കാ ത്വം ബാലേ- കാഞ്ചനമാലാ

>> 28.5.10

കഥയാല്‍ തടുക്കാമോ കാലത്തെ, വിശക്കുമ്പോള്‍
തണുത്ത തലച്ചോറേയുണ്ണുവാനുള്ളൂ കയ്യില്‍ - ചുള്ളിക്കാട്


''പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍
കുലം മുടിക്കുന്നവന്‍.....''
എന്നൊരു വിശേഷണം അച്ഛന്‍ കണ്ണനെക്കുറിച്ച് നാണുവമ്മാവനോട് പറഞ്ഞത് അഞ്ചാറ് കൊല്ലം മുമ്പത്തെ ഒരു മഴക്കാലത്താണ്. മുജ്ജന്മത്തിലെ ശത്രുക്കളാണ് പുത്രന്മാരായി ജനിക്കുന്നത് എന്നായിരുന്നു അച്ഛന്റെ ധാരണ. പ്രത്യേകിച്ച് ഇളയ പുത്രനായി. പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാകയാലും അച്ഛനാകയാലും കണ്ണന്‍ മറുത്തൊന്നും പറയാതെ ആ ധാരണയെ ആവുംവിധം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ഭാഗ്യവാനായ മകന്‍ താനാണെന്ന കണ്ണന്റെ അഹങ്കാരത്തോട് പ്രതിപക്ഷബഹുമാനം തീരെക്കുറവായ ആ പഴയ ഫ്യൂഡലിസ്റ്റ് അശേഷം യോജിച്ചതില്ല.


ഏട്ടനില്ലാത്ത തക്കം നോക്കി അമ്മയുടെ മടിയില്‍ കിടന്ന് ബാംഗ്ലൂരിയന്‍ വിശേഷങ്ങള്‍ വിളമ്പുകയായിരുന്നു കണ്ണന്‍. കയ്യിലൊരു സഞ്ചിയുമായി കയറിവന്ന അച്ഛന്‍ ''നീയെപ്പോ വന്നു കുട്ടാ'' എന്നും ചോദിച്ച് കുളിക്കാനായി തൊടിയിലേക്കിറങ്ങി.
''ആലപ്പുഴയ്ക്കു പോയി വന്നാലെനിക്കച്ഛനാ-
റഞ്ചു കൊണ്ടെത്തരാറുള്ളതോര്‍ത്തു ഞാന്‍''.
എന്നുപാടിക്കൊണ്ട് കണ്ണന്‍ പൊതിക്കരികിലേക്കോടി. ഇതെന്താമ്മേ ഇത്രയധികം പഞ്ചസാര? മൂന്ന് നാല് കിലോയില്‍ കുറയാത്ത പൊതി കയ്യിലെടുത്ത് കണ്ണന്‍ അമ്മയുടെ നേരെ തിരിഞ്ഞു. ബാംഗ്ലൂരില്‍ ഞങ്ങള്‍ സാധാരണ കാല്‍ക്കിലോ പഞ്ചസാരയാണ് വാങ്ങാറുള്ളതെന്ന് അമ്മയോട് പറയാന്‍ തുടങ്ങുകയായിരുന്നു അവന്‍. ഇളയമകനെക്കുറിച്ച് മാത്രം വേവലാതിപ്പെട്ടുകണ്ടിട്ടുള്ള പത്മാവതിയമ്മയുടെ കണ്ണുകള്‍ അപ്പോഴേക്കും പക്ഷേ നിറഞ്ഞുപോയിരുന്നു

* * * *
''അത്രയ്ക്കും കുറച്ച് എന്നോട് മിണ്ടിയാല്‍ മതീലോ''
''ഏഹ്''
''അതേയപ്പൂ, നിന്റച്ചനിപ്പോ എന്നെ കണ്ടൂടാ, എന്നോട് മിണ്ടിക്കൂടാ''
''എന്താമ്മേ? എന്തായിപ്പറയണേ''
ആദ്യമായാണ് ഇത്തരമൊരു കേള്‍വി. അച്ഛനുമമ്മയും പരസ്പരം മിണ്ടണില്ലത്രേ. എന്തോ പറഞ്ഞു പിണങ്ങി അതങ്ങു നീണ്ടു നീണ്ടു പോകയാണ്.
''മുപ്പത്തഞ്ചു കൊല്ലത്തോളം ഒരുമിച്ചു കഴിഞ്ഞിട്ടും മൂന്നാല് മാസത്തോളം മിണ്ടാതിരിക്കുക. ഇതെന്താമ്മേ ഇങ്ങനെ തുടങ്ങണെ? അതും ഒന്നു മിണ്ടാന്‍ വേറൊരാളിവിടുണ്ടെങ്കില്‍ വേണ്ടീല''
''നിനക്കെന്താ കുട്ടാ? ഞാനെന്തേലും മിണ്ടണംന്നച്ചാ പൈക്കളോടോ പൂച്ചയോടോ പറയും. അവറ്റോളാവുമ്പോ ചാടിക്കടിക്കാന്‍ വരൂലല്ലോ''


''എന്തൊരു സമസ്യയാണപ്പാ ഈ ജീവിതം. കേട്ടിട്ട് കല്യാണത്തെക്കുറിച്ച് ഓര്‍ക്കാനൂടെ പേടിയാകുന്നല്ലോ''- ആത്മഗതം അല്‍പം ഉച്ചത്തിലായിപ്പോയി.
''എന്റെ കുട്ടിയിപ്പോ മംഗലം കയിക്കുന്നതിനെക്കുറിച്ചൊന്നുമോര്‍ത്ത് ബേജാറാവണ്ട. നിനക്ക് വേണംച്ചാ ഞാന്‍ വേറൊരു സമസ്യ തരാം. ക ഖ ഗ ഘ''
പറയലും പദം തരലും വേഗം കഴിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്ക?
''സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കൂ പത്മാവതിയമ്മേ'' കണ്ണന്‍സിന്റെ കണ്ണുകള്‍ അമ്മയുടെ മുഖത്തേക്ക്. അവിടെയതാ നീര്‍ത്തുള്ളിയില്‍ കുസൃതിയുടെ സൂര്യനുദിച്ചുനില്‍ക്കുന്നു. ''നീയ്യ് വല്യ പത്രക്കാരനല്ലേ, പറഞ്ഞില്ലേല്‍ എന്റെ മോനിന്ന് പട്ടിണിയാ''
വിക്രമാദിത്യമഹാരാജാവ് നവരത്‌നങ്ങള്‍ക്ക് കൊടുത്ത പണിയാണിത്. പാവം കാളിദാസന്‍ മാനം കാക്കാന്‍ ഒരുമ്പിട്ടറങ്ങി. വഴിയിലൊരു കൊച്ചുപെണ്‍കുട്ടിയെ കണ്ടു. അങ്ങനെയാണത്രേ ചരിത്രം.


* * * *
ആലോചിച്ചു നിന്നാല്‍ പട്ടിണിയാവേ ഉള്ളൂ. നേരം കളയാതെ ഉത്തരം കണ്ടെത്താന്‍ നോക്കാം. ''അച്ഛാ ക ഖ ഗ ഘ''
''എന്ത് കാ ക്ക ക ക്കാ?''
കര്‍ക്കിടകത്തില്‍ വായിക്കാനുള്ള രാമായണത്തിന്റെ താളുകളെല്ലാം ഭദ്രമാണെന്നുറപ്പു വരുത്തുകയാണ് പിതാശ്രീ.
''ക ക്ക ക ക്കാ അല്ലച്ഛാ, ക ഖ ഗ ഘ. അമ്മ പറഞ്ഞതാ. എന്തോ സമസ്യയാണത്രേ''
''അതെയോ വെറൊന്നും പറഞ്ഞില്ലേ നിന്റമ്മ''- പിതാശ്രീ ഉവാച.
''ഉം, ആ കാളിദാസന്‍ ഏതോ പെണ്‍കുട്ടിയെ കണ്ട് നിക്കുവാ എന്നു പറഞ്ഞു.''
''ഉം, ആ കുട്ടിയോട് കാളിദാസന്‍ കാ ത്വം ബാലേ എന്നു ചോദിച്ചു എന്നു പറ''
ദൂതുമായി കണ്ണന്‍ അടുക്കളയിലേക്ക് പാഞ്ഞു.
''കാഞ്ചനമാല''
തുടര്‍ന്ന് നടന്നത് ഇങ്ങനെ
അഭിനവ കാളിദാസന്‍ കൃഷ്ണന്‍ നായര്‍: ''കസ്യാ പുത്രി?'' (ആരുടെ പുത്രി?)
അടുക്കളയില്‍ നിന്നും: ''കനകലതായാ''
''കിം തേ ഹസ്തേ?'' (എന്താണു കൈയ്യില്‍)
''താലീപത്രം'' (താളിയോല)
''കാ വാ രേഖ?'' (എന്താണ് എഴുതിയിരിക്കുന്നത്?)
''ക ഖ ഗ ഘ''
ചായയുമായി വന്ന അമ്മയോട് അച്ഛന്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നത് കേട്ടു ''ഒന്നും മറന്നില്ലേ നീയ്''
(അമ്മയുടെ പിണക്കം മാറ്റാനായി ആദ്യനാളുകളിലൊന്നില്‍ അച്ഛന്‍ പറഞ്ഞ കഥയായായിരുന്നത്രേ അത്!!!)

* * * *
അനന്തരം സമസ്യ പരിഹരിച്ചുകിട്ടിയ കാളിദാസന്‍ ഉജ്ജയനി ലക്ഷ്യമാക്കി നടന്നു. താല്‍ക്കാലികാശ്വാസത്തോടെ കള്ളക്കണ്ണന്‍ അമ്മയുടെ മടിയിലേക്കും ചാഞ്ഞു. ഇതി കഥാന്ത്യം ശുഭം. (may 2010)

51 പ്രതികരണങ്ങള്‍:

Unknown May 28, 2010  

മൂന്ന് ദിവസത്തിനുള്ളില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ തൊടുപുഴ മീറ്റില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന ഭീഷണിക്ക് വഴങ്ങി ചെയ്തു പോയ അപരാധം. ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ മാന്യ ബ്ലോഗറുടെ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത നിരാശ മറച്ചുവെയ്ക്കുന്നില്ല.

മാസങ്ങള്‍ക്ക് ശേഷം വൃന്ദാവനിയില്‍ വിരിഞ്ഞ കഥ
''കാ ത്വം ബാലേ- കാഞ്ചനമാലാ''

Junaiths May 28, 2010  

നാട്ടിലൊന്നു പോയ്‌ വന്നു അല്ലെ കള്ളാ കണ്ണാ,

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 28, 2010  

കനകലതായാം എന്ന വാക്കു മാത്രം തിരുത്തണേ

കനകലതായാം എന്ന വാക്കിനു സംസ്കൃതത്തില്‍ കനകലതയില്‍ എന്നാണര്‍ത്ഥം. കനകലതയുടെ മകള്‍ എന്നു പറയേണ്ടപ്പോള്‍ കനകലതായാ എന്നു വരെ മതി

ഏതായാലും കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 28, 2010  

പിന്നെ സംസ്കൃതത്തിന്റെ തന്നെ ശരി രൂപം വേണമെങ്കില്‍ അവസാനം ഒരു വിസര്‍ഗ്ഗം കൂടി ചേര്‍ക്കാം കേട്ടൊ - കനകലതായാഃ എന്ന്

വിജി പിണറായി May 28, 2010  

‘കനകലതായാം’ തിരുത്തണമെന്നു പറയാന്‍ തന്നെയാ ഞാന്‍ ഈ പേജില്‍ വന്നത്. അപ്പോഴേക്കും പറഞ്ഞു കഴിഞ്ഞു.

'ഹെറിറ്റേജ്' മാഷേ... ‘കനകലതയുടെ മകള്‍ എന്നു പറയേണ്ടപ്പോള്‍ കനകലതായാ എന്നു വരെ മതി’യോ? പോരല്ലോ? ‘കനകലതായാ’ എന്നു പറഞ്ഞാല്‍ ‘കനകലതയുടെ’ എന്നല്ലേ അര്‍ത്ഥം വരൂ... ‘മകള്‍’ എന്നു കൂടി വരില്ലല്ലോ! (‘ആരുടെ...’ എന്ന ചോദ്യത്തിന് മറുപടി ‘ഇന്നയാളുടെ’ എന്നു മാത്രം മതിയല്ലോ. അത്രയല്ലേ ഉദ്ദേശിച്ചിട്ടുമുള്ളൂ?)

‘കനകലതായാ എന്നു വരെ മതി’ എന്ന് പറഞ്ഞതു കണ്ട് വെറുതെ ഒരു ‘തര്‍ക്കുത്തരം’ തോന്നിയതാണേ... അല്ലാതെ ഞാന്‍ ‘സംസ്കൃത വിദ്വാനൊ’ന്നുമല്ല കേട്ടോ... (‘കേട്ടൊ’ അല്ല!)

വിജി പിണറായി May 28, 2010  

ങാ... പിന്നെ, മുരളികേ... ഈ സമസ്യയെക്കുറിച്ച് ഞാന്‍ കുറേ മുന്‍പ് വായിച്ചിരുന്നു. അത് ഓര്‍മയുള്ളതു കൊണ്ടാണ് പോസ്റ്റിന്റെ തലക്കെട്ട് കണ്ടപ്പോള്‍ ഇടിച്ചു കയറിയത്. എന്നാലും അച്ഛനേം അമ്മയേം തമ്മില്‍ പിണക്കിയിട്ടു തന്നെ വേണോ കഥ പറച്ചില്‍? ഏതായാലും കഥാരൂപം കൊള്ളാം. :)

Anonymous May 28, 2010  

ithu kalakkan katha muralee, nalla theme.

മാണിക്യം May 28, 2010  

എനിക്ക് തൊടുപുഴയില്‍ വരാന്‍ പറ്റില്ലാ
എന്നാലും ആ ഭീഷണിപ്പെടുത്തിയ മഹാന്
എന്റെ വക ഒരു വലിയ നന്ദി..

അച്ഛന്റെയും അമ്മയുടെയും പിണക്കവും ഇണക്കവും
നന്നായി അവതരിപ്പിച്ചു ..

അപ്പോള്‍ കനകലതയുടെ മോളുടെ പേരെന്താ?
പെണ്ണിനെ കണ്ടോ? :)
അല്ല ഒരു സദ്യക്ക് വകുപ്പുണ്ടോ?

ഉപാസന || Upasana May 28, 2010  

ഞാനും അച്ഛ്ഹനും മുന്നാളാ. എന്നാലും പൊതുവെ സമാധാനപരമഅയിരുന്നു.
മുരുകാ
:-)

വിജി പിണറായി May 28, 2010  
This comment has been removed by the author.
വിജി പിണറായി May 28, 2010  

ഒരു തിരുത്ത് കൂടി...

‘അങ്ങിനെയാണത്രേ ചരിത്രം’... അല്ലല്ലോ...! ‘അങ്ങനെ’യാണത്രേ ചരിത്രം! അതേയ്... ‘ങനം’ എന്നു വെച്ചാല്‍ ‘പ്രകാരം’ (വിധം / തരം) എന്നര്‍ഥം. ആകയാല്‍ ‘അപ്രകാരം’ ‘അങ്ങനെ’യും ‘ഇപ്രകാരം’ ‘ഇങ്ങനെ’യും ‘എപ്രകാരം’ ‘എങ്ങനെ’യും ആകുന്നു.

(ഇങ്ങനെ തിരുത്തുകളുമായി ഇടപെടുകയാല്‍ ഞാന്‍ ഒരു തിരുത്തല്‍‌വാദിയായി അറിയപ്പെടുന്നു!)

jayanEvoor May 29, 2010  

കൊള്ളാം.
അപ്പോ ശരി... തൊടുപുഴയിൽ കാണാം!

Rare Rose May 29, 2010  

ഇണക്കവും,പിണക്കവുമൊക്കെയായി രസമുള്ളൊരു കുഞ്ഞു പോസ്റ്റ്..:)

ഈ ‘കാ ത്വം ബാലേ’ അനിയത്തി കുഞ്ഞുനാളില്‍ സംസ്കൃതം പഠിക്കുന്ന കാലത്ത് സ്ഥിരമായി ചൊല്ലി നടക്കുമായിരുന്നു.അതു പെട്ടെന്നോര്‍മ്മ വന്നു..

Unknown May 29, 2010  

നന്ദി ഇന്ത്യാ ഹെറിറ്റേജ്, വിജിയെട്ടാ തിരുത്തല്‍ നടത്തിയിട്ടുണ്ട്. നന്ദി സൂക്ഷ്മമായ വായനയ്ക്കും അഭിപ്രായത്തിനും.

നല്ലത് പറഞ്ഞ എല്ലാവര്ക്കും നന്ദിയുണ്ട്.

(കുഞ്ഞുനാളില്‍ അമ്മ പറഞ്ഞ ഓര്‍ത്തെടുത്ത് എഴുതിയതാണ്. ക്ഷെമീന്നെ നമുക്കീ ആഖ്യാതമോന്നും അത്ര പിടുത്തമില്ലല്ലോ :)

poor-me/പാവം-ഞാന്‍ May 29, 2010  

അങിഷ്ട്ടായി...

Anonymous May 29, 2010  

വായിച്ചിട്ട് വല്ലാത്ത സന്തോഷം :) സി രാധാകൃഷ്ണന്റെ ഒരു കഥയുണ്ട്- ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ വന്നിട്ട് പയറൊടിക്കാന്‍ ഇറങ്ങുമ്പോള്‍ അച്ചിങ്ങാപ്പയറിന്റെ മണമാണ് അയാള്‍ക്കെന്ന് ഓര്‍മ വരുന്ന ഭാര്യയുടെ കഥ. താരതമ്യമല്ല. ചില ലാളിത്യങ്ങള്‍ക്ക് മാത്രം തരാവുന്ന സന്തോഷമുണ്ട്. അതിങ്ങനെ...

Gupthan.

Anonymous May 29, 2010  

കാ ത്വം ബാലേ? കാഞ്ചനമാലാ;
കസ്യാഃ പുത്രീ? കനകലതായാഃ;
കിം തേ ഹസ്തേ? താലീപത്രം;
കാ വാ രേഖാ? ക ഖ ഗ ഘ

എന്നാണ് ശ്ലോകം. എന്തോ തെറ്റിയിട്ടുണ്ട്
--ഗുപ്തന്‍

പാവത്താൻ May 29, 2010  

വേണ്ടാ...വേണ്ടാ.... മലയാളവും ഇംഗ്ലീഷും കഴിഞ്ഞ് ഇപ്പൊ സംസ്കൃതത്തില്‍ പിടിച്ചായോ കളി?
അപ്പോ തൊടുപുഴയ്ക്കു വരണമെങ്കില്‍ പോസ്റ്റിടണം എന്നൊരു വ്യവസ്ഥയുണ്ടോ?

nandakishor May 29, 2010  

സുന്ദരന്‍ കഥ മുരളിക്കുട്ടാ, അസ്സലായി പറഞ്ഞിരിക്കുന്നു, അമ്മ പറഞ്ഞ പോലെ കല്യാണമൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം ട്ടോ..

Unknown May 29, 2010  

ഏറിയ സന്തോഷമുണ്ട് ഗുപ്തേട്ടാ... ഇതിലധികമൊന്നും ഈ അല്പന്‍ പ്രതീക്ഷിക്കുന്നില്ല.
നേരത്തെ പറഞ്ഞതുപോലെ കുഞ്ഞുനാളില്‍ മൂന്നുകൊല്ലം പഠിച്ച സംസ്കൃതമേ ഉള്ളൂ നമുക്ക്. അതന്നെ മറന്നിരിക്കുന്നു. എന്തായാലും ശ്ലോകം ഇത്തരത്തിലെങ്കില്‍ ഒരിക്കല്‍ കൂടെ തിരുത്തെണ്ടിയിരിക്കുന്നു :)

നീര്‍വിളാകന്‍ May 29, 2010  

കാ ത്വം ബാലേ = നീ അരാണ്‌ കുട്ടീ? കാഞ്ചനമാലാ = ഞാന്‍ കാഞ്ചനമാലയാണ്‌
കസ്യാഃ പുത്രീ= ആരുടെ മകളാണ്‌ ? കനകലതായാ = കനകലതയുടെ
കിം തേ ഹസ്തേ = കയ്യിലെന്താണ്‌)
താലീപത്രം = പനയോല
കാ വാ രേഖാ = എന്താണെഴുതിയിരിക്കുന്നത്‌? ക ഖ ഗ ഘ!

ചിന്തയിലെ വൈവിദ്ധ്യത്തിന് 100 മാര്‍ക്ക്.

Unknown May 29, 2010  

ഗുപ്തേട്ടന്‍ ചൂണ്ടിക്കാട്ടിയ വഴി തന്നെ നീര്‍വിളാകനും പറയ്കയാല്‍ ഒരിക്കല്‍ കൂടി തിരുത്ത് നടത്തിയിരിക്കുന്നു.
(വിജിയേട്ടനും ഇന്ത്യാ ഹെരിറ്റേജും ഇത് കാണാതെ പോയതെന്തേ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത് )

Unknown May 29, 2010  
This comment has been removed by the author.
വ്യാസ്... May 29, 2010  

കഥ കലക്കന്‍ മാഷേ ഒരു സത്യന്‍ അന്തിക്കാട് സിനിമ കാണുന്ന പോലുണ്ട്.
എന്തായാലും പിണക്കം മാറി എന്നത് നേരാണല്ലോ അല്ലെ?

സംഗീത May 29, 2010  

കൃഷ്ണാ നീ ബേഗനെ ബാര്‍ ഓ...
കള്ളകൃഷ്ണാ നീ തന്നെയാണീ കണ്ണന്‍ എന്ന് നിന്റെ മുഖത്ത് നോക്കിയാല്‍ അറിയാലോ.
പിന്നെ നിന്റെയീ കാഞ്ചന മാല എന്നെയും സ്കൂള്‍ ജീവിതത്തിലേക്ക് ഒന്ന് തിരിച്ചു കൊണ്ടുപോയി. നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 29, 2010  

http://indiaheritage.blogspot.com/2006/10/blog-post_05.html

കാണാഞ്ഞതല്ല. ഞാന്‍ ആ സമസ്യ ഇവിടെ മുമ്പ് എഴുതിയിട്ടുള്ളതാണ്.

പഴയ സംസ്കൃതശ്ലോകങ്ങളുടെ ആധികാരികത എങ്ങനെ സ്ഥാപിക്കും എന്നറിയില്ല. പാഠഭേദങ്ങള്‍ പലതും കേള്‍ക്കാനുണ്ട്.

അതില്‍ ചിലതാണ് കിം വാ ഹസ്തേ, കിം തേ ഹസ്തേ , ഹസ്തെ കിം തേ എന്നിവ.

കിം വാ ഹസ്തേ എന്നു പറഞ്ഞാല്‍ “കയ്യില്‍ എന്താണാവോ പോലും“ എന്ന രീതീയില്‍ അര്‍ത്ഥം
കിം തേ ഹസ്തേ എന്നു പറഞ്ഞാല്‍ നിന്റെ കയ്യില്‍ എന്താണ് ? എന്നര്‍ത്ഥം

ഹസ്തേ കിം തേ എന്നു പറഞ്ഞാലും അതു
തന്നെ

ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ കാണുന്ന പനയോല എന്താണെന്നറിയാതെ അല്ല ആ ചോദ്യം. ആ തരത്തിലുള്ള ഒരു സീരിയസ് നെസ് നിന്റെ കയ്യില്‍ എന്താണ് എന്ന ചോദ്യത്തില്‍ ധ്വനിക്കാം.

അപ്പോള്‍ കുട്ടിത്തം മുറ്റുന്ന- “കയ്യില്‍ എന്താണാവോ “ എന്ന വാക്കുകള്‍ ആണ്‍് ചേരുന്നത്‌ എന്നായിരുന്നു ഞാന്‍ പഠിച്ചത്‌

യഥാര്‍ത്ഥത്തില്‍ കാളീദാസന്‍ എഴുതിയത് എന്താണെന്ന് അദ്ദേഹത്തിനു മാത്രം അറിയാം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 29, 2010  

" 'ഹെറിറ്റേജ്' മാഷേ... ‘കനകലതയുടെ മകള്‍ എന്നു പറയേണ്ടപ്പോള്‍ കനകലതായാ എന്നു വരെ മതി’യോ? പോരല്ലോ? ‘കനകലതായാ’ എന്നു പറഞ്ഞാല്‍ ‘കനകലതയുടെ’ എന്നല്ലേ അര്‍ത്ഥം വരൂ... ‘മകള്‍’ എന്നു കൂടി വരില്ലല്ലോ! (‘"

പണ്ട് ഒരുപാട് സാറന്മാരെ ഇതുപോലത്ത വികട്ചോദ്യങ്ങള്‍ ചോദിച്ചു വിഷമിപ്പിച്ച എനിക്കിതു തന്നെ കിട്ടണം ഹഹ ഹ :)

Unknown May 29, 2010  

@ ഇന്ത്യാ ഹെറിറ്റേജ്: ഞാനൊരു കുസൃതി ചോദിച്ചെന്നെ ഉള്ളൂ, വെഷമാവല്ലേ,

പിന്നെ കൂടുതല്‍ അറിയില്ലെങ്കിലും 'കിം വാ ഹസ്തേ' അര്‍ഥം കൊണ്ട് തെറ്റല്ല എന്ന് തോന്നിയിരുന്നു. പക്ഷെ ശ്ലോകം 'കിം തേ' എന്നാണെങ്കില്‍ നമ്മള്‍ തെറ്റിക്കുന്നത് ശരിയല്ലല്ലോ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 29, 2010  

ശ്ലോകം എങ്ങനെ ആയിരുന്നു കാളിദാസന്‍ എഴുതിയത്‌ എന്നു നമുക്കറിയില്ലല്ലൊ.

പാഠഭേദങ്ങള്‍ പലതുണ്ട്‌ അതും കാണീച്ചില്ലെ?

താങ്കളും ആദ്യം കേട്ടത്‌ എന്തായിരുന്നു?

അപ്പോള്‍ ശ്ലോകം ശരി / തെറ്റ്‌ എന്നു പറയാന്‍ ഞാന്‍ ആളല്ല.

അര്‍ത്ഥം നോക്കുമ്പോള്‍ കൂടൂതല്‍ രസിക്കാന്‍ കിം വാ ആണ്‌ എന്ന് എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ പറഞ്ഞതു ശരി ആണെന്ന് എനിക്കും തോന്നി അത്ര മാത്രം.

കുട്ടിയുടെ കയ്യില്‍ കണ്ട പനയോല എന്താണെന്നറിയാത്തതു പോലെ അത്ഭുതം കൂറുന്ന ഒരു ചോദ്യം

കിം തേ എന്നു പറയുമ്പോള്‍ അതു വരുന്നില്ല
അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ

ജയകൃഷ്ണന്‍ കാവാലം May 29, 2010  

ഇതെന്താ സംസ്കൃതം ക്ലാസ്സോ? കൊള്ളാമല്ലോ പരിപാടി... കഥ നന്നായിരിക്കുന്നു മുരളീ...

...: അപ്പുക്കിളി :... May 30, 2010  

ഇത് കൊള്ളാം.. നന്നായിട്ടുണ്ട്..

വിജി പിണറായി May 30, 2010  

ഞാന്‍ മുന്‍പ് വായിച്ചിട്ടുള്ളതും ആദ്യം എഴുതിയ രൂപത്തിലായിരുന്നു. (കിം വാ...) അതുകൊണ്ട് അത് വായിച്ചപ്പോള്‍ തകരാറൊന്നും തോന്നിയില്ല, തിരുത്താനും വന്നില്ല.
അതിനു ഇങ്ങനെ ചില പാഠഭേദങ്ങള്‍ ഉണ്ടെന്നു അറിയില്ലായിരുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 30, 2010  

ഹ ഹ ഹ :) വിജിക്കുട്ടാ

കാളിദാസന്‍ എഴുതിയ ഓലകളൊന്നും കയ്യിലില്ലാത്തതു കൊണ്ട് ഉറപ്പില്ല.

Typist | എഴുത്തുകാരി May 31, 2010  

മൂന്നു ദിവസത്തിനുള്ളില്‍ പോസ്റ്റിടണമെന്നോ. മൂന്നു ദിവസം കഴിഞ്ഞും പോയല്ലോ.
അപ്പോ നമ്മള്‍ ഔട്ട് ആയോ? കൈവളയും ചാര്‍ത്തിവരുന്ന ഓര്‍മ്മകളേയും താലോലിച്ച് ഇവിടെയിരിക്കാം.:)

പണ്ടു കേട്ടിട്ടുള്ളതു് ഒന്നുകൂടി ഓര്‍ക്കാന്‍ പറ്റി.

അനില്‍@ബ്ലൊഗ് June 01, 2010  

മുരളീ,
നല്ല കഥ, പുതുമയുള്ള അവതരണം.

vasanthalathika June 01, 2010  

ഇന്നാണ് ബ്ലോഗു കണ്ടത്.പ്രൊഫൈലില്‍ ചുള്ളിക്കാടിനെ ''റിട്ടയേഡ് കവി'' എന്ന് വിശേഷിപ്പിച്ചത്‌ കണ്ടപ്പോള്‍ ഒരു കാര്യം ഓര്മ വന്നു.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സഹൃദയന്‍ '' സന്ദര്‍ശനം''.. വികാരാധിക്യത്തോടെ ചൊല്ലിയിട്ട്‌.ഈ'' കനകമൈലാഞ്ചികളെ'' ചുള്ളിക്കാട് മറന്നാലും മറക്കാന്‍ വയ്യെന്ന് പറഞ്ഞത്.
കഥ ..നന്നായിട്ടുണ്ട്.
പിന്നെ...ഒരു സമസ്യാപൂരണത്തിന്റെ രസം തന്നെ തന്ന കമന്ടുമാലകളും..
വൃന്ദാ വനിയ്ക്ക് ഒരു തവണ കൂടി ആശംസകള്‍...ഇനിയും കാണാം...

Anonymous June 02, 2010  

മനോഹരമായ ഒരു കുഞ്ഞു കഥ, ലളിതമായ എഴുത്ത്. ഗുപ്തന്റെ കമന്റിനു ചുവടെ ഒരു കയ്യൊപ്പിടുന്നു.

ചുള്ളിക്കാടിന്റെ കാര്യവും അച്ചട്ടാണ്. വേറെയെന്തു വിളിക്കാനാണ് അയാളെ?

സ്നേഹപൂര്‍വ്വം ശ്രീജിത

Vayady June 02, 2010  

അച്ഛന്റേയും അമ്മയുടേയും പിണക്കം തീര്‍ത്തു കൊടുത്ത കണ്ണന്‍... ആ പിണക്കം മനോഹരമായ ഒരു കഥയാക്കിയ കണ്ണന്‍..കൊള്ളാം. ആശംസകള്‍.

ഗീത June 03, 2010  

35 ആയാലും 50 ആയാലും ഇടയ്ക്കൊക്കെ ഒന്നു പിണങ്ങീല്ലെങ്കില്‍ പിന്നെ എന്തു രസം? പിണങ്ങിയാലല്ലേ ഇണങ്ങുമ്പോഴുള്ള സന്തോഷം അനുഭവിക്കാന്‍ പറ്റൂ? അവര്‍ പിണങ്ങേം ഇണങ്ങേം ഒക്കെ ചെയ്തോട്ടേ. അതുകണ്ട് മുരളിക പേടിക്ക്വൊന്നും വേണ്ടാട്ടോ.

ഭീഷണിക്ക് വഴങ്ങി ചെയ്തുപോയതാണെങ്കിലും നല്ല വായനാനുഭവം തരുന്ന പോസ്റ്റ്. കുറച്ച് സംസ്കൃതവും പഠിക്കാന്‍ സാധിച്ചു.

Anees Hassan June 03, 2010  

ഒരു പുതിയ ആളണേ...വീണ്ടും വരാം

sanal June 04, 2010  

ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി സാമ്യമുണ്ടോ മുരളിക?
നല്ല ഒരു വായനാനുഭവം, നന്ദി തുടരുക

-സനല്‍

Suresh Kumar E Karichery June 06, 2010  

കഥ കൊള്ളാം മാഷേ....ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവും ഇല്ലാന്ന് കൂടി വെക്കായിരുന്നു....അച്ഛന്റേം അമ്മേടേം പിണക്കം മാറ്റിയ കള്ള കണ്ണാ..!

കാല്‍ക്കിലോ പഞ്ചാര, അരക്കിലോ അരി...നാട്ടുകാരെ മുഴുവന്‍ അറിയിക്ക് നമ്മുടെ ദാരിദ്യം

veena June 06, 2010  

നല്ല കഥ നല്ല വായന്നുഭവം, നന്ദി

Manoraj June 08, 2010  

പിണക്കവും ഇണക്കവും.. ഒരു പക്ഷെ മക്കളാവും മാതാപിതാക്കളൾക്കിടയിലെ യഥാർത്ഥകണ്ണി. നന്നായിട്ടുണ്ട്.
ഫോണിലൂടെ ഭീക്ഷിണിപ്പെടുത്തിയ കൊട്ടേഷൻ കാരൻ ആരെന്ന് ഊഹിച്ചു. ഏതായാലും ആ മാന്യ ബ്ലോഗർ ആരായാലും നന്ദി മുരളി.

Jishad Cronic June 15, 2010  

പുതുമയുള്ള അവതരണം.

എന്‍.ബി.സുരേഷ് June 16, 2010  

എത്ര ചെറുതാണ് മനുഷ്യരുടെ മനസ്സ്. ബുദ്ധി വലുതാണെങ്കിലും. ഞാൻ എന്റെ ജീവിതത്തെ മുന്നിൽ വച്ചു പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്. തീരെ ചെറിയ കാര്യങ്ങൾക്ക് വലിയ കലഹങ്ങൾ സൃഷ്ടിക്കുക, വളരെ വലിയ കാര്യങ്ങളോട് ഒട്ടും മനസ്സു വയ്ക്കാതിരിക്കുക.
രണ്ടുപേർ ചേർന്നാൽ മൂന്നാമതൊരാളുടെ നാശത്തെ കുറിച്ചും മൂന്നുപേർ ചേർന്നാൽ ഒരു കലാപത്തെ കുറിച്ചും ആലോചിക്കും എന്ന് സാർത്ര് പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കാറുണ്ട്.

മധ്യേയിങ്ങനെ മത്സരിക്കുന്നതെന്തിന്നു നാമ വൃഥാ എന്ന പൂന്താനത്തിന്റെ വരിയും.

സ്നേഹം എത്ര എളുപ്പത്തിൽ വീണ്ടെടുക്കാവുന്നതാണ്. എത്ര എളുപ്പത്തിൽ നശിപ്പിക്കാവുന്നതാണെന്നും ഓർമ്മിപ്പിച്ചത് നന്നായി.

സ്വന്തം ജീവിതം കലർത്തി സത്യസന്ധതയും കാട്ടി.

അരുണ്‍ കരിമുട്ടം June 24, 2010  

ഇത് ഞാന്‍ വായിച്ചതാ മാഷേ, കമന്‍റ്‌ ഇട്ടന്ന് വിശ്വസിച്ചിരിക്കുവാരുന്നു, ഇപ്പൊ എന്‍റെ കമന്‍ര്‌ കാണാനില്ല :)
അവതരണം ഇഷ്ടായി, ശരിക്കും

ജയരാജ്‌മുരുക്കുംപുഴ June 26, 2010  

valare nalla avatharanam....... aashamsakal......

Joy Palakkal September 03, 2010  

തീരെ ചെറിയ കാര്യങ്ങൾക്ക് വലിയ കലഹങ്ങൾ സൃഷ്ടിക്കുക....
അതെ ഇതിങ്ങനെ..തുടര്‍ന്നുകൊണ്ടേയിരിയ്ക്കും...

എല്ലാ ആശംസകളും!!

സാബിബാവ November 22, 2010  

ഹഹ ''ക ഖ ഗ ഘ'' പിണക്കത്തിനൊരു മരുന്നയല്ലോ മാഷെ

Unknown June 19, 2011  

........നല്ലൊരു പോസ്റ്റ്‌ ...ഓടിച്ചൊന്നു വായിച്ചതേയുള്ളൂ ...''ഇഷ്ട്ടമായി''''