ഹാവൂ, ഫീവര്‍ ഈസ് ഓവര്‍

>> 2.6.08

ഒന്നരമാസത്തെ പനി മാറി കുളിച്ചുകയറിയ ആശ്വാസം.
ഒടുവില്‍ അത്‌ സംഭവിച്ചു. ഷെയിന്‍ വോണ്‍ എന്ന തല്ലുകൊള്ളികളിക്കാരന്റെ 'കുട്ടിചെകുത്താന്മാര്‍' ഇന്ത്യന്‍ ക്യാപ്സൂള്‍ ക്രിക്കറ്റിന്റെ നിറുകയില്‍ കൊടിനാട്ടി.
മുടിമുറിച്ചപ്പോള്‍ ധോണിയുടെ ഭാഗ്യവും കൂടെപ്പോയെന്നു അന്ധവിശ്വാസികള്‍ ഇനി പറഞ്ഞുപരത്തും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമല്ല ക്രിക്കറ്റ്‌ ലോകത്തും ആള്‍ദൈവങ്ങള്‍ ഭ്രഷ്ടരായി.
താരച്ചന്തയില്‍ ലേലം തുടങ്ങിയ നാള്‍ മുതല്‍ ആര്‍തുവിളിച്ച സച്ചിന്റെ മുംബൈ ടീം സെമികാണാതെ പുറത്തായി. ഒരേയൊരാശ്വാസം ഗാംഗുലിയുടെ കൊല്‍ക്കത്ത ടീം അതിനുമുമ്പേ പുറത്തായിരുന്നു എന്നതാണ്.
രാഹുല്‍ ദ്രാവിഡ്‌ എന്ന പ്രതിഭാധനനായ കളിക്കാരന്‍ വിജയ്‌ മല്യ എന്ന കോര്‍പറേറ്റ്‌ മുതലാളിക്ക്‌ മുന്നില്‍ വില്ലുപൊലെ വളഞ്ഞുനില്‍ക്കുന്ന കാഴ്ചയില്‍ പരമ്പരാഗത ക്രിക്കറ്റ്‌ ആരാധകര്‍ നടുങ്ങി. കളി തോറ്റപ്പോഴും വിപണിയില്‍ മല്യയുടെ 'റോയല്‍ ചാലഞ്ചേര്‍സിനു' പുതിയ മാനങ്ങള്‍ കൈവന്നു.
പ്രിറ്റി സിന്റയുടെ ഹോര്‍മോണ്‍ ചികിത്സക്കും യുവരാജ്‌ സിംഗിനെ സെമികടത്താന്‍ കഴിഞ്ഞില്ല.
ഹര്‍ഭജന്‍ സിംഗ്‌ എന്ന പഞ്ചാബിയുടെ കൈ മലയാളിച്ചെക്കന്റെ മുഖത്ത്‌ പതിയുന്നത്‌ കണ്ട്‌ നമ്മള്‍ കൈകൊട്ടി ചിരിച്ചു. ശ്രീ ശാന്തനായതും കരയുന്നതും കളിയറിയാത്തവര്‍ക്കുപോലും കണിയായി. ഇന്‍ബോക്സുകളില്‍ നിന്നും ഇന്‍ബോക്സുകളിലേക്ക്‌ ചിത്രങ്ങള്‍ പറന്നു. "ഓനത്‌ പണ്ടേ കിട്ടേണ്ടതായിരുന്നെന്ന്" അടക്കം പറഞ്ഞു.
എല്ലാം കൊണ്ടും ഇന്‍സ്റ്റന്റ്‌ ഹിറ്റായിരുന്നു ലളിത്‌ മോഡിയുടെ ഈ തിരക്കഥ. പ്രൈം ടൈമില്‍ 'ക്രിക്കറ്റ്‌ റിയാലിറ്റി ഷോ' സം പ്രേക്ഷണം ചെയ്ത്‌ സോണിമാക്സ്‌ കോടികള്‍ വാരി. താരരാജാക്കന്മാര്‍ അണിനിരന്ന സിനിമകള്‍ റിലീസിംഗിനു ജൂണ്‍ 1നു ശേഷമുള്ള സമയം തേടി. "കളിവേണ്ട ചിയര്‍ഗേള്‍സ്‌ വരട്ടെ" എന്ന് ഉദ്ധരിച്ച പുരുഷന്മാര്‍ ബാനറുകള്‍ ഉയര്‍ത്തി. മുണ്ട്‌ മുറിക്കിയുടുത്ത കുറച്ച് ശിവസേനക്കാര്‍ മാത്രം സംസ്കാരത്തിന്റെ കാവലാളായി.

*****
ആദ്യമായി എന്നായിരിക്കും ട്വന്റി-20 എന്ന് കേട്ടത്‌?
സീ ടിവിയുടെ മുതലാളിമാര്‍ കപില്‍ദേവിനെ കൂട്ടുപിടിച്ച്‌ കളിക്കാരെ വാരി കൊട്ടയിലാക്കി തുടങ്ങിയപ്പോഴാണോ. അതോ മാറിനിന്ന ദൈവങ്ങള്‍ക്ക്‌ പകരം ഝാര്‍ഖണ്ഡുകാരന്‍ മുടിനീട്ടിയ പയ്യന്റെ കീഴില്‍ കുറേപേര്‍ കഴിഞ്ഞവര്‍ഷം നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ ലോകം കീഴടക്കിയപ്പോഴോ?
അല്ല, അതിനും മുമ്പ്‌
റാഗിംഗ്‌ പേടിച്ച്‌, വളഞ്ഞുപുളഞ്ഞ നെടുംകയറ്റങ്ങളെ ഊടുവഴിയാക്കിയ ആദ്യത്തെ കലാലയദിനത്തില്‍.
ക്ലാസിലെത്തിയപ്പോള്‍ ഇരുപത്‌ പെണ്‍കുട്ടികള്‍ , അത്രതന്നെ ആണുങ്ങളും.
ക്യാമ്പസെന്നാല്‍ പ്രണയിക്കാനുള്ളതാണെന്ന് കവിതയില്‍ കൈവിഷം തന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പഠിപ്പിക്കുന്ന കാലത്ത്‌.
ഹായ്‌, ട്വന്റി-20, ഇരുപത്‌ പേര്‍ക്ക്‌ ഇരുപത്‌ പേര്‍. കറുത്ത കോട്ടിട്ട്‌ അമ്പയര്‍ക്ക്‌ പകരം തൂവെള്ളപുതച്ച പ്രിന്‍സിപ്പലച്ചന്‍.
ഈ ടൂര്‍ണമെന്റിന്റെ പരസ്യവാചകം ആ നാളുകളിലാണു ഞങ്ങള്‍ തയ്യാറാക്കിയത്‌.
''ഓരോ പന്തും റണ്‍സെടുക്കാനുള്ളാതാണു. ഓരോ പെണ്ണും പ്രണയിക്കാനുള്ളതാണു''. അല്ലെങ്കില്‍...
ശരിയാണു, ഒരാള്‍ക്കൊരാള്‍ മാത്രമേയുള്ളു. അതിനിടയില്‍ ഏതെങ്കിലുമൊരുത്തന്‍ മിടുക്കു കാട്ടിയാല്‍ തീര്‍ന്നു.
പിന്നെ ആരെങ്കിലും നോബോള്‍ എറിയുന്നത്‌ വരെ കാക്കണം. എങ്കില്‍ രക്ഷപ്പെട്ടു. ഫ്രീ ഹിറ്റിനുള്ള അവസരമുണ്ട്‌. പുറത്തായിപ്പോകുമെന്ന പേടിയേ വേണ്ട.
ഒരോവറില്‍ ആറു സിക്സറുകള്‍ വരെ പറത്താന്‍ ശേഷിയുള്ള ചില ചൂടന്മാര്‍ ക്ലാസില്‍ തന്നെ ഉണ്ടായിരുന്നു. തികച്ചും സ്പോര്‍ട്‌ സ്‌ ക്വാട്ടയില്‍ കേറിയവര്‍.
മാത്രമല്ല കോളേജിലെ സീനിയര്‍ കളിക്കാര്‍ ടീം മാനേജ്‌ മെന്റിന്റെ ഫേവറിറ്റുകളാണു.അവര്‍ക്കെതിരെ അപ്പീല്‍ ചെയ്തിട്ടും കണ്ണുരുട്ടിയിട്ടും കാര്യമില്ല.ഫൈനടക്കേണ്ടിവരുമെന്നു മാത്രമല്ല ചിലപ്പോള്‍ ശാസനയും കിട്ടും. അല്ലെങ്കില്‍തന്നെ അമ്മപൂജ ചെയ്തും തുലാഭാരം നേര്‍ന്നും തരപ്പെടുത്തിയ സീറ്റാണു നമ്മുടേത്‌. അത്‌ പോയാല്‍ പോയി നാട്ടിലെ പാരലല്‍ കോളേജില്‍ പോലും അഡ്മിഷന്‍ തരപ്പെടില്ല.
ഓരോ മണിക്കൂറിലും പുറത്താക്കാനുള്ള വാശിയിലായിരുന്നു മലയാളം ടീച്ചര്‍. ആയമ്മ നോക്കുന്നത്‌ തന്നെ വിക്കറ്റിനുമുന്നില്‍ കുടുങ്ങിയ ബാറ്റ്സ്മാനെയെന്നപോലെ സംശയത്തോടെയാണു.
സഹകളിക്കാര്‍ തകര്‍ത്തുമുന്നേറുന്ന സ്ലോഗ്‌ ഓവറുകളിലൊന്നില്‍ പ്രിന്‍സിപ്പലച്ചന്‍ ഓഫീസിലേക്ക്‌ വിളിപ്പിച്ചു. റണ്ണൗട്ടിനു വിധി കാക്കുന്ന ബാറ്റ്സ്മാനെപ്പോലെ നില്‍ക്കുമ്പോള്‍ കേട്ടു 'ഉം അറ്റന്‍ഡന്‍സ്‌ വളരെ മോശം.210 ക്ലാസില്‍ 52 എണ്ണം. താനെന്താ സുനില്‍ ഗവാസ്കറിനു പഠിക്കുന്നോ? പൊയ്ക്കോ, ഇനിയും സമയമുണ്ട്‌.'

പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. മൂന്ന് വര്‍ഷത്തില്‍ തീര്‍ക്കേണ്ട മല്‍സരം നാലുവര്‍ഷം നീണ്ടു.അച്ഛന്റെ കൈകള്‍ പലതവണ റൗണ്ട്‌ ആം ആക്ഷനില്‍ ദേഹത്ത്‌ പോറലുകള്‍ വീഴ്ത്തി. ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്സ്മാന്‍ അനുഭവിക്കുന്ന ഏകാന്തത എത്ര ഭയാനകമാണെന്ന് കാലം മനസ്സിലാക്കിത്തന്നു. സിക്സറുകളും ബൗണ്ടറികളും ഇല്ലാത്ത ഇന്നിംഗ്സ്‌ കാണികളെ ആകര്‍ഷിക്കില്ലെന്നും തിരിച്ചറിഞ്ഞു. ക്രിക്കറ്റ്‌ ജീവിതമാണെന്ന് സുഭാഷ്‌ ചന്ദ്രന്‍ പറഞ്ഞ സാമ്യം അന്നാണെനിക്ക്‌ മനസ്സിലായത്‌.

ക്രീസില്‍ കവിത പാടുന്ന മഞ്ജരേക്കറാവാതെ സിക്സറുകള്‍ അടിച്ചുകൂട്ടുന്ന മസ്ക്രിനാസ്‌ ആവൂ എന്ന് നോണ്‍സ്ട്രൈക്ക്‌ എന്‍ഡില്‍ നിന്ന് അവള്‍ നിരന്തരം ഓര്‍മിപ്പിച്ചു.
ദിമിത്രി മസ്ക്രിനാസ്‌ തുടര്‍ച്ചയായി അഞ്ച്‌ സിക്സറുകളടിച്ചത്‌ ട്വന്റി-20യിലല്ല., അമ്പതോവറിന്റെ നീണ്ട മല്‍സരത്തിലാണെന്ന് എനിക്കവളോട്‌ പറയണമെന്നുണ്ടായിരുന്നു.
പക്ഷേ അപ്പോഴേക്കും വീട്ടുകാര്‍ നിശ്ചയിച്ച ഫിക്സ്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ നില്‍ക്കാതെ കൂടുതല്‍ സ്ട്രൈക്‌ റേറ്റുള്ള മറ്റൊരാളോടൊപ്പം അവള്‍ പോയിക്കഴിഞ്ഞിരുന്നു.

ഇതി കഥാന്ത്യം ശുഭം. (june 2008)

Read more...