കൊയ്‌ലോ, ഒരു മാപ്പ്‌

>> 30.3.08


(അബ്രഹാം സാറില്‍ നിന്നും ആല്‍ക്കെമിസ്റ്റ്‌ എന്ന്‌ ആദ്യമായി കേട്ടപ്പോഴും, ഒറ്റവീര്‍പ്പില്‍ വായിച്ചുതീര്‍ത്തപ്പോഴുമുണ്ടായ അത്ഭുതം തീര്‍ത്തും അവസാനിച്ചുകഴിഞ്ഞിട്ടില്ല, വാക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത കലാലയവര്‍ഷങ്ങളിലെ ധൂര്‍ത്ത്‌ മായ്ച്ചുകളഞ്ഞിട്ടില്ല. പുനര്‍വായനയ്ക്കും, തിരുത്തിനും മനസ്സുവരുന്നുമില്ല....)

കൊയ്‌ലോ, ഒരു മാപ്പ്‌

ലോകത്തൊരാളും ഇത്‌ കേള്‍ക്കുവാന്‍ ബാക്കിയാവരുതെന്ന നിര്‍ബന്ധത്തിലെന്നോണം വീണ്ടും വീണ്ടും അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
"ഫാത്തിമാ ഞാനിതാ പുറപ്പെട്ടുകഴിഞ്ഞു."
അവന്‍, സാന്റിയാഗോ...ആ കണ്ണുകളിലെ തിളക്കം കണ്ടാലറിയാമല്ലോ നിധി കൈക്കലായി കഴിഞ്ഞെന്ന്‌. ഇനി പ്രണയിനിയെ സ്വന്തമാക്കാനുള്ള യാത്രയിലാണവന്‍. യാത്രയാരംഭിച്ചുകഴിഞ്ഞു. പഴയതു പോലെ എപ്പോള്‍ മരിച്ചുവീഴും എന്നുറപ്പില്ലാത്ത ഒട്ടകങ്ങളുടെ പുറത്തല്ല, തളരും മുമ്പേ നിരവധി സൂചനകള്‍ നല്‍കുന്ന കുതിരപ്പുറത്ത്‌. എന്തിനാണ്‌ ലുബ്ധ്‌? അവന്റെ കീയിലിപ്പോള്‍ ആവശ്യത്തിലധികം പണമുണ്ട്‌. അല്ലെങ്കിലും ആ പഴയ ആട്ടിടയനല്ല അവനിപ്പോള്‍, പ്രഭുവാണ്‌. സാന്റിയാഗോ പ്രഭു.
***
അറബിക്കഥകളുടെ നാട്ടിലേക്ക്‌ സ്വപ്നത്തിലെന്നപോലെ ഇതാ ഒരു യാത്ര കൂടി. ഒന്നും വിട്ടുപോയിട്ടില്ല, അടച്ചുവച്ചിരുന്ന രണ്ടു വലിയ വീഞ്ഞുകുപ്പികള്‍ ഭദ്രമായുണ്ട്‌. ഇനിയും മരുഭൂമിയിലെ ആ ചവര്‍പ്പുള്ള ചായ കുടിക്കാന്‍ കഴിയില്ല.
ഹൃദയം ത്രസിക്കയാണ്‌. അതെന്താവണം പറയാന്‍ ശ്രമിക്കുന്നത്‌? ആദ്യയാത്രയിലെവിടെയോ വച്ച്‌ കൈമോശം വന്നുപോയ ഹൃദയം ഈയടുത്ത ദിവസമാണല്ലോ തനിക്ക്‌ തിരിച്ചുകിട്ടിയത്‌. മരുഭൂമിയിലെ കഥ പറയലായിരുന്നു അതിനു രണ്ടുദിവസത്തെ പ്രധാന പണി. കൈകളില്‍ കുടവുമായി നടന്നുവരുന്ന സുന്ദരിയെക്കുറിച്ചു പറയുമ്പോളാണതിന്‌ കാഠിന്യം കൈമോശം വരിക. അതു വെറുതെ തരളമാവും. ഓര്‍മ്മകളില്‍ പൂത്തുലയും.
എത്ര വേഗത്തിലാണ്‌ തന്റെ യാത്ര. അത്ഭുതം തോന്നുന്നു. പറ്റിച്ചു കടന്ന 'ആദ്യസുഹൃത്തിനെയും' ചായക്കടക്കാരനെയും പിന്നിലാക്കിയതെത്രവേഗം. സ്ഫടികക്കടയില്‍ ഒന്നിറങ്ങണമെന്ന ആഗ്രഹം പോലും കഴിഞ്ഞില്ല. അല്ലെങ്കിലും മനസ്സിന്റെ മന്ത്രണം മാനിച്ചെന്നാല്‍ ഈ യാത്ര തന്നെയും വെറുതെയാവില്ലേ? ഇല്ല, നടക്കില്ലെന്ന്‌ ആയിരങ്ങള്‍ ആര്‍ത്തലച്ചാലും താന്‍ പ്രതിബന്ധങ്ങളെ അതിജീവിക്കതന്നെ ചെയ്യും.
യാത്ര അനിശ്ചചിതത്വത്തിന്റെ കാല്‍ക്കീഴിലര്‍പ്പിച്ച ഒരു സംഘത്തെ കാണായി. എന്തുകൊണ്ടോ ഒരിക്കല്‍ക്കൂടി അത്തരമൊരു യാത്ര മനസ്സനുവദിച്ചില്ല. ഒരു പുരുഷായുസ്സില്‍ ഒരു മരുഭൂമിയാത്ര മതി, ഒരു ഹജ്ജ്‌ യാത്രയും... ആല്‍കെമിയുടെ പുസ്തകങ്ങളുമായി ഇത്തവണയും ഉണ്ടാവില്ലേ കൂട്ടത്തിലൊരു ഇംഗ്ലീഷുകാരന്‍. 'തീര്‍ച്ചയായും' ഹൃദയം മന്ത്രിച്ചു, ഉണ്ടാവാമെന്നോ ഇല്ലെന്നോ? മേല്‍ക്കുപ്പായത്തിന്റെ കീശയില്‍ നിന്നും ആ കല്ലുകള്‍ എടുത്തു. യുറീമും തുറാമും. ചോദിക്കയും ചെയ്തു. ഇനിയൊരാളുണ്ടോ? ഇല്ല, ആശ്വാസം.
"അല്ലെങ്കിലും ഒരേ ലക്ഷ്യത്തിലേക്ക്‌ ഒരുപാട്‌ സഹയാത്രികര്‍ ഇല്ലാതിരിക്കയാണ്‌ നല്ലത്‌."
പ്രവേശനകവാടത്തില്‍ നിന്നുതന്നെ എതിരേറ്റത്‌ ആയുധപാണികളായ രണ്ടു പടയാളികള്‍. ഒറ്റക്കൊരു കുതിരമേല്‍ ചീറിപ്പാഞ്ഞുവരുന്ന യുവാവ്‌. അതും അസാമാന്യതേജസ്വിയായ യുവാവ്‌. ശത്രുതന്നെ, സംശയമില്ല. പറഞ്ഞുനോക്കി. സാന്റിയാഗോ.
സാന്റിയാഗോ? ഏതു സാന്റിയാഗോ? എവിടെ നിന്നും? കണ്ണുകള്‍ കിണറ്റിന്‍ കരയില്‍ തിരയുമ്പോഴും ചോദ്യത്തെയും ആലിംഗനം കാക്കുന്ന ആയുധങ്ങളേയും അവഗണിക്കുക പ്രയാസമായിത്തോന്നി.
'അല്ലെങ്കിലും ഭോഷത്തമാണ്‌ കാട്ടിയത്‌. ചാരന്മാര്‍ക്ക്‌ സാന്റിയാഗോ എന്ന്‌ പേരിടില്ലെന്ന്‌ കരുതിയോ?' ഹൃദയം മന്ത്രിച്ചു. 'ഒരു പേരിന്റെ ബലത്തില്‍ മരുപ്പച്ചയെ വര്‍ഷങ്ങള്‍ തളച്ചിടാമെന്നു കരുതിയ വിഡ്ഢി.'
മരുഭൂമിയിലും മൗനം സമ്മതം. ആനയിക്കപ്പെട്ടതു രാജാവിന്റെ മുന്നിലേക്ക്‌. താനാഗ്രഹിച്ചതു തന്നെ. പക്ഷേ ആവശ്യപ്പെടാന്‍ വയ്യ. എന്തിനെന്ന ചോദ്യത്തിന്‌ ഉത്തരമില്ലല്ലോ. ഇനിയതുവേണ്ട. ആരോഗ്യകരമായി പ്രതികരിച്ചാല്‍ മതിയാവും.
സ്വപ്നങ്ങള്‍... ആട്ടിടയനായ ആ ബാലന്‍ ഉറങ്ങിത്തുടങ്ങി. കണ്ടതും കേട്ടതും അനുഭവിച്ചതും സ്വപ്നങ്ങള്‍. സ്ഫടികക്കടയിലെ പതിനൊന്ന്‌ മാസങ്ങള്‍...മരുഭൂവില്‍ കഴിച്ചുകൂട്ടിയ എണ്ണമറ്റ ദിനങ്ങള്‍, കീഴടങ്ങിയ നിധി. കിണറ്റിന്‍കരയില്‍ നക്ഷത്രങ്ങള്‍ ഒളിച്ചുകളിക്കുന്ന കണ്ണുകളിലെ അഭൗമസൗന്ദര്യം. ഒക്കെയും സ്വപ്നങ്ങള്‍.
"സാന്റിയാഗോ" ഇടിമുഴക്കം പോലൊരാള്‍ പേരുവിളിക്കുന്നതു കേട്ടാണ്‌ കണ്ണുതുറന്നത്‌. മുഖമുയര്‍ത്തിയില്ല. ഇപ്പോള്‍ ആ അറ്റം വളഞ്ഞ വാള്‍ ഉറയില്‍ നിന്നും പുറത്തുവരും, കഴുത്തില്‍ പോറലുകള്‍ വീഴ്ത്തും. ചിലപ്പോള്‍...
'തെളിയിക്കണം നീയാരെന്ന്‌, രണ്ടു ദിവസം സമയം. അല്ലെങ്കില്‍..' പറയാതെ മനസ്സിലായി ബാക്കി ഭാഗം. പ്രപഞ്ചത്തിന്റെ ഭാഷയാണത്‌. സാര്‍വ്വലൗകികമായ ഭാഷ.
'എവിടെ വേണമെങ്കിലും പോകാം, പക്ഷേ രക്ഷപ്പെടാന്‍ ശ്രമിക്കരുത്‌. നിരീക്ഷണത്തിനാളുണ്ടാവും'. കൊന്നുതള്ളുമെന്ന്‌ പറഞ്ഞില്ല, അല്ലെങ്കില്‍ തന്നെ അതു പറയേണ്ടതില്ലല്ലോ. മരുഭൂമിയിലെ നിയമമാണത്‌. അലംഘനീയമായ നിയമം.
പൊടുന്നനെ ഒരു ഗൗളി ചിലച്ചു. മുഖമുയര്‍ത്തിയത്‌ കണ്ണുകളിലെ പുഞ്ചിരിയിലേക്കായിരുന്നു. മനസ്സിലായില്ലേ എന്ന അര്‍ത്ഥത്തില്‍ ഒരു തലകുലുക്കലും. കഴിഞ്ഞു.
പക്ഷേ താന്‍ അവിടെ ഒരാളെ കണ്ടുവോ? തൂവല്‍ത്തൊപ്പി ധരിച്ച ഒരാളെ. തറച്ചുനോക്കുന്ന കണ്ണുകളില്‍ അസ്വഭാവികത കണ്ടാവണം രാജാവന്വേഷിച്ചത്‌. 'ഗൗളിയുടെ ഭാഷയറിയാമോ? നിമിത്തങ്ങളുടെ ഭാഷയാണത്‌. ഏതായാലും ചെറുപ്പക്കാരാ താങ്കള്‍ക്കു നല്ലതുവരട്ടെ.
ഒരുപാട്‌ നേരം നടന്നു, തെക്കുഭാഗത്തേക്ക്‌. കുതിരയും സാധനങ്ങളും അവരുടെ സംരക്ഷണയിലാണ്‌. രക്ഷപ്പെടാനുള്ള പഴുതന്വേഷിക്കുന്ന കണ്ണുകള്‍ അലക്ഷ്യമായാണ്‌ കണ്ടത്‌. അതോ തോന്നിയതോ?
ഉല്ലസിക്കുന്ന രണ്ട്‌ ആടുകള്‍, ഇണകള്‍. അവയ്ക്കിടയിലേക്ക്‌ ഒരു വലിയ മുട്ടനാടല്ലേ ആ വരുന്നത്‌?? രൂക്ഷമായ ഒരു നോട്ടം മതിയായിരുന്നു, ഇണയെ വിട്ട്‌ മുട്ടനാട്‌ ഓടുന്നതും, പെണ്ണാട്‌ തല കുനിക്കുന്നതും കണ്ടു.
സ്തംഭിച്ചുപോയില്ലേ ഒരു നിമിഷം, പിന്നീട്‌... മതി, തനിക്കിതുമതി. സ്വപ്നങ്ങള്‍ തന്നെ കാത്തിരിക്കുന്നു. സ്വപ്നങ്ങള്‍ സങ്കല്‍പങ്ങളാണ്‌. നിമിത്തങ്ങളാണ്‌. വിരചിക്കുന്തോറും വളരുന്നവ, തെളിയുന്നവയും. അതേ, മറ്റ്ന്തൊക്കെ പഠിച്ചിട്ടും കാര്യമുണ്ടായിരുന്നില്ല, താന്‍ ആത്യന്തികമായും ഒരാട്ടിടയനായിരുന്നില്ലെങ്കില്‍.
"ഇന്നലെ മറ്റൊരാളുടേത്‌. ഇന്ന്‌ സ്വന്തം കൈകളില്‍ സുരക്ഷിതമെന്നു തോന്നാം പക്ഷേ..."
'ഉം പറയൂ, പറയുന്നതെന്തെന്ന്‌ മനസിലാക്കാം, എങ്കില്‍ എന്തിനാണ്‌ ഒരു പക്ഷേ??
കണ്ണിലെ മമതയും മാറത്തെ വെള്ളിരോമങ്ങളിലുലാത്തുന്ന കൈവിരലുകളും ശ്രദ്ധിച്ചുകൊണ്ടാണ്‌ ബാക്കി പറഞ്ഞത്‌.
"അധിനിവേശങ്ങള്‍ വിജയങ്ങളാക്കിമാറ്റിയതാണ്‌ അങ്ങയുടെ ചരിത്രം. വിജയമെന്നത്‌ പക്ഷേ അവസാനവാക്കാണെന്ന്‌ കരുതിപ്പോയി നിങ്ങള്‍."
മനസ്സിലിരുന്ന്‌ ആരോ പറയിപ്പിക്കുകയാണ്‌. തൂവല്‍ത്തൊപ്പി ധരിച്ച ഒരാള്‍.
സ്വയമറിയാതെ പറഞ്ഞെങ്കിലും തുടരുവാനായില്ല പിന്നെയും.
എങ്ങിനെയാണത്‌ പറയുക? സത്യമല്ലെന്ന്‌ വരികില്‍ ഈ മമതയൊക്കെയും പോകും. തല തറയില്‍ ഉരുളും, അഴുകിയ ശരീരം ഈന്തപ്പനകള്‍ക്ക്‌ വളമാകും. സ്വപ്നങ്ങള്‍, സ്വപ്നങ്ങളാണൊക്കെയ്ക്കും കാരണം. പറയുവാനുള്ളതിന്‌ വ്യക്തമായ കാരണങ്ങളൊന്നുമില്ല. നിമിത്തങ്ങള്‍ അവസാനവാക്കല്ല. കേവലം സങ്കല്‍പ്പങ്ങള്‍ മാത്രമാണ്‌.
"പറയൂ"
അക്ഷമനായിക്കഴിഞ്ഞിരുന്നു രാജാവ്‌. കൈകള്‍ വാള്‍പ്പിടിയോളമെത്തിക്കഴിഞ്ഞിരുന്നു. "അല്ലെങ്കില്‍ അവസാനപ്രാര്‍ത്ഥനയ്ക്കൊരുങ്ങൂ..." എന്നിട്ടും പ്രതികരണം കാണാഞ്ഞാവണം ഈ വാഗ്ദത്തം അദ്ദേഹം നല്‍കിയത്‌. "പറയുന്നത്‌ സത്യമെങ്കില്‍...." ഇടവേളകളിലെ നിമിഷങ്ങള്‍ യുഗങ്ങളുടെ ചരിത്രം പറയാന്‍ പര്യാപ്തമായിരുന്നു. "ചോദിക്കുന്നതെന്തും തരും".
"എന്തും??" ചോദ്യമാണ്‌ ഉത്തരത്തെ പിന്തള്ളിയത്‌.
"എന്തും..! മരുപ്പച്ചയുടെ രാജാവാണ്‌ പറയുന്നത്‌. ചോദിക്കുന്നതെന്തും. പക്ഷേ ചെറുപ്പക്കാരാ പറയുന്നതസത്യമായാല്‍, വാക്കുകള്‍ പിഴച്ചാല്‍ ഞാനാവര്‍ത്തിക്കുന്നു. നിന്നെയോര്‍ത്തു സഹതപിക്കാനേ എനിക്കു കഴിയൂ."
ഒരിക്കല്‍ക്കൂടി ഓര്‍ത്തു. ആട്ടിന്‍പറ്റങ്ങള്‍ക്കൊത്തു കഴിഞ്ഞ നാളുകള്‍, സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുന്ന ജിപ്സിത്തള്ള. ആദ്യയാത്രയും യാതനകളും, ആല്‍ക്കെമിസ്റ്റിന്യും കൈയ്യെത്തിപ്പിടിച്ച നിധിയും...ഒടുവില്‍ എന്തിനു വേണ്ടി ഈ നിമിഷങ്ങളില്‍ കുമ്പിടുന്നുവോ...അവള്‍, നക്ഷത്രങ്ങളെ കണ്ണിലൊളിപ്പിച്ച ആ പെണ്‍കുട്ടി. അത്രയും മതിയായിരുന്നു, ആ ഓര്‍മകള്‍ മതിയായിരുന്നു...
ചുണ്ടുകള്‍ വിറച്ചു തുടങ്ങി... അവന്‍ പറഞ്ഞുതുടങ്ങി. ആ പ്രണയത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കായി.. പിഴച്ചാല്‍..??, ഇല്ല ആ ചിന്തകള്‍ അവനെ തീണ്ടിയതേയില്ല. പിഴക്കില്ല, അനുഭവങ്ങളില്‍ നിന്നും താന്‍ ആര്‍ജിച്ചെടുത്ത ഭാഷ പിഴക്കുകയോ? സാര്‍വ്വലൗകികമായ ഭാഷയാണത്‌... അവന്‍, സാന്റിയാഗോ വ്യാഖ്യാനിക്കുകയാണ്‌, നിമിത്തങ്ങളെ...
"ഒരിക്കല്‍ നിങ്ങള്‍ മരുപ്പച്ചയുടെ നിയമങ്ങള്‍ ലംഘിച്ചു. യുദ്ധകാഹളം മുഴക്കി. നിങ്ങളുടെ അള്ളാ നിങ്ങള്‍ക്കുവേണ്ടി കരുതിവച്ചതും മറന്നിരിക്കുന്നു. ഓമനിക്കാനും അധികാരം കൈമാറാനും ഒടുവില്‍ സ്വര്‍ഗഗേഹങ്ങള്‍ക്കു വാതില്‍ തുറന്നുതരാനും ഒരു അനന്തരാവകാശിയില്ലാതെ പോയി. നാളെയിത്‌ അന്യന്‍ കൊണ്ടുപോകും, അന്യനില്‍ നിന്നും....
പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല, ചുമലില്‍ കൈവച്ച്‌, തേങ്ങലടക്കാന്‍ പാടുപെടുന്ന കുട്ടിയെപ്പോലെ പറഞ്ഞു. "പോയ്ക്കൊള്ളുക".
"പക്ഷേ..." വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു. "എനിക്കുള്ള സമ്മാനം, അതു മറ്റൊന്നല്ല, പുത്രലബ്ധിക്കായി ആദ്യസമാഗമത്തിന്‌ വ്രതശുദ്ധിയുടെ രാവുകളെണ്ണി നിങ്ങള്‍ കാത്തിരിക്കുന്നതാര്‍ക്കുവേണ്ടിയോ, അവള്‍... ഫാത്തിമ."
****
രണ്ടാം സമാഗമം. വിരഹത്തിന്റെ തീവ്രവേദനയില്‍ എരിഞ്ഞുപോകുമായിരുന്ന പ്രണയപ്പക്ഷികള്‍ വീണ്ടും കൊക്കുരുമ്മിത്തുടങ്ങി.
മണല്‍പ്പുറ്റുകള്‍ക്കിടയില്‍ തലചായ്ക്കുവാന്‍ തുടങ്ങുന്ന ചന്ദ്രക്കലയെ സാക്ഷിയാക്കി ഫാത്തിമ അവന്റെ കാതില്‍ മൊഴിഞ്ഞു. "ഈ കാത്തിരിപ്പ്‌ മരുഭൂമിയിലെ പെണ്ണിന്‌ ശീലമാണ്‌."
ആ പച്ചത്തത്തയുടെ മടിയില്‍ ചേര്‍ന്നുറങ്ങുന്ന സാന്റിയാഗോയുടെ ഹൃദയം പതിയെ മുഖമുയര്‍ത്തി... "ഈ വീണ്ടെടുക്കല്‍ ഞങ്ങളാണുങ്ങള്‍ക്കും." (september 2004)

23 പ്രതികരണങ്ങള്‍:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) March 30, 2008  

വിരഹത്തിന്റെ തീവ്രവേദനയില്‍ എരിഞ്ഞുപോകുമായിരുന്ന പ്രണയപ്പക്ഷികള്‍ വീണ്ടും കൊക്കുരുമ്മിത്തുടങ്ങി.
മണല്‍പ്പുറ്റുകള്‍ക്കിടയില്‍ തലചായ്ക്കുവാന്‍ തുടങ്ങുന്ന ചന്ദ്രക്കലയെ സാക്ഷിയാക്കി ഫാത്തിമ അവന്റെ കാതില്‍ മൊഴിഞ്ഞു. "ഈ കാത്തിരിപ്പ്‌ മരുഭൂമിയിലെ പെണ്ണിന്‌ ശീലമാണ്‌."
ആ പച്ചത്തത്തയുടെ മടിയില്‍ ചേര്‍ന്നുറങ്ങുന്ന സാന്റിയാഗോയുടെ ഹൃദയം പതിയെ മുഖമുയര്‍ത്തി... "ഈ വീണ്ടെടുക്കല്‍ ഞങ്ങളാണുങ്ങള്‍ക്കും."
നല്ല ചിന്ത, നല്ല വരികള്‍.
ആശംസകള്‍

Unknown March 30, 2008  

എന്‍ എസ്‌ എസ്‌ ക്യാമ്പിലെ വരണ്ട സന്ധ്യകളിലൊന്നില്‍ അബ്രഹാം സാറില്‍ നിന്നും ആല്‍ക്കെമിസ്റ്റ്‌ എന്ന്‌ ആദ്യമായി കേട്ടപ്പോഴും, ഒറ്റവീര്‍പ്പില്‍ വായിച്ചുതീര്‍ത്തപ്പോഴുമുണ്ടായ അത്ഭുതം തീര്‍ത്തും അവസാനിച്ചുകഴിഞ്ഞിട്ടില്ല, വാക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത കലാലയവര്‍ഷങ്ങളിലെ ധൂര്‍ത്ത്‌ മായ്ച്ചുകളഞ്ഞിട്ടില്ല. പുനര്‍വായനയ്ക്കും, തിരുത്തിനും മനസ്സുവരുന്നുമില്ല.
വി ആര്‍ സുധീഷ്‌ പറഞ്ഞപോലെ, അകന്നുപോയ പ്രണയിനിക്കും പ്രണയം മറന്ന തലമുറയ്ക്കും...ഈ കഥയും.

Unknown March 30, 2008  

അപ്പോഴേക്കും കേറി കമന്റിയോ??
ഏതായാലും കന്നി അഭിപ്രായത്തിനു നന്ദീട്ടാ...
ഗണപതിക്കു വച്ചതന്നെ കാക്ക കൊണ്ടോവ്വോ ഈശ്വരാ...

മരമാക്രി March 30, 2008  

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

Sa March 31, 2008  

'സ്വപ്നങ്ങള്‍ സങ്കല്‍പ്ങ്ങളാണു.നിമിത്തങ്ങലാണു വിരചിക്കുന്തോറും വളരുന്നവ,തെളിയുന്നവയും'- മുരളി നല്ല വാക്കുകള്‍, നല്ല ഭാഷ. 'കഥ' കവിതയായപ്പോഴും ഇങ്ങനെ തോന്നി. അടുത്ത സൃഷ്ടി ഉടന്‍ പ്രതീക്ഷിക്കട്ടെ?

nandakishor March 31, 2008  

kollam maaloth,
kathaykku oru thalamund...
pakshe oru doubt,
vere vishayamonnum kittiyille???

Anonymous April 01, 2008  

ആല്‍കെമിസ്റ്റ് എന്നു കെല്‍കുബൊഴെ ....എന്റെ ഹ്രിദയം പട പടാന്ന്നിടിക്കും ........ഇതും ഞാന്‍ ഒറ്റ്യിരിപ്പിനു വായ്യിചു തീര്‍ത്തു......നന്ദി ....വീണ്ടും ആ സ്വപ്നങ്ങളെ കുറിച്ചു .....ഓര്‍മിപ്പിച്ചതിന്........

മഹേഷ് April 01, 2008  

കൊയ്‌ലോവിനെ ആധാരമാക്കിയുള്ള കഥ നന്നായിരിക്കുന്നുവെന്നു പറയുന്നത് വെറുതെയല്ല,നന്നായതു കൊണ്ടു തന്നെയാണ്.

G.MANU April 02, 2008  

ശക്തമായ ഭാഷയില്‍ ഒരു കഥ..ആശംസകള്‍ മാഷേ

ശ്രീ April 02, 2008  

നന്നായി മുരളീ...
:)

ഗിരീഷ്‌ എ എസ്‌ April 06, 2008  

മുരളി..
നിന്റെ വാക്കുകളുടെ ഒഴുക്കിനെ ഏറ്റുവാങ്ങുന്നു...

ഒരുപാടിഷ്ടമായി
ആശംസകള്‍...

സംഗീത April 10, 2008  

pranayathinte bhashaykku ithrayum azhakundavumo krishnaa????

resh April 11, 2008  

mu.... nannayirikkunnnu..
kurach koode sradhikkarunnu....

Anonymous April 11, 2008  

eatta ithu pandu ezhuthiyathalle??
ippo onnum ezhutharille???
krishna.

തോന്ന്യാസി April 11, 2008  

മുരളീ... അതിമനൊഹരമായിരിക്കുന്നു...

നാട്ടിലെ പബ്ലിക് ലൈബ്രറിയില്‍ നിന്നും എടുത്ത് വായിച്ചു മതിവരാതിരുന്ന ആ പുസ്തകം...

പണ്ട് അമ്മൂമ്മ പറഞ്ഞു തന്ന ആട്ടിടയന്റെ കഥ....പക്ഷേ ആ ആഖ്യാനരീതി അതൊന്നു വേറെത്തന്നെ.....

നന്ദി.....ആ പുസ്തകത്തെ വീണ്ടുമൊരിക്കല്‍ കൂടി ഓര്‍മിപ്പിച്ചതിന് .....

ബാര്‍ബര്‍ ബാലന്‍ April 17, 2008  

വ്യത്യസ്തമായ ഒരുപാട്‌ കഥകള്‍ എഴുതൂ...

Mr. X April 18, 2008  

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

Anonymous April 29, 2008  

its beutiful muralikrishna,,,

Anonymous May 07, 2008  

നന്നായിട്ടില്ല....
പട്ടുനൂലും വാഴനാരും......

ജോഷി.കെ.സി. (ജുഗുനു) May 09, 2008  

"വിരഹത്തിന്റെ തീവ്രവേദനയില്‍ എരിഞ്ഞുപോകുമായിരുന്ന പ്രണയപ്പക്ഷികള്‍ വീണ്ടും കൊക്കുരുമ്മിത്തുടങ്ങി........"

വാക്കുകളുടെ ഒഴുക്കിനു മുന്നില്‍ “നമോവാകം...”
നന്നായിരിക്കുന്നു മുരളി

Anonymous June 04, 2008  

ആല്‍കെമിസ്റ്റ് പോലെ ഒരു വിഷയം, അത് കൊണ്ട് ഒരു കഥ... മനോഹരമായിരിക്കുന്നു മുരളിക.. ആശംസകള്‍.

Anonymous June 06, 2010  

നല്ല കഥ നല്ല വായന്നുഭവം, നന്ദി

മത്താപ്പ് November 04, 2010  

വളരെ ഇഷ്ടപ്പെട്ടൊരു write up ......
മണല്‍കാറ്റ് പോലെ, വാക്കുകള്‍.
ഒരു കുന്നിനെ, ഒരു നിമിഷം കൊണ്ട് ചുമന്നു മാറ്റാന്‍ പോന്നവ......