ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

>> 7.11.08ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണാ...

അവസാന കളിയില്‍ ഒരു വലിയ പൂജ്യവുമായി ഒടുവില്‍ സൌരവ് ഗാംഗുലി കളമോഴിയുകയാണ്... കുഞ്ഞുനാള്‍ മുതല്‍ സ്വപനം കാണുന്ന ടീമിലേക്കുള്ള വിളി ഇനി അധികം വൈകില്ല.. ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യാന്‍ തയ്യാര്‍ എടുത്തിട്ട് കളം കുറെ ആയി. പതിനാറാം വയസില്‍ കളി തുടങ്ങിയ സച്ചിനൊപ്പം എത്താന്‍ കഴിയില്ലെന്ന് ഉറപ്പയിരുന്നത് കൊണ്ട് ഗാംഗുലിയില്‍ ആയിരുന്നു നോട്ടം. മങ്ങിയും തെളിഞ്ഞും കളിക്കുന്ന ഇവന്‍ പോയിട്ട് വേണം സച്ചിനൊപ്പം ഒന്നു കീറാന്‍.
****
ഒരിക്കലും സമ്മതിച്ചില്ലെങ്കിലും ചെറുപ്പത്തിലെ ഉണ്ടായിരുന്നു ഒരു ഗംഗുലിയന്‍ ആരാധന. എടാ എന്ന് പറഞ്ഞവനൊട് പോടാ എന്ന് പറയാന്‍ പഠിപ്പിച്ചത് അയാള്‍ ആണല്ലോ.. നാട്ടിലെ പ്രൌഡമായ തറവാടുകളിലെ പെണ്‍മുറ്റങ്ങളില്‍ മേല്‍വസ്ത്രം ഉരിഞ്ഞും, വിവാഹ - അടിയന്തിര ആള്‍ക്കൂട്ടങ്ങളില്‍ കാരണവന്‍മാരുടെ മുറുക്കാന്‍ചെല്ലം ചുമക്കാന്‍ വയ്യെന്ന് പറഞ്ഞു കണ്ണിലെ കരടായും കാലം കളഞ്ഞ കാലം. മൂന്നടി നീളമുള്ള മരക്കഷണം കൊണ്ട് ലോകം കീഴടക്കാന്‍ ഇറങ്ങിയ പോലെ തോന്നി സച്ചിന്റെ കളികള്‍. ഷാര്‍ജയിലെ പ്രകടനതോടെ പൂമുഖത്ത് നിന്നും സച്ചിന്റെ ചിത്രങ്ങള്‍ പൂജാമുറിയില്‍ ഇടം പിടിച്ചു. അമ്മാവന്റെ മകന്റെ കല്യാണത്തിന് പോലും കാണിക്കാത്ത ആവേശമായിരുന്നു സച്ചിന്റെ ഇന്നിങ്ങ്സുകള്‍ കാണാന്‍. നാട്ടിലെങ്ങും സച്ചിന്‍ മാനിയ പടര്‍ന്നപ്പോള്‍ ബദലായി ഉണ്യെട്ടന്റെ നേതൃത്വത്തില്‍ ചിലര്‍ ഗാംഗുലിക്ക് ജയ് വിളി തുടങ്ങി. കളിയിടങ്ങളില്‍ തര്‍ക്കങ്ങള്‍ തുടര്‍കഥയായി. സച്ചിനോ ഗംഗുലിയോ? പിള്ളേച്ചന്‍ ചേട്ടന്റെ റബ്ബര്‍ തോട്ടത്തിലെ കളിക്കളത്തില്‍ നിന്നും തര്‍ക്കം പ്രഭാകരന്റെ ചായക്കടയുടെ ചായ്പ്പിലെ കാരം ബോര്‍ഡിലും, ജയേട്ടന്റെ വീട്ടിലെ ചീടു കളിസ്ഥലത്തും രാത്രി ഒരു മണി വരെ തുടര്‍ന്നു.
ദൈവം കാവല്‍ നില്ക്കുന്ന ഓഫ് സൈഡില്‍ ഗംഗുലി വിസ്മയം എന്ന വാക്കിനു കവര്‍ ഡ്രൈവ് എന്ന് അര്‍ത്ഥ ഭേദം കല്പ്പിക്കുമ്പോള്‍ കയ്യടിക്കാതിരുന്നത് സച്ചിന് അപ്രിയം തോന്നുമോ എന്ന് പേടിച്ച് മാത്രമായിരുന്നു. ഉണ്യെട്ടന് പക്ഷെ സഭാകന്പമൊന്നും ഉണ്ടായിരുന്നില്ല. രാവിലെ അമ്മ പൂവാലി പയ്യിനോട് ''അങ്ങ് ചുരത്ത് പയ്യേ'' എന്ന് പറയുന്ന ലാഘവത്തോടെ അവന്‍ ഗാംഗുലിയെകൊണ്ട് തലങ്ങും വിലങ്ങും ബൌണ്ടറികള്‍ അടിപ്പിച്ചു.
****
തര്‍ക്കശാസ്ത്രതിലൂടെ ആരാണ് വലിയവന്‍ എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ ഒരുന്പെട്ട ഒരു ദിവസം
ഓഫ് സൈഡില്‍ ദൈവം ഗംഗുലി എന്ന് ഏട്ടന്‍.
ഓഫും ലെഗും നോക്കണ്ട. കളിക്കളത്തിനു തന്നെ ദൈവം സച്ചിന്‍ എന്ന് ഞാന്‍.
ഏറ്റവും മികച്ച ഇടംകയ്യന്‍ ഗംഗുലി എന്ന് ഏട്ടന്‍.
ഇടവും വലവും നോക്കണ്ട. മികച്ചവന്‍ സച്ചിന്‍ എന്ന് ഞാന്‍.
മികച്ച ക്യാപ്ടന്‍ ഗംഗുലി എന്ന് ഏട്ടന്‍.
കളിക്കാത്ത ക്യാപ്ടന്‍ ഗംഗുലി എന്ന് ഞാന്‍.
കൂടുതല്‍ സുന്ദരന്‍ ഗംഗുലി എന്ന് ഏട്ടന്‍.
..................
''നിന്നെ പാമ്പ് കൊത്തും*...''
..................
''എഹ്.... ''
കളിനിയമങ്ങളുടെ അതിര്‍ത്തിവരക്ക് അപ്പുറത്ത് നിന്നും കേട്ട അവസരബോധമില്ലാത്ത പ്രയോഗത്തില്‍ ആ പാവം ഒന്നു പകച്ചുപോയിട്ടുണ്ടാവണം. ഭ്രാതൃവാത്സല്യത്താല്‍ സ്വതവേ വിടര്‍ന്ന ആ കണ്ണുകള്‍ കലങ്ങിപ്പോയി.. ചുരുങ്ങി ചെറുതായിപ്പോയി.
''എഹ്.... എന്താ മോനേ നീ പറഞ്ഞെ? ''
കള്ളച്ചൂത് നിരത്തി കളി ജയിച്ചാലും പ്രോഫെഷണലിസം എന്ന് കേള്‍വി കൊള്ളുന്ന കാലത്ത് കുടിലയൌവനത്തിന്റെ ചോരത്തിളപ്പില്‍ വാഗ്ദേവത പിഴച്ചുപോയി.
''അതെ, അതന്നെ.. എന്താ നിനക്ക് സച്ചിനെ സമ്മതിച്ചാല്‍? ''
''മുരളീ നാവടക്ക്.''
''ഇല്ല, ഞാന്‍ പറയും. നവുയര്‍ത്താന്‍ കഴിയുന്ന കാലത്തോളം പറയും.''
''എന്നാ നീ പറയണ്ട.'' കൈ നിവര്‍ത്തി ഒന്നു തന്നു ഉണ്ണ്യേട്ടന്‍. അണപ്പല്ല് ഇളകി കടവായില്‍ ചോരയുടെ ചുവപ്പറിഞ്ഞു ഞാന്‍. ഒന്നിന് പുറകെ ഒന്നായി മൂന്നു നക്ഷത്രങ്ങള്‍ വലതു ചെവിയിലൂടെ ഇറങ്ങിപ്പോയി. അന്നെന്റെ പകല്‍ അഞ്ചുമണിക്ക് അസ്തമിച്ചു.
*****
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണത്തെ ഓണമുണ്ട് അമ്മയുടെ മടിയില്‍ തലവച്ച് ഉണ്ണ്യേട്ടനെ കെട്ടിപ്പിടിച്ച് കിടക്കവേ ഞാനൊരു സ്വപ്നം കണ്ണുതുറന്നു കണ്ടു. എന്റെ ഉണ്ണ്യേട്ടനെ. ബിയറിന്റെ അടപ്പില്‍ ഒഴിച്ച് നീട്ടി, നിന്റെ ബോഡി കപ്പസിറ്റിക്ക് ഇത്രേം മതി എന്ന് ചിരിക്കുന്ന ഏട്ടനെ. മുറ്റത്ത് കുത്തി നിര്‍ത്തിയ ഈര്‍ക്കിലില്‍ എറിഞ്ഞു കൊള്ളിച്ച് എന്നെ എറിയാന്‍ പ്രാക്ടീസ് നടത്തുന്ന ഏട്ടനെ. കട്ടിലിന്റെ ക്രാസിയില്‍ വിരിച്ചുതന്ന്‌, മോന്‍ അവിടെ കിടന്നോ എന്ന് ചിരിക്കുന്ന ഏട്ടനെ. ഒന്നു കണ്ടവരെല്ലാം ''അങ്ങനെ ഒരേട്ടന്‍ എനിക്കും വേണമായിരുന്നു'' എന്നെന്നോട് പറഞ്ഞ എന്റെ ഉണ്ണ്യേട്ടനെ.... ഏട്ടന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അമ്മ മറ്റൊരു കഥ പറഞ്ഞു.ഏട്ടന്റെ മറ്റൊരു മുഖം കാണിച്ചു തന്നു. ഓരോ തവണയും വീട്ടില്‍ വന്നു ഞാന്‍ തിരിച്ചു പോന്നാല്‍ ദിവസങ്ങളോളം ഞാന്‍ പുതച്ച പുതപ്പ് കഴുകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഏട്ടനെ. ഉറക്കത്തില്‍ ആ പുതപ്പ് നോക്കി ''അടങ്ങിക്കിടക്ക് മോനേ'' എന്നും ''ദാ ഈ വരയ്ക്കപ്പുറം വന്നു പോകരുത് ട്ടോ'' എന്നും പറയുന്ന ഏട്ടനെ.
***
ആ എട്ടനോടാണ് ഞാന്‍... പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു. കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു. നാവില്‍ നിന്നും വീണതില്‍ ഏറ്റവും വേദനിപ്പിക്കുന്ന രണ്ടു വാക്കുകള്‍. തിരിച്ചെടുക്കാനാവാത്ത പാപക്കറകള്‍. കടും പാപിയായ മകനോടും അനിയനോടും പൊറുക്കണേ എന്ന് ആയിരം വട്ടം മാപ്പിരന്നു. അജ്ഞാനത്തിന്റെ അപരിമേയങ്ങളിലെ പാപക്കറകള്‍ കഴുകിക്കളയുന്ന കോടിദീപ ദിവാകര ദീപ്തിയോടെ ഉറക്കമുണര്‍ന്ന ഏട്ടന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനസ് അറിഞ്ഞു ഞാന്‍ ആരെ ഏട്ടാ എന്ന് വിളിക്കുമ്പോഴും എന്റെ ഉള്ളില്‍ തെളിയുന്ന ചിരി. (2008 november)

37 പ്രതികരണങ്ങള്‍:

മുരളിക... November 10, 2008  

പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു. കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു. നാവില്‍ നിന്നും വീണതില്‍ ഏറ്റവും വേദനിപ്പിക്കുന്ന രണ്ടു വാക്കുകള്‍.....

വൃന്ദാവനിയില്‍ ഇത്തവണ ഒരു ഓര്‍മക്കുറിപ്പ്‌....

ആഗ്നേയ November 10, 2008  

വാ വിട്ട വാക്ക് ആലോചിച്ച് പരിതപിക്കേണ്ടി വരുന്ന അവസരം വന്നിട്ടില്ലാത്തവര്‍ കുറവാവും...എന്നാലും ഇങ്ങനെ ഒരേട്ടനേയും,മധുരമുള്ള കുറേ നിമിഷങ്ങളും കിട്ടിയില്ലേ??
മുരളിയുടെ മനോഹരമായ ആഖ്യാനശൈലി വീണ്ടും...

പുടയൂര്‍ November 10, 2008  

മാഷേ കലക്കി. തുടക്കം വായിച്ചപ്പോ തോന്നി മോഹന്‍ലാല്‍ മമ്മൂട്ട് എന്നു പറഞ്ഞ് വെറുതെ നേരം കളയുന്ന പോലെ ഗാംഗുലീനേം ടെണ്ടുല്‍ക്കറിനേമ്ം തമ്മില്‍ താരതമ്യം ചെയ്യാനുള്ള ഒരു പാതകമാണ് ഇത് എന്ന്. വായിച്ചു വന്നപ്പോ വല്ലാതങ്ങ്ട് ഇഷ്ടായി..

“ഏട്ടന്‍..”

വായിച്ചപ്പോ എന്റെ വീട്ടില്‍ ഒരേട്ടനായ ഞാന്‍ കുട്ടിക്കലത്തെ തമാശകള്‍ ഓര്‍ത്തു പോയി. എന്റെ അനിയനുമായി തല്ലുകൂടുന്നതും പിന്നെ ഇണങ്ങുന്നതും, രാത്രീല് അനിയനെ കെട്ടിപ്പിടിച്ച് കിടക്കുന്നതും എല്ലാം..

joji November 10, 2008  

''രാവിലെ അമ്മ പൂവാലി പയ്യിനോട് ''അങ്ങ് ചുരത്ത് പയ്യേ'' എന്ന് പറയുന്ന ലാഘവത്തോടെ അവന്‍ ഗാംഗുലിയെകൊണ്ട് തലങ്ങും വിലങ്ങും ബൌണ്ടറികള്‍ അടിപ്പിച്ചു.''

lovely style. come on dada..

...: അപ്പുക്കിളി :... November 10, 2008  

പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു.
പശ്ചാതാപം പ്രായശ്ചിതതെക്കാള്‍ മികച്ച്ചതാകുന്നു. അച്ഛനും ചേട്ടനും പൊറുക്കാന്‍ കഴിയട്ടെയെന്ന് പ്രാര്ത്ഥികുന്നു

കാപ്പിലാന്‍ November 10, 2008  

ചില സമയം നാവില്‍ ഗുളികന്‍ നില്‍ക്കും .പറയുന്നത് എന്താണ് എന്ന് ഓര്‍ക്കാതെ കൂടി അത് നാവില്‍ നിന്നും വരും .പിന്നീട് അതിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് തെറ്റ് മനസിലാകുന്നത് .അത് കൊണ്ട് കോപം അടക്കുക .തെറ്റ് മനസിലാക്കാനും പശ്ചാതപിക്കാനും ഉള്ള കഴിവുള്ളവനാണ്‌ നല്ല മനുഷ്യന്‍ .നല്ലൊരു ഏട്ടനെ പരിചയപ്പെടുത്തിയതില്‍ നന്ദി .

രണ്‍ജിത് ചെമ്മാട്. November 10, 2008  

ഏട്ടന്‍..!!!!!!!
അങ്ങനെയൊന്നില്ലാത്ത ഒരു ശൂന്യത എപ്പോഴുമുണ്ട്... അനിയനും!!.....
കൊതിയാവുന്നു.... അനുഭവത്തിലും ആഖ്യാനത്തിലും....
ചില കാലങ്ങളില്‍ ഒരു മകന്റെ ഏറ്റവും വലിയ ശത്രു അച്ചനാണെന്നു പറയും...
അവിവേക കാലത്തിളപ്പിലങ്ങനെയും..... അതു കാര്യമാക്കേണ്ടതില്ല...

വ്യാസ്... November 10, 2008  

''കള്ളച്ചൂത് നിരത്തി കളി ജയിച്ചാലും പ്രോഫെഷണലിസം എന്ന് കേള്‍വി കൊള്ളുന്ന കാലത്ത് കുടിലയൌവനത്തിന്റെ ചോരത്തിളപ്പില്‍ വാഗ്ദേവത പിഴച്ചുപോയി.''


അമ്പരപ്പിക്കുന്ന കയ്യടക്കം... തെറ്റ് പറ്റാത്ത മനുഷ്യര്‍ ഉണ്ടോ സഖാവേ? ഇങ്ങന എഒരു ഏട്ടനെ കിട്ടിയില്ലേ? ഇനിയെന്ത് വേണം?
അപ്പുക്കിളി പറഞ്ഞ പോലെ ഈ പശ്ചാത്താപം തന്നെ പ്രായശ്ചിത്തം.

മാണിക്യം November 10, 2008  

ഏട്ടനും അനിയനും
നിര്‍വചനങ്ങള്‍ക്കപ്പുറം....
..... നല്ല ഒരു രചന വയിച്ച്
അനുഭവവും ആയി നീങ്ങുന്നു.
സ്നേഹാശംസകള്‍......

അരുണ്‍ കായംകുളം November 10, 2008  

അണ്ണാ നമിച്ചു.
സൂപ്പര്‍ മച്ചാ സൂപ്പര്‍.തകര്‍ത്തു കളഞ്ഞു.

മഴയുടെ മകള്‍ November 10, 2008  

കൊള്ളാമെടാ കൊള്ളാം.....നീ കലക്കി.. സൂപ്പര്‍........ എഴുത്തിന്റെ കാര്യത്തില്‍ നീ തന്നെ ഏട്ടന്‍

സുല്‍ |Sul November 11, 2008  

കളി പറയാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു വന്ന്, മറ്റെന്തോ പറഞ്ഞു നീ...

അപാരമായ എഴുത്ത് മുരളീ പിന്നെയും പിന്നെയും വായിക്കാന്‍ തോന്നും.

ആശംസകള്‍!
-സുല്‍

നരിക്കുന്നൻ November 11, 2008  

വായിച്ച് തീർന്നപ്പോഴാണറിയുന്നത് കണ്ണുകൾ അറിയാതെയെപ്പോഴോ നനഞ്ഞിരുന്നെന്ന്. ഒരു നല്ല ഏട്ടന്റെ ഓർമ്മകൾ ശരിക്കും മനസ്സിൽ കൊള്ളിച്ചു. ഒരുപാട് നല്ല ഓർമ്മകൾ മനസ്സിലേക്ക് വരുന്നു.

നന്ദി മുരളിക. ആശംസകൾ

പ്രയാസി November 11, 2008  

നിക്കൊന്നല്ല മൂന്നാ..

അഞ്ഞൂറാനുള്ള പോലെ

പാവങ്ങളാ..:)

നന്നായി മുരളീ..

അവതരിപ്പിച്ച രീതി കൊള്ളാം

G.manu November 11, 2008  

പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം''

മഹാപാപീ കൂമ്പിടിച്ചു വാട്ടേണ്ടതാ നിന്നെ :)... പ്രായത്തിന്റെ ചാപല്യമായി അച്ഛന്‍ ക്ഷമിച്ചുകാണും അല്ലേ.....
‘കുഞ്ഞേ ചെറുപ്പത്തില്‍ അപ്പുറവും തോന്നും
എന്നോളമായാല്‍ ഒടുങ്ങും..’ എന്ന ചുള്ളിക്കാടല്‍ ലൈന്‍സ് പുള്ളി ഓര്‍ത്തുകാണും :)

പോസ്റ്റ് കലക്കന്‍...

nandakishor November 11, 2008  

''മുരളീ നാവടക്ക്.''
''ഇല്ല, ഞാന്‍ പറയും. നവുയര്‍ത്താന്‍ കഴിയുന്ന കാലത്തോളം പറയും.''
''എന്നാ നീ പറയണ്ട.'' കൈ നിവര്‍ത്തി ഒന്നു തന്നു ഉണ്ണ്യേട്ടന്‍. അണപ്പല്ല് ഇളകി കടവായില്‍ ചോരയുടെ ചുവപ്പറിഞ്ഞു ഞാന്‍. ഒന്നിന് പുറകെ ഒന്നായി മൂന്നു നക്ഷത്രങ്ങള്‍ വലതു ചെവിയിലൂടെ ഇറങ്ങിപ്പോയി. അന്നെന്റെ പകല്‍ അഞ്ചുമണിക്ക് അസ്തമിച്ചു....

നന്നായി മാഷേ.. എനിക്കും തോന്നിയിട്ടുണ്ട് ഇങ്ങനൊക്കെ. എന്ത് ചെയ്യാന്‍.............
ഏട്ടനോട് എന്റെ അന്വേഷണം പറയണേ.. എനിക്കിഷ്ടായി ഏട്ടന്റെ സ്റ്റൈല്‍. ഒരു മൂന്നു നക്ഷത്രം എന്റെ വകയും. #$%^@&

(നല്ല എഴുത്ത് മുരളീ.. പറയാതെ പോകാന്‍ വയ്യ )

മുന്നൂറാന്‍ November 11, 2008  

നര്‍മം ആസ്വദിച്ചു കൊണ്ടാണ്‌ വായിച്ചു വന്നത്‌.
പെട്ടെന്ന്‌ ഒരു ട്വിസ്റ്റ്‌. പിന്നെ ചങ്കിലൊരു പിടിത്തം.
നല്ല രചനാ രീതി....

ranjith November 11, 2008  

''ആയുസ്സ് തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍ പകരാന്‍ ഉതകാതെ പോയ
നീയാണ് മൂത്ത മകന്‍ എന്നെത് കൊണ്ട് മാത്രം
തീയനെനിക്ക് ഭുവന സ്മരണാവശിഷ്ടം........''

മുരളീ നീയാണ് പുത്രന്‍. :) അസ്സല്‍ എഴുത്ത്.

സംഗീത November 11, 2008  

''പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു.''

മുന്പേ പറഞ്ഞവര്‍ പറഞ്ഞതു തന്നെ ഞാനും പറയുന്നു.
''പശ്ചാതാപം പ്രായശ്ചിതതെക്കാള്‍ മികച്ച്ചതാകുന്നു.''

കയ്യടക്കതിലും നീ കേമന്‍ തന്നെ കൃഷ്ണാ...
സ്നേഹാശംസകള്‍......

lakshmy November 11, 2008  

'കാലപാശത്തിന്റെ കടുംകെട്ട് കഴുത്തില്‍ കറുപ്പ് വീഴ്ത്തുന്നത് കണ്ണുനീരോടെ കണ്ടുനിന്നു'

:...............

Prasanth. R Krishna November 11, 2008  

മുരളീ എന്താ പറയുക,

വ്യന്ദാവനിയിലെ എല്ലാമികച്ചപോസ്റ്റുകളിലും ഒരുപടി മുന്നില്‍ നില്‍ക്കുന്ന പോസ്റ്റ്. വ്യത്യസ്തമായ അവതരണ ശൈലി, ലളിതവും ശക്തവുമായ ഭാഷ, സ്വാഭാവികമായ ഒഴുക്ക്, അനാവശ്യമായ പദങ്ങളേയും വിവരണങ്ങളേയും ഒഴിവാക്കിയുള്ള മിതത്വം..അതിലേറെ ഭിന്നമായ വിഷയം. നന്നായിരിക്കുന്നു മുരളി. ഗാംഗുലിയെയും ടെണ്ടുല്‍ക്കറിനേയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ബോറന്‍ പോസ്റ്റ് എന്നപ്രതീതി ജനിപ്പിച്ചുകൊണ്ട് വിഷയത്തിലേക്ക വന്ന ആ സാങ്കേതികത്വം വളരെ നന്നായിട്ടുണ്ട്.

ഇങ്ങനെയുള്ള ഒരു ഏട്ടനെ കിട്ടുന്ന അനുജന്‍മാര്‍ എത്ര ഭാഗ്യവാന്മാര്‍ ആണന്ന് മറ്റാരേക്കാളും നന്നായി അറിയുന്ന ഒരു അനുജന്‍കൂടിയാണ് ഞാന്‍. വേറിട്ട ഒരു അനുഭവമായി ഈപോസ്റ്റ് ..

sanalkumar November 12, 2008  

good work murali. keep writing

ഗീതാഗീതികള്‍ November 12, 2008  

ആളുകളെ ഇങ്ങനെ കരയിക്കരുത് മുരളികേ. പാപം കിട്ടും.
ആ ഫോട്ടൊയില്‍ കാണുന്നതാണോ ആ ഏട്ടന്‍?
ഇതു വായിച്ചവരെല്ലാം മനസ്സുകൊണ്ട് ആ ഏട്ടന് പാദനമസ്കാരം നടത്തിക്കാണും.
ആ പുതപ്പു കെട്ടിപ്പിടിച്ചുറങ്ങുന്നതു വായിച്ചു സഹിക്കിണില്ല്യ.
അന്നത്തെ ആ കൊച്ചു പയ്യന്റെ വെറും വാക്കുകള്‍ അച്ഛനും ഏട്ടനുമൊക്കെ എന്നേ മറന്നുകാണും...

Tince Alapura November 13, 2008  

ellaam ormakal alle ?

കിലുക്കാംപെട്ടി November 18, 2008  

“സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൌഹൃദത്തിന്റെ തിളച്ചു മറിയലാണ്”
പിന്നെ എല്ലാം പൊറുക്കുന്നവര്‍, സഹിക്കുന്നവര്‍, ക്ഷമിക്കുന്നവര്‍... അവരല്ലേ അച്ഛനും അമ്മയും.
ഇടക്കു കണ്ണു നനഞ്ഞു എങ്കിലും നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുമോടിയെത്തി. എനിക്കു പലപ്പോഴും തോന്നിയ്ട്ടുണ്ട് ഏറ്റവും വലിയ ഇടി മത്സരം നടക്കുന്നത് എന്റെ അമ്മയുടെ(മിക്ക അമ്മമാരുടെയും)മടിയിലാണന്നു......എല്ലാ ഭാവുകങ്ങളും മുരളീ.

ശ്രീ November 18, 2008  

മുരളീ...
ഓര്‍മ്മക്കുറിപ്പ് അറിയാതെ കണ്ണു നനച്ചല്ലോ... ആ ഏട്ടനേയും ഈ അനിയനേയും ഇഷ്ടമായീട്ടോ. ഈ സ്നേഹം എന്നെന്നും നില നില്‍ക്കട്ടേ :)

തോന്ന്യാസി November 19, 2008  

വേണ്ടാ..വേണ്ടാന്ന് കരുതി ഇരുന്നതാ....

എന്നാലും ... ഒരു കയ്യൊപ്പ് ഇവിടെ എത്തി എന്നറിയിക്കാന്‍....അത്രമാത്രം .....

കുമാരന്‍ December 27, 2008  

i like ur style of language

smitha adharsh December 27, 2008  

മനസ്സില്‍ തട്ടി...ഒരുപാടൊരുപാട്..

Sureshkumar Punjhayil December 30, 2008  

really touching... Best wishes...!

നെന്മേനി January 21, 2009  

nice flowing style of writing...just like your ganguly's off side stroke making..keep it up

PIN January 25, 2009  

മുരളി,
വളരെ മനോഹരമായ എഴുത്ത്‌. ഏതുഭാവവും തങ്ങൾക്ക്‌ എഴുത്തിലൂടെ പ്രതിപലിപ്പിക്കാൻ ആവുന്നുണ്ട്‌.

ആശംസകൾ...

ഉണ്ണി.......... March 14, 2009  

മനുജിയുടെ പോസ്റ്റ് കണ്ടാണ് ഈ മുരളിക തേടി ഇറങ്ങിയത്. വന്നപ്പോൽ ദാദക്കൊരു ജയ് വിളിക്ക് മനസ്സ്കൊണ്ട് തയ്യാറെടുത്തതും ആണ് അതിനെ പതുക്കെ മാറ്റി ..

ഇഷ്ടായി സുഹൃത്തെ ഇനി ഞാനും ഉണ്ടാവും ഇവിടത്തെ സ്ഥിരം സന്ദർശകരുടെ കൂട്ടത്തിൽ

ജയരാജന്‍ March 14, 2009  

വല്ലാതെ മനസ്സിൽ തട്ടുന്ന വരികൾ. ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്; മുഴുവൻ പോസ്റ്റുകളും വായിച്ചു. നന്നായിരിക്കുന്നു!

ശ്രീഇടമൺ March 23, 2009  

പണ്ടൊരിക്കല്‍ നാവില്‍ കാലസര്‍പ്പത്തിന്റെ വിഷം തീണ്ടിയ നാളില്‍ അച്ഛനോട് '' മക്കളെ വളര്‍ത്തേണ്ടത് എങ്ങനെയെന്നു കാണിച്ചു തരാം'' എന്ന് പറഞ്ഞ പൊടിമീശക്കാരന്‍ ഉള്ളില്‍ ഉറക്കമുണര്‍ന്നു.
ഓര്‍മക്കുറിപ്പ്‌ നന്നായി...*

Kunjipenne - കുഞ്ഞിപെണ്ണ് March 27, 2009  

എഴുത്തുകാരനെ വ്യത്യസ്‌തനാക്കുന്നത്‌ അവന്റെ ശൈലിയാണ്‌ മനോഹരമായിരിക്കുന്നു.
ആ പൂവാലി പ്രയോഗം ക്ഷ ബോധിച്ചു...ഒത്തിരിസ്‌നേഹത്തോടെ.......

ബിജിത്‌ :|: Bijith June 22, 2010  

സത്യമല്ലല്ലോ.. വെറും ഭാവന എന്ന് വിശ്വസിക്കാന എനിക്കിഷ്ടം...
ഉള്ളില്‍ തൊടുന്ന എഴുത്താ മാഷേ നിങ്ങളുടേത്..