്‍ത്തിട്ട് വര്യായി..''
ആഹാ പറഞ്ഞ് നാക്കു തൊള്ളേലിട്ടതല്ലേയുള്ളൂ.. നൂറായുസ്സാട്ടൊ മാഷിന്റെ കമലോപ്പയ്ക്ക്..'' പി റ്റി എ മീറ്റിങ്ങിനു ശിവദാസന്‍ മാഷിന്റെ വീട്ടില്‍ നിന്നും ആളു വരില്ലേ എന്നു കളിയാക്കിയ റസിയ ടീച്ചര്‍ ചിരിച്ചു.
''അല്ലെങ്കില്‍ വേണ്ട നാരായണാ, ഞാന്‍ തന്നെ പൂവാം'' തടിയന്‍ ഡയറി മടക്കിവെച്ചു ശിവദാസന്‍ മാഷ്.
രാവിലെ വഴക്കിട്ടത്തിന്റെ സങ്കടം കൊണ്ടാകണം ഇന്ന് നേരത്തെ വന്നത്.


''ഓപ്പോള്‍ക്കെന്താ ഭ്രാന്താണോ?'' എത്ര അടക്കിയിട്ടും ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല മാഷിനു. ''ഞാനെന്താ ഇള്ളക്കുട്ടിയാണെന്നാണോ വിചാരം? അടുത്ത മാസം റിട്ടയര്‍ ആവേണ്ട സ്കൂള്‍മാഷാ ഞാന്‍. എന്നിട്ടാ ഒന്നാംക്ലാസിലെ കുട്ടിയെപ്പോലെ കൊണ്ടുവിടാന്‍ ഒരു എസ്കോര്‍ട്ട് വരവ്.''
''ഇപ്പൊ എന്താ വേണ്ടേ? ശിവൂട്ടനിഷ്ട്ടല്ലച്ചാ ഞാനിനി നിന്റെ സ്കൂളില്‍ വരണില്ലെയ്, അല്ല ഇതും പറഞ്ഞിനി ന്റെ കുട്ടി വയറു കായ്ക്കണ്ട'' കണ്ണ് നനഞ്ഞിട്ടും നിരയൊത്ത പല്ലുകള്‍ കാട്ടി വെളുക്കെ ചിരിച്ചു കമലോപ്പ.
''ഇന്നാ ഈ പാലും കൂടി കുടിച്ചിട്ട് പോ, ദാ അച്ഛനും അമ്മയ്ക്കും കേക്കണം ന്റെ കുട്ടി മട മടാന്നു കുടിക്കണ ശബ്ദം.''
വാഴത്തോപ്പും കഴിഞ്ഞ് വയലിറമ്പിലേക്ക് ഇറങ്ങുമ്പോള്‍ കാലുകള്‍ക്ക് ഒരു വയ്യായ്ക തോന്നി ശിവദാസന്‍ മാഷിന്. ഇക്കണ്ട കാലത്തിനിടെ ആദ്യമായാണ് ഒറ്റയ്ക്ക് സ്കൂളിലേക്ക്...


ത്രിസന്ധ്യകളില്‍ കുളിച്ച് ഈറനോടെ ഉമ്മറത്ത് ജപിച്ച രാമനാമങ്ങളിലൂടെ തന്നിലേക്ക് പുണ്യം പകര്‍ന്ന കമലോപ്പ.
മൂന്നുകൊല്ലം കൊണ്ട് ജോലികിട്ടും കമലേ എന്ന് ശങ്കരന്‍ മാഷ്‌ തീര്‍ത്തു പറഞ്ഞിട്ടും ''വേണ്ട മാഷെ, എന്റെ ശിവൂട്ടനെ നോക്കാനാളില്ല'' എന്നും പറഞ്ഞു പഠിത്തം നിറുത്തുകയായിരുന്നു കമലോപ്പ.
ആദ്യരാത്രിയില്‍ 'ശിവൂട്ടന്‍ ഉറങ്ങിയിട്ടുണ്ടാവില്ല' എന്നും പറഞ്ഞു ഉറക്കറയില്‍ നിന്നും ഇറങ്ങിപ്പാഞ്ഞുവന്ന കമലോപ്പ.
മാസങ്ങള്‍ക്ക് ശേഷം ''അയാള്‍ വേറെ കല്യാണം കയിച്ചു കമലേ'' എന്ന് അപ്രത്തെ ജാന്വേടതി വന്നു പറഞ്ഞപ്പോ ''നന്നായി, എനിക്കെന്റെ കുട്ടിയെ നോക്കാലോ'' എന്ന് ആശ്വസിച്ച കമലോപ്പ.
ഒന്നാം ക്ലാസില്‍ ചേര്‍ക്കുമ്പോ അച്ഛന്റേം അമ്മേടേം പേരിനു നേരെ കമല ന്നെഴുത്യാ മതി മാഷെ എന്ന് പറഞ്ഞ കമലോപ്പ, താന്‍ കരഞ്ഞപ്പോള്‍ ക്ലാസില്‍ കൂട്ടിരുന്ന, അന്ന് തൊട്ടിന്നോളം രാവിലെ കൂട്ടുവരികയും സ്കൂള്‍ വിടുമ്പോള്‍ ഗെയ്റ്റില്‍ കാത്തുനില്‍ക്കയും ചെയ്യുന്ന തന്റെ കമലോപ്പ.

പോന്നിഷ്ട്ടമായിരുന്നത്രേ അച്ഛന് അമ്മയെ, എന്നിട്ടും തന്റെ പേരും പറഞ്ഞാണ് അമ്മയ്ക്ക് വെഷം കൊടുത്തിട്ട് അച്ഛന്‍ ഉത്തരത്തില്‍ തൂങ്ങിയതെന്നു കുഞ്ഞമ്മായീടെ കുത്തുവാക്കുകളില്‍ നിന്നും ചെറുപ്പത്തിലേ പെറുക്കിയെടുത്തിരുന്നു.പിന്നെയെല്ലാം ഓപ്പയായിരുന്നു. ചുരന്നു തുടങ്ങിയിട്ടില്ലാത്ത ആ ഇളം മാറില്‍ തന്റെ കുഞ്ഞിക്കൈകള്‍ എത്രകാലം പരതിയിട്ടുണ്ടാകണം. എത്ര രാത്രികളില്‍ ആ നെഞ്ഞിടിപ്പ്‌ തനിക്ക് താരാട്ടായി. 'നീയെന്താ ശിവൂട്ടാ കല്യാണം വേണ്ട എന്നച് എന്നോടുള്ള കടം വീട്ടുകാ?' എന്ന് ജോലികിട്ടിക്കഴിഞ്ഞു ഒരുനൂറുവട്ടം ചോദിച്ചിരിക്കുന്നു കമലോപ്പ.

''കമലേടത്തി പോയി മാഷേ'' ഗെയ്റ്റില്‍ കാത്തുനിന്നിരുന്നത് ജാന്വേടതീടെ മോന്‍ ദാമുവായിരുന്നു.
നിറഞ്ഞു കത്തുന്ന നിലവിളക്കിനു ചുവട്ടില്‍ മറ്റൊരു തിരിയായി തന്റെ കമലോപ്പ. തനിക്കൊരാള്‍ക്ക് വേണ്ടിയാണു ആ തിരി ഇക്കണ്ട കാലമത്രയും എരിഞ്ഞതെന്നു തോന്നി ശിവദാസന്‍ മാഷിന്. നക്ഷത്രങ്ങള്‍ ഇനിയും കൂടൊഴിഞ്ഞിട്ടില്ലാത്ത ആ കണ്ണുകളില്‍ ''ന്റെ കുട്ടിയെ നോക്കാന്‍ ആളില്ലാണ്ടായീലോ കൃഷ്ണാ'' എന്ന വേദന മാത്രമാണെന്നും. (Dec.2009)

Read more...

വന്നാ എ ജോബ്‌ മാന്‍?

>> 14.7.09

`സിറ്റ്‌ ഡൗണ്‍ മിസ്റ്റര്‍ വ്യാസ്‌', ഡോ.ബര്‍ണാഡ്‌ കൈകള്‍ നീട്ടി.
`താങ്ക്‌ യൂ സര്‍'... തേരട്ടയെ ചവച്ചാലെന്ന പോലെയാണ്‌ അവസാന വാക്ക്‌ പുറത്തേക്ക്‌ വന്നത്‌. സര്‍... ചെറുപ്പത്തിലേ ആ വാക്ക്‌ അയാള്‍ക്ക്‌ കലിയാണ്‌. കൊളോണിയലിസ്റ്റ്‌ തമ്പുരാക്കന്മാര്‍ അവശേഷിപ്പിച്ചുപോയ അടയാളവാക്ക്‌ പോലെ.. മേല്‍മുണ്‌ ട്‌ അരയില്‍കെട്ടി നടുവളഞ്ഞ്‌ വാ പൊത്തി നില്‍ക്കുന്ന പോയകാലത്തിന്റെ ദൈന്യതയെ ഓര്‍മിപ്പിക്കുന്ന വാക്ക്‌... വേണ്‌ ടിയിരുന്നില്ല, മാഷേ എന്ന്‌ മതിയായിരുന്നു. ഛേയ്‌ അതുശരിയാകില്ല. കമ്പനി പേഴ്‌സണാകാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണ്‌ താന്‍. അത്‌ മറക്കരുത്‌.

`എന്താ മിസ്റ്റര്‍ വ്യാസ്‌ ഒരു കനത്ത ആലോചന?'
`ഹേയ്‌, നതിംഗ്‌ സര്‍'.. വായില്‍ വീണ്‌ ടും അതേ ചവര്‍പ്പ്‌.
`ലുക്‌, നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞാന്‍ വായിച്ചു.' സായിപ്പിന്റെ മലയാളത്തിന്‌ വല്ലാത്ത വൃത്തി. `നിങ്ങളുടെ പേര്‌ വേദവ്യാസന്‍ എന്നാണ്‌. ആം ഐ കറക്‌റ്റ്‌?'
ഉവ്വ്‌, അങ്ങിനെയാണ്‌.
`പക്ഷേ നിങ്ങള്‍ എഴുതിയിരിക്കുന്നത്‌ വേദവ്യാസ്‌ എന്നും..'
`അതേ വീണ്‌ ടും' തലയാട്ടി
`വളര്‍ന്നപ്പോള്‍ പേര്‌ ലോപിച്ചുപോയോ മിസ്റ്റര്‍ വ്യാസ്‌? അതോ നിങ്ങള്‍ ചുരുക്കിയതോ?` സായിപ്പിന്‌ ചിരി.
`ഞാന്‍'.... അയാള്‍ വിക്കി.
പേരിന്‌ പ്രൗഢി പോരെന്ന്‌ തോന്നിയപ്പോള്‍ കുറുക്കിയെഴുതി എന്നാണ്‌ പറയേണ്‌ ടത്‌.
`പേര്‌ ലോപിച്ചപ്പോള്‍ അര്‍ത്ഥം നഷ്‌ടപ്പെട്ടു.' സായിപ്പ്‌ വീണ്‌ ടും ചിരിക്കുന്നു.


പണ്ട്‌ മലയാളം ക്ലാസില്‍ വിശ്വംഭരന്‍ മാഷ്‌ പറഞ്ഞതോര്‍ത്തു വേദവ്യാസ്‌.
`ആണിന്റെ പേരിന്‌ പൗരുഷം വേണം. അത്‌ ``ന്‍'' എന്ന്‌ അവസാനിക്കണം.' അദ്ദേഹം ഉറക്കെ ഉദാഹരിക്കയും ചെയ്‌തു. ``വിശ്വംഭരന്‍, നാരായണന്‍, രാധാകൃഷ്‌ണന്‍, വേദവ്യാസന്‍'.. അത്‌ തന്നെ നോക്കിയായിരുന്നു. `അല്ലാതെ ജിജി, വിജി, സജി എന്നപോലെ പച്ചക്കറിക്ക്‌ പേരിടുന്നപോലെയാവരുത്‌. അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ചതാവണം.'
`ലുക്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ പേര്‌ കമ്പനിക്ക്‌ ഒരു വിഷയമല്ല. നിങ്ങളുടെ അക്കാദമിക്‌ സ്‌കില്ലും ഞങ്ങള്‍ക്ക്‌ വേണ്‌ ട. പക്ഷേ സാമാന്യത്തില്‍ കവിഞ്ഞ ചിന്തകളുള്ള ആളാണ്‌ നിങ്ങള്‍. അതിന്‌ ഞങ്ങള്‍ ഇംപോര്‍ട്ടന്റ്‌സ്‌ കൊടുക്കുന്നുണ്‌ ട്‌, കാരണം'.. ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്താനുള്ള ആവേശത്തെ ബര്‍ണാര്‍ഡ്‌ സായിപ്പ്‌ ഒന്നൊതുക്കി.
ചോദ്യഭാവത്തില്‍ വ്യാസ്‌ തലയുയര്‍ത്തിയത്‌ അദ്ദേഹം കണ്ടുകൂടിയില്ല, ആവേശം ചോര്‍ന്നുപോകാതെ തുടരുകമാത്രം ചെയ്‌തു.
`അനുകൂല സമയത്ത്‌ ചേര്‍ച്ചയുള്ള ബീജവും അണ്‌ഡവും കൂടിയാല്‍ മഹത്തുക്കള്‍ പിറക്കുമെന്ന്‌ കേട്ടിട്ടില്ലേ നിങ്ങള്‍? നിങ്ങള്‍ ഒരിന്ത്യാക്കാരനല്ലേ? എന്നിട്ടും?' വ്യാസിന്റെ കണ്ണിലെ അമ്പരപ്പിലേക്ക്‌ നോക്കിയാണ്‌ അയാള്‍ ചോദിച്ചത്‌.
`ഉണ്ട്‌, ഭഗവാന്‍ വേദവ്യാസന്റെ ജനനം അത്തരത്തിലൊന്നായിരുന്നു.' താന്‍ ഒരു ചരിത്രമറിയാത്ത മണ്ടനാണെന്ന്‌ സായിപ്പ്‌ കരുതരുതല്ലോ..
`യെസ്‌ മിസ്റ്റര്‍ വ്യാസ്‌, ഹി ഈസ്‌ വേദവ്യാസന്‍, നോട്ട്‌ വ്യാസ്‌'
`അപ്പോള്‍ നിങ്ങള്‍ക്ക്‌ കഥകളറിയാം. പക്ഷേ അതിനും മുമ്പ്‌ കഥകളുണ്‌ ട്‌. സുന്ദരിയായ ഭാര്യയുമൊത്ത്‌ രതികേളിക്കൊരുങ്ങവേ നായാട്ടിനു പുറപ്പെടൂ പുത്രാ എന്ന പിതാവിന്റെ ആജ്ഞ അനുസരിക്കേണ്‌ ടി വന്ന ചേദിരാജാവായ വസുവിനെക്കുറിച്ച്‌ കേട്ടിട്ടുണ്‌ ടോ? മൃഗയാവിനോദത്തിന്‌ കാട്ടിലെത്തിയെങ്കിലും രാജാവിന്റെ മനസ്‌ കേളീസന്നദ്ധയായ പത്‌നീസമക്ഷത്തിലായിരുന്നു. വധൂസ്‌മരണയില്‍ സ്‌ഖലിച്ച ശുക്ലത്തെ കിഴികെട്ടി സന്താനദാഹത്തോടെ കഴിയുന്ന രാജപത്‌നിക്ക്‌ ഇതെത്തിക്കുക എന്ന നിര്‍ദ്ദേശത്തോടെ ഒരു പരുന്തിനെ ഏല്‍പ്പിച്ചു വസു. എന്നാല്‍ യാത്രമദ്ധ്യേ പരുന്തിന്റെ വായിലെ കിഴി മാംസമാണെന്നു ധരിച്ച മറ്റൊരു പരുന്ത്‌ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. താഴെ ശക്‌തിമതിയെന്ന നദിയില്‍ വീണ ആ കിഴി ഒരു മത്സ്യം വയറ്റിലാക്കുകയും ചെയ്‌തു.'
അമ്മൂമ്മക്കഥകളില്‍ പോലും കേള്‍വിപ്പെടാത്ത കഥ പറഞ്ഞ അന്യനാട്ടുകാരനെ അത്ഭുതം കൂറുന്ന കണ്ണോടെ നോക്കി അഭിനവവ്യാസന്‍. ബര്‍ണാര്‍ഡ്‌ സായിപ്പ്‌ കഥ പറഞ്ഞുനിര്‍ത്തി
``ആ മത്സ്യം പ്രസവിച്ച ഇരട്ടക്കുട്ടികളിലൊന്നാണ്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ ഭഗവാന്‍ വേദവ്യാസനെ പ്രസവിച്ച മത്സ്യഗന്ധി എന്ന സത്യവതി.''
`ക്ഷമിക്കണം സാര്‍, ഇതൊന്നും എനിക്ക്‌... ?'


`കൂള്‍ മിസ്റ്റര്‍ വ്യാസ്‌, അത്‌ നമുക്ക്‌ വിഷയല്ല. ഇവിടെ നോക്കൂ, ഈ ബോട്ടിലുകളാണ്‌ നിങ്ങളുടെ പരീക്ഷണ ശാലകള്‍. നിങ്ങളുടെ ബീജമാണ്‌ ഞങ്ങള്‍ക്കുവേണ്‌ ട സേവനം.'
`നിങ്ങള്‍, നിങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? '
`അത്‌ തന്നെയാണ്‌ മിസ്റ്റര്‍ വ്യാസ്‌, നിങ്ങളുടെ നാട്ടിലെ ആളുകള്‍ക്ക്‌ തികഞ്ഞ ബുദ്ധിയാണ്‌. ആ മാനവിഭവങ്ങള്‍ തന്നെയാണ്‌ പടിഞ്ഞാറിന്‌ വേണ്‌ ട്‌. അത്‌ പക്ഷേ നിങ്ങള്‍ നീട്ടിയ ഈ സര്‍ട്ടിഫിക്കറ്റുകളായല്ല. നിങ്ങളെക്കൊണ്‌ ട്‌ എന്തിനു കൊള്ളും? നിങ്ങളെന്തുകൂട്ടിയാല്‍ കൂടും? ഒന്നും പഠിക്കാത്ത അഭ്യസ്‌ത വിദ്യരാണ്‌ നിങ്ങള്‍. അതുകൊണ്‌ ട്‌...'
ഒന്നു കിതപ്പാറ്റിയശേഷം സായിപ്പ്‌ തുടര്‍ന്നു. `ഞങ്ങള്‍ക്കുവേണ്‌ ടത്‌ ഞങ്ങള്‍ സൃഷ്‌ടിക്കും. അതിനുള്ള ബീജമാണ്‌ നിങ്ങള്‍ തരേണ്‌ ടത്‌. നിങ്ങള്‍ക്ക്‌ വേണ്‌ ടത്‌ പണമല്ലേ, പണം മാത്രമല്ലേ? അത്‌ ഞങ്ങള്‍ തരും. എത്രവേണമെങ്കിലും.'
ഹോ, എന്താണ്‌ താനീ കേട്ടത്‌?? ഇതോ അഭിനവഭാരതന്റെ ധര്‍മം? സപ്‌തദ്വീപങ്ങള്‍ക്കും ശ്രേഷ്‌ഠമായ ജംബുദ്വീപത്തിന്റെ നാഥന്മാര്‍ വാണ നാട്‌, ശ്രവണമാത്രയില്‍ അന്തരംഗത്തില്‍ അന്തസ്സുയര്‍ത്തുന്ന ഗംഗയാറൊഴുകുന്ന നാട്‌, ആദിവേദത്തിന്റെയും ആദിശേഷന്‍ അനന്തന്റെയും നാട്‌... ആ നാടിന്റെ ഇന്നിനോടോ വിധിയുടെ ഈ വിളി?


`ക്ഷമിക്കണം സാര്‍, എനിക്കു വയ്യ', തളര്‍ച്ചയോടെ എഴുന്നേറ്റു വ്യാസ്‌.
`നോക്കൂ മിസ്റ്റര്‍ വ്യാസ്‌'. പിന്നില്‍നിന്നും വിളിച്ചു ബര്‍ണാഡ്‌ സായിപ്പ്‌.
`നിങ്ങളൊരാള്‍ പിന്തിരിഞ്ഞിട്ടെന്തു പ്രയോജനം? താഴെ നിരന്നു നില്‍ക്കുന്ന ആയിരങ്ങളെ നിങ്ങളുടെ കണ്ണുകള്‍ക്ക്‌ കാണുന്നില്ലേ, അവര്‍ അവരതിനു തയ്യാറാവും, അക്കൂട്ടത്തില്‍ ആണും പെണ്ണുമുണ്‌ ട്‌. നിങ്ങളുടെ ബീജം ഞങ്ങള്‍ക്കായി വര്‍ഷിക്കും, നിങ്ങളുടെ സ്‌ത്രീകള്‍ അവരുടെ ഗര്‍ഭപാത്രം വില്‍ക്കും... വെറുതെയല്ല, പണത്തിനു വേണ്‌ ടി...'
അവസാനത്തെ ആണിയും അടിച്ചു സായിപ്പ്‌....
`പോരാത്തതിനു ഇതും നിങ്ങളുടെ ചരിത്രത്തിലുണ്‌ ടെന്ന്‌ കൂട്ടിക്കോ.. തലച്ചോറും ശരീരവും വില്‍ക്കുന്ന നിങ്ങളുടെ വര്‍ത്തമാനത്തിലും അതുണ്‌ ട്‌....'
അതേ സത്യമാണ്‌.. ``യദി ഹാസ്‌തി തദന്യത്ര: യന്നേഹാസ്‌തി ന കുത്രചിത്‌ എന്നല്ലേ ഭാരതസ്രഷ്‌ടാവിന്റ വാക്ക്‌? (ഇതിലുളളത്‌ മറ്റ്‌ പലയിടത്തും കണ്ടേക്കാം, ഇതിലില്ലാത്തത്‌ മറ്റൊരിടത്തും കാണുകയില്ല) (2009 july)


കടപ്പാട്‌: പണ്‌ഡിറ്റ്‌ അരുമനായകപ്പണിക്കരുടെ ഭഗവാന്‍ വേദവ്യാസന്‍ എന്ന ഗ്രന്ഥത്തോട്‌,
നന്ദി: പ്രസ്‌തുത ഗ്രന്ഥം തന്ന ജ്യേഷ്‌ഠസുഹൃത്ത്‌ നീരുവിനോട്‌

Read more...

മിസ്റ്റര്‍ കാപ്പിലാന്‍, ഇത് നിഴല്‍ച്ചിത്രമല്ല

>> 28.5.09



കവിതയുടെ സാമ്പ്രദായിക-ആധുനിക-ഉത്തരാധുനിക സങ്കല്‍പങ്ങളെ മറികടന്നു എന്നതാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്ന കവിയുടെ പ്രസക്തി എന്ന്‌ സച്ചിദാനന്ദന്‍ ചുള്ളിക്കാടിന്റെ സമ്പൂര്‍ണകവിതകളുടെ അവതാരികയില്‍ പറയുന്നു. എന്നാല്‍ ഇത്തരം വേര്‍തിരിവുകളെ നിരാകരിച്ചു എന്നതാണ്‌ കാപ്പിലാന്റെ പ്രഥമകവിതാസമാഹാരമായ നിഴല്‍ച്ചിത്രങ്ങളുടെ പ്രത്യേകത. തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം, ചെറുശ്ശേരി മുതലായ ഭാഷാപിതാക്കളുടെ പൂന്തേനായ ഭാഷയെ മാത്രമല്ല ഉത്തരാധുനിക കവിതാസങ്കേതങ്ങളെയും കാപ്പിലാന്‍ ഒരേ നിസ്സാരതയോടെ തള്ളിക്കളയുന്നുണ്ട്‌. സാധാരണക്കാരന്‌ ദുര്‍ഗ്രഹമായ വാക്കുകള്‍കൊണ്ട്‌ സൃഷ്‌ടിക്കപ്പെട്ട പുത്തന്‍ കവിതാസങ്കല്‍പങ്ങളെ അനായാസം മറികടന്ന ഇയാള്‍ സ്വന്തം ബീജത്തില്‍നിന്നു മാത്രമാണ്‌‌ സൃഷ്‌ടി നടത്തുന്നത്‌. അത്‌ മികവുറ്റതോ അറ്റതോ ആവട്ടെ, പൂര്‍ണമോ അല്ലാത്തതോ ആവട്ടെ, എന്തും കവിതയ്‌ക്ക്‌ വിഷയമാണെന്നും അത്‌ എങ്ങിന വേണമെങ്കിലും എഴുതാമെന്നുമുള്ള ധൈര്യത്തിനു വേണം ഒരു തൂവല്‍.

ഈ പുസ്‌തകത്തിലുള്ളതെയല്ലാം മികച്ച കവിതകളല്ല, അതിശ്രേഷ്‌ഠമായ കവിതകള്‍ അല്ലേയല്ല. എന്നാല്‍ ചില പ്രത്യേകതകള്‍ കാണാതെ പോകാനാകില്ല. സൗന്ദര്യത്തിനു വേണ്ടി ചങ്ങമ്പുഴയെ പോലെ ഏതറ്റം വരെയും വിട്ടുവീഴ്‌ച നടത്താന്‍ ഇയാള്‍ കൂട്ടാക്കുന്നില്ല, എന്ന്‌ മാത്രമല്ല ചില വൃത്തികേടുകളില്‍ ചൂണ്ടി മാത്രമേ എഴുതൂ എന്നിയാള്‍ക്ക്‌ നിര്‍ബന്ധമുണ്ട്‌ താനും. അതുകൊണ്ടാണ്‌ കുപ്പത്തൊട്ടിയും ചൂലും കറിവേപ്പിലയും സെമിത്തേരിയും ഇയാള്‍ക്ക്‌ വിഷയങ്ങളാകുന്നത്‌. കേവലം വിഷയങ്ങള്‍ മാത്രമല്ല, കവിതയ്‌ക്ക്‌ തലക്കെട്ടുതന്നെയും ആകുന്നത്‌. വൃത്തികേടുകളെ എങ്ങിനെ ഒളിപ്പിച്ച്‌ വെളുക്കെ ചിരിക്കാം എന്ന്‌ ഗവേഷണം നടത്തുന്ന ലോകത്താണ്‌ നാം ഇടപെടുന്നത്‌ എന്ന വസ്‌തുതയോട്‌ ചേര്‍ത്തുവയ്‌ക്കുമ്പോഴാണ്‌ ഇത്‌ പ്രസക്തമാകുന്നത്‌.

വിസ്‌താരഭയം കൊണ്ട്‌ ഒരു വാക്കുപോലും വെട്ടിച്ചുരുക്കാന്‍ ഇയാള്‍ തയ്യാറാവുന്നില്ല, ഒരു കവിതയുടെ ഒരു വരിയില്‍ എത്ര വാക്കുകളാവാം? എത്ര അക്ഷരങ്ങളാവാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി -കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളില്‍ ശകുന്തളയില്‍ ഉണ്ടായ രാസമാറ്റങ്ങള്‍- എന്ന കവിത നോക്കുക. അല്ലെങ്കില്‍ വേണ്ട. ആ പേര്‌ തന്നെ നോക്കുക. കണ്ണ്‌ തള്ളിപ്പോകുമെന്ന്‌ തീര്‍ച്ച, പല കവിതകളിലൂടെ പായിക്കുമ്പോള്‍ ഇടയ്‌ക്ക്‌ കണ്ണ്‌ നിറഞ്ഞുപോകയും ചെയ്യും. അതെ അത്‌ തന്നെയാണ്‌ കവിതയുടെ കാമ്പ്‌. എന്റെ കവിതയുടെ വൃത്തമേതാകട്ടെ, അലങ്കാരവും സന്ധി-സമാസങ്ങളും പ്രത്യയങ്ങളും എന്റെ കവിതയ്‌ക്ക്‌ മോടി കൂട്ടുന്നുണ്ടോ എന്നത്‌ നില്‍ക്കട്ടെ, ഏറുകൊണ്ട നെറ്റിയില്‍ കയ്യമമര്‍ത്തിത്തടവിക്കൊണ്ട്‌ മാത്രമേ നിങ്ങള്‍ക്ക്‌ ഈ കവിതകളില്‍ നിന്നും പുറത്തുപോകാനാവൂ എന്ന്‌ ഓരോ കവിതയ്‌ക്കൊടുവിലും ഇയാള്‍ കാവല്‍ നിന്ന്‌ പറയുന്നുണ്ട്.

താന്‍ വലിയ നിമിഷകവിയാണെങ്കില്‍ ഇന്നാ പിടിച്ചോ ഒരു വിഷയം, കാളാമുണ്ടം. ഇത്‌ വച്ച്‌ എഴുതെടോ ഒരു കവിത എന്ന വെല്ലുവിളിയെ നിരക്ഷരനല്ല ഞാന്‍ സാക്ഷരനാണെടോ എന്ന്‌ അടക്കിപ്പറഞ്ഞ്‌ കാപ്പിലാന്‍ ഉറക്കെപ്പാടിയ കാളാമുണ്ടം എന്ന കവിത നോക്കുക. മനോഹരമായ പദസമുച്ചയങ്ങള്‍ തീര്‍ത്ത വാഴക്കുലകള്‍ നമ്മളെ അതിശക്തമായി സ്വാധീനിച്ചിട്ടുണ്ട്‌.
പച്ചക്കദളിക്കുലകള്‍ക്കിടക്കിടെ - മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാല്‍ പവിഴവും - പച്ചരത്‌നക്കല്ലുമൊന്നിച്ചു കോര്‍ത്ത പോലെയെന്ന്‌ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാര്‍ പോലും സൗന്ദര്യോപാസകനായി സ്വയം മറന്ന വാഴക്കുലയെ കാപ്പിലാന്‍ ചിത്രീകരിച്ച രീതി നോക്കുക. ആടയാഭരണങ്ങളണിയിച്ച സുന്ദരിയല്ല കാപ്പിലാന്‌ ഇവിടെ കവിത. പണ്ടൊരു മലയപ്പുലയന്‍ ആറ്റുനോറ്റു വളര്‍ത്തിയ വാഴക്കുലയല്ലേ ഇതെന്ന്‌ വായനക്കാരന്‍ സംശയിച്ചുപോയാല്‍ കുറ്റം പറയാനാകില്ല. മാത്രമല്ല ആ പൊലയന്‌ ഈ കാളാമുണ്ടം പോലും ബാക്കി കിട്ടിയില്ലെന്ന സത്യവും ചങ്ങമ്പുഴയെ കാപ്പിലാന്‍ ഓര്‍മിപ്പിക്കുന്നുണ്ട്‌.

ഓരോ കവിതയെയും പേരെടുത്ത്‌ പറയേണ്ടതില്ല. ഒരു ദിവസം ഒന്നെന്ന കണക്കില്‍ നമ്മള്‍ വായിച്ചുകൂട്ടിയതാണ്‌ കാപ്പിലാന്റെ കവിതകള്‍. അഭിപ്രായങ്ങളും ചര്‍ച്ചകളും കഴിഞ്ഞതാണ്‌. എങ്കിലും വെളുത്ത താളില്‍ കറുത്ത അക്ഷരങ്ങളില്‍ ചമഞ്ഞൊരുങ്ങിയ കാപ്പില്‍ കവിതള്‍ക്ക്‌ ഒരു പ്രത്യേക സുഗന്ധമുണ്ട്‌. പുസ്‌തകത്താളിന്റെ മണമുണ്ട്‌. രമണന്റെ അവതാരികയില്‍ മുണ്ടശ്ശേരിമാഷ്‌ പറഞ്ഞ പേലെ മധുരനാരങ്ങയെന്ന പോലെ കൊതിയേറട്ടെ ഈ കവിതകളില്‍

പറഞ്ഞുപഴകിയതും പഴകിദ്രവിച്ചതുമായ ഒരു പദമാണ്‌ നാട്ടിലെ മലയാളിക്ക്‌ ഗൃഹാതുരത. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക്‌ അത്‌ കേവലം ക്ലീഷേയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ കാപ്പിലാന്റെ അമ്മക്കവിതകള്‍. വാഴയില അമ്മയെ ഓര്‍ക്കാതെ വായിച്ചു തീര്‍ക്കാന്‍ കഴിയില്ല. തനിമലയാളത്തില്‍ പച്ചമലയാളത്തില്‍ അമ്മമലയാളത്തില്‍ കാപ്പിലാന്‍ കാച്ചിയെടുത്ത കവിതകള്‍. കാച്ചിയതേയുള്ളൂ, കുറുക്കിയിട്ടില്ല പലേടത്തും നിറഞ്ഞുതൂവിപ്പോകുന്നുണ്ട്‌. അതിന്റെ കുറവുണ്ട്‌. എന്നാല്‍ കവിക്ക്‌ അതിനുള്ള സ്വാതന്ത്രവുമുണ്ട്‌.

ഒരു കാര്യത്തില്‍ മാത്രമാണ്‌ എനിക്ക്‌ ശ്രീ. കാപ്പിലാനോട്‌ വിയോജിപ്പുള്ളത്‌. അത്‌ ഈ സമാഹാരത്തിലെ ഗവിതളെക്കുറിച്ചല്ല തന്നെ. മറിച്ച്‌ ഈ പുസ്‌തകത്തിന്റെ പേരിനെക്കുറിച്ചാണ്‌. അതേ നിഴലില്‍ തെളിയുന്ന അവ്യക്തതയല്ല കാപ്പിലാന്റെ കവിതകള്‍. മറിച്ച്‌ കൈചൂണ്ടിക്കാണിക്കുന്ന നേര്‍കാഴ്‌ച പോലെ വ്യക്തമാണത്‌. അതേ, സാമ്പ്രദായിക നിര്‍വ്വചനങ്ങളെ നിരാകരിച്ചുകൊണ്ട്‌ ഇയാള്‍ നടത്തിയ പരീക്ഷണങ്ങള്‍ സാഹീതീമുറ്റത്ത്‌ നട്ടുച്ചയ്‌ക്കും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്ന തിരിനാളമാണ്‌. കാലം അത്‌ ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും. (2009 may)

Read more...

ഇപ്പോഴും മുസ്തഫ കാത്തിരിക്കുന്നു

>> 1.4.09


അക്ഷരം കാരണമാകായിലമ്മട്ടു-
ള്ള ഭൂവിതില്‍ കാണ്മവര്‍ നമ്മള്‍
അക്ഷരസ്‌നേഹിയോയോരു പീഡിതഗാത്ര-
ന്നല്‍പ ജീവന്‍ പകര്‍ന്നാല്‍ അതക്ഷരം.


''എന്താ മുരളീ ഉറങ്ങിയോ? നീരുവിന്റെ ചോദ്യമാണ്‌ എന്നെ ചിന്തകളില്‍ നിന്ന്‌ ഉണര്‍ത്തിയത്‌. മുസ്‌തഫയെ കണ്ട്‌ മടങ്ങുകയായിരുന്നു ഞങ്ങള്‍. ഞാനും നീരുവും. മുസ്‌തഫയുടെ അളിയനെ പുളിക്കല്‍ ബസ്റ്റോപ്പില്‍ ഇറക്കി ഐക്കരപ്പടിയെത്തുമ്പോഴേക്കും എന്റെ കണ്ണുകള്‍ സാമാന്യം നന്നായി അടഞ്ഞുതുടങ്ങിയിരുന്നു. എന്നിട്ടും ഞാന്‍ ചോദിച്ചു, ''മനുഷ്യന്‍ എത്ര നിസ്സാരനാണ്‌ അല്ലേ മാഷേ ?'' ''തീര്‍ച്ചയായും മുരളീ, നിസ്സാരന്‍ മാത്രമല്ല അല്‍പനും'' എന്റെ ചോദ്യത്തിന്‌ കാത്തിരുന്നെന്നോണം നീരു നേര്‍ത്ത ഗസലിന്റെ ശബ്ദം ഒന്നുകൂടി കുറച്ചു.

പതിവിലധികം തിളങ്ങിയിരുന്നു മുസ്‌തഫയുടെ കണ്ണുകള്‍. പതിവിലധികം എന്നു പറയാന്‍ എനിക്ക്‌ മുസ്‌തഫയെ മുന്‍ പരിചയമൊന്നുമില്ല. സത്യമാണ്‌. എങ്കിലും ചുറുചുറുക്കുള്ള ആ മുഖവും സംഭാഷണവും അല്‍പനായ എന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. (ഒരുപക്ഷേ നീരു പറഞ്ഞപോലെ, രാവിലെമുതല്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നതിന്റെയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്നതിന്റെയും പ്രതിഫലനമാകാം) നിരാശയുടെ ചിലമ്പല്‍ അല്‍പം പോലുമില്ലാത്ത തെളിഞ്ഞ ശബ്ദത്തില്‍ മുസ്‌തഫ ഞങ്ങളോട്‌ സംസാരിച്ചു. ചില്ലുഗ്ലാസ്സിലെ കട്ടന്‍ചായയില്‍ മെലിഞ്ഞ കഴുക്കോലുകള്‍ സ്വന്തം പ്രതിരൂപങ്ങള്‍ നോക്കിക്കണ്ടു. അക്ഷരങ്ങള്‍ ചിതറിക്കിടക്കുന്ന കട്ടിലില്‍ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞുകിടന്ന്‌ തിളങ്ങുന്ന കണ്ണുകളോടെ മുസ്‌തഫ കഥകള്‍ പറഞ്ഞു.

അതേ, കഥകള്‍. അവിശ്വസനീയമായ കഥകള്‍. മുസ്‌തഫയുടെ നാവില്‍ നിന്ന്‌ ചിറകുവിരുത്തിപ്പറന്ന കഥാപാത്രങ്ങളില്‍ പലരെയും കഥകളില്‍ പോലും കാണരുതെന്ന്‌ ഞാന്‍ സത്യമായും ആഗ്രഹിച്ചുപോയി.
ഡ്രൈവറായിരുന്നു മുസ്‌തഫ. നാലുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാര്യമായി ഓട്ടമൊന്നുമില്ലാത്ത ഒരു ദിവസം സുഹൃത്തിന്റെ വീട്ടിലെ അടയ്‌ക്കാമരത്തില്‍ കയറിയതായിരുന്നു മുസ്‌തഫ. സാധാരണ എല്ലാ മരത്തിലും അനായാസമായി കയറുന്ന ആളാണ്‌. പക്ഷെ വിധിക്ക്‌ തോന്നിയ ഒരു തമാശ. കവുങ്ങുതന്നെ ഒടിഞ്ഞുപോയി എന്നാണ്‌ മുസ്‌തഫ പറഞ്ഞത്‌. പിന്നെ ചികിത്സയും മറ്റുമായി വര്‍ഷങ്ങള്‍...ആകെയുണ്ടായിരുന്ന മൂന്നരസെന്റ്‌ സഥലം വിറ്റു, അഞ്ചുലക്ഷത്തിലധികം രൂപ ചികിത്സയ്‌ക്കായി ചെലവഴിച്ചു. അരയ്‌ക്കുതാഴെ തളര്‍ന്നുകിടക്കുകയാണ്‌ എന്നറിയാമായിരുന്നു. പക്ഷേ ഓപ്പറേഷനുവേണ്ടി അരയ്‌ക്കുതാഴേക്ക്‌ കീറിയതും മാംസമെടുത്ത്‌ വച്ചതും അനസ്‌തേഷ്യ കൂടാതെയാണ്‌ എന്ന്‌ മുസ്‌തഫ പറയുമ്പോഴാണ്‌ ആ തളര്‍ച്ച എത്രമാത്രം ഭീകരമാണ്‌ എന്ന്‌ ഞങ്ങള്‍ക്ക്‌ മനസിലായത്‌. അത്രമാത്രം മരവിച്ചുപോയിരുന്നു അരയ്‌ക്ക്‌ താഴേയ്‌ക്ക്‌ ആ മനുഷ്യന്‍. അലോപ്പതി കൈവെടിഞ്ഞുകഴിഞ്ഞ ആ ശരീരം ഇനി പൂര്‍വ്വസ്ഥിതിയിലെത്താന്‍ എന്താണ്‌ വഴിയെന്നത്‌ നിശ്ചയമില്ല. ഫിസിയോതെറാപ്പി കൊണ്ട്‌ ഫലം ലഭിക്കും എന്ന്‌ തന്നെയാണ്‌ മുസ്‌തഫയും കുടുംബവും പ്രതീക്ഷിക്കുന്നത്‌. പണം ഒരു പ്രധാന ഘടകമാണ്‌ മുസ്‌തഫയ്‌ക്കിന്ന്‌. ഇത്രയും ചികിത്സ നടത്തുമ്പോഴേക്കും മുസ്‌തഫയ്‌ക്ക്‌ വീട്‌ നഷ്ടമായിരുന്നു. പിന്നീട്‌ വാടകവീടുകള്‍. അതുപോലും കിട്ടാനില്ല എന്നതാണ്‌ മുസ്‌തഫയുടെ സങ്കടം. രണ്ട്‌ മാസത്തില്‍ കൂടുതല്‍ കവിയില്ലെന്ന്‌ നിബന്ധനയിലാണ്‌ പലരും വീട്‌ വാടകയ്‌ക്ക്‌ നല്‍കുന്നതുതന്നെ. ഇപ്പോഴത്തെ വീട്ടുടമസ്ഥന്‍ വീട്ടിലേക്കുള്ള വഴിയും അടച്ചുവച്ചു, വെള്ളവും നിര്‍ത്തിച്ചു. ''വയ്യാണ്ടെ കെടക്കുവല്ലേ? ഒഴിഞ്ഞുകൊടുത്തില്ലെങ്കിലോ എന്ന്‌ പേടിയാവും. ഇനി ഞങ്ങ അവിടെ താമസിക്കാന്‍ പോവില്ലെന്ന്‌ അവര്‍ക്കറിയാം'' മുസ്‌തഫയുടെ പരിഭവമില്ലാത്ത ദീര്‍ഘനിശ്വാസം.

''ബാപ്പയും ഉമ്മയും സഹോദരങ്ങളും അത്ര സുഖത്തിലല്ല'' എന്നു മാത്രമേ മുസ്‌തഫ പറഞ്ഞുള്ളൂ. അരയ്‌ക്കുതാഴെ മൃതമായ ഈ സ്ഥിതിയിലും എന്തോ വിദ്വേഷം മനസില്‍ വച്ച്‌ മുസ്‌തഫയെ കൈയ്യൊഴിഞ്ഞത്രെ വീട്ടുകാര്‍. ഈശ്വരാ, ഇതോ നീ പഠിപ്പിച്ച വെള്ളത്തേക്കാള്‍ കട്ടിയുള്ള രക്തം? വാടകവീടുകള്‍ക്കും ആശുപത്രിക്കുമൊപ്പം മൂന്ന്‌ തവണ സ്‌കൂള്‍ മാറേണ്ടിവന്നുവത്രെ മകന്‌. ആര്‍ ആരെയാണ്‌ കുറ്റപ്പെടുത്തുക. എല്ലാവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്‌. മടങ്ങുമ്പോള്‍ നീരു പറഞ്ഞ പോലെ ''കള്ളുകുടിച്ച്‌ വണ്ടിയോടിച്ചിട്ടോ, മറ്റെന്തെങ്കിലും അശ്രദ്ധ കൊണ്ടോ ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു, ഇതിപ്പോ ഒന്നുമല്ലാതെ ഇങ്ങനെയൊക്കെ... എന്തോ തീരെ ചേരാത്ത വിധി പോലെ തോന്നുന്നു.''
അതെ, ഒരായിരം വട്ടം മനസ്സില്‍ അത്‌ പറഞ്ഞുകഴിഞ്ഞു, തീരെ ചേരാത്ത ഒരു വിധി, ഒരു തരത്തിലും ആ ചെറുപ്പക്കാരന്‍ അര്‍ഹിക്കാത്ത വിധി. വിധിക്ക്‌ തെറ്റുപറ്റുമ്പോള്‍ മനുഷ്യര്‍ക്ക്‌ എന്തുചെയ്യാന്‍ കഴിയും? അതെ, അതാണ്‌ ചോദിക്കുന്നത്‌, മൈനയോട്‌ നീരു ഇങ്ങിനെ പറഞ്ഞതോര്‍ക്കുന്നു. ''ഇത്രയുമോ ഇതിലേറെയോ സഹിക്കുന്ന ഒരുപാടുപേര്‍ നമുക്ക്‌ ചുറ്റുമുണ്ട്‌, ഇല്ലെന്നല്ല. പക്ഷേ നമ്മള്‍ പരിചയപ്പെട്ട ഒരാള്‍... നമ്മുടെ മനസാക്ഷി അര്‍ഹിക്കുന്ന ഒരാള്‍.. അയാളെ നമ്മള്‍ക്ക്‌ കാണാതെ പോകാനാവില്ല''

അതെ, സഹായിച്ച എല്ലാവരെയും മുസ്‌തഫ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്‌. പുസ്‌തകങ്ങളും പണവും അയച്ചുതന്ന എല്ലാവരെയും മുസ്‌തഫ പേരെടുത്ത്‌ പറഞ്ഞു. പക്ഷേ ഇന്ന്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടത്‌ പുസ്‌തകങ്ങള്‍ മാത്രമല്ല. ഒരു പുസ്‌തകത്തിനു വേണ്ടി മൈനയോട്‌ എഴുതിചോദിച്ച അക്ഷരസ്‌നേഹിയായ മുസ്‌തഫയ്‌ക്ക്‌ ഒരു കിടപ്പാടം വേണം. അക്ഷരങ്ങള്‍ മൂലം പരിചയപ്പെട്ടവരാണ്‌ നമ്മള്‍. നമുക്കെല്ലാം ആവശ്യത്തിനു പ്രശ്‌നങ്ങളുണ്‌ട്‌. ഇല്ലെന്നല്ല, എങ്കിലും നമുക്കെന്തുചെയ്യാന്‍ കഴിയും? നമ്മള്‍ക്ക്‌ ഒരുപാട്‌ കഴിയും എന്ന്‌ തന്നെയാണ്‌ എനിക്കുതോന്നുന്നത്‌. വീട്‌ വച്ചുനല്‍കാന്‍ ആരൊക്കെയോ സന്നദ്ധരായി മുന്നോട്ട്‌ വന്നിട്ടുണ്ട. അതിനുള്ള സ്ഥലമാണ്‌ പ്രധാനപ്പെട്ട ഒരു വിഷയം. മുസ്‌തഫയുടെ ശാരീരിക പരിമിതികള്‍ക്ക്‌ ഒത്തുപോകാന്‍ കഴിയുന്ന ഒരു സ്ഥലം.. അത്‌ നല്‍കാന്‍ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്താന്‍ നമുക്ക്‌ കഴിയണം. പൂര്‍ണമായും സൗജന്യമാകണമെന്നില്ല, ഒരുപാടുപര്‍ നമുക്കൊപ്പമുണ്ട്‌. മുഖമറിയാതെ, പലപ്പോഴും യഥാര്‍ത്ഥമായ പേരുപോലുമറിയാതെ, ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന്‌ തികച്ചും കര്‍മബന്ധത്തിനാല്‍ ബന്ധിതരാകയാല്‍ മാത്രം പരിചയപ്പെട്ട നമ്മള്‍ ഇത്രയും പേര്‍ എല്ലാവരുമുണ്‌ ട്‌. തങ്ങളാലാവുന്ന സഹായവാഗ്‌ദാനവുമായി നിരവധിപേര്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. കാര്യങ്ങളെക്കുറിച്ച്‌ നീരുവിന്‌ കൃത്യമായ ഒരു ധാരണയുണ്ട. അത്‌ നമ്മള്‍ക്ക്‌ ചെറുതല്ലാത്ത വഴികാട്ടിയാവും എന്ന്‌ തന്നെ പ്രതീക്ഷിക്കാം. ആധികാരികമായും വ്യക്തമായും നീരു സംസാരിക്കും. നമ്മള്‍ ഓരോരുത്തരും സംസാരിക്കും. മുസ്‌തഫയെ ബൂലോകത്തിനു പരിചയപ്പെടുത്തിയ മൈനയുടെ പോസ്റ്റ് ഇവിടെ വായിക്കാം. എന്തോ അങ്ങിനെ ഒരു പോസ്‌റ്റ്‌ എഴുതാന്‍ തോന്നി എന്നാണ്‌ മൈന അന്നൊരിക്കല്‍ പറഞ്ഞത്‌. വെറുതെയായില്ല ആ തോന്നല്‍, മൈനയ്‌ക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...


മുസ്‌തഫയുടെ വിലാസം:

മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്‌
പുളിക്കല്‍
മലപ്പുറം-673637

അക്കൗണ്ട്‌ നമ്പര്‍. 67080912142 SBT Aikarappady, Malappuram Dt.

Read more...