സെറ്റും സെറ്റിനൊപ്പിച്ച ചില സെറ്റപ്പുകളും

>> 7.11.11



വിജയശതമാനത്തിന്റെ വീരകഥകളല്ല പരാജയപ്പെട്ടവരുടെ എണ്ണബാഹുല്യം കൊണ്ടാണ് സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫലപ്രഖ്യാപനം വാര്‍ത്തകളില്‍ നിറയുന്നതെന്ന് നേരത്തെ തന്നെ വായിച്ചിരുന്നു. ഇത്തവണയും പതിവ് തെറ്റിയില്ല, എട്ട് ശതമാനം മാത്രമായിരുന്നു വിജയം.
സെറ്റ് എഴുതിയ ഒരു സുഹൃത്തിനെ വിളിച്ചുചോദിച്ചു. എന്തായി?
''കിട്ടിയില്ല, എന്നാലൊട്ട് വിഷമവുമില്ല.''
''ങ്ഹും? എന്തേ, പ്രതീക്ഷിച്ചിരുന്നില്ലേ?'' (പരീക്ഷ കടുപ്പമാണെന്നതാണ് പൊതുവേയുള്ള ആക്ഷേപം)
പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം. എന്നാല്‍ കാര്യമതല്ല. മാസ്റ്റര്‍ ഡിഗ്രിയും ബി.എഡും കഴിഞ്ഞ് ടീച്ചിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവരെ ഉദ്ദേശിച്ചുള്ള പരീക്ഷയ്ക്ക് വേണമെങ്കില്‍ അല്‍പം കൂടി കട്ടിയാവാമെന്നാണ് കക്ഷിയുടെ പക്ഷം.

കുഴഞ്ഞുമറിഞ്ഞ പരീക്ഷ മാത്രമല്ല നിലവാരമില്ലാത്ത അഭിനവ അധ്യാപകരും കൂടി ചേര്‍ന്നാണ് സെറ്റ് പരീക്ഷയെ വാര്‍ത്തായാക്കുന്നതെന്ന ചങ്ങാതിയുടെ നിരീക്ഷണം ഒരുപരിധിവരെ ശരിവെയ്ക്കുന്നതായിരുന്നു ഇന്ന് മനോരമ ചാനലില്‍ കണ്ട കാലപ്പഴക്കം ചെന്ന 'എക്‌സ്‌ക്ലൂസിവ് ബ്രേക്കിംഗ്' ന്യൂസ്. അതിങ്ങനെ:
കോഴിക്കോട് ഒരു വിദൂര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പണം കൊടുത്താല്‍ മൂന്ന് മാസം കൊണ്ട് മാസ്റ്റര്‍ ഡിഗ്രി പാസ്സാവാമത്രെ. ഫീസ് 25000 രൂപ. പരീക്ഷ വീട്ടിലിരുന്നും എഴുതാമെന്നതാണ് മനോരമ പരിചയപ്പെടുത്തുന്ന സ്ഥാപനത്തിന്റെ ഹൈലൈറ്റ്. മൂന്ന് മാസം കൊണ്ട് മാസ്റ്റര്‍ ഡിഗ്രി, ഭ്രമിപ്പിക്കുന്ന ഓഫര്‍ തന്നെ. പത്ത് വര്‍ഷം ഹൈസ്‌കൂള്‍ ടീച്ചറായിരുന്നവര്‍ക്ക് പ്ലസ് ടുവില്‍ പഠിപ്പിക്കാന്‍ സെറ്റ് ക്ലിയര്‍ ചെയ്യേണ്ടതില്ലെന്ന ആനുകൂല്യമാണ് ഈ മൂന്നുമാസത്തെ മാസ്റ്റര്‍ ഡിഗ്രിക്ക് പ്രിയമേറ്റുമന്നതെന്നാണ് മനോരമ പറയുന്നത്.

ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലുമായിക്കാണണം, കോഴിക്കോട്ട് ഒരു പരിചയക്കാരന്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കാശ് കൊടുത്ത് സ്വന്തമാക്കിയിട്ട്. ഏത് വിഷയം വേണം, എത്ര മാര്‍ക്ക് വേണം, യൂണിവേഴ്‌സിറ്റി ഏതാണ് പ്രിഫര്‍ ചെയ്യുന്നത് എന്നിങ്ങനെ ചോദിച്ച് അയാള്‍ കച്ചവടം ഉറപ്പിക്കുമ്പോള്‍ ഇതൊരു വാര്‍ത്തയാക്കണമല്ലോ എന്ന് മനസ്സില്‍ കരുതിയതാണ്. ചതിയില്‍ വഞ്ചന പാടില്ലല്ലോ എന്നോര്‍ത്ത് അന്നത് നടന്നില്ല.
ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജിലെ ജേര്‍ണലിസം അധ്യാപകന്‍ പി.യു.സി പാസ്സായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനായ അയാള്‍ മാസ്റ്റര്‍ ഡിഗ്രിവരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരില്‍ നിന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞുകേട്ടിരുന്നു. കേട്ടുകേള്‍വികളിള്‍ അവസാനത്തേത് അയാള്‍ മൈസൂരില്‍ പി. എച്ച്. ഡിക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നതാണ്. ഒന്നുറപ്പാണ്, ഞങ്ങളിരുന്ന അതേ ക്യാംപസിലാണ് ആ മനുഷ്യന്‍ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയെഴുതിയത്. പണം കൊടുത്താല്‍ നെറ്റും വിജയിപ്പിച്ചു കൊടുക്കുന്നവരുണ്ടെന്ന് കേട്ടു, സത്യാവസ്ഥയറിയില്ല.

കോഴിക്കോട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ നിന്നും പ്ലസ് ടുവില്‍ ജേര്‍ണലിസം ടീച്ചറെ ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നപ്പോഴെന്തു സന്തോഷമായിരുന്നു. പേര് ചോദിച്ചു. രണ്ടാമത്തെ ചോദ്യം, വീടെവിടെ? കാഞ്ഞങ്ങാട്ടുകാരനായ നിങ്ങള്‍ക്ക് കോഴിക്കോട് വന്ന് താമസിക്കാന്‍ വിരോധമൊന്നുമില്ലല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. ''സെറ്റുണ്ടോ?'' ''ഇല്ല.'' ''ഉടനേ എഴുതിയെടുക്കണം ട്ടോ. ഞങ്ങള് സഹായിക്കാം.'' (അതെങ്ങനെയെന്ന് പറഞ്ഞില്ല). ഒരിരുപതുറുപ്യ തന്നോളൂ, ജേര്‍ണലിസം ആയോണ്ടാണ് ഇത്രേം കുറവ്, ആളെ കിട്ടാനില്ല. ഇംഗ്ലീഷിന് മുപ്പതിനാ കഴിഞ്ഞാഴ്ച ഒരു പോസ്റ്റ് പോയത്.
സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ചിരിക്കുന്നു: ഇരുപതല്ലേ ചോദിച്ചുള്ളൂ, നിന്റെ ഭാഗ്യം.

അദ്ധ്യാപകന്‍/അധ്യാപകന്‍, ഉല്‍പ്പത്തി/ ഉല്‍പത്തി, കാല്‍പ്പനികം/ കാല്‍പനികം - ഇതിലേതൊക്കെയാണ് മാഷേ ശരിയെന്നു ചോദിച്ചു മലയാളത്തിലെ പ്രശസ്തനായ ഒരധ്യാപകനോട് കഴിഞ്ഞ ദിവസം. അങ്ങനെയും എഴുതാം, ഇങ്ങനെയും എഴുതാം. അതെങ്ങനെ മാഷേ അങ്ങനെയും ഇങ്ങനെയും എഴുതുക. അപ്പോള്‍ ഇതിന് നിയതമായൊരു ശരിയില്ലേ? മാഷ് കൈമലര്‍ത്തി. ആധികാരികമായി പറയാനറിയിലിലെന്ന്. എല്ലാവരും എല്ലാം അറിഞ്ഞിരിക്കണമെന്നല്ല. വാശിയില്ല. എങ്കിലും അധ്യാപകര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനുള്ളതെങ്കിലും അറിയണമെന്നൊരാശ. അറിയില്ലെങ്കില്‍ അന്വേഷിച്ചെങ്കിലും പറഞ്ഞുകൊടുക്കണമെന്നും.
മറ്റൊരിക്കല്‍ ചോദിച്ചു. എന്തിനാണ് മാഷേ വാക്കുകള്‍ക്കിത്ര കടുപ്പം. ഉടന്‍ കിട്ടി മറുപടി. വാക്കുകള്‍ക്ക് ഗഹനത വേണം. നീന്താനിടം വേണം. ആയ്‌ക്കോട്ടെ, നീന്തിക്കോട്ടെ, വായനക്കാരന്‍ ശ്വാസം മുട്ടി മരിച്ചാലെന്തുചെയ്യും? മറുപടിയില്ല. വെളിച്ചത്തിനെന്ത് വെളിച്ചമെന്ന് ബഷീര്‍ ചോദിച്ചപ്പോള്‍ നീന്തിയവരേറെയുണ്ട്, ആരും മുങ്ങിച്ചത്തതായി അറിവില്ല.

വീടിനടുത്തൊരു ഗവണ്‍മെന്റ് കോലേജില്‍ ജേര്‍ണലിസം സബ് ആയുണ്ട്. അന്വേഷിച്ചപ്പോ പഴയ കോളേജ് മാഷാണ് പ്രിന്‍സിപ്പാള്‍. പോയിനോക്കി. മാഷിന് വല്ലാത്ത സ്‌നേഹം, അയ്യോ മുരളീ ഒരു ഇംഗ്ലീഷ് ടീച്ചറാണ് ജേര്‍ണലിസം എടുക്കുന്നത്. താനിപ്പോള്‍ അപ്ലൈ ചെയ്താല്‍ അവരുടെ പണിപോകും. ഒന്നും തോന്നരുത്. ശരി മാഷേ. ഇല്ല വേറൊന്നും തോന്നിയില്ല.
ബി.ടെക്ക് വിജയിക്കുന്നവര്‍ക്ക് നല്ല ജോലി കിട്ടും. തോല്‍ക്കുന്നവരോ, അവര് കോച്ചിംഗ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പോകും - സുഹൃത്തിന്റെ വക കടുപ്പത്തിലൊരു തമാശ. മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്നിങ്ങനെ കൊള്ളാവുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ശരിയാവാത്തവരാണ് ജേര്‍ണലിസം പഠിക്കാന്‍ വരുന്നതെന്നും അതാണ് ഇത്ര ഭീകരമായ നിലവാരത്തകര്‍ച്ച ഈ ഫീല്‍ഡിലുണ്ടാവാന്‍ കാരണമെന്നും ഒരു ഇന്റര്‍നെറ്റ് തമാശയും പ്രചരിച്ചുകണ്ടിരുന്നു. പല അധ്യാപകരുടെയും കാര്യത്തില്‍ ഇത്തരം തമാശകള്‍ ഒരു തമാശയേ അല്ല എന്നതാണ് ഇക്കാര്യത്തിലെ വലിയ തമാശ.

അധ്യാപകനാകണം എന്നത് ജീവിതാഭിലാഷം. ഇടയ്‌ക്കെപ്പോഴോ എഴുത്തുകാരനാകണം എന്നാഗ്രഹിച്ച് പത്രപ്രവര്‍ത്തനം പഠിക്കാനെടുത്തു. പത്രപ്രവര്‍ത്തകനാകാം. ജേര്‍ണലിസത്തിന് ബി.എഡ് വേണ്ട എന്നത് കൊണ്ട് വേണമെങ്കില്‍ അധ്യാപകനുമാവാം. ഹാ, എത്ര സുരഭിലം ശിഷ്ടകാലം.

13 പ്രതികരണങ്ങള്‍:

Unknown November 07, 2011  

കോഴിക്കോട്ടെ ഒരു എയ്ഡഡ് സ്‌കൂളില്‍ നിന്നും പ്ലസ് ടുവില്‍ ജേര്‍ണലിസം ടീച്ചറെ ആവശ്യപ്പെട്ട് ഫോണ്‍കോള്‍ വന്നപ്പോഴെന്തു സന്തോഷമായിരുന്നു. പേര് ചോദിച്ചു. രണ്ടാമത്തെ ചോദ്യം, വീടെവിടെ? കാഞ്ഞങ്ങാട്ടുകാരനായ നിങ്ങള്‍ക്ക് കോഴിക്കോട് വന്ന് താമസിക്കാന്‍ വിരോധമൊന്നുമില്ലല്ലോ എന്നായിരുന്നു അടുത്ത ചോദ്യം. ''സെറ്റുണ്ടോ?'' ''ഇല്ല.'' ''ഉടനേ എഴുതിയെടുക്കണം ട്ടോ. ഞങ്ങള് സഹായിക്കാം.'' (അതെങ്ങനെയെന്ന് പറഞ്ഞില്ല). ഒരിരുപതുറുപ്യ തന്നോളൂ, ജേര്‍ണലിസം ആയോണ്ടാണ് ഇത്രേം കുറവ്, ആളെ കിട്ടാനില്ല. ഇംഗ്ലീഷിന് മുപ്പതിനാ കഴിഞ്ഞാഴ്ച ഒരു പോസ്റ്റ് പോയത്.
സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ചിരിക്കുന്നു: ഇരുപതല്ലേ ചോദിച്ചുള്ളൂ, നിന്റെ ഭാഗ്യം.



ഇത്രയെങ്കിലും പറയാതെങ്ങനാ?

keraladasanunni November 07, 2011  

എളുപ്പ വഴിയില്‍ കാര്യം നേടാമെന്നിരിക്കെ എത്രപേര്‍ ശരിയായ മാര്‍ഗ്ഗത്തില്‍ നീങ്ങും? വിദ്യാഭ്യാസത്തിന്‍റെ നിലവാര തകര്‍ച്ചയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം.

കുട്ടൂസ് ...കിനാവിന്‍റെ കളിത്തോഴന്‍ !!! November 07, 2011  
This comment has been removed by the author.
Kuttus November 07, 2011  

പഴയ ലിപിയില്‍ "അദ്ധ്യാപകന്‍" എന്നും ഇപ്പോഴുള്ള പുതിയ സമ്പ്രദായത്തില്‍ "അധ്യാപകന്‍"എന്നുമാണ് ഉപയോഗിക്കുന്നത് .
"പരിക്ക് /പരുക്ക്" ഇതും അതുപോലെ ഒരു മാറ്റമാണ്...

Unknown November 07, 2011  

@ kuttoos: അതെങ്ങനെ ശരിയാകും?
അപ്പോള്‍ അദ്ധ്യാപകന്‍ എന്നത് പുതിയ ലിപി പ്രകാരം തെറ്റാണോ?
എന്നെ സ്കൂളില്‍ പഠിപ്പിച്ചത് അദ്ധ്യാപകന്‍ എന്നാണ്.
ആര് എപ്പോഴാണ് ഈ ലിപികള്‍ മാറ്റിയെഴുതിയത് ???

Typist | എഴുത്തുകാരി November 08, 2011  

"ഒരിരുപതുറുപ്യ തന്നോളൂ, ജേര്‍ണലിസം ആയോണ്ടാണ് ഇത്രേം കുറവ്, ആളെ കിട്ടാനില്ല. ഇംഗ്ലീഷിന് മുപ്പതിനാ കഴിഞ്ഞാഴ്ച ഒരു പോസ്റ്റ് പോയത്."

ലക്ഷമാണോ ഈ ഇരുപതും മുപ്പതുമൊക്കെ?

നിരക്ഷരൻ November 08, 2011  

എന്നിട്ട് എന്തു തീരുമാനിച്ചു ? എഴുത്തുകാരനാകുന്നോ അതോ അദ്ധ്യാപകനോ ?

അല്ലെങ്കിലും ആധാരമെഴുത്തുകാരനാകാൻ എന്തിനാണിത്രയുമൊക്കെ ബിരുദങ്ങളും പരൂഷകളും :)

Unknown November 09, 2011  

ഇന്ദിരേച്ചീ ഇവിടെൊക്കെ ഉണ്ടല്ലെ.
ലക്ഷങ്ങളുടെ കണക്ക് തന്നെയാണു ഈ പറയുന്നതു. :)

Unknown November 09, 2011  

മനോജേട്ടാ.........

ങ്ങളു തന്നെ ഇതു പറഞ്ഞ സ്തിതിക്കു നമ്മ സലാം :)

Echmukutty November 11, 2011  

ഒരു പണിയും കിട്ടുന്നില്ലെങ്കിൽ ടീച്ചറാവാനെങ്കിലും നോക്കായിരുന്നില്ലേന്ന്.....

പെണ്ണുങ്ങൾക്ക് ടീച്ചറുദ്യോഗാ ബെസ്റ്റ്, വലിയ പണിയൊന്നുല്ല, കുടുമ്മത്തെ കാര്യങ്ങളും നടക്കും..ശമ്പളോം കിട്ടും....

എന്തൊക്കെ വിദ്യകളാ അല്ലേ?
പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ.

Manoraj November 13, 2011  

മുരളീ.. ഒരു ജോലിയിലൊന്നും ഒരു കാര്യവുമില്ലന്നേ.. പണത്തിനു വേണ്ടിയാണോ. അയ്യേ മോശം!!

പണം ഇന്ന് വരും നാളെ പോകും.. പിന്നെ വരില്ല എന്നാ ചൊല്ല് :):)

Unknown November 14, 2011  

എച്മൂ ങ്ങള് പറഞ്ഞ ഫാക്ടര്‍ ആണോ കാര്യം എന്ന് ചോദിച്ചാല്‍ രണ്ടഭിപ്രായം ഉണ്ട് ന്നാലും കെട്ടി കൂടെ കൂട്ടാന്‍ ഒരു ടീച്ചറെ ആണ് ഇഷ്ടം. (കിട്ടിയിരിക്കുന്നതും അതെ :)


മനോ കോട്ടയത്ത്‌ വരുന്നുണ്ടോ? ഇപ്പറഞ്ഞ കാര്യം ഒന്ന് ടെസ്റ്റ്‌ ചെയ്യണമാരുന്നു :)

Anonymous December 08, 2011  

അദ്ധ്യാ.....ങേ അല്ലേ വേണ്ട അധ്യാ... അല്ലേലതും വേണ്ട ഒരു തർക്കത്തിനു താല്പര്യമില്ലാത്തതു കൊണ്ടാ..
സാറന്മാരെ തൊട്ടുള്ള കളി വേണ്ട...